Saturday, November 16, 2013

കളിയാനന്ദത്തിന്‌ നന്ദി, സലാം സച്ചിൻ.

ഇന്ത്യൻ ക്രിക്കറ്റ്‌ കളിക്കാരിൽ കപിലിന്റേയും സിദ്ദുവിന്റേയും മനോജ്‌ പ്രഭാകറിന്റേയും ആരാധകനായ കുട്ടിക്കാലത്തെ സംബോധനകളിൽ സച്ചിൻ വെറുമൊരു ചെക്കൻ ആയിരുന്നു. ശേഷം അസ്‌ഹറിന്റേയും ദ്രാവിഡിന്റേയും ഗാംഗുലിയുടെയും ലക്ഷ്മണിന്റേയുമൊക്കെ ആരാധകൻ. ഇടക്കാലത്ത്‌ വൂർക്കേuരി രാമന്റെ ആരാധകനായിട്ടു പോലും മികച്ച കളിക്കാരനോടുള്ള സ്നേഹവും ബഹുമാനത്തിനുമപ്പുറം സച്ചിൻ ഫാൻ ആയിരുന്നില്ല. ഉന്മത്തനും ആവേശഭരിതനുമായ ഫാൻബോയ്‌ ആയിട്ടുണ്ടെങ്കിൽ അത്‌ ഗാംഗുലിയോട്‌ മാത്രം. കളിഭ്രാന്തനും സച്ചിൻ ആരാധകനുമായ ഒരു അമ്മാവനോടൊപ്പമാണ്‌ കൗമാരകാലം വരെ കളി കണ്ടിരുന്നതെന്നതിനാൽ കക്ഷിയുടെ തിരഞ്ഞെടുപ്പിൽ നിന്ന് മാറിയൊരു ചോയ്സ്‌ കണ്ടെത്തുക എന്നതും അബോധത്തിലുണ്ടായിരിക്കണം. (അങ്ങേർക്ക്‌ സാമ്പ്രസ്‌ എനിക്ക്‌ അഗാസി, അങ്ങേർക്ക്‌ സെലസ്‌ എനിക്ക്‌ സ്റ്റെഫി, അങ്ങേർക്കു ബ്രസീൽ എനിക്ക്‌ അർജ്ജന്റീന...) പക്ഷേ കാലമേറെ തുടർന്നിട്ടും സച്ചിൻ മികവോടെ കളിച്ചുകൊണ്ടേയിരുന്നു. ആരാധനാപാത്രങ്ങളൊക്കെ വന്നും പോയുമിരുന്നിട്ടും കളിക്കാഴ്ചയുറച്ച കാലത്തൊരു ബ്ലാക്ക്‌&വൈറ്റ്‌ സോളിഡയർ ടീവിയിലും ഇപ്പോൾ കാണുന്ന ഫിലിപ്സ്‌ എൽ.ഇ.ഡി ടിവിയിലും അയാൾ ഒരേ ദൃഢചിത്തതയോടെ കളിച്ചുകൊണ്ടേയിരുന്നു. ഇക്കാലംകൊണ്ടെന്നെ ആരാധകനുമാക്കി. ഇങ്ങനെയൊരാൾ ഇപ്പോഴും കളിക്കുന്നതുകൊണ്ടാണ്‌ നമ്മൾക്ക്‌ പ്രായമായെന്നറിയാത്തതെçന്ന് വയസ്സ്‌ മുപ്പതിൽ തൊട്ട സുഹൃത്തുക്കളുമായി ദീർഘനിശ്വാസം പങ്കിടാറുണ്ടായിരുന്നു. അത്ര നിസ്സാരമല്ലാത്തൊരു കളിയാനന്ദവും ആവേശവും പങ്ക്‌ വച്ചതിന്‌ നന്ദി... സലാം സച്ചിൻ...

Tuesday, November 12, 2013

എഴുത്തുകാരുടെ ശ്രദ്ധേയത: വിക്കിയും വിവാദങ്ങളും.


