പരുന്തിന്റെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടുത്താനായി പ്രാവിന്റെ തൂക്കത്തോളം മാസം സ്വന്തം തുടയിൽ നിന്ന് അറുത്ത് നൽകിയ ശിബി ചക്രവർത്തിയുടെ സോദ്ദേശ ഗുണപാഠ കഥ കേൾക്കുന്നതിനൊക്കെ വളരെ മുമ്പ് ഞാൻ കേട്ട മറ്റൊരു കഥ സ്വന്തം ഇറച്ചി തിന്നുന്നൊരുങ്ങിയ മണ്ടച്ചാരായൊരു പുലിയുടേതായിരുന്നു. ഒരു പക്ഷെ എനിക്കോർത്തെടുക്കാൻ പറ്റുന്ന, ഞാനാദ്യം കേട്ട കഥ അതായിരിക്കണം. ആ കഥ പറയുന്നത് മറ്റാരുമല്ല, എന്റെ അച്ഛാച്ചനായിരുന്നു. മെലിഞ്ഞു നീണ്ട ശരീരവും, കാൽ മുട്ടോളമെത്തുന്ന കൈകളും, പ്രായമായിട്ടും ഉപേക്ഷിക്കാത്ത പുകവലിയുടെ ആയാസത്താലുള്ള കിതപ്പും, കഫം കുറുകുന്ന ശബ്ദവുമായിരുന്നു ആ കഥയ്ക്കുള്ള അസംസ്കൃത വസ്തുക്കൾ. കഥ പറയുന്നതിനനുസരിച്ച് ശബ്ദം പല ആവൃത്തികളിൽ കയറിമറിയും, കൈകൾ വിടർന്നു കാഴ്ചയുടെ ക്യാൻവാസൊരുക്കും. ആംഗ്യചലനവിക്ഷേപങ്ങളോടെ കഥ പറയുന്നവർക്ക് നീളമുള്ള കൈകൾ അനുഗ്രഹമാണ്. ശരീരഭാഷയിൽ അത് വിവരണത്തിനുള്ള സാധ്യത പതിന്മടങ്ങാക്കുന്നു. അത്ഭുതം കൂറുന്നൊരു ശബ്ദത്തോടെ അവർ ഇരു കൈകളും നീട്ടി വിടർത്തുമ്പോൾ കാഴ്ച പൊടുന്നനെ പതിനാറിൽ നിന്ന് എഴുപത് എം.എം തിരശ്ശീലയിലേയ്ക്ക് ദൃഷ്ടികേന്ദ്രമുറപ്പിക്കുന്നു. ആ തിരശ്ശീലയിൽ കഥ പറച്ചിലുകാരനായ എന്റെ അച്ഛാച്ചൻ ഒരു കാടിന്റെ ദൃശ്യമൊരുക്കുന്നു. അവിടെ സുത്രശാലിയായൊരു കുറുക്കനും മണ്ടച്ചാരാമൊരു പുലിയും പാർക്കുന്നു. കോഴിയെ മോഷ്ടിക്കാൻ വേണ്ടി കാടിറങ്ങി നാട്ടിലെത്തുന്ന ഒരു കുറുക്കനെ കാണുന്നില്ലേ? രാത്രിയിൽ ആ കുറുക്കൻ പാത്തു പതുങ്ങിച്ചെന്നെത്തുന്ന വീട്ടിലെ കാലിയായ കൂട്ടിലെ കോഴികളെല്ലാം വിരുന്നുകാർക്കുള്ള വിഭവമായി അടുക്കളയിലെ കറിച്ചട്ടിയിലിരിക്കുന്നതിന്റെ മണമടിക്കുന്നില്ലേ? ഗത്യന്തരമില്ലാതെ കുറുക്കൻ കോഴിക്കറിയുള്ള ചട്ടിയുമെടുത്ത് കാട്ടിലേയ്ക്ക് മണ്ടുന്ന കാഴ്ചയിൽ ചിരി പൊട്ടുന്നില്ലേ? പറച്ചിലിനനുസൃതമായി വിടർന്നു വിന്യസിക്കുന്ന കൈകകളെ ഇടയ്ക്കെല്ലാം മടക്കി