Wednesday, February 24, 2016
Monday, February 8, 2016
സോഷ്യൽ മീഡിയാക്കാലത്തെ കഥയെഴുത്ത്
കുട്ടിക്കാലത്ത് ചിത്രകഥകൾ വായിക്കുമ്പോൾ വരകൾക്കിടയിൽ അക്ഷരങ്ങളെ വേർത്തിരിച്ചു നിർത്തുന്ന കളങ്ങൾ പ്രത്യേക ശ്രദ്ധയാകർഷിച്ചിരുന്നു. സംഭവ വിവരണങ്ങൾക്കായി ദീർഘചതുരം, സംഭാഷണങ്ങൾക്ക് വേണ്ടി കഥാപാത്രത്തിന് നേരെ കൂർത്ത കുനിപ്പോടെയുള്ള ദീർഘവൃത്തം എന്നിവയായിരുന്നു അതിൽ പ്രധാനമായി കാണാറുണ്ടായിരുന്നത്. എന്നാൽ ഇതു രണ്ടുമല്ലാതെ മറ്റൊന്നു കൂടിയുണ്ടാകും. പ്രത്യേക ആകൃതിയില്ലാതെ മേഘസമാനമായ കളത്തിൽ നിന്ന് ചെറുകുമിളകൾ നിര നീളുന്ന ഒന്ന്. അത് കഥാപാത്രങ്ങളുടെ ചിന്തകളുടെ പ്രതിഫലനമായിരുന്നു. അദൃശ്യനായ ആഖ്യാതാവിനും, സംസാരിക്കുന്ന കഥാപാത്രങ്ങൾക്കുമപ്പുറത്ത് ചിന്തകളെ, ആലോചനകളെ, വിചാരങ്ങളെ രേഖപ്പെടുത്താനുള്ള ചിത്രകാരന്റെ കൗശലമായിരുന്നു ആ മേഘക്കീറും കുമിളകളും. ചിത്രകഥ തീരുന്നതോടെ പുസ്തകമടച്ചു വച്ച ശേഷം ആരൊക്കെയെന്തൊക്കെയാണിപ്പോൾ ചിന്തിക്കുന്നത് എന്നോർത്ത് ചുറ്റിലും കണ്ണോടിക്കുമായിരുന്നു. പിന്നീട്, സ്കിസോഫ്രീനിയയുടെ സൂചനകളോളം കാഴ്ചകൾ ഉന്മാദം പ്രാപിക്കുന്ന അവസ്ഥയിൽ ചുറ്റിലുമുള്ളവർ ഇപ്പോൾ ഇങ്ങനെയൊക്കെയായിരിക്കുമോ ചിന്തിക്കുകയെന്ന് ഓർക്കുന്ന നിമിഷത്തിൽ, ദൈവങ്ങളുടെ ചിത്രങ്ങളിലെ പ്രകാശ വലയങ്ങളെപ്പോലെ, ആളുകളുടെ തലയ്ക്ക് മുകളിലായി ആ മേഘക്കീറും ചെറുകുമിളകളും പ്രത്യക്ഷപ്പെടാറുണ്ട്. ഒന്നോർത്തു നോക്കൂ, നിങ്ങൾ തിരക്കേറിയ ഒരു കച്ചവടത്തെരുവിലൂടെ നടക്കുകയാണ്. ചുറ്റിലുമുള്ളവരുടെ തലയ്ക്ക് മുകളിൽ ചിന്താവലയങ്ങൾ പ്രത്യക്ഷപ്പെടുന്നു. ഭോജനശാലകൾ തേടുന്നവർ രുചിയാർന്ന ഭക്ഷണത്തെക്കുറിച്ച് ചിന്തിക്കുന്നു. വസ്ത്രം വാങ്ങാൻ പോകുന്നവർ തടികൂടുന്ന ശരീരത്തെയും നഷ്ടമാകുന്ന ഉടലഴകിനെയും കുറിച്ചോർത്ത് അസ്വസ്ഥരാകുന്നു. കമിതാവിന് സമ്മാനം വാങ്ങാനിറങ്ങിയവർ ഉള്ളാലെ പ്രണയലേഖനമെഴുതുന്നു. ഇഷ്ടപ്പെട്ട കളിപ്പാട്ടം കിട്ടാതെ കുഞ്ഞുങ്ങൾ മനസ്സു നൊന്ത് പരിഭവിക്കുന്നു. കറിയ്ക്കരിയാനും ആളെക്കൊല്ലാനും കത്തി വാങ്ങാനിറങ്ങിയവർ വെവ്വേറെ രീതിയിൽ ആലോചനകളിലേർപ്പെടുന്നു. മരുന്നു