വിക്കിപീഡിയയിൽ നിലവല്ലുള്ള ഈ ശ്രദ്ധേയതാ നയത്തോട് ‌വിയോജിപ്പുണ്ട്. സാഹിത്യകാരന്മാരായ മൂന്ന് സുഹൃത്തുക്കളെ വച്ചു തന്നെ ഉദാഹരണം പറയാം. പി.വി. ഷാജികുമാറിന് ‌വിക്കിയിൽ ‌പേരുണ്ട്. അൻവർ അബുള്ളയ്ക്കോ,  സുരേഷ് പി തോമസിനോ ‌പേജില്ല. അൻവറിന് ‌പേജ് ഉണ്ടായിരുന്നോ, ഉണ്ടാക്കിയിരുന്നോ എന്നറിയില്ല. പക്ഷേ സുഹൃത്തും മാധ്യമ പ്രവർത്തകനുമായ ബിജുരാജ് ഒരിക്കൽ സുരേഷിന് പേജുണ്ടാക്കിയതായി അറിയിച്ചിരുന്നു. എന്നാൽ ശ്രദ്ധേയതയില്ലാത്തതുകൊണ്ടാണെന്ന് തോന്നുന്നു അതിപ്പോൾ കാണുന്നില്ല. അതുകൊണ്ട് തന്നെ പുറത്ത് നിന്ന് ‌വിവാദമുണ്ടാക്കാതെ വിക്കിയിൽ മാത്രം ഇടപെടുകയോ, എഴുതുകയോ ആണ് ചെയ്യേണ്ടതെന്ന അഭിപ്രായം കൊണ്ട് മാത്രംമിവിടെ കാര്യമില്ല. ഇടപെടുകയും, എഴുതുകയും ഒക്കെ ചെയ്ത പല പേജുകളും നയങ്ങൾ കാരണം ഇല്ലാതായിട്ടുണ്ട്. അത് പൂർണ്ണമായും പരിഗണിക്കാതെ വിമർശനങ്ങളെ അവഗണിക്കുന്നത് ‌വിക്കിയുടെ പുരോഗതിയ്ക്ക് ‌നല്ലതല്ലെന്ന് കരുതുന്നു.  എന്നാൽ വിക്കിയിൽ നയങ്ങളോ, നിയന്ത്രണങ്ങളോ ‌പൂർണ്ണമായും ഒഴിവാക്കണമെന്ന് ‌പറയുന്നതിനെയും ‌മുഴുവനായി അംഗീകരിക്കുക വയ്യ. ആർക്കും എന്തും, ഏതും ചേർക്കാവുന്ന ഒരു പൊതു സഞ്ചയികയിൽ, അതിന്റെ ആധികാരികതയിൽ ചില നിയന്ത്രണങ്ങളൊക്കെ ‌വേണ്ടത് തന്നെയാണ്. അല്ലെങ്കിൽ വിധ്വംസക പ്രവർത്തനങ്ങളും, പക്ഷപാതങ്ങളും, വ്യാജ നിർമ്മിതികളുമെല്ലാം കൂടുതലായി കടന്നു കയറാൻ സാധ്യതയുണ്ട്. അതു മാത്രമല്ല ‌വിക്കിയിലെ പല സ്ഥാനങ്ങളും വോട്ടിങ്ങിലൂടെയാണ് ‌തീരുമാനിക്കുന്നത്. അതിൽ ‌പങ്കെടുക്കണമെങ്കിൽ നിശ്ചിത എണ്ണം തിരുത്തലുകൾ നടത്തിയ ആളാകണമെന്നേ ‌നിബന്ധനയുള്ളൂ. ആ എണ്ണമാകട്ടെ താരതമ്യേന നിസ്സാരവുമാണ്. ഒരു വ്യവസ്ഥയെ, അല്ലെങ്കിൽ സംഘടനയെ അതിന് പുറത്തു നിന്ന് വിമർശിച്ചതുകൊണ്ട് മാത്രം അത് നന്നാകണമെന്നില്ല. എന്നു കരുതി‌ വിക്കിയിൽ ഇടപെടാത്തവർക്ക് ഒന്നും മിണ്ടിക്കൂടെന്നല്ല പറഞ്ഞത്. ശ്രദ്ധേയതാ നയങ്ങൾ തിരുത്തണമെങ്കിൽ മെയിൽ ഗ്രൂപ്പിലോ, പഞ്ചായത്തിലോ, പ്രത്യേക സംവാദത്താളുകളിലോ ഒക്കെയായി ‌കാര്യമായ തർക്കവും ചർച്ചയും ഒക്കെ വേണ്ടി വരും. അതിന് അംഗബലവും, നയങ്ങളെക്കുറിച്ചുള്ള ബോധവും, വിക്കിയിലെ മുൻഇടപെടലുകളുമൊക്കെ ഘടകങ്ങളായി വരും. ഇടപെട്ട് ‌നവീകരിക്കുകയാണ് വിക്കിയ്ക്കും അനുയോജ്യം. അതിന്റെ നയമാറ്റങ്ങൾക്ക് ‌‌സോഷ്യൽ മീഡിയകളിലെ ‌ചർച്ചകളും, വിവാദങ്ങളും ഒക്കെ ഭാഗികമായി ‌സ്വാധീനം ചെലുത്താനായേക്കും. അത്തരം കാര്യങ്ങളെ വിക്കിയിൽ സജീവമായി ഇടപെടുന്നവർ ശ്രദ്ധിക്കുകയും പരിഗണിക്കുകയും ചെയ്യേണ്ടതാണ് താനും. 

എന്നാൽ സംഭാവനകളില്ലാതെ, നയരൂപീകരണ ചർച്ചകളിലോ, പഞ്ചായത്തിലോ ഒന്നും ഇടപെടാതെ, തിരഞ്ഞെടുപ്പുകളിൽ പങ്കാളിയാകാതെ,  പുറത്തു നിന്നുണ്ടാക്കുന്ന വിവാദങ്ങൾ, അഭിപ്രായങ്ങൾ.. അവയ്ക്ക്  ‌വിക്കിക്കകത്ത് മാറ്റമുണ്ടാക്കാനാകുമോ എന്ന് ആശങ്കയുണ്ട്. ഒരു തിരുത്തോ, സംഭാവനയോ ചെയ്യാത്ത ഒരാൾക്ക് അഭിപ്രായപ്രകടനത്തിന് സാധ്യത അരുതെന്നോ, ആയതുകളെ പരിഗണിക്കരുതെന്നൊ അല്ല ഉദ്ദേശിച്ചത്. സക്രിയമായ, മുന്നൊട്ടു പോക്കിനെ നവീകരിക്കുന്ന ഏതൊരഭിപ്രായത്തെയും  പരിഗണിക്കാൻ വിക്കിയിലിടപെടുന്നവരും ശ്രദ്ധപുലർത്തുന്ന നിലയിലേക്ക് ‌കാര്യങ്ങൾ മാറുന്നത് ഉപയോക്താക്കൾക്കും, ഉപഭോക്താക്കൾക്കുമെല്ലാം ഗുണകരമായ കാര്യമാണ്.ലോകത്തിന് കീഴെയുള്ള സകലതും സകലരും ‌മലയാളം വിക്കിയിൽ ‌വരേണ്ടതുണ്ടോ എന്നതാണ് ‌വിക്കി ചർച്ചകളിലുയരുന്ന പ്രധാന ചോദ്യങ്ങളിലൊന്ന്.  'വസ്‌തുനിഷ്‌ഠമായ' (objective) എന്തും വരണമെന്നാണ് അഭിപ്രായം. എന്നാൽ സകലരും സകലതുമിങ്ങോട്ട് കെട്ടിയെടുക്കേണ്ടതുണ്ടോ എന്നമട്ടിലുള്ള നിരാസമുയർത്തുന്ന അഭിപ്രായങ്ങളുടെ ആന്തരിക ധ്വനിയും എണ്ണവും ആശങ്കപ്പെടുത്തുന്നുണ്ട്. മറ്റൊന്ന് ശ്രദ്ധേയതയേയും ആധികാരികതയേയും തമ്മിൽ കൂട്ടിക്കലർത്തി നടത്തുന്ന അനുഗുണമല്ലാത്ത സില്ലോഗിസങ്ങളാണ്. ശ്രദ്ധേയത എന്നത് ‌നിലവിൽ എണ്ണമോ, അളവോ ആയി ബന്ധപ്പെടുന്നതാണ് (ഉദാ. എത്ര കൃതികൾ, എത്ര പുരസ്ക്കാരങ്ങൾ ‌മറ്റുംമറ്റും... )  എന്നാൽ ആധികാരികതയെന്നത് അതിന് പുറത്ത് ‌വരുന്നതാണ്. ചുരുക്കത്തിൽ ആധികാരികതയെ സമഗ്രമാക്കുന്നതിൽ ശ്രദ്ധേയതയ്ക്ക് ‌പങ്കുണ്ടെന്നതല്ലാതെ ‌ശ്രദ്ധേയതയാണോ ആധികാരികതയെ നിർണ്ണയിക്കേണ്ടത് എന്ന ചോദ്യം തുടരനായി അവശേഷിക്കുന്നു.എന്തായാലും നിലവിലെ നയത്തിൽ മാറ്റം വേണമെന്നു തന്നെയാണ് അഭിപ്രായം. പക്ഷേ അതിനായുള്ള ചർച്ചകളും അഭിപ്രായങ്ങളും
"നീ നാലു പുസ്തകമെന്ന് പറഞ്ഞോ? എന്നാൽ ഞാൻ ആറെണ്ണമെന്ന് പറയും."
"ആ അവാർഡൊക്കെ ഒരവാർഡാണോ, മറ്റേതല്ലേ അവാർഡ്"
"അയാളെക്കാൾ ശ്രദ്ധേയതയില്ലേ പോക്കറ്റടിക്കാരൻ ‌വാസുവിന്?"
"ആ സൈറ്റിന് ആധികാരികതയോ? കൊള്ളാം. ഞാൻ അത് വെട്ടും"
"ആഹാ! നീ വെട്ടിയോ? എങ്കിൽ ഞാൻ പിന്നെയും ‌കയറ്റും"
"നീ കയറ്റിയാൽ ഞാൻ ഫലകമിടും"

