Wednesday, October 2, 2013

നാമക്രിയാക്രമം

I confused things with their names: that is belief.
- Jean Paul Sartre

അയാളെന്നെ വിളിച്ച പേര് ആംബ്രോസ് എന്നായിരുന്നു. അതെന്റെ പേരല്ലായിരുന്നിട്ടും ഞാൻ ‌തിരിഞ്ഞു നോക്കി. കാരണം ആംബ്രോസ് എന്ന പേരെനിക്കിഷ്ടമായിരുന്നു. അതെന്റെ പേരാകാനും ആഗ്രഹിച്ചിരുന്നു. ആരെങ്കിലും എന്നെ ആംബ്രോസ് എന്ന് വിളിക്കണമെന്നും കൊതിയുണ്ടായിരുന്നു. പക്ഷെ അങ്ങനെ  എന്നെ വിളിക്കാൻ ഞാൻ ആഗ്രഹിച്ചിരുന്നവരുടെ കൂട്ടത്തിൽ അയാളുണ്ടോ  എന്നെനിക്കുറപ്പില്ല. പക്ഷേ എന്നിട്ടുമെന്തേ അയാളെന്നെ ആംബ്രോസ് എന്ന് വിളിച്ചപ്പോൾ ഞാൻ തിരിഞ്ഞ് നോക്കിയത്? ഇനി അയാളെന്നെ ആംബ്രോസ് എന്ന് തന്നെയാണോ വിളിച്ചത്? സംശയം കൂടുന്നുണ്ട്. ‌ചെടിപ്പിക്കുന്ന സോദര ഭാവേന ബ്രദർ എന്നെങ്ങാനുമാണോ? ഇനി വല്ല ബെർണാഡ് എന്നോ റോസ് എന്നോ മറ്റോ ആണോ? വലഞ്ഞല്ലോ! തിരിഞ്ഞു നോക്കിയതിന്റെ അർത്ഥം അയാളുടെ വിളിക്ക് ‌പ്രതികരണമുണ്ടായി എന്നാണ്. അതിന് തുടർച്ചയായി എന്റെയടുത്തേയ്ക്ക് ‌വേഗത്തിൽ നടന്നു വരുന്ന അയാൾക്കായി ‌ഞാൻ നിന്നു കൊടുക്കേണ്ടതുണ്ട്. ഓഹ്! അതെന്തിനാണ്? അയാളൊരു പേരു വിളിച്ചു. ഞാൻ തിരിഞ്ഞു നോക്കി. അത്രയല്ലേ സംഭവിച്ചുള്ളൂ. ആംബ്രോസ് എന്ന പേരുവിളിക്ക്, ഇനി വിളിച്ചത് ആംബ്രോസ് എന്നല്ലെങ്കിൽ അയാൾ വിളിച്ച മറ്റേതെങ്കിലും പേരിന്, അതുമല്ലെങ്കിൽ സോദര ഭാവേനയുള്ള സംബോധനയ്ക്ക്, മറ്റൊന്നുമല്ലെങ്കിൽ അയാളുണ്ടാക്കിയ ഒരു ഒച്ചയനക്കത്തിന് പ്രതികരണമായി ഞാൻ തിരിഞ്ഞു   നോക്കിപ്പോയി എന്നല്ലേയുള്ളൂ. പിന്നെന്തിനാണ് എന്റെയടുത്തേയ്ക്ക് ‌വേഗത്തിൽ നടന്നു വരുന്ന അയാൾക്കായി ‌ഞാൻ നിന്നു കൊടുക്കേണ്ടത്. ‌കഴുത്ത് മുന്നോട്ടു തന്നെ തിരിച്ച് നടന്നു പോയാൽ തീരാവുന്ന പ്രശ്നമല്ലേ ഇതുള്ളൂ. പക്ഷേ അങ്ങനെ ചെയ്താൽ അയാൾ ഒരിക്കൽ കൂടെ ആ പേരോ സംബോധനയോ ഒച്ചയോ ആവർത്തിക്കും. അതോടെ ഒരു പക്ഷേ എന്റെ അവ്യക്തത പൂർണ്ണമായും നീങ്ങും. ചിലപ്പോൾ ആംബ്രോസ് എന്ന എനിക്കിഷ്ടമുള്ള പേരു തന്നെയാകാം അയാൾ ആവർത്തിക്കുന്നത്. എങ്കിലതെത്ര രസകരമായ നിമിഷമായിരിക്കും. എന്ത് മനോഹരമായിരിക്കും. വരട്ടേ വരട്ടേ... അങ്ങനെയല്ല സംഭവിക്കുന്നതെങ്കിലോ? അയാൾ ബെർണാഡ് എന്നൊ റോസ് എന്നോ ആണ്‌എന്നെ വിളിക്കുന്നതെങ്കിലോ? ആംബ്രോസ് എന്നതെന്റെ പേരല്ല ശരിതന്നെ. പക്ഷേ ബെർണാഡ് ‌, റോസ് എന്നിവയെന്റെ പേരല്ലെന്ന് ഞാൻ നിഷേധിച്ചിട്ടില്ലല്ലോ. അപ്പോൾ എന്നെ വ്യക്തമായും തിരിച്ചറിയാവുന്ന ആരോ ആണ് എന്റെയടുത്തേയ്ക്ക് ‌വേഗത്തിൽ നടന്നു വരുന്നതെന്നല്ലേ? തീർച്ചപ്പെടുത്താൻ വരട്ടേ ആംബ്രോസ് എന്ന് ആവർത്തിച്ച് വിളിച്ച ശേഷവും, അതിന്റെ ആനന്ദത്തിൽ ഞാൻ മുഴുകി നിൽക്കേ 'അയ്യോ! ആളുമാറിപ്പോയി' എന്ന് അയാൾ പറയുകയാണെങ്കിലോ? അപ്പോൾ എന്താണ് ചെയ്യേണ്ടത്? അവ്യക്തതയുടെ നിമിഷ നേരമെങ്കിലും അബദ്ധത്തിൽ ആംബ്രോസ് ആകാൻ കഴിഞ്ഞതിൽ സന്തോഷിക്കണോ? അതോ അയാൾക്ക് ശരിക്കുമൊരു പരിചയക്കാരനോ സുഹൃത്തോ ആംബ്രോസ് എന്ന പേരിലുണ്ടെന്ന കാരണത്താൽ, ആബ്രോസ് എന്ന എനിക്കേറ്റവുമിഷ്ടമുള്ള പേരിന് എനിക്കല്ല മറിച്ച് അയാളുടെ സുഹൃത്തിനോ പരിചയക്കാരനോ ആണ് അവകാശമെന്നതിനാൽ എനിക്ക് അസൂയ തോന്നാനിടയില്ലേ? അതും തീർച്ചയാക്കാൻ വരട്ടേ. ഒരു പക്ഷെ അയാളെന്നെ ‌തെറ്റിധരിച്ച് ‌ബ്രദർ എന്നാണ് വിളിച്ചതെങ്കിലോ? എന്റെയടുത്തേയ്ക്ക് ‌വേഗത്തിൽ നടന്നു വന്ന ശേഷം 'അയ്യോ! ആളുമാറിപ്പോയി'  എന്ന് ‌പറഞ്ഞാലോ? ആംബ്രോസ് എന്നതെന്റെ പേരല്ല ശരിതന്നെ. പക്ഷേ ഞാൻ ആണാണോ, പെണ്ണാണോ‌, മറ്റു വല്ലതുമാണോ എന്നൊന്നും ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലല്ലോ അതുകൊണ്ട് ‌അകലക്കാഴ്ചയിൽ നിന്നുള്ള ലിംഗപരമായ ‌സംബോധനയിൽ അയാൾക്ക് ‌പിഴവ് ‌പറ്റിയതാണെങ്കിലോ? ഇനി