Sunday, October 23, 2016

സമയരേഖയിലൊരു ശരാശരി ജീവിതം

 

🌑
🌑
🌑
ഇന്നെന്താ പതിവില്ലാതെ ഈ നേരത്ത്?
മോന് എന്തോ പ്രൊജക്റ്റുണ്ട്... അതിന്റെ ആവശ്യത്തിനായിട്ടാ.
പുതിയ പുസ്തകങ്ങൾ കുറെ വന്നിട്ടുണ്ട്‌ട്ടോ
ഞാൻ ‌മറ്റന്നാൾ ഇറങ്ങാം.
“ദാ ബില്ല് ”

🌑

🌑
ഡെപ്‌സിൽ ഒരു മൂന്ന് സ്ട്രിപ്പ്
വേറെ?
റീവാഡിം വേണം
അതില്ലാ... പകരം റിവാസൺ തരാം
ഇൻഗ്രെഡിയന്റ്സൊക്കെ സെയിമാണോ?
അതേന്ന്.. വേറെ ബ്രാന്റാണെന്നേയുള്ളൂ

രണ്ട് മിനിറ്റ്...
🌑

- 1 മിനിറ്റ് നേരമായിട്ടും മറുപടിയില്ല -
🌑
🌑
എങ്കിൽ അതെടുത്തോ. എടുത്തോ. 5 എണ്ണം മതി
ശരി
വലിയ ആൾക്കുള്ള ഡയപ്പറ്. എക്‌സെൽ സൈസ്.. പത്തെണ്ണത്തിന്റെ പായ്ക്കറ്റ്
എത്രയായി?
515
മറ്റേ സെയിം ഗുളിക വന്നാലൊന്ന് പറയണേ?
ശരി.
🌑
🌑
മുഴത്തിനെത്രയാ?
25
“മുല്ലപ്പൂവിന്റെ വിലയ്ക്ക് സ്വർണ്ണം വാങ്ങാമല്ലോ
മുടിഞ്ഞ മഴക്കാ‌ലല്ലേ സാറേ. പിന്നെ കല്ലാണങ്ങളും… എത്ര വേണം?

മൂന്ന്
🌑
ഇപ്പഴിറങ്ങാമെന്ന് പറഞ്ഞിട്ട് ?
നീ പറഞ്ഞതൊക്കെ വാങ്ങണ്ടേ?
എന്നാലും ഈ നേരാവോ?
ഇടയ്ക്കൊന്ന് മഴ പെയ്തപ്പോൾ ‌ബൈക്കൊതുക്കേണ്ടി വന്നു.  മഴയുണ്ടെങ്കില് നാളത്തെ കാര്യമെങ്ങന്യാ?”
“നല്ല മഴ്യാച്ചാ ബസ്സീപ്പോകാം”
മോനുറങ്ങ്യോ?
നേരത്തേ കിടത്തി. നാളെ കാലത്ത് പുറപ്പെടാനുള്ളതല്ലേ?
അച്ഛൻ കഴിച്ചോ?
പിന്നില്ലാണ്ട്.. മണി 9 കഴിഞ്ഞില്ലേ? ഇന്നെന്തോ സന്ധ്യക്കന്നെ വെശക്കണൂന്ന് പറഞ്ഞൂത്രെ. ഞാൻ ‌വരുമ്പോൾ ശാരദ കഞ്ഞി കോരി കൊടുക്കാണ്. കുറച്ചു മുന്നെ ഞാൻ ഒരു ഗ്ലാസ് ‌പാല് കൊടുത്തു. പാതി കുടിച്ചു.
ഇതൊക്കെയെടുത്ത് അകത്തു വയ്ക്ക്.
അമ്പടാ.. മുല്ലപ്പൂവൊക്കെ വാങ്ങ്യ? ഞാൻ ‌വെറുതെയൊന്ന് തോണ്ടി നോക്കീതാ.
ഇടയ്ക്കതും രസല്ലേ?
“ഇതെന്താ? അമർ ചിത്രകഥ വാങ്ങണ്ടാന്ന് പറഞ്ഞതല്ലേ?
അത് ‌മോനൂനല്ല.
പിന്നെ ?
അച്ഛനാണ്...
അച്ഛനിപ്പൊ ഇതൊക്കെ വായിക്കാൻ പറ്റ്വോ?
പറ്റില്ലായിരിക്കും. ഇനിയഥവാ വായിച്ചാലും ഒന്നും ഓർമ്മ നിൽക്കില്ലായിരിക്കും. എന്നാലും നിറങ്ങളും ചിത്രങ്ങളും ഒക്കെ കാണിച്ചാൽ പിന്നെയുമെന്തെങ്കിലുമൊക്കെ മനസ്സിലാക്കാനാവേരിക്കും എന്നാ ഡോക്ടർ പറഞ്ഞിരിക്കുന്നത്.
ഊണെടുത്ത് വയ്ക്കട്ടെ?
മഴച്ചാറല് കൊണ്ടിട്ടുണ്ട്. എന്തായാലും ഒന്ന് കുളിക്കണം. നീ വിളമ്പി വയ്ക്ക്. ഞാനൊന്ന് അച്ഛനെ ക‌ണ്ടിട്ട് ‌വരാം
🌑
മഞ്ഞ സീറോ‌വാട്ട് ബൾബിന്റെ വെട്ടത്തിൽ ‌മച്ചും നോക്കി കണ്ണും തുറന്ന് കിടക്കുകയാണ് അച്ഛൻ. ‌വാതിൽ തുറന്ന് മുറിയിലേയ്ക്ക് ആളെത്തിയതോ അരികത്തു വന്നിരുന്നതോ അറിഞ്ഞ മട്ടില്ല.  അമർ ചിത്ര കഥാ പുസ്തകത്തിന്റെ പുറംചട്ടയിചക്രവ്യൂഹത്തിനകത്തു പെട്ട അഭിമന്യുവിന്റെ മരണപ്പോരാട്ടത്തിന്റെ ചിത്രം ‌മുഖത്തിനു തൊട്ടുമുന്നിലായി വീശിക്കാണിച്ചിട്ടും മച്ചിലേയ്ക്കുള്ള നോട്ടം മുറിയ്ക്കുന്നില്ല. കട്ടിലിന് തൊട്ടരികെയായി മരുന്നുകളും വെള്ളവും നോട്ടുകുറിയ്ക്കാനുള്ള പുസ്തകവും ഒക്കെ അടുക്കി വച്ച ചെറിയ മേശപ്പുറത്ത് കഥാപുസ്തകം വച്ചുകൊണ്ട് വീണ്ടും അച്ഛനരികെ ചെന്നു നിന്നു. ചുരുണ്ടു മാറിക്കിടന്ന ‌പുതപ്പെടുത്തു വലിച്ച് നെഞ്ചിന് പാതിവരെ മറച്ചു. പുരുവംശരുടെയും കുരുപരമ്പരകളുടെയും കഥോപകഥകളെല്ലാം മനപ്പാഠമായിരുന്ന ആൾക്കു വേണ്ടി ‌കുട്ടികൾക്കുള്ള ചിത്രകഥാ പുസ്തകം  വാങ്ങിക്കൊടുത്തതിന്റെ ‌കുറ്റബോധവും ലജ്ജയും കലർന്നൊരു പുതപ്പ് ഇപ്പോൾ എന്റെ മേലെയുമുണ്ട്.