എന്ന മട്ടിൽ നിർഗുണമായും, തുടർന്ന് വ്യക്തിപരമായ അധിക്ഷേപങ്ങളിലേയ്ക്കും കടക്കുന്നത്  ധനാത്മകമായ ‌തീരുമാനമുണ്ടാക്കലിനെ സഹായിക്കുമെന്ന് ‌കരുതുന്നില്ല. എന്നാൽ പഞ്ചായത്തിലെ ചർച്ചകളാണ് ‌നയരൂപീകരണത്തെ ബാധിക്കുന്നതെന്നതിനാൽ കൂടുതൽ അഭിപ്രായങ്ങളും, ഗൗരവമായ വിമർശനങ്ങളുമെല്ലാം അവിടെയുണ്ടാകണമെന്ന് ‌താൽപ്പര്യപ്പെടുന്നു. ‌ഏവരും അവിടെ വന്ന് ~~~~ ചാർത്തി അഭിപ്രായം പറയുമെന്നത് പ്രായോഗികമല്ലാത്തതിനാൽ പലയിടത്തായി കണ്ടവയെ ഒതുക്കിച്ചേർത്ത് അവതരിപ്പിച്ചാലും മതിയാകും.
Link : ശ്രദ്ധേയത: എഴുത്തുകാർ /പുനർവിചിന്തനം - http://goo.gl/IyZUWb