ബെർണാഡ് എന്നോ റോസ് എന്നോ വീണ്ടും വിളിച്ചു കൊണ്ട് അയാളെന്റെ അരികിലെത്തിയ ശേഷം 'അയ്യോ! ആളുമാറിപ്പോയി'  എന്ന് പറയാൻ സാധ്യതയില്ലേ? ഉവ്വെന്ന് തീർച്ചയാക്കാൻ വരട്ടേ. ആംബ്രോസ് എന്നതെന്റെ പേരല്ല ശരിതന്നെ. പക്ഷേ ബെർണാഡ് ‌, റോസ് എന്നിവയെന്റെ പേരല്ലെന്ന് ഞാൻ നിഷേധിച്ചിട്ടില്ല എന്നേ പറഞ്ഞിട്ടുള്ളൂ. അതെന്റെ പേരാകാനും സാധ്യതയുണ്ട്. പക്ഷെ എന്നിട്ടും 'അയ്യോ! ആളുമാറിപ്പോയി'   എന്ന് അയാൾ പറയണമെങ്കിൽ എന്റെ പേരതല്ലായിരിക്കാം, എന്റെ പേരതായിരിക്കാം. എന്റെ പേര് അതാണെങ്കിൽ, അയാളുദ്ദേശിച്ചത് ‌മറ്റൊരു ബെർണാഡിനേയോ റോസിനേയോ ആണ്.ആങ്ങനെ തീർച്ചയാക്കാമോ? ആംബ്രോസ് എന്നതെന്റെ പേരല്ലെന്നത് ശരി തന്നേ. പക്ഷേ അയാളുദ്ദേശിച്ച ബെർണാഡോ, റോസോ ‌ഞാൻ ‌തന്നെയാകാം. ‌വേഗത്തിൽ നടന്നു വന്ന ശേഷം അരികിലെത്തിയിട്ടും അയാൾക്കെന്നെ മനസിലാകാഞ്ഞതാണെങ്കിലോ? അങ്ങനെയും സംഭവിക്കാമല്ലോ? എത്രയോ തവണ സംഭവിച്ചിട്ടുണ്ട്. വളരെ പരിചയമുള്ള ആളുകൾ നമ്മുടെ തൊട്ടുമുന്നിലെത്തിയിട്ടും നമ്മെ തിരിച്ചറിയാത്തതു പോലെ കടന്നു പോകുന്നു. അതിനർത്ഥം എല്ലാക്കാലവും അവർ നമ്മെ തിരിച്ചറിയാതെ പോകുന്നു എന്നല്ല. മറ്റൊരവസരത്തിൽ അവർ നമ്മെ തിരിച്ചറിഞ്ഞേക്കാം. പക്ഷേ ചില അവസരങ്ങളിൽ അവർ നമ്മെ തിരിച്ചറിയാതെ കടന്നു പോകുന്നു. അത് പല കാരണങ്ങൾ കൊണ്ടാകാം. ചെറിയ നീരസം, ശ്രദ്ധക്കുറവ്, ഭിന്നമായ മാനസിക നില, കഠിനമായ ഉത്ക്കണ്ഠ, കാഴ്കക്കുറവ്, ഓർമ്മക്കുറവ്.... തീർന്നോ? ഇല്ലില്ല.. ഒരു പക്ഷേ നമ്മുടെ കൂടെയുള്ള ആളുടെ സാന്നിദ്ധ്യവും കാരണമായേക്കാം? ഇവിടെ അങ്ങനെയാണെന്ന് വരുമോ? ആംബ്രോസ്‌ എന്ന പേര്, അതെനിക്കേറേ ഇഷ്ടമാണെങ്കിലും, അതെന്റെ പേരല്ല എന്ന് മാത്രമേ ഞാൻ സമ്മതിച്ചിട്ടുള്ളൂ. എന്റെ കൂടെ ആരെങ്കിലുമൊണ്ടോയെന്ന് ‌ഞാനിതുവരെ പറഞ്ഞിട്ടില്ലല്ലോ. അപ്പോൾ സാധ്യതകൾ ഇനിയും പലതായി