യയാതിയുടെ മകൻ ആരാ?  പുരു
പുരുവിന്റെ മകൻ ആരാ? കുരു
കുരുവിന്റെ മകൻ ആരാ? പ്രദീപൻ
. . . . .
. . . . .
വിചിത്രവീര്യന്റെ വിധവകളിൽ വ്യാസനുണ്ടായത് ധൃതരാഷ്ടനും പാണ്ഡുവും
‌പാണ്ഡവരാരൊക്കെ? പറയ്…
യുധിഷ്ഠിരഭീമാർജ്ജുനനകുലസഹദേവന്മാർ...

കാലങ്ങളേറെമുമ്പെയുള്ളൊരു കളിയോർമ്മ തികട്ടി വന്നു.
സഹേദേവൻ... അച്ഛന്റെ ഇളയ മകൻ.... അതെങ്കിലും ഒന്നോർത്തെടുക്കാൻ ശ്രമിക്കൂ അച്ഛാ..

ഊണ് ‌വിളമ്പിയിട്ടുണ്ട്
ദാ വന്നൂ

ഓർമ്മകതിങ്ങി നിറഞ്ഞമുറിയുടെ വാതിശബ്ദമില്ലാതെ പതിയെ ചാരിക്കൊണ്ട് ഞാൻ പുറത്തു കടന്നു. 
🌑
മലയാള മനോരമ ഓണപ്പതിപ്പ്-2016ൽ പ്രസിദ്ധീകരിച്ച ഒരു epistolary experimentation കഥ

Thursday, August 11, 2016

അവനവൻ ‌തുരുത്ത് - പുതിയ കഥാസമാഹാരം

അവനവൻ ‌തുരുത്ത് -  7 കഥകളുടെ സമാഹാരം.
പബ്ലിഷർ : ഡി.സി ബുക്ക്സ് / വില. ₹100
കവർ ഡിസൈൻ : വിഷ്ണു റാം.
ഇല്ലസ്ട്രേഷൻ : അഭിലാഷ് മേലേതിൽ
പഠനക്കുറിപ്പ് : സുനിൽ സി.ഇ


പുസ്തകം പി.എഫ്. മാത്യൂസിന് നൽകി പ്രകാശിപ്പിച്ചതിന് ശേഷം സേതു സംസാരിക്കുന്നു. 05/ആഗസ്റ്റ്/2016ന് എറണാംകുളം മറൈൻഡ്രൈവിലെ ഡി.സി ഇന്റർനാഷണൽ ബുക്ക് ഫെയറുമായി ബന്ധപ്പെട്ട ചടങ്ങിലായിരുന്നു ‌പ്രകാശനം.

അനുബന്ധ പഠനക്കുറിപ്പിൽ നിന്നൊരു ഭാഗം : www.doolnews.com/avanavan-thuruth-book-review-by-sunil-ce258.html

പുസ്തകം ഓൺലൈനിൽ വാങ്ങാൻ : http://onlinestore.dcbooks.com/books/avanavan-thuruthu

Wednesday, April 20, 2016

വെടിക്കെട്ടിന്റെ ഭീതിദാനന്ദം.




Photo (c) Abhilash Chandran / ABCD Photography 

ഭീതിദാനന്ദം വെടിക്കെട്ടിനെപ്പറ്റി കഴിഞ്ഞ ദിവസം ഒന്നുരണ്ട് സുഹൃത്തുക്കളുമായി ചർച്ച നടത്തിയപ്പോൾ ഉപയോഗിച്ച ഒരു വാക്കാണ്. വെടിക്കെട്ടിനെ, അതിന്റെ ഭയപ്പെടുത്തുന്ന പരിസരത്തെ, അതനുഭവിക്കാനായി തള്ളിച്ചെന്നു നിൽക്കുന്ന ആൾക്കൂട്ടത്തെ ഒക്കെയും ചേർത്ത് വിശേഷിപ്പിക്കാൻ മറ്റൊരു വാക്കില്ല. ദുരന്തമാകുന്ന വിധത്തിൽ അപകടങ്ങൾ വർഷാവർഷങ്ങളിൽ സംഭവിക്കുന്നതിനാലും, ജനസാന്ദ്രത ഏറി വരുന്നതിനാലും ഇത്തരത്തിൽ വിനാശകരമായേക്കാവുന്ന ആഘോഷഘടകങ്ങളെ നിരോധിക്കണമെന്നോ, അല്ലെങ്കിൽ ഇളവുകളൊന്നുമില്ലാതെ കർശന സുരക്ഷാ നിയന്ത്രണത്തിന് വിധേയമാക്കണമെന്നോ തന്നെയാണ് വ്യക്തിപരമായ അഭിപ്രായം. എന്നാൽ ഇതു പറയുമ്പോഴും കുറ്റബോധപരമായ ഒരു ആന്തൽ ഉള്ളാലെ ബാക്കിയുണ്ട്. അല്ലെങ്കിൽ ഇനിയുമതൊക്കെ നടന്നാൽ ചെന്നു കാണാൻ ചെന്നു നിന്നു കൊടുക്കില്ലേ എന്നൊരു കൊളുത്തിപ്പിടുത്തം. വരട്ടെ, അതിനെ ഇരട്ടാത്തെപ്പെന്ന് വിളിക്കാൻ വരട്ടെ, അതിന് കാരണമായ ചിലത് പറയാൻ കൂടിയാണ് ഈ കുറിപ്പെഴുതുന്നത്. ആനയും എഴുന്നെള്ളത്തും വെടിക്കെട്ടും പൂരവും കാണാൻ ചെന്നു നിൽക്കുന്നവരെല്ലാം അപകടം പ്രതീക്ഷിച്ചുകൊണ്ട് സർവ്വനാശം കാണാനായി ചെന്നു നിൽക്കുന്നവരാണെന്ന വിധത്തിൽ പല പരാമർശങ്ങളും സോഷ്യൽ മീഡിയയിൽ പോസ്റ്റുകളായും കമെന്റുകളായും ട്രോളുകളായും കാണുകയുണ്ടായി. എന്നാൽ അത്തരത്തിൽ ഒരു കാണിയാനന്ദം അനുഭവിച്ച, ഏറെയൊക്കെ കുതറി മാറാൻ ശ്രമിക്കുന്ന, ഇപ്പോഴും അതിൽ നിന്ന് പൂർണ്ണമായും മുക്തനൊന്നുമല്ലാത്ത ഒരാളുടെ കുറിപ്പാണിത്. സർവ്വനാശം കാണാനായി സ്വയം കൊലക്കളത്തിലേക്കിറങ്ങുന്നവർ എന്ന് ആരോപിക്കപ്പെടുന്ന അത്തരമൊരു കാണിക്കൂട്ടം എങ്ങനെയുണ്ടാകുന്നു, അവരെങ്ങനെയിതിൽ ആനന്ദം കണ്ടെത്തുന്നു എന്നുള്ള ചില നിരീക്ഷണങ്ങളാണ് ചുവടെ ചേർത്തിരിക്കുന്നത്.

കേരളത്തിന്റെ തെക്കോട്ടുള്ള ഉത്സവവും വെടിക്കെട്ടുകളും വളരെ കുറച്ചാണ് കണ്ടിട്ടുള്ളത്. എന്നാൽ വടക്കൻ കേരളത്തിലെ ഒട്ടുമിക്ക വലിയ ഉത്സവങ്ങളും പൂരങ്ങളും വെടിക്കെട്ടുമെല്ലാം കാണാനായിട്ടുണ്ട്. മത്സരക്കമ്പം എന്ന് വിളിപ്പേരൊന്നുമില്ലെങ്കിലും 3 ദേശക്കാർ തമ്മിൽ മത്സരബുദ്ധിയോടെ ഭീകരമായ രീതിയിൽ വെടിക്കെട്ടു നടക്കുന്ന ഒരു നാട്ടിലാണ് ജനിച്ചു വളർന്നത്. ആറേഴു വയസ്സു മുതൽ വെടിക്കെട്ട് കണ്ടും കേട്ടും പരിചിതമാണ്. ആർക്കാണ് കൂടുതൽ ആനയുണ്ടായിരുന്നത്, ഏത് ദേശത്തിന്റെ വെടിക്കെട്ട് കൂടുതൽ നന്നായി, എതു ഭാഗത്തു നിന്നാണ് , എത്രയടുത്തു നിന്നാണ് വെടിക്കെട്ട് കണ്ടത് എന്നതൊക്കെ എൽ,പി.സ്കൂൾ കാലത്തെ ഇന്റർവെൽ സമയങ്ങളിലെ തല്ലിനും തർക്കത്തിനും വിഷയമായിരുന്നു. അങ്ങനെ ചെറുപ്പം മുതലേ ഇതൊക്കെ കണ്ടും കേട്ടും മുതിരുന്ന , അപകടങ്ങളൊക്കെ ഇതിന്റെ പതിവുകളായി കാണുന്ന, സ്വയം അതിൽ ഉൾപ്പെടില്ലെന്ന അമിത പ്രത്യാശ വഹിക്കുന്ന വിധത്തിലാണ് ആ കാണിയാനന്ദം വളരുന്നത്. വെടിക്കെട്ട് കാണാൻ നിൽക്കുന്ന ആൾക്കൂട്ടത്തെ പ്രധാനമായും മൂന്നായ് തിരിക്കാം. ഒന്ന്- വളരെ ദൂരെ മാറി ഇരുന്ന് വലിയ ആവേശമൊന്നുമില്ലാതെ ഇത് കണ്ട് നിൽക്കുന്നവർ, രണ്ട്- സുരക്ഷിതമായ അകലമൊക്കെ പാലിച്ച് കുറച്ചൊരു ആവേശത്തോടെ വെടിക്കെട്ട് ആസ്വദിക്കുന്നവർ. എന്നാൽ മൂന്നാമത്തേതും എണ്ണക്കൂടുതലുമുള്ള വലിയൊരു കൂട്ടമുണ്ട്. വെടിക്കെട്ട് എന്ന ആഘോഷം തുടരുന്നത് തന്നെ അത്തരക്കാരുടെ ഭീതിദാനന്ദത്തിന്റെ ആവേശപ്പുറത്താണ്.

മൂന്നാമതു പറഞ്ഞ തരക്കാർ വെടിക്കെട്ട് കാണുക എന്ന് പറഞ്ഞാൽ ഉത്സവ ദിവസം വെടിക്കെട്ട് സമയത്തെത്തി മാനത്തേയ്ക്ക് നോക്കി പൊട്ടുന്നത് കാണുന്നവരല്ല. കുഴിയെടുക്കലും, കുറ്റിയിറക്കലും, വെടിമരുന്നിന്റെ വിന്യാസവും തുടങ്ങി ആകാശക്കാഴ്ചയിലത് പൊട്ടുന്നതു വരെയുള്ള ഭീതിദാനന്ദ പ്രക്രിയയിൽ സ്വയം സമർപ്പിക്കുന്നവരാണ്. അവർ ഒരുക്കത്തിന്റെ ഭാഗമായി ഒന്നോ രണ്ടോ ദിവസം മുന്നെ കുഴിയെടുക്കുന്നതിന്റെ ആഴം നോക്കും. പുഞ്ചപ്പാടത്തും അല്ലാത്തിടത്തും എത്ര കുഴിക്കണം എന്ന് മനക്കണക്ക് കൂട്ടും, കുഴിമിന്നി പൊന്തുമ്പോൾ വെള്ളം നനയുമോ എന്ന് ഊഹിയ്ക്കാൻ ശ്രമിക്കും. കൂട്ടക്കലാശം നടത്താൻ കുഴിയെടുത്തിരിക്കുന്നിടത്ത് രണ്ടു വരിയാണോ, നാലു വരിയാണോ, എട്ടു വരിയാണോ നിരത്തി തിരിയിടാൻ പോകുന്നതെന്നറിയാൻ ഉത്സുകരാകും. കാലൈക്യത്തോടെ പൊട്ടാൻ എങ്ങനെയാണ് തിരി കൊളുത്തിയിട്ടിരിക്കുന്നതെന്ന് കൗതുകംകൊള്ളും, ഒരടിയിൽ ഏകദേശമെത്രയെന്ന് എണ്ണിയ ശേഷം മൊത്തം ദൂരത്തിന്റെ ഊഹക്കണക്കെടുത്ത് ഓലപ്പടക്കമാലയുടെ കനപ്പെത്രയെന്ന് കണക്കുകൂട്ടും. കലാശപ്പുര (അന്തിമഘട്ടത്തിൽ കത്തിയെരിയുന്ന ഫ്രേം) എത്ര ചുറ്റാണെന്നു മനസ്സിലാക്കി ഉള്ളാലെ ആനന്ദിക്കും. നിലത്തിരുന്ന് പൊട്ടിയ കുഴിമിന്നി സൃഷ്ടിച്ച കിണറുപോലെ മണ്ണിളക്കിയ ആഘാതം വെടിക്കെട്ടിന് ശേഷം അടുത്തെത്തി കാണും. അവരാണ് ഊഹക്കണക്കു വച്ച് ദൂരം മാറി നിന്ന് വെടിക്കെട്ടുകാണാൻ മുൻനിരയിൽ എത്തിപ്പെടുന്നവർ. അതിന് കാരണമുണ്ട്. കരിമരുന്ന് മൂന്നു വിധമുണ്ട്. പൊട്ടുന്നത് വെടിമരുന്ന്. കുഴിമിന്നിയേയും അമിട്ടിനേയുമൊക്കെ ഉയരത്തിലെത്തിക്കുന്നത് അടി മരുന്ന്. തിരി കൊളുത്തിയിടം മുതൽ കലാശം വരെ തീയാളിപ്പടർത്താൻ വഴിമരുന്ന്. ഏറ്റവും മുന്നിൽ നിന്ന് വെടിക്കെട്ട് കാണുന്നവർക്ക് വഴിമരുന്ന് ആളിപ്പടരുന്നത് കാണണം. അടിമരുന്ന് കത്തുമ്പോൾ കുതിരച്ചിനപ്പു പോലുള്ള ശബ്ദത്താൽ കുഴിമിന്നി നിലത്തു നിന്നുയരുന്ന ഒച്ച കേൾക്കണം. എത്രദൂരം പൊങ്ങുന്നെന്ന് ഊഹമളക്കണം. മുകളിൽ പോയത് പൊട്ടുമ്പോഴുള്ള ശബ്ദവും സ്ഫോടനത്തിന്റെ വെളിച്ചവും കാണണം, അതിന്റെ ചൂടറിയണം എന്നാലേ കാഴ്ച പൂർത്തിയാകൂ. പാടത്തിന് നടുവിലെ കാവുകളിൽ വച്ചുള്ള വെടിക്കെട്ടിലെ ഒരു പ്രശ്നമാണ് കുഴിമിന്നി പൊന്തുമ്പോൾ അടിമരുന്ന് കത്തുമ്പോഴോ, അല്ലെങ്കിൽ നിലത്തിരുന്ന് കുഴിമിന്നി പൊട്ടിയ പാടത്തെ നനഞ്ഞ മണ്ണുവീണ് വഴി മരുന്ന് കെടുകയെന്നത്. അത്തരമവസരത്തിൽ തീ കെട്ട് വെടിക്കെട്ട് താൽക്കാലികമായി നിലയ്ക്കും. ഒരു ദേശത്തെയാളുകൾ മറുദേശക്കാരെ കൂവിയാർക്കും. മാനക്കേടിന് ആക്കം കുറയ്ക്കാതിരിക്കാൻ ചാക്കിൽ വഴിമരുന്നുമായി കത്തുന്ന വെടിക്കെട്ടിന്റെ വരിയ്ക്ക് സമാന്തരമായി ഓടുന്ന വെടിക്കെട്ടുകാരുടെ സംഘത്തിലൊരുവൻ കുറച്ചു വർഷങ്ങൾ മുമ്പു വരെ സ്ഥിരം കാഴ്ചയായിരുന്നു. ചാക്കിൽ നിന്ന് കൈപ്പിടിയ്ക്ക് കരിമരുന്നെടുത്ത് വെടിക്കെട്ടു വരിയിൽ വിതറി തീയാളിക്കുമ്പോൾ അയാളൂടെ കൈ പൊള്ളുമെന്നത് ക്രൂരതയാർന്ന വാസ്തവമാണ്. ഇത്തരത്തിലെ ചില കാഴ്ചകൾ കൂടിച്ചേർന്നാണ് ഭീതിദാനന്ദം എന്ന അവസ്ഥയൊരുക്കുന്നത്.