വിളിച്ച് മുഴുവനും നരച്ച മുടിയിൽ വിരൽ കോതിക്കൊണ്ടും, ഇടമുറിയാതെ വിവരണം നടത്തുന്നതിന്റെ ആയാസത്താൽ കിതച്ചും, ഇടയ്ക്ക് ചുമച്ചും, ഇടവേളകളില്ലാതെ കഥയങ്ങനെ തുടരുകയാണ്. ആരുടേയും കണ്ണിൽ പെടാതെ തഞ്ചത്തിലൊരു പാറപ്പുറത്തിരുന്ന് ചട്ടിയിൽ നിന്ന് ഇറച്ചി തിന്നവേ, തന്റെയരികിലെത്തുന്നൊരു മണ്ടൻ പുലി തീറ്റയുടേ പാതി ചോദിച്ചപ്പോൾ “അയ്യോ! ഇത് തരാൻ നിവൃത്തിയില്ലല്ലോ. വിശന്നു വലഞ്ഞ് ഗത്യന്ത്യരമില്ലാതെ ഞാൻ എന്റെ ചന്തി നുള്ളി തിന്നുകയാണ്. വേണമെങ്കിൽ ഒരു കഷ്ണം മാത്രം തരാം” എന്ന് സൂത്രശാലിയായ കുറുക്കൻ പറയുന്നിടത്ത് കഥ പറച്ചിലുകാരൻ ഇരിക്കുന്നത് കറിച്ചട്ടിയുടെ പുറത്താണോയെന്ന് സംശയം തോന്നാം. കുറുക്കന്റെ ഉപദേശം കേട്ടതു പ്രകാരം മുളകും മസാലയുമരച്ച് ചന്തിയിൽ പുരട്ടി നട്ടുച്ച വെയിലത്ത് പൊള്ളുന്ന പാറപ്പുറത്തിരുന്ന് വേവുന്ന, സ്വന്തം ശരീരത്തിലെ മാസം നുള്ളിത്തിന്നുന്ന, ആ കൊതിയനും മണ്ടനുമായ പുലിയുടെ കഥ തീരുന്നത് ഒരുവിധ ഗുണപാഠങ്ങളുമില്ലാതെയായിരുന്നു. എത്ര ആവർത്തിച്ചാലും ആ കഥയുടെ അവസാനം “പുലിയച്ചൻ ഇങ്ങനെയിങ്ങനെ നുള്ളിത്തിന്നു...” എന്നൊരു വാചകവും, അധികച്ചേർപ്പായൊരു ചുമലു കുലുക്കിച്ചിരിയുമല്ലാതെ മറ്റൊന്നും ബാക്കിയാകില്ല. അത്രയ്ക്ക് കണിശം!
ഡാനിയേൽ വല്ലേസിന്റെ നോവൽ ആധാരമാക്കി ടിം ബർട്ടൻ ഒരുക്കിയ "ബിഗ് ഫിഷ്" എന്ന സിനിമ കാണാനൊത്തത് അതിറങ്ങി മൂന്ന് വർഷങ്ങൾക്കു ശേഷമാണ്. അപ്പോഴേയ്ക്കും എന്റെ അച്ഛാച്ചൻ മരിച്ച് ആദ്യത്തെ ആണ്ട് കഴിഞ്ഞിരുന്നു. സ്വന്തം ജീവിതാനുഭവങ്ങളെ അവിശ്വസനീയമായ രീതിയിൽ കെട്ടുകഥയുടെ മട്ടിൽ അവതരിപ്പിക്കുന്ന അച്ഛനോട് വിദ്വേഷം കൊണ്ട് നടക്കുന്ന ഒരു മകന്റെ തിരിഞ്ഞു നടത്തവും, പതിയെയുള്ള പൊരുത്തപ്പെടലുകളുമായിരുന്നു ബിഗ് ഫിഷിന്റെ ഇതിവൃത്തം. അച്ഛൻ പറയുന്ന ജീവിത കഥയിൽ അസത്യത്തോളം കൗതുകങ്ങളായ അകസ്മിതകൾ നിറയുന്നു. മോതിരം ചൂണ്ടക്കുരുക്കാക്കി ഒരു വമ്പൻ മീനിനെ പിടിക്കുന്നത്, മന്ത്രവാദിനിയിൽ നിന്ന് ഭാവി അറിയുന്നത്, അമിതമായ ശരീര വളർച്ച നിമിത്തം നാടു വിടുന്നത്, പന്ത്രട് അടി ഉയരമുള്ള രാക്ഷസ മനുഷ്യനുമായി ചങ്ങാത്തം കൂടുന്നത്, ചെന്നായ് മനുഷ്യനെ കാണുന്നത്, സൈനികനായി പാരച്ചൂട്ടിൽ ശത്രുക്കളുടെ ഇടയിലിറങ്ങുന്നത്, കൊറിയൻ യുദ്ധകാലത്ത് സമയത്ത് സയാമീസ് ഇരട്ടകളെ പരിചയപ്പെടുന്നത്, കൂട്ടാളിയുമായി ബാങ്ക് കൊള്ളയടിക്കാൻ പദ്ധതിയൊരുക്കുന്നത്, തീവ്രമായ പ്രണയത്തിലകപ്പെടുന്നത്… എല്ലാമെല്ലാം അയാൾ മകനോട് പറയുന്നത് കെട്ടുകഥയുടെ മട്ടിലായിരുന്നു. സത്യമേത് മിഥ്യയേതെന്ന് തിരിച്ചറിയാനാകാതെ കുഴങ്ങുന്ന മകൻ ഭാവനാ സമ്പന്നനായ അച്ഛനുമായി അകൽച്ചയിലാകുന്നു. ആ സിനിമ കാണുന്നേരം എന്നെ അലട്ടിയിരുന്ന പ്രശ്നം മകന്റെ പിണക്കത്തിന് ശരിയായ കാരണമെന്തെന്നതായിരുന്നു. സ്വന്തം ജീവിതത്തിൽ കണ്ടതും കേട്ടതും അനുഭവിച്ചതുമായവയെ കെട്ടുകഥയുടെ നിറത്തിളക്കത്തോടെ, അതിനിണങ്ങുന്ന ശരീര ഭാഷയോടെ വിവരിച്ചു തന്നിരുന്ന അച്ഛാച്ചനെ ഞാൻ വെറുക്കുന്നില്ലല്ലോ എന്നതായിരുന്നു പ്രധാന പ്രശ്നഹേതു.
(c) http://thekingofisabelleavenue.wordpress.com
ചില സ്കൂൾ അവധി ദിവസങ്ങളിൽ അടുക്കളയിലെ സ്ഥിരം പങ്കുപേക്ഷിച്ച് കാലത്തു ഞങ്ങൾ ചെന്നെത്താറുള്ള ചായക്കടയുടെ നടത്തിപ്പുകാരൻ നരച്ച കൊമ്പൻ മീശയുള്ള രാഘവനായിരുന്നു. ആവി പറക്കുന്ന പുട്ടിന് മുകളിൽ ഞാൻ ചൂടു ചായ ഒഴിച്ചു കുതിർത്ത് ആറാൻ വയ്ക്കുന്ന നേരത്ത് എനിക്കു മാത്രം കേൽക്കാവുന്ന വിധം പതിഞ്ഞ ഒച്ചയിൽ പതിവായി പറയുന്നതാകട്ടെ, തന്റെ തരാതര പ്രായക്കാരനും ചെറുപ്പകാലത്തൊരു റൗഡിയുമായ രാഘവനെ ഇടംകൈയ്യനായ അച്ഛാച്ചൻ ഒറ്റയടിയ്ക്ക് നിലം പരിശാക്കിയതിന്റെ വിവരണമായിരുന്നു. അതോടെ മര്യാദക്കാരനായി നാട്ടിൽ ഒതുങ്ങിക്കൂടിയ രാഘവനാണ് ഇപ്പോൾ ഒരു മൂലയിൽ നിന്ന് ചായയടിക്കുന്നത്, ഗ്ലാസ്സ് കഴുകുന്നത്, അടുപ്പൂതുന്നത്. തന്നെ തല്ലി വീഴ്ത്തിയ ഒരാൾക്ക് കുടിക്കാനായി ചായ കൂട്ടുന്ന രാഘവന്റെ ചെയ്തികളുടെ അസംബന്ധതയെക്കുറിച്ച് ആറു വയസ്സുകാരൻ ആകുലപ്പെടുന്ന നേരമൊക്കെ മതിയായിരുന്നു ആവിയാറിയ പുട്ടിന് വയറ്റിലെത്താൻ. ചായക്കടയിൽ നിന്ന് ഇറങ്ങിയുള്ള നടത്തം ചിലപ്പോൾ ചെന്നെത്തറുള്ളത് ഈഞ്ചലോടി പാടത്ത് പകിടകളി നടക്കുന്നിടത്തായിരിക്കും. ഇടത് കൈപ്പത്തിയ്ക്കുള്ളിൽ പകിടയൊതുക്കി, അത് വലം ചുമലിൽ മുട്ടിച്ച ശേഷം ആഞ്ഞെറിയുന്നതിനിടയിൽ എന്നെയൊരു നോട്ടം നോക്കും. അതൊരു സൂചകമാണ്. "ഓങ്ങിയൊരു അടിയ്ക്ക് രാഘകൻ പകിട തിരിയുന്നത് പോലെ കറങ്ങി നിലത്തുരുണ്ട് വീണു" എന്ന് ചായക്കടയിൽ വച്ചു നടത്തിയ വിവരണത്തിന്റെ ആലങ്കാരിക ദൃശ്യമാണ് ഇപ്പോൾ മുന്നിൽ കാണുന്നത്. പകിടകൾ രാഘവനെപ്പോലെ തല കറങ്ങി താഴെ വീണ് അക്കം വെളിപ്പെടുത്തും, അടുത്ത കരുനീക്കത്തിന് ആക്കം കൂട്ടും. അച്ഛാച്ചന്റെ ജീവിതകഥാ വിവരണങ്ങളുടെ തുടക്കം മാത്രമായിരുന്നു അത്. എന്തോ നിസ്സാര കുറ്റം ചെയ്തതിന് കൈവെള്ള പൊട്ടി ചോര ചീറ്റുന്നതു വരെ നിർത്താതെ തല്ലിയ അദ്ധ്യാപികയുടെ തലയ്ക്കെറിഞ്ഞ് പ്രതികാരം തീർത്തതോടെ നാലാം തരത്തിൽ വച്ച് മുടങ്ങിയ പഠനം, പന്തയം വച്ച് പുളിമരത്തിന്റെ തുഞ്ചത്തെ കൊമ്പ് തൊടാനായി ഉയർന്നു പൊങ്ങിയ ഊഞ്ഞാലിൽ നിന്ന് താഴേയ്ക് നെഞ്ചു തല്ലി വീണത്, അന്നു മുതൽ വിടാതെ പിന്തുടരുന്ന വായുമുട്ടിന്റെ വലച്ചിൽ, നാടുവിട്ട് മദിരാശിയിലുള്ള ബന്ധുവിന്റെ അടുത്തേയ്ക്കുള്ള ഒളിച്ചോട്ടം, പണം കുറവുള്ള പണി മടുത്തപ്പോൾ അവിടെ നിന്ന് ബോംബേയിലേയ്ക്കുള്ള പലായനം, ചെരുപ്പില്ലാതെ നടന്നപ്പോൾ പോക്കറ്റടിക്കാരനെന്ന് സംശയിച്ച് മറാത്താ പോലീസ് പിടിച്ചു ചോദ്യം ചെയ്തത്, അമ്മ മരിച്ചത് ഉത്രാടം ദിവസമായതിനാൽ താനിന്നും ആഘോഷ ദിവസമായിരുന്നിട്ടും രാത്രി ഭക്ഷണമുപേക്ഷിക്കുന്നത്, വാവയെന്ന് വിളിപ്പേരുള്ള അസുഖക്കുട്ടിയായിരുന്ന മകൾ നാല് വയസ്സ് തികയുന്നതിന് മുന്നെ മരണമടങ്ങപ്പോൾ ശബരിമലയ്ക്ക് പോകാനായി വ്രതമെടുത്ത് കഴുത്തിലണിഞ്ഞിരുന്ന മാല പൊട്ടിച്ചു പുഴയിലെറിഞ്ഞ് കർമ്മം ചെയ്തത്, നാലോണത്തിന് തൃശ്ശൂർ റൗണ്ടിലിറങ്ങുന്ന പുലിക്കളിയിൽ തന്റെ സംഘത്തിലുള്ളവരുടെ ഒരുക്കാനായി വാഴത്തോപ്പിൽ കൂടുന്നേരത്ത് കളിക്കാരുടെ മുലക്കണ്ണ് പുലിക്കണ്ണാകുന്ന പൊക്കിൾ ചുഴി കോമ്പല്ലുകളുള്ള പുലിവായാകുന്ന വിധത്തിൽ ചിത്രം വരയ്ക്കുന്നത്, പാടത്തിനങ്ങേയറ്റം കാണുന്ന മലയുടെ തുഞ്ചത്തെ വെള്ളപ്പാറയും കടന്ന് കാടലയുന്ന മാക്കുണ്ണി എന്ന നായാട്ടുകാരൻ ചങ്ങാതി കൊണ്ട് വരുന്ന വെടിയിറച്ചി ചവച്ചരയ്ക്കുന്നതിന്റെ വർണ്ണനയിൽ വായിൽ നിറയുന്ന തുപ്പലാലുള്ള കപ്പലോട്ടം... പത്തു പതിമൂന്ന് വയസ്സാകുന്നത് വരെ അങ്ങനെയുള്ള കഥക്കൂട്ടുകളും വിവരണങ്ങളും മതിയായിരുന്നു എനിക്ക് തൃപ്തിയടയാൻ. വിവരണം നടത്തുന്ന നേരത്ത് വായുവിൽ നടത്തുന്ന കരചലനങ്ങളാൽ പൊട്ടിയ മാലയോ, എറിയുന്ന കല്ലോ വീഴുന്നത് എന്റെ മുഖത്തായിരുന്നു. മറാത്താ പോലീസ് കോളറിന് കുത്തിപ്പിടിക്കുന്നതെന്റെ ബട്ടൻസു പൊട്ടിയ ഷർട്ടിലായിരിക്കും. പകിട തിരിയുന്നതു പോലെ എനിക്കു തല കറങ്ങും. പുളിമരക്കൊമ്പിലെ ഊഞ്ഞാലിന്റെ കുട്ടിപ്പൊക്കത്തിൽ ഞാൻ തുഞ്ചം കുത്തിപ്പായും, എന്റെ വയറിന്മേൽ അദൃശ്യനായൊരു വരയൻ പുലിയുടെ മുഖം പതിയും. വേട്ടയിറച്ചി ചവച്ച് എന്റെ കവിൾ പേശികൾ തളരും.
ഞാൻ കൗമാരത്തിലേയ്ക്ക് കടന്നതോടെ അച്ഛാച്ചന്റെ കഥകളും പരിണാമ വിധേയമായി. പറച്ചിലിടങ്ങളിൽ കൂടുതൽ രാഷ്ട്രീയം നിറഞ്ഞു. ഇന്ദിരാ ഗാന്ധിയുടെ കാലത്തെ കോൺഗ്രസ്സിന്റെ പിളർപ്പിൽ കൂടെയുള്ളവർ മറുകണ്ടം ചാടിയിട്ടും താൻ അടിയുറച്ച് നിന്നതിന്റെ സ്ഥൈര്യ വിവരണം. അടിയന്തിരാവസ്ഥക്കാലത്ത് നിരോധിക്കപ്പെട്ട സംഘടനയിൽ പെട്ട ശങ്കുണ്ണിയെന്ന ചങ്ങാതിയെ തന്റെ അയൽപക്കക്കാരനായ പോലീസുകാരന്റെ വീട്ടിൽ പതിനാല് ദിവസത്തോളം ഒളിച്ചു പാർപ്പിക്കാൻ ഒത്താശ ചെയ്തത കാര്യം വിവരിക്കുന്നേരത്ത് ആ വീടിന്റെ മച്ചിൻ പുറത്ത് ഭയപ്പാടോടെ ശങ്കുണ്ണി കൂനിക്കൂടിയിരുന്നത് പോലെ അച്ഛാച്ചന്റെ ശരീരവും വളയുമായിരുന്നു. വൈകുന്നേരമായാൽ വടക്കനച്ചൻ സൈക്കിളെടുത്തിറങ്ങവേ വഴിയരികിലും കനാലിന്റെ വക്കത്തുമെല്ലാം കൂട്ടംകൂടി ബഹളം വയ്ക്കുന്ന സത്യക്രിസ്ത്യാനികളെ പേടിപ്പിച്ചോടിയ്ക്കാനായി