പിരിയുന്നു. ആംബ്രോസ് എന്ന പേര് അയാൾ വിളിച്ചത് എന്നെയാകണമെന്നില്ല. ആ പേരിനോടുള്ള കൊതികൊണ്ട് ഞാനൊരു പക്ഷേ തിരിഞ്ഞു നോക്കിപ്പോയതാകാം. എന്റെ കൂടെയുള്ള ആളോ , ആളുകളോ ‌തിരിഞ്ഞു നോക്കിയെന്നു വരാം. അവരിലാരെങ്കിലും ആംബ്രോസ് ആണെന്നു വരാം. അങ്ങനെയെങ്കിൽ  അയാൾക്ക് ആംബ്രോസ് എന്ന് പേരുള്ള സുഹൃത്തോ പരിചയക്കാരനോ ഉണ്ടെന്ന ‌കാരണത്താൽ എനിക്ക് ‌വല്ലാതെ അസൂയ തോന്നേണ്ട കാര്യമില്ല. കാരണം ആംബ്രോസ് എന്ന് പേരുള്ള ഒരു കക്ഷി എന്റെ കൂടെയുമുണ്ട്. അതുകൊണ്ട് അയാളോട് അസൂയ തോന്നേണ്ട ഒരു കാര്യവുമില്ല. പക്ഷെ എന്റെ കൂടെയുള്ള ആംബ്രോസിനോട് എനിക്ക് അസൂയ തോന്നുമോ? എന്റെ കൂടെയുള്ളത് ബെർണാഡോ റോസോ ആണെങ്കിലോ? ‌ബെർണാഡിനേയോ റോസിനേയോ ആണ് ആയാൾ ആംബ്രോസ് എന്ന് വിളിച്ചതെങ്കിലും എനിക്ക് അസൂയ തോന്നാൻ  സാധ്യതയുണ്ട് കാരണം. അയാൾക്ക് ആംബ്രോസ് എന്ന, എനിക്കേറെ ഇഷ്ടമുള്ള പേരിൽ, ഒരു സുഹൃത്തോ പരിചയക്കാരനോ ഉണ്ട്. എന്നാൽ എന്റെ കൂടെയുള്ള കക്ഷി ബെർണാഡോ റോസോ ആണ്. നിൽക്കട്ടേ നിൽക്കട്ടേ...  എന്റെ കൂടെ അളുണ്ടെന്നോ ഇല്ലെന്നോ ഞാൻ തീർച്ച പറഞ്ഞിട്ടില്ലെന്ന കാര്യം മറക്കരുത്, അയാൾ റോസ് എന്നോ ബെർണാഡ് എന്നോ തന്നെയാണ് വിളിക്കുന്നതെന്നിരിക്കട്ടെ.  അവർ റോസോ ‌ബെർണാഡൊ തന്നെയാകട്ടേ. അപ്പോഴും അതയാൾ ഉദ്ദേശിച്ച ബെർണാഡോ റോസോ ആകണമെന്നില്ലല്ലോ. അടുത്തെത്തിയ ശേഷം 'അയ്യോ! ആളുമാറിപ്പോയി'  എന്നയാൾ പറയാൻ സാധ്യതയില്ലേ? ഇനി റോസിനേയോ ബെർണാഡിനേയോ ആണ് അയാൾ  ‌തെറ്റിവിളിച്ചതെങ്കിൽ തന്നെയും, നിമിഷ നേരമെങ്കിലും ആബ്രോസ് ആയി മാറാൻ കഴിഞ്ഞ റോസിനൊടോ ബെർണാഡീനൊടോ എനിക്ക് അസൂയ തോന്നാൻ സാധ്യതയില്ലേ? തിരിച്ചറിയലുകളും, സംബോധനയുമെല്ലാം അവിടെ നിൽക്കട്ടേ. അയാൾ വിളിച്ചത് ആംബ്രോസ് എന്നു കേട്ടാണ് ഞാൻ തിരിഞ്ഞു നോക്കിയതെന്നത് ശരി തന്നേ. പക്ഷേ എന്റെ കൂടെ ആരെങ്കിലും