കാഴ്ചയ്ക്ക് ആനന്ദം നൽകുന്ന ശബ്ദം കുറവായ അമിട്ടുകളാണ് സാധാരണഗതിയിൽ വലിയ വെടിക്കെട്ടിൽ അപകടസാധ്യത കൂട്ടുന്നത്. പൊട്ടിയ അമിട്ടിൽ നിന്ന് ചിതറുന്ന മരുന്നു ഗുളികകൾ താഴേയ്ക്ക് വീഴുന്നതിന് മുമ്പ് പൂർണ്ണമായും കത്തിയെരിഞ്ഞില്ലെങ്കിലോ, അല്ലെങ്കിൽ ചെരിഞ്ഞു പൊട്ടിയാലോ ആണ് മറ്റിടങ്ങളിലേയ്ക്ക് തീ പടർന്ന് അപകടങ്ങളുണ്ടാകുന്നത്. അതുകൊണ്ട് തൃശൂർ പൂരത്തിനൊഴികെ തൃശൂർ പൂരത്തിന്റേത് താരതമ്യേന ചെറിയ വെടിക്കെട്ടാണ്- തൃശൂർ, പാലക്കാട് ഭാഗങ്ങളിലെ ഗംഭീര വെടിക്കെട്ടുകൾക്ക് വർണ്ണ അമിട്ടുകൾ, കുടകൾ എന്നിവ കുറവായിരിക്കും. ഉണ്ടെങ്കിൽ തന്നെ പകൽപ്പൂരത്തിന്റെ വെടിക്കെട്ടിന് ശേഷം പ്രത്യേകമായോ, അല്ലെങ്കിൽ രാത്രിപ്പൂരത്തിന്റെ കാലാശത്തിൽ നിന്ന് കുറച്ചുമാറിയോ ഒക്കെയായിരുക്കും അതൊരുക്കിയിരിക്കുക. പകൽപ്പൂരത്തിനും രാത്രിപ്പൂരത്തിനും രണ്ട് വിധമാണ് വെടിക്കെട്ടുകൾ. മദ്ധ്യാഹ്ന വെയിലത്തു നടത്തുന്ന വെടിക്കെട്ടുകളിൽ നിറത്തിനോ കാഴ്ചയ്ക്കോ അല്ല സ്ഫോടനശേഷിയ്ക്കാണ് പ്രാധാന്യം. പലപ്പോഴും പരിശോധന കഴിഞ്ഞ ശേഷം ഉദ്യോഗസ്ഥർ മടങ്ങിയ ശേഷം നിയന്ത്രിക്കുന്നതിലും കൂടുതൽ തൂക്കമുള്ള സാധനങ്ങൾ ഒക്കെ ഇറക്കി വച്ചു പൊട്ടിക്കുന്നത് പകലാണ്. രാത്രിപ്പൂരത്തിന്റെ കലാശമെന്നത് അത്രമേൽ ഭീകരമായ മറ്റൊരവസ്ഥയാണ്. വെടിക്കെട്ടിന്റെ കലാശം അടുത്ത് നിന്ന് കണ്ടാൽ ‌വായു തള്ളി പിന്നോട്ടായുന്നതും, മുഖത്ത് ചൂടു പതിയുന്നതും, കലാശത്തിന്റെ കൂട്ടപ്പൊരിച്ചിലിന്റെയൊടുക്കം ഹൃദയം ഏതാണ്ട് നാലഞ്ചു സെക്കന്റ് അടിക്കാതെയാകുന്നതും ഒരനുഭവമാണ്, അത്തരം ഭീതിദാനന്ദത്തിന്റെ പരിസരം നേരിലനുഭവിക്കാനാണ്‌ ഒരു വലിയ കാണിക്കൂട്ടം മുന്നിൽ വന്നു നിന്ന് വെടിക്കെട്ടു കാണുന്നത്.