വാങ്ങാനിറങ്ങിയവർ രോഗത്തെക്കുറിച്ച് ആകുലരാകുന്നു. അങ്ങനെയങ്ങനെ... ഒരു ജാഥയുടെ ഭാഗമായി മുദ്രാവാക്യമെഴുതിയ പലക ഉയർത്തിപ്പിടിച്ചിരിക്കുന്നത് പോലെ ആളുകൾ അവരവരുടെ ആലോചനകളുടെ ആലേഖനങ്ങളുമായി ഒരു ഘോഷയാത്രയിലെന്നോണം നീങ്ങുന്നത് സങ്കൽപ്പിക്കാനാകുമോ? കാലങ്ങൾക്കു ശേഷം സോഷ്യൽ മീഡിയ പരിപക്വമായതോടെ ഉന്മാദാവസ്ഥയിൽ മാത്രം അനുഭവ സാധ്യമായ ചിന്താവലയങ്ങളെ യാഥാർത്ഥ്യരൂപത്തിൽ അക്ഷര രൂപത്തിൽ കാണാനായി. അവനവൻ ചിന്തകളുടെ ആലേഖനങ്ങൾ താന്താങ്ങളുടെ ഇടത്തിൽ അക്ഷരങ്ങളായി പതിയുകയുണ്ടായി. അത് വായിക്കുന്ന ചിലരത് തങ്ങളുടെ ഇടത്തിലേയ്ക്ക് പങ്കു വച്ചു. മറ്റു ചിലർ മറുചിന്തകളാൽ പ്രതികരണം നടത്തി. സങ്കൽപ്പങ്ങളായി സംഭാഷണങ്ങളായി സംവാദങ്ങളായി അവ രൂപാന്തരപ്പെട്ടു.
എന്തിന് വേണ്ടി എഴുതുന്നു എന്ന ചോദ്യം ഏതൊരെഴുത്തുകാരനും ഒരിക്കലെങ്കിലും സ്വയമോ, അല്ലെങ്കിൽ മറ്റുള്ളവരിൽ നിന്നോ നേരിടേണ്ടി വരുന്ന ഒന്നാണ്. അതിനെ സംബോധന ചെയ്യാതെ എഴുത്ത് സ്വാഭാവികമായി മുന്നോട്ട് പോവുകയില്ല താനും. എന്നെ സംബന്ധിച്ചിടത്തോളം സകലതിൽ നിന്നും സകലരിൽ നിന്നും ഒഴിഞ്ഞു മാറി ഒരാൾ എഴുതുന്നത് അയാൾക്കു വേണ്ടി മാത്രമാണ്. എന്നാൽ തിരുത്തുകളും മിനുക്കുകളും നടത്തിയ ശേഷം അവനവൻ എന്ന ആദ്യവായനക്കാരന് തൃപ്തിയായാൽ എഴുത്തിനെ പ്രസിദ്ധീകരണത്തിന് വിട്ടുകൊടുക്കുന്നത് തീർച്ചയായും വായനക്കാരന് വേണ്ടിയും. ഒരു കഥയുടെ ബീജാവാപം തീർത്തും ആകസ്മികമായും വളരെ സ്വാഭാവികമായും നടക്കുന്നത് പലതിൽ നിന്നും ഊർജ്ജം ഉൾക്കൊണ്ടായിരിക്കാം. ഒരു തോന്നൽ, അല്ലെങ്കിൽ ഒരു സംഭാഷണം, അതല്ലെങ്കിൽ ഒരനുഭവം, ചിലപ്പോൾ വായനയിലുടക്കുന്ന ചില വരികൾ, മറ്റു ചിലപ്പോൾ ഒരു ദൃശ്യം, അതുമല്ലെങ്കിൽ ഒരു സ്വപ്നം... സോഷ്യൽ മീഡിയാക്കാലത്തെ ഒരു ഗുണമെന്നത് അത്തരം അസംസ്‌കൃതപദാര്‍ത്ഥ രൂപത്തിലുള്ളവയെ എല്ലാം കഥയാക്കി മാറ്റേണ്ടതില്ല എന്നതാണ്. കനപ്പെട്ടൊരു തോന്നൽ, വിക്ഷുബ്ദമായൊരു ഭാവം, ഉറച്ചൊരു പ്രഖ്യാപനം, രൂക്ഷമായ പരിഹാസം, തീവ്രമായ പ്രതിഷേധം, ശക്തമായ രാഷ്ട്രീയ നിലപാട് എന്നിവ രേഖപ്പെടുത്താൻ ഫിക്ഷൻ എന്ന സങ്കേതത്തെ മാത്രം എഴുത്തുകാരനോ എഴുത്തുകാരിയ്ക്കോ ആശ്രയിക്കേണ്ടി വരുന്നില്ല. അവയെ സോഷ്യൽ മീഡിയ തരുന്നയിടങ്ങളിൽ സ്റ്റാറ്റസുകളോ, മെസേജുകളോ, കുറിപ്പുകളോ ഒക്കെയായി യഥാതഥമായി തന്നെ രേഖപ്പെടുത്താവുന്നതാണ്. 