മലയാളം വിക്കിയിൽ "എഴുത്തുകാരുടെ ശ്രദ്ധേയത" വിഷയത്തിൽ നിലവിലെ നയം തിരുത്തണമെന്നാണ് അഭിപ്രായം. ഒന്നിലധികം ആനുകാലികങ്ങളിൽ (അത് മുഖ്യധാരാ അച്ചടി മാധ്യമമോ, അതല്ലെങ്കിൽ ഗൗരവമായ സാഹിത്യ നിരൂപണം/വിമർശനം നടത്തുന്ന ഓൺലൈൻ ഇടങ്ങളോ ആകാം) കൃതികളെക്കുറിച്ച് പഠനമോ, വ്യക്തിയെക്കുറിച്ച് പരാമർശമോ ‌വന്നിട്ടുണ്ടെങ്കിൽ അതും പരിഗണിക്കണം. അവാർഡുകൾ എന്നത് അക്കാദമി പുരസ്ക്കാരം എന്നതിൽ മാത്രമായി ഒതുക്കരുത്. കൂടുതൽ പേരും വിക്കി പരതുന്നത്  ഒന്നിനെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കാനാണ്. അല്ലാതെ ഒരു ഉരകല്ലായല്ല ‌പരിഗണിക്കുന്നത് ഉദാ. ഒരു എഴുത്തുകാരന്റെ വിവരങ്ങൾ ആധികാരികതയോടെയും സമഗ്രതയോടെയും എളുപ്പത്തിൽ ‌ലഭിക്കാവുന്ന ഒരു വിവരസ്രോതസ്സ് എന്ന നിലയിലായിരിക്കണം വിക്കി വർത്തിക്കേണ്ടത്.  അല്ലാതെ "കഖഘ‌ഗങ്ങ" എന്നൊരു അവാർഡ് കിട്ടിയതുകൊണ്ട് മാത്രം എഴുത്തുകാരൻ  ‌വിക്കിയിൽ വരാൻ യോഗ്യനാണോ, "യരലവശഷസഹ" എന്നൊരു കൃതി എഴുതിയതിനാൽ മാത്രം  എഴുത്തുകാരൻ  ‌വിക്കിയിൽ വരാൻ യോഗ്യനാണോ എന്നതല്ല വിക്കിയിൽ പരിഗണിക്കേണ്ട പ്രധാന വിഷയം. അത്തരത്തിലെ നിരാസം അനുഗുണമല്ല. പ്രസ്തുതങ്ങളായ  "കഖഘ‌ഗങ്ങ" എന്ന അവാർഡ്,  "യരലവശഷസഹ" എന്ന കൃതി എന്നിവ  താക്കോൽ വാക്കുകളായി ‌കൊടുത്താൽ സെർച്ച് എഞ്ചിനുകളിൽ ‌വിക്കി പേജ് ‌വരുന്നുണ്ടോ, അതിൽ അവാർഡ്/കൃതി വിവരങ്ങൾ (തിയ്യതി, ഇടം, തുക തുടങ്ങിയവ) അവലംബമായി ആധികാരിക സ്രോതസ്സുകളിൽ നിന്ന് ചേർക്കപ്പെട്ടിട്ടുണ്ടോ എന്നതാകണം പ്രാഥമിക ലക്ഷ്യം. ഇതു കൂടാതെ ‌മുൻ നയങ്ങളിൽ പറഞ്ഞവവും, ‌പഞ്ചായത്തിലെ മറ്റ് അഭിപ്രായങ്ങളും കൂടെ പരിഗണിച്ച് ‌സമഗ്രവും, വിശാലവുമായൊരു നയം പുനർനിണ്ണയിക്കണമെന്നാണ് ആഗ്രഹം.

Thursday, November 7, 2013

ശരീരങ്ങൾ വെളിമ്പറമ്പുകളല്ല

(c) leonardodavinci.stanford.edu

അഭിനേത്രിയായ ശ്വേതാ മേനോന് പൊതു ചടങ്ങില്‍ വച്ച് ‌‌ഒരു ജനപ്രതിനിധിയില്‍ നിന്ന് നേരിടേണ്ടി വന്നുവെന്ന് പറയപ്പെടുന്ന ‌‌അപമാനത്തിന്റെ പൊതുബോധ കല്‍പ്പനകളെ, നിയമ നടപടികള്‍ക്ക് ‌‌സമാന്തരമായി തന്നെ, അല്‍പം കൂടെ സൂക്ഷ്മമായി കാണേണ്ടതുണ്ട്. ബാച്ചിലറേറ്റ് ഇന്ത്യ എന്ന ഷോയുടെ അതിഥിയായെത്തിയ മഹേഷ് ഭട്ടിന്റെ സാന്നിദ്ധ്യത്തിൽ മല്ലികാ ശെരാവത്തിനെ വേശ്യ എന്നു വിളിച്ചതിനെ തുടർന്നുണ്ടായ പ്രശ്നങ്ങളും, അത് ഷോയുടെ ഷൂട്ടിങ്ങ് താൽക്കാലികമായി നിർത്തി വയ്ക്കുന്നതിലേക്ക് നീണ്ടതുമെല്ലാം ‌‌‌‌ഈ അടുത്ത കാലത്ത് തന്നെയുണ്ടായ സംഭവമാണ്. മറഡോണയ്ക്കൊപ്പം നൃത്തം വയ്ക്കാന്‍ അവതാരികയായ രഞ്ജിനി ഹരിദാസ് ‌‌ഒരുക്കമാണെങ്കില്‍ ‌‌ആ ശരീരത്ത് സ്പര്‍ശിക്കാന്‍ ‌‌തങ്ങള്‍ക്കധികാരമുണ്ടെന്നും, വേണമെങ്കില്‍ ‌‌തെറി വിളിക്കാമെന്നും ‌‌ആള്‍ക്കൂട്ടം ‌‌ഈയടുത്ത് രണ്ട് ‌‌സംഭവങ്ങളിലായി തെളിയിച്ചു കഴിഞ്ഞു. സാന്ദര്‍ഭികമായി സൂചിപ്പിക്കേണ്ട മറ്റൊന്നുണ്ട്. ഇത്തവണത്തെ ‌മാതൃഭൂമി ഓണപ്പതിപ്പിൽ സുഭാഷ് ‌ചന്ദ്രന്റെ ‘വിഹിതം’ എന്ന കഥയാണ്.