വെടിക്കെട്ടിനെ പ്രാമാണീകരിക്കാൻ വേണ്ടിയല്ല ഇത്രയുമെഴുതിയത്. എങ്ങനെയാണിത് ആസ്വദിക്കാൻ കഴിയുന്നത്? എത്രമാത്രം ഭീകരമാണിത്? ആളെക്കൊല്ലികളായി സ്വയം ചെന്നു നിൽക്കുകയല്ലേ എല്ലാരും? സർവ്വനാശവും ചാവും കാണാനായി പോകുന്ന കുറ്റവാളി മനസ്സുകാരല്ലേ ഇവരെല്ലാം? പോയിച്ചെന്നു കണ്ട് ചത്തെങ്കിലത്രയും നന്നായല്ലേയുള്ളൂ? എന്നിങ്ങനെയുള്ള ചില ചോദ്യങ്ങളും പരിഹാസങ്ങളും സോഷ്യൽ മീഡിയയിൽ പലയിടത്തും കണ്ടതിനാൽ, അത്തരം ആനന്ദത്തിന്റെ സാഹചര്യവും പരിസരവുമെന്തെന്ന് വിശദീകരിക്കാൻ മാത്രമാണ് ശ്രമം. ദശാബ്ദങ്ങളോളം, തലമുറകളോളം സംസ്ക്കാരത്തിന്റേയും ആഘോഷത്തിന്റെയും തദ്ദേശീയ തിമിർപ്പുകളായി ഉരുവപ്പെട്ടുവന്ന ഇവയെല്ലാം കർശനമായ നിയന്ത്രണത്തിലൂടെ കൂടുതൽ സുരക്ഷിതമാക്കുകയോ, സാധ്യമെങ്കിൽ പൂർണ്ണമായും ഒഴിവാക്കുകയോ ചെയ്യണമെന്നാണ് ഈ കാണിക്കൂട്ടത്തിന്റെ കൂടി ഭാഗമായിട്ടുള്ള ഒരാളെന്ന നിലയിൽ എന്റെ വ്യക്തിപരമായ അഭിപ്രായം.

- ദേവദാസ് വി.എം

Wednesday, February 24, 2016

ചെപ്പും പന്തും (നോവൽ) - മലയാളം വാരികയിൽ ഖണ്ഡശ പ്രസിദ്ധീകരിക്കുന്നു.