ക്യാരിയറിൽ കൊണ്ട് നടക്കാറുള്ള ചൂരൽ വടിയുടെ നീളവും വണ്ണവും വിവരിക്കാൻ തന്നെ നേരം കുറേയെടുക്കും. കൈപ്പിടിയിൽ ഇല്ലാത്തൊരു ചൂരൽ വായുവിൽ പുളഞ്ഞ് ശബ്ദമുണ്ടാക്കും. അവിണിശേരിക്കാരനും അയൽവാസിയുമായ കൃഷ്ണനെഴുത്തച്ഛൻ നയിച്ച ജാഥയിൽ ബലനായിരിക്കേ പങ്കെടുത്തതിന്റെ ഓർമ്മയിൽ കണ്ണൂകൾ നനയും. കുറൂർ നമ്പൂതിരിപ്പാടിന്റെ വീട്ടിലെത്തിയെ ജവഹർലാൽ നെഹ്രുവിനെ കാണാൻ ചെന്ന കഥ ഓരോ തവണ ആവർത്തിക്കുമ്പോഴും "ഇത്രയടുത്ത്...ഇത്രയടുത്ത് വച്ചു കണ്ടു" എന്ന് ദൂരം കുറഞ്ഞു കുറഞ്ഞില്ലാതാകും. കൈ നീട്ടിയാൽ തൊടാമെന്ന് പ്രതിപദമപി തോന്നുമാറ് മന്ദം നടന്ന് നെഹ്രു നളചരിതത്തിലെ ഹംസത്തെപ്പോലെ തെന്നി മാറും. തേക്കിൻകാട്ടിലെ അന്നത്തെ പ്രസംഗം കാതിൽ മുഴങ്ങും. കണ്ണു ഡോക്ടറെ തേടി തൃശ്ശൂരിലെത്തിയ കരുണാകരന്റെ രാഷ്ട്രീയക്കാഴ്ചയാൽ സംഘടനയുടെ വളർച്ച മേൽഗതി പ്രാപിച്ചതിന്റെ ചരിത്രം ചുരുളഴിയും. അഴീക്കോടൻ രാഘവനെ കുത്തിയവർ തൊട്ടടുത്തുള്ള ഒരു ഹോട്ടലിലേയ്ക്ക് ഓടിക്കയറി അതിന്റെ അടുക്കള വാതിൽ വഴി രക്ഷപ്പെടുന്നത് വിവരിക്കുന്നേരത്ത് അമ്പരന്ന് നിൽക്കുന്ന ചെട്ടിയങ്ങാടിയുടെ ദൃശ്യം തെളിയും. എന്റെ രാഷ്ട്രീയം മാറിയതോടെ, അച്ഛാച്ചന്റെ അഭിപ്രായങ്ങൾക്ക് മറുവാദം പറയാൻ തുടങ്ങിയതോടെ, അത്തരം ആവർത്തന വിവരണങ്ങളും പതിയേ ഇല്ലാതായി. ബിഗ് ഫിഷ് എന്ന സിനിമയിലെ ഭാവനാ സമ്പന്നനായ അച്ഛന്റെ ശവസംസ്ക്കാരച്ചടങ്ങിൽ പങ്കെടുത്തവരെ കാണുന്നതോടെ മകൻ തിരിച്ചറിയുന്ന ചില വസ്തുതകളുണ്ട്. അച്ഛൻ പറഞ്ഞ കഥകളെല്ലാം തന്നെ നുണകളായിരുന്നില്ല; പൂർണ്ണമായ അർത്ഥത്തിൽ അവയൊന്നും സത്യവുമായിരുന്നില്ല. പന്ത്രണ്ട് അടി ഉയരമുള്ള രാക്ഷസനൊന്നുമല്ലെങ്കിലും, ഏഴടിയ്ക്ക് മുകളിൽ ഉയരമുള്ള ചങ്ങാതി ഉണ്ടായിരുന്നു. സയാമീസ് ഇരട്ടകളെന്ന് പറഞ്ഞവർ സമരൂപ ഇരട്ടകളായിരുന്നു. ഉയരം കുറഞ്ഞു തടിച്ചൊരു നീളൻമുടിക്കാരനെയാണ് ചെന്നായ് മനുഷ്യനാക്കി അവതരിപ്പിച്ചത്. മോതിരക്കുരുക്കിൽ കുടുങ്ങിയതൊരു സാധാരണ മത്സ്യം മാത്രമായിരുന്നു.