ആ കഥയില്‍ സ്വാഭാവികമായ ‌ലൈംഗിക വാഞ്ജകളെ എങ്ങനെ ഒതുക്കിയും അടക്കിയും മനുഷ്യന്റെ അന്തസ്സ് ‌കാത്തു സൂക്ഷിക്കേണ്ടതെങ്ങനെയെന്ന് വിവരിക്കുന്നു. രണ്ട് വർഷത്തോളമായി ‌വിവാഹമോചിതയായിട്ടും, ഭർത്താവും മകളുമായുള്ള ഫോട്ടോയും അതിന്റെ (വ്യാജ)സുരക്ഷിതത്വവും അനുഭവിച്ചുകൊണ്ട് ഫ്ലാറ്റിൽ തനിയെ താമസിയെക്കുന്ന സ്ത്രീയും ‌വിവാഹേതര ലൈംഗിക ബന്ധങ്ങളെക്കുറിച്ച് ഫീച്ചറെഴുതുന്ന പത്രക്കാരനും തമ്മിലുള്ള പരിചയവും, അവരുടെ ‘അന്തസ്സാർന്ന’ ലൈംഗിക അച്ചടക്കടക്കങ്ങളും, അത് ‌മലയാളിയുടെ പൊതുബോധത്തിൽ സദാചാരത്തെ ഏതുവിധം പിന്തുണയ്ക്കുന്നു എന്നും ‌പ്രസ്തുത കഥ സൂചിപ്പിക്കുന്നു. കഥ നല്ലതോ ചീത്തയോ, ഇഷ്ടമായോ അല്ലയോ എന്നതൊക്കെ വേറൊരു വിഷയമാണ്. ‌സൂചിപ്പിക്കേണ്ടത് ‌മറ്റൊരു കാര്യമാണ്. പ്രസ്തുത കഥയിൽ മുൻകാല Porn അഭിനേത്രിയും, നടിയും, മോഡലും, വ്യാപാരിയുമൊക്കെയായ സണ്ണി ലിയോണിയെ സൂചിപ്പിക്കത് ‘അന്താരാഷ്ട്ര വേശ്യ’ എന്നാണ്. Porn എന്നതിന് ‌കൃത്യമായ മലയാളം പദമില്ല എന്നത് നേരാണെങ്കിലും നടപ്പു പരിഭാഷയിലെ പ്രയോഗസാധ്യതയായ ‌’അശ്ലീല നടി’ എന്നു പോലുമല്ല അന്താരാഷ്ട്ര വേശ്യ ‌‌എന്നാണ് ‌കഥയിലെ സം‌ബോധന. അത് മാത്രമല്ല, ‌പെൺ‌മക്കളെ ലൈംഗികമായി ഉപയോഗിക്കുകയും, വാണിഭം നടത്തുകയും ചെയ്യുന്ന സമകാലിക വാര്‍ത്തകളിലെ ‌മലയാളി ‌പിതാക്കന്മാരുടെ ‌മറുവശത്ത് മഹേഷ് ‌ഭട്ടിനെ ഇരുത്തുകയും, ‌താരതമ്യ വിധേയമാക്കുകയും ചെയ്യുന്നുണ്ട്. ‌പെണ്മക്കളായ പുജാ-ആലിയാ ഭട്ടുമാരെ സിനിമ വഴി നഗ്നത പ്രദർശിപ്പിക്കാനാണ് ഭട്ട് ഉപയോഗപ്പെടുത്തുന്നതെന്ന് ‌കഥ സൂചിതമാക്കുന്നു. Student Of The Year എന്ന ബോളീവുഡ് സിനിമയുടെ ലക്ഷ്യം തന്നെ മഷേഷ് ‌ഭട്ടിന്റെ ഇളയ പെൺകുട്ടിയുടെ നഗ്നതാ പ്രദർശനമാണെന്നും സൂചകമാകുന്നു.