Monday, February 8, 2016

സോഷ്യൽ മീഡിയാക്കാലത്തെ കഥയെഴുത്ത്


കുട്ടിക്കാലത്ത് ചിത്രകഥകൾ വായിക്കുമ്പോൾ വരകൾക്കിടയിൽ  അക്ഷരങ്ങളെ വേർത്തിരിച്ചു നിർത്തുന്ന കളങ്ങൾ പ്രത്യേക ശ്രദ്ധയാകർഷിച്ചിരുന്നു. സംഭവ വിവരണങ്ങൾക്കായി ദീർഘചതുരം, സംഭാഷണങ്ങൾക്ക് വേണ്ടി കഥാപാത്രത്തിന് നേരെ കൂർത്ത കുനിപ്പോടെയുള്ള ദീർഘവൃത്തം എന്നിവയായിരുന്നു അതിൽ പ്രധാനമായി കാണാറുണ്ടായിരുന്നത്. എന്നാൽ ഇതു രണ്ടുമല്ലാതെ മറ്റൊന്നു കൂടിയുണ്ടാകും. പ്രത്യേക ആകൃതിയില്ലാതെ മേഘസമാനമായ കളത്തിൽ നിന്ന്  ‌ചെറുകുമിളകൾ നിര നീളുന്ന ഒന്ന്. അത് കഥാപാത്രങ്ങളുടെ ചിന്തകളുടെ പ്രതിഫലനമായിരുന്നു. അദൃശ്യനായ ആഖ്യാതാവിനും, സംസാരിക്കുന്ന കഥാപാത്രങ്ങൾക്കുമപ്പുറത്ത് ‌ചിന്തകളെ, ആലോചനകളെ, വിചാരങ്ങളെ രേഖപ്പെടുത്താനുള്ള ചിത്രകാരന്റെ കൗശലമായിരുന്നു ആ മേഘക്കീറും കുമിളകളും. ചിത്രകഥ തീരുന്നതോടെ പുസ്തകമടച്ചു വച്ച ശേഷം ആരൊക്കെയെന്തൊക്കെയാണിപ്പോൾ ചിന്തിക്കുന്നത് എന്നോർത്ത് ചുറ്റിലും കണ്ണോടിക്കുമായിരുന്നു. പിന്നീട്, സ്കിസോഫ്രീനിയയുടെ സൂചനകളോളം കാഴ്ചകൾ ഉന്മാദം പ്രാപിക്കുന്ന അവസ്ഥയിൽ ചുറ്റിലുമുള്ളവർ ഇപ്പോൾ ഇങ്ങനെയൊക്കെയായിരിക്കുമോ ചിന്തിക്കുകയെന്ന് ഓർക്കുന്ന നിമിഷത്തിൽ, ദൈവങ്ങളുടെ ചിത്രങ്ങളിലെ പ്രകാശ വലയങ്ങളെപ്പോലെ, ആളുകളുടെ തലയ്ക്ക് മുകളിലായി ആ മേഘക്കീറും ചെറുകുമിളകളും പ്രത്യക്ഷപ്പെടാറുണ്ട്. ഒന്നോർത്തു നോക്കൂ, നിങ്ങൾ തിരക്കേറിയ ഒരു കച്ചവടത്തെരുവിലൂടെ നടക്കുകയാണ്. ചുറ്റിലുമുള്ളവരുടെ തലയ്ക്ക് മുകളിൽ ചിന്താവലയങ്ങൾ പ്രത്യക്ഷപ്പെടുന്നു. ഭോജനശാലകൾ തേടുന്നവർ രുചിയാർന്ന ഭക്ഷണത്തെക്കുറിച്ച് ചിന്തിക്കുന്നു. വസ്ത്രം വാങ്ങാൻ പോകുന്നവർ തടികൂടുന്ന ശരീരത്തെയും നഷ്ടമാകുന്ന ഉടലഴകിനെയും കുറിച്ചോർത്ത് അസ്വസ്ഥരാകുന്നു. കമിതാവിന് സമ്മാനം വാങ്ങാനിറങ്ങിയവർ ഉള്ളാലെ പ്രണയലേഖനമെഴുതുന്നു. ഇഷ്ടപ്പെട്ട കളിപ്പാട്ടം കിട്ടാതെ കുഞ്ഞുങ്ങൾ മനസ്സു നൊന്ത് പരിഭവിക്കുന്നു. കറിയ്ക്കരിയാനും  ആളെക്കൊല്ലാനും കത്തി വാങ്ങാനിറങ്ങിയവർ വെവ്വേറെ രീതിയിൽ ആലോചനകളിലേർപ്പെടുന്നു. മരുന്നു വാങ്ങാനിറങ്ങിയവർ ‌രോഗത്തെക്കുറിച്ച് ആകുലരാകുന്നു. അങ്ങനെയങ്ങനെ... ഒരു ജാഥയുടെ ഭാഗമായി മുദ്രാവാക്യമെഴുതിയ പലക ഉയർത്തിപ്പിടിച്ചിരിക്കുന്നത് പോലെ ആളുകൾ  അവരവരുടെ ആലോചനകളുടെ ആലേഖനങ്ങളുമായി ഒരു ഘോഷയാത്രയിലെന്നോണം നീങ്ങുന്നത് സങ്കൽപ്പിക്കാനാകുമോ? കാലങ്ങൾക്കു ശേഷം സോഷ്യൽ മീഡിയ പരിപക്വമായതോടെ ഉന്മാദാവസ്ഥയിൽ മാത്രം അനുഭവ സാധ്യമായ ചിന്താവലയങ്ങളെ ‌യാഥാർത്ഥ്യരൂപത്തിൽ അക്ഷര രൂപത്തിൽ കാണാനായി. അവനവൻ ചിന്തകളുടെ ആലേഖനങ്ങൾ താന്താങ്ങളുടെ ഇടത്തിൽ അക്ഷരങ്ങളായി പതിയുകയുണ്ടായി. അത് വായിക്കുന്ന ചിലരത് തങ്ങളുടെ ഇടത്തിലേയ്ക്ക് പങ്കു വച്ചു. മറ്റു ചിലർ മറുചിന്തകളാൽ പ്രതികരണം നടത്തി. സങ്കൽപ്പങ്ങളായി സംഭാഷണങ്ങളായി സംവാദങ്ങളായി അവ രൂപാന്തരപ്പെട്ടു.

