Friday, December 13, 2013

ലീ ചിരിക്കുന്നു

ബ്രൂസ് ‌ലീ എഴുതിയ കവിതകൾ poeticous.com-ൽ വായിക്കുന്നേരത്ത്  കാവ്യാസ്വാദനത്തിലുമുപരിയായി ‌കൗതുകമായിരുന്നു തോന്നിയത്. ‌പക്ഷേ കക്ഷി ‌മനസിലെ വികാരങ്ങളെ വളരെ ലളിതമായി പകർത്തി വച്ചിരിക്കുന്നു.  തന്റേതു മാത്രമായ മായികമായൊരു കായികമുറ പോലെ ചടുലങ്ങളായ ചില ചിതറലുകൾ. ആ ‌കവിതകളിലെ ഭാഷയെക്കുറിച്ച് ചിന്തിച്ചപ്പോൾ പി.പി. രാമചന്ദ്രനേയോ , പി.രാമനേയോ ഒക്കെ ഓർമ്മ വന്നു. എതിരാളിയെ ഇടിച്ചു ചോരതുപ്പിക്കുന്ന ലീയുടെ ഉള്ളകമേ ചിന്തിയ ചോരപ്പാടുകളെ ഓർത്തു. ആയോധനമുറകളിൽ നിലയുറപ്പിക്കാതെയുള്ള ബ്രൂസ് ‌ലീ ചിത്രങ്ങൾ, അതിൽ തന്നെ പുഞ്ചിരിക്കുന്ന ക്ലോസ് അപ്പുകൾ,  തപ്പിത്തിരഞ്ഞ് കണ്ടു. ‌അകാലത്തിൽ ‌പൊലിഞ്ഞൊരു ഹോങ്കോങ്ങ്  യുവകവിയെപ്പോലെ ലീ ചിരിക്കുന്നു. ഹോങ്കോങ്ങുകാരുടെ പിപി രാമചന്ദ്രനെപ്പോലെ; പി രാമനെപ്പോലെ...
http://www.poeticous.com/bruce-lee

തിരശ്ശീലയിൽ സർവ്വം ശുഭം!

തിരക്കേറിയ നഗരവീഥിയിലൂടെ അതിവേഗതയിൽ പാഞ്ഞ് വില്ലന്റെ വാഹനത്തെ പിന്തുടരുന്നതിനിടയിൽ ജെയിംസ്‌ ബോണ്ടും വില്ലനും കൂടി ഇടിച്ചു തെറിപ്പിക്കുന്ന വാഹനങ്ങളിലെ ഡ്രൈവർമാരെല്ലാം തന്നെ മറ്റൊരു സാഹസിക കഥയിലെ പരാജയപ്പെട്ട നായകനോ, നായികയോ വില്ലനോ ഒക്കെയാകുന്നു. നായകൻ ചേസ് ചെയ്യുന്നതിനിടയിൽ തന്റെ വാഹനമിടിച്ച് മരിച്ച വില്ലൻ, വില്ലനെ ചേസ് ചെയ്യുന്നതിനിടയിൽ വാഹനമിടിച്ച് മരിക്കുന്ന നായകർ. അമാനുഷികതയോളമെത്തുന്ന അതിസാഹസിക രംഗങ്ങളിൽ പോലും ബോണ്ടിനും അവന്റെ വില്ലനും മനുഷ്യത്വത്തിന്റെ മുഖം പ്രകടിപ്പിക്കാനായി മാത്രം ‌തിരക്കേറിയ ‌നഗര വീഥിയിലൂടെ ഗതാഗത നിയമങ്ങൾ തെറ്റിച്ച് ‌അവർ വാഹനമോടിക്കുമ്പോൾ മുന്നിൽ ചെന്ന് ‌ചാടിക്കൊടുക്കുന്ന അവശയായൊരു വൃദ്ധ, കൂട്ടം തെറ്റിയൊരു ബാലൻ, നിസ്സഹായനായൊരു വികലാംഗൻ... അവരുടെയൊക്കെ ‌ജീവിതത്തേക്കാൾ പരാജയപ്പെട്ട് ‌മറ്റൊരു സാഹസിക കഥയിലെ നായകരും വില്ലനും അപകടമരണത്താൽ കഥ മുറിച്ച് ‌രസം കൊല്ലികളാകുന്നു. അവരെയെല്ലാം പരിഹസിച്ചുകൊണ്ട് ബോണ്ടിന്റെ ആയുധത്താൽ മരിക്കാൻ കിടക്കുന്ന നേരത്തും കാണികളുടെ മനസ്സിൽ ബോണ്ടിനെ വെല്ലുന്ന വിജയം ‌പ്രാപ്തമാക്കിക്കൊണ്ട് വില്ലൻ പുഞ്ചിരിക്കുന്നു. ഈ വില്ലനൊന്നുമായിരുന്നില്ല തന്റെ ലക്ഷ്യമെന്ന ഭാവേന ബോണ്ട് ചാരസുന്ദരിയുമായി ഒരു ദീർഘചുംബനത്തിലേർപ്പെടുന്നു. തിരശ്ശീലയിൽ സർവ്വം ശുഭം!

Sunday, December 8, 2013

മാന്ത്രികപ്പിഴവ്

"നിങ്ങൾ അപ്രത്യക്ഷമാക്കിയതെന്തെങ്കിലും തിരികെ പ്രത്യക്ഷപ്പെടാതിരുന്നിട്ടുണ്ടോ?"
"ഉവ്വ്. ആരംഭകാലത്തൊരു മാന്ത്രികപ്പിഴവു പറ്റിയിട്ടുണ്ട്. എന്നാൽ പിഴവെന്ന് തീർത്തും പറഞ്ഞ് കൂടാ"
"എന്തായിരുന്നു അത്?"
"നോക്കൂ... ഇന്ന് എന്റെ പരിപാടികളിൽ ‌തിളങ്ങുന്ന ഉടുപ്പിട്ട് എല്ലായ്പ്പോഴും ചിരിച്ചുകൊണ്ട് പ്രത്യക്ഷപ്പെടുന്ന സഹായി പെൺകുട്ടികളെ വായുവിൽ ഉയർത്തി സ്തംഭിപ്പിച്ചു നിർത്താൻ എനിക്കൊരു നിമിഷം പോലും വേണ്ടാ. എന്നാൽ ഏതാനും വർഷങ്ങൾക്കു മുമ്പ്... അന്നെനിക്ക് അത്രയധികം കരവേഗമോ, കൺകെട്ടോ ‌വശമില്ലായിരുന്നു. അക്കാലത്ത് ഒരു പെൺകുട്ടിയെ വായുവിൽ ഉയർത്തി നിർത്താൻ ഏറെ കഷ്ടപ്പെടേണ്ടി വന്നു"
"അതായിരുന്നോ ‌തുടക്കം?"
"വായുവിൽ സ്തംഭിപ്പിക്കൽ , അപ്രത്യക്ഷമാക്കൽ എന്നിവയൊക്കെ ആരംഭിച്ചത് ആ സംഭവത്തിൽ നിന്നാണെന്ന് ‌പറയാം. മറ്റാരുമില്ലാത്ത സമയത്ത് എന്റെ വീട്ടിലേയ്ക്ക് ‌കടന്നു വന്നൊരു പെൺകുട്ടി. ഞാനെന്തൊക്കെയോ ജാലവിദ്യകൾ ‌കാണിക്കാൻ ശ്രമിച്ചെങ്കിലും അതെല്ലാം പരാജയപ്പെട്ടു."
"എന്നിട്ട്?"
"മായാജാല ദണ്ഡിനു പകരം ഒരു മുരണ്ട് കറങ്ങുന്നൊരു സീലിങ്ങ് ഫാനും, മാന്ത്രികത്തൊപ്പിയ്ക്ക് ‌പകരം അഴിഞ്ഞുലഞ്ഞ ഒരു സാരിയുമായിരുന്നു  കൈസഹായത്തിനുണ്ടായിരുന്നത്"
"വിജയിച്ചോ?"
"സ്തംഭനം, അപ്രത്യക്ഷമാക്കൽ... എല്ലാം വിജയിച്ചു. പക്ഷേ ആ വിദ്യ പാതിയിൽ നിർത്തേണ്ടി വന്നു"
"അതിന് തുടർച്ചയുണ്ടാകുമോ?"
"ആ വിദ്യയുടെ മറുപാതിയാണ് ഞാനിന്ന് സ്വയം ചെയ്യാൻ പോകുന്നത്. ഒരു ഗില്ലറ്റിൻ ക്ഷുരക വിദ്യ"
 

(c)2009 Devadas V.M [ vm.devadas@gmail.com ]