എഴുത്തിനെ ഗൗരവമുള്ള പ്രവർത്തിയായി കാണാൻ തുടങ്ങിയതു മുതൽ അച്ഛാച്ചന്റെ പൊടിപ്പും തൊങ്ങലും നിറഞ്ഞ ജീവിതകഥകൾ, കേൾവിക്കാരെ ഭ്രമിപ്പിച്ച് പിടിച്ചിരുത്തുന്ന വിധമുള്ള അതിന്റെ വിവരണങ്ങൾ ബോധത്തിലും അബോധത്തിലും നിറയുന്ന നിരീക്ഷണ സാധ്യതയായി മാറുകയായിരുന്നു. ഫിക്ഷനെഴുത്തുകാർ പഴങ്കഥയിലെ സൂത്രശാലിയായ കുറുക്കനാണെന്ന് ചിലപ്പോൾ തോന്നാറുണ്ട്. അവർ അന്യരുടെ അടുക്കളയിൽ നിന്ന് മസാല ചേർന്നു വെന്ത ഇറച്ചി നിറച്ച ചട്ടിയുമായി കാട് കയറുന്നു. അപരന്റെ അനുഭവങ്ങൾ ഇറച്ചിപ്പരുവത്തിൽ നുറുക്കിയതിന്റെ കൂടെ താന്താങ്ങളുടെ ഭാവനയാകുന്ന മസാലയും ചേർത്തൊരുക്കുന്ന വിഭവം നിറഞ്ഞ കറിച്ചട്ടിയ്ക്കു മുകളിൽ അടയിരിക്കുന്നു. കൊതികൊണ്ട് പങ്ക് ചോദിക്കുന്നവർക്കെല്ലാം അത് തന്റെ തന്നെ ഇറച്ചി പകുത്ത് നൽകുകയാണെന്ന ഭാവേന ഓരോ കഷ്ണം മാത്രം നൽകി മിതവ്യയം പാലിക്കുന്നു. വാങ്ങുന്നവരതു കഴിച്ച് കുറുക്കന്റെ ഇറച്ചി തന്നെയെന്നും, അതീവ സ്വാദിഷ്ഠമെന്നും തലയിളക്കി സമ്മതിച്ച് കടന്നു പോകുന്നു. എന്നാൽ സ്വന്തം അനുഭവത്തെ തനിക്കിഷ്ടമുള്ള രുചിക്കൂട്ടു ചേർത്ത് വേവിച്ചുകൊണ്ട് ഉറ്റവർക്കു മുന്നിൽ മാത്രം വിളമ്പുന്നവരോ? അവർ കഥയിലെ മണ്ടച്ചാരായ പുലിയാകുന്നു. ശരിരത്തിൽ മുളകും മസാലയുമരച്ച് പുരട്ടി ചുട്ടു പൊള്ളുന്ന പാറപ്പുറത്തിരുന്ന് സ്വയം തീറ്റയാകുന്ന വിധത്തിൽ കഥകളും വിവരണങ്ങളും ഉണ്ടാകുന്നത് അപ്രകാരമാണ്. മരണത്തിന് ആറുമാസം മുന്നെ ആശുപത്രി കിടക്കയിൽ വേദനകൊണ്ട് വില്ല് പോലെ വളയുന്ന അച്ഛാച്ചന്റെ രൂപം ഓർമ്മയിലുണ്ട്. ബയോപ്സി ചെയ്യാനായി അടിവയറിൽ തുളയിട്ട് ആന്തരാവയവത്തിൽ നിന്നൊരു ചെറിയ കഷ്ണം ചുരണ്ടിയെടുത്തത്തിനെ തുടർന്നുള്ള വേദനയാൽ പുളയുന്നതിനെപ്പറ്റിയും പിന്നീട് വിവരണം കേൾക്കേണ്ടി വന്നു. അതെല്ലാം നേരിട്ടു കണ്ട, ആശുപത്രിയിലെ കൂട്ടിരിപ്പുകാരനായ ഞാൻ തന്നെ അവയ്ക്ക് കേൾവിക്കാരനാകേണ്ടി വന്നു. പലപ്പോഴും എന്റെ ഓർമ്മകളെപ്പോലും റദ്ദ് ചെയ്യുന്ന വിധത്തിൽ അച്ഛാച്ചന്റെ വർണ്ണനകളും വിവരണങ്ങളും ആ ദൃശ്യങ്ങൾക്കു മേൽ ഉപശീർഷകങ്ങളായി മാറുകയായിരുന്നു. അല്ലെങ്കിൽ തന്നെ അവനവന്റെ ഇറച്ചി വെന്തു തിന്നുന്നതിതിന്റെ വിവരണ സാധ്യതകൾ, ആ രുചിക്കൂട്ടിനെ തോൽപ്പിക്കാൻ കഴിയുന്ന മറ്റെന്തുണ്ട്?
* മാതൃഭൂമി ഓണപ്പതിപ്പിൽ എഴുതിയ ഓർമ്മക്കുറിപ്പ്.