എന്തിന് വേണ്ടി എഴുതുന്നു എന്ന ചോദ്യം ഏതൊരെഴുത്തുകാരനും ഒരിക്കലെങ്കിലും സ്വയമോ, അല്ലെങ്കിൽ മറ്റുള്ളവരിൽ നിന്നോ ‌നേരിടേണ്ടി വരുന്ന ഒന്നാണ്. അതിനെ സംബോധന ചെയ്യാതെ എഴുത്ത് സ്വാഭാവികമായി മുന്നോട്ട് പോവുകയില്ല താനും. എന്നെ സംബന്ധിച്ചിടത്തോളം ‌സകലതിൽ നിന്നും സകലരിൽ നിന്നും ഒഴിഞ്ഞു മാറി ഒരാൾ എഴുതുന്നത് അയാൾക്കു വേണ്ടി മാത്രമാണ്. എന്നാൽ തിരുത്തുകളും മിനുക്കുകളും നടത്തിയ ശേഷം അവനവൻ എന്ന ആദ്യവായനക്കാരന് തൃപ്തിയായാൽ എഴുത്തിനെ പ്രസിദ്ധീകരണത്തിന് വിട്ടുകൊടുക്കുന്നത് ‌തീർച്ചയായും വായനക്കാരന് വേണ്ടിയും. ഒരു കഥയുടെ ബീജാവാപം തീർത്തും ആകസ്മികമായും വളരെ സ്വാഭാവികമായും നടക്കുന്നത് ‌പലതിൽ നിന്നും ഊർജ്ജം ഉൾക്കൊണ്ടായിരിക്കാം. ഒരു തോന്നൽ,  അല്ലെങ്കിൽ ഒരു സംഭാഷണം, അതല്ലെങ്കിൽ ഒരനുഭവം, ചിലപ്പോൾ വായനയിലുടക്കുന്ന ചില വരികൾ, മറ്റു ചിലപ്പോൾ ഒരു ദൃശ്യം, അതുമല്ലെങ്കിൽ ഒരു സ്വപ്നം... സോഷ്യൽ മീഡിയാക്കാലത്തെ ഒരു ഗുണമെന്നത് അത്തരം അസംസ്‌കൃതപദാര്‍ത്ഥ രൂപത്തിലുള്ളവയെ എല്ലാം കഥയാക്കി മാറ്റേണ്ടതില്ല എന്നതാണ്. കനപ്പെട്ടൊരു തോന്നൽ, വിക്ഷുബ്ദമായൊരു ഭാവം, ഉറച്ചൊരു പ്രഖ്യാപനം, രൂക്ഷമായ പരിഹാസം, തീവ്രമായ പ്രതിഷേധം,  ശക്തമായ രാഷ്ട്രീയ നിലപാട് എന്നിവ രേഖപ്പെടുത്താൻ ഫിക്ഷൻ എന്ന സങ്കേതത്തെ മാത്രം  എഴുത്തുകാരനോ എഴുത്തുകാരിയ്ക്കോ ആശ്രയിക്കേണ്ടി വരുന്നില്ല. അവയെ സോഷ്യൽ മീഡിയ തരുന്നയിടങ്ങളിൽ സ്റ്റാറ്റസുകളോ, മെസേജുകളോ, കുറിപ്പുകളോ  ഒക്കെയായി യഥാതഥമായി  തന്നെ രേഖപ്പെടുത്താവുന്നതാണ്. 'എന്താണ് നിങ്ങളുടെ മനസ്സിൽ?' എന്ന് ഫേസ് ബുക്ക് ചോദിക്കുന്നു. 'എന്തെങ്കിലും എഴുതൂ' എന്ന് ‌ഗൂഗിൾ പ്ലസ് അഭ്യർത്ഥിക്കുന്നു. 'എന്താണ് സംഭവിക്കുന്നത്?' എന്ന് ട്വിറ്റർ ആരായുന്നു. 'ഒരു സന്ദേശം കുറിയ്ക്കൂ' എന്ന് വാട്ട്‌സാപ്പ് ‌ആവശ്യപ്പെടുന്നു. ഇവയിലൂടെ കടന്നു പോകുന്ന, ചിന്താശേഷിയും ഭാവനയും പ്രതികരണ മനോഭാവങ്ങളുമുള്ള ഒരാൾക്ക് എന്തെങ്കിലും എഴുതാതെ വയ്യെന്നാകുന്നു. സ്വാഭാവികമായും അയാൾ ആ നിമിഷത്തിലെ തന്റെ മനോനിലയെ സോഷ്യൽ മീഡിയയിലേയ്ക്ക് ‌പകർത്തി വയ്ക്കുന്നു. 

സൈബർ സ്പേസിലെ ജനപ്രിയ ഇടമായ ‌സോഷ്യൽ മീഡിയാ പരിസരം ഇന്ന് ആഖ്യാനത്തിന്റെ കൂടി ഇടമാണ്. കാലം, അവസ്ഥ, രാഷ്ട്രീയം എന്നിവയുമായി ബന്ധപ്പെട്ട ഭാവനകളെയും അനുഭവങ്ങളെയും  അറിവുകളെയും എഴുതിയിടാൻ അവ അവസരമൊരുക്കുന്നു. കഥാമുഹൂർത്തങ്ങളോ, പാത്രനിർമ്മിതികളോ ഇല്ലാതെ തന്നെ ഒരു ആശയസ്ഫുരണം മറ്റുള്ളവരിലേയ്ക്ക് സന്നിവേശിപ്പിക്കാൻ തക്ക പ്രാപ്തിയുള്ളതായി അവിടം മാറുന്നു. ഇതുകൊണ്ട് സമകാലത്തെ കഥയെഴുത്തിന് ഒരു വിധത്തിലുള്ള ഹാനിയും സംഭവിക്കുന്നില്ലെന്ന് മാത്രമല്ല, സൂക്ഷ്മമായ അരിപ്പകളിലൂടെയും തിരഞ്ഞെടുപ്പുകളിലൂടെയും കടന്നു പോകേണ്ടുന്നതിനാൽ അവ കൂടുതൽ മെച്ചപ്പെട്ടൊരു നില കൈവരിയ്ക്കാൻ പ്രാപ്തമാകുന്നു. ഒരു സോഷ്യൽ മീഡിയാ കുറിപ്പിലോ, പ്രതികരണത്തിലോ ഒതുങ്ങേണ്ടവയെ (അവ നിസ്സാരമാണെന്നല്ല വിവക്ഷ) അതാതിടങ്ങളിൽ രേഖപ്പെടുത്തുകയും, അവയ്ക്കുമപ്പുറം സന്ദർഭങ്ങളും സാരസ്യങ്ങളും ദർശനങ്ങളും പാത്രനിർമ്മിതിയും ആവിഷ്ക്കരിക്കേണ്ട സാഹചര്യമുണ്ടെങ്കിൽ മാത്രം കഥയെഴുത്തിന്റെ സങ്കേതം  സ്വീകരിക്കേണ്ടി വരുന്ന വിചാരനില എഴുത്തുകാരന് സ്വയം കൈവരിക്കാനാകുന്നു. അതുകൊണ്ട് തന്നെ സമകാലത്തെ സംഭവങ്ങളിലും വിഷയങ്ങളിലും തന്റെ ചിന്തകളാൽ ഇടപെടാനുള്ള അവസരവും, അതേ സമയം ഭാവനാപരമായ വ്യവഹാരത്തിൽ സ്വയം മുഴുകി സൃഷ്ടി നടത്താനും സാധ്യതയൊരുങ്ങുന്നു.

🌑

 

(c)2009 Devadas V.M [ vm.devadas@gmail.com ]