കഥയില്‍ ‌‌പരാമര്‍ശിച്ചിരിക്കുന്ന തരത്തിലുള്ള പൊതുബോധം നിലനിൽക്കുന്നുണ്ട് എന്നത് ‌വാസ്തവമാണെന്ന് നാം ‌കേൾക്കുന്ന വാര്‍ത്തകള്‍ തന്നെ സാക്ഷ്യം പറന്നു. ‌കഥാപാത്രത്തിന്റെ പറച്ചിലുകളിൽ കഥാകാരന്റെ പക്ഷമെന്തെന്നുള്ള വേതാള പ്രശ്നവും, തുടർ‌രാഷ്ട്രീയവുമൊക്കെ ഏത് വിധമാണെന്ന ചികയലുകൾ മറ്റൊരു വഴിയ്ക്ക് ‌നടക്കട്ടേ. പക്ഷേ ‌പൊതുബോധത്തിന്റെ ഹീനകൽപ്പനകളിൽ ഇതേതു വിധം ഇടപെടുന്നു എന്നതാണ് ‌വിഷയം.മറ്റു സ്ത്രീകളിൽ നിന്ന് വ്യത്യാസമായി മല്ലികാ ശെരാവത്തും, സണ്ണി ലിയോണിയും, ആലിയാ ഭട്ടും, ശ്വേതാ മേനോനും, രഞ്ജിനി ഹരിദാസുമെല്ലാം പ്രദര്‍ശന പരിസരങ്ങളില്‍ ഒരുക്കുന്ന കാഴ്ചകൾ ഏതു വിധത്തില്‍ വേശ്യയെന്ന് ‌സംബോധനയിലേക്കെത്തിക്കുന്നു, അനാവശ്യ സ്പർശനങ്ങളിലേയ്ക്ക് നീളുന്നു ‌തുടങ്ങിയ ‌ഹീനമായ പൊതുബോധ ‌കൽപ്പനകളെ, മനോ വിചാരങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കേണ്ടട്ടുതുണ്ട്. ആ വിധം സംബോധനകൾ പ്രക്ഷേപണം ചെയ്യുന്ന, അത്തരത്തിൽ കൈകൾക്ക് നീളം വയ്ക്കുന്ന പൊതുബോധ കൽപ്പനകളെ നിരാകരിക്കേണ്ടുന്ന തിരിച്ചറിവ് നേടേണ്ടതുണ്ട്. ശ്വേതയെന്നോ മല്ലികയെന്നോ സണ്ണിയെന്നോ ആലിയയെന്നോ പേരുകൾ മാറുന്നു എന്ന വ്യത്യാസമേയുള്ളൂ. തിരശീലക്കാഴ്ചയിലെ ശരീരങ്ങള്‍ വെളിമ്പറമ്പുകളാണെന്നും, വേണ്ടിവന്നാല്‍ അവിടെ താന്താങ്ങൾക്ക് തണ്ടപ്പേരുണ്ടാക്കാമെന്നുമുള്ള ‌‌അഹിത ബോധ്യത്തിന് വലിയ വ്യത്യാസമൊന്നുമില്ല. ലൈംഗികത്തൊഴിലാളിയുടെ ശരീരം പോലും അവരുടെ സമ്മതമില്ലാതെ സ്പർശിക്കുന്നത് ശിക്ഷയേൽക്കാവുന്ന തെറ്റാണെന്ന മാനസിക വളർച്ചയിലേക്ക് ‌ പൊതുബോധം ഉയരേണ്ടതായുണ്ട്. തിരുത്തലുകളുണ്ടാകേണ്ടത് അവിടെ നിന്നാണ്.
 

(c)2009 Devadas V.M [ vm.devadas@gmail.com ]