'എന്താണ് നിങ്ങളുടെ മനസ്സിൽ?' എന്ന് ഫേസ് ബുക്ക് ചോദിക്കുന്നു. 'എന്തെങ്കിലും എഴുതൂ' എന്ന് ഗൂഗിൾ പ്ലസ് അഭ്യർത്ഥിക്കുന്നു. 'എന്താണ് സംഭവിക്കുന്നത്?' എന്ന് ട്വിറ്റർ ആരായുന്നു. 'ഒരു സന്ദേശം കുറിയ്ക്കൂ' എന്ന് വാട്ട്‌സാപ്പ് ആവശ്യപ്പെടുന്നു. ഇവയിലൂടെ കടന്നു പോകുന്ന, ചിന്താശേഷിയും ഭാവനയും പ്രതികരണ മനോഭാവങ്ങളുമുള്ള ഒരാൾക്ക് എന്തെങ്കിലും എഴുതാതെ വയ്യെന്നാകുന്നു. സ്വാഭാവികമായും അയാൾ ആ നിമിഷത്തിലെ തന്റെ മനോനിലയെ സോഷ്യൽ മീഡിയയിലേയ്ക്ക് പകർത്തി വയ്ക്കുന്നു.
സൈബർ സ്പേസിലെ ജനപ്രിയ ഇടമായ സോഷ്യൽ മീഡിയാ പരിസരം ഇന്ന് ആഖ്യാനത്തിന്റെ കൂടി ഇടമാണ്. കാലം, അവസ്ഥ, രാഷ്ട്രീയം എന്നിവയുമായി ബന്ധപ്പെട്ട ഭാവനകളെയും അനുഭവങ്ങളെയും അറിവുകളെയും എഴുതിയിടാൻ അവ അവസരമൊരുക്കുന്നു. കഥാമുഹൂർത്തങ്ങളോ, പാത്രനിർമ്മിതികളോ ഇല്ലാതെ തന്നെ ഒരു ആശയസ്ഫുരണം മറ്റുള്ളവരിലേയ്ക്ക് സന്നിവേശിപ്പിക്കാൻ തക്ക പ്രാപ്തിയുള്ളതായി അവിടം മാറുന്നു. ഇതുകൊണ്ട് സമകാലത്തെ കഥയെഴുത്തിന് ഒരു വിധത്തിലുള്ള ഹാനിയും സംഭവിക്കുന്നില്ലെന്ന് മാത്രമല്ല, സൂക്ഷ്മമായ അരിപ്പകളിലൂടെയും തിരഞ്ഞെടുപ്പുകളിലൂടെയും കടന്നു പോകേണ്ടുന്നതിനാൽ അവ കൂടുതൽ മെച്ചപ്പെട്ടൊരു നില കൈവരിയ്ക്കാൻ പ്രാപ്തമാകുന്നു. ഒരു സോഷ്യൽ മീഡിയാ കുറിപ്പിലോ, പ്രതികരണത്തിലോ ഒതുങ്ങേണ്ടവയെ (അവ നിസ്സാരമാണെന്നല്ല വിവക്ഷ) അതാതിടങ്ങളിൽ രേഖപ്പെടുത്തുകയും, അവയ്ക്കുമപ്പുറം സന്ദർഭങ്ങളും സാരസ്യങ്ങളും ദർശനങ്ങളും പാത്രനിർമ്മിതിയും ആവിഷ്ക്കരിക്കേണ്ട സാഹചര്യമുണ്ടെങ്കിൽ മാത്രം കഥയെഴുത്തിന്റെ സങ്കേതം സ്വീകരിക്കേണ്ടി വരുന്ന വിചാരനില എഴുത്തുകാരന് സ്വയം കൈവരിക്കാനാകുന്നു. അതുകൊണ്ട് തന്നെ സമകാലത്തെ സംഭവങ്ങളിലും വിഷയങ്ങളിലും തന്റെ ചിന്തകളാൽ ഇടപെടാനുള്ള അവസരവും, അതേ സമയം ഭാവനാപരമായ വ്യവഹാരത്തിൽ സ്വയം മുഴുകി സൃഷ്ടി നടത്താനും സാധ്യതയൊരുങ്ങുന്നു.
🌑
Labels:
ലേഖനം