ഉണ്ടെങ്കിൽ അവരും അത് ആംബ്രോസ് എന്ന് തന്നെ കേൾക്കണമെന്നില്ലല്ലോ. ‌ഞാൻ തെറ്റി ധരിച്ചതാണെങ്കിൽ അവർ ഒരു പക്ഷേ ബ്രദർ, ബെർണാഡ്, റോസ് ഇതൊന്നുമല്ലെങ്കിൽ മറ്റെന്തെങ്കിലുമാണ് കേട്ടതെങ്കിലോ? ഇനി അയാളുടെ വിളി തന്നെ അവർ ശ്രദ്ധിക്കാതിരിക്കാനും സാധ്യതയുണ്ട്. ഏറ്റവും കൂടിയ അപകടം ഇനി വാരാനിരിക്കുന്ന സാധ്യതയാണ്. അയാൾ എന്തു തന്നെ വിളിച്ചോട്ടേ. പക്ഷേ ഞാൻ ‌കേട്ടത് ആംബ്രോസ് എന്നാണ്. എന്റെ ‌കൂടെ ആരെങ്കിലും ഉണ്ടെങ്കിൽ അവരും ഒരു പക്ഷേ ആംബ്രോസ്‌ എന്ന് കേട്ടിരിക്കാൻ സാധ്യതയുണ്ട്. ഇല്ലേ? അവരുടെ പേര് ആംബ്രോസല്ലായെന്നിരുന്നിട്ടും അവർ തിരിഞ്ഞ് നോക്കിയെങ്കിൽ അവർക്കും ആബ്രോസ് എന്ന പേരിനോട് എന്തോ ‌താൽപ്പര്യമുണ്ടെന്ന് വരുമോ? ആംബ്രോസ്‌ എന്ന പേരുകാരല്ലെങ്കിലും ആ പേരു വിളികേൾക്കാൻ ‌കൊതിക്കുന്നവർ കൂടെയുണ്ടെങ്കിലോ? ആംബ്രോസ് എന്ന പേരെനിക്കില്ല എന്നതു ശരി തന്നേ. പക്ഷെ ആംബ്രോസ്‌ എന്ന പേരിനെ അകമഴിഞ്ഞ് ‌സ്നേഹിക്കാനും, തരപ്പെടുത്താനുമുള്ള കൊതി കൂടെ എനിക്ക് ‌പങ്കിടേണ്ടി വരുമോ? കൗതുകങ്ങളായ കൊതികളെപ്പോലും പങ്കിടേണ്ടുന്ന അവസ്ഥ! എന്തൊരു ദുരവസ്ഥയാകുമത്? എന്തായാലും പേര് വിളിച്ചയാൾ വേഗത്തിൽ നടന്നു വരുന്നുണ്ട്. അടുത്തെത്താറായിരിക്കുന്നു. അയാൾ വായ തുറക്കുന്നുണ്ട്. അടുത്ത തവണ ഒരു പേരോ സംബോധനയോ ആവർത്തിക്കുന്നതോടെ എല്ലാം പരിഹരിക്കപ്പെടാനുള്ള സാധ്യതയേക്കാൾ എല്ലാം കുഴപ്പിക്കാനുള്ള സാധ്യതയാണ് കൂടുതൽ. ഇനി അടുത്തെത്തിയ ശേഷവും അയാൾ ആ പേര് വിളിക്കുന്നില്ലെങ്കിലോ? കണ്ട് മടുത്ത പല നർമ്മ രംഗങ്ങളിലും വലിയ രഹസ്യം വെളിപ്പെടേണ്ടുന്ന സമയത്ത് അത് പറയുന്നയാൾ കുഴഞ്ഞ് വീഴുന്ന ദൃശ്യം കണ്ടിട്ടില്ലേ? അയാൾ അടുത്തെത്തി ആംബ്രോസ് എന്ന എനിക്കേറ്റവും ഇഷ്ടമായ പേരോ, അതല്ലെങ്കിൽ മറ്റേതെങ്കിലും പേരോ സംബോധനയോ വിളിക്കാതെ തന്നെ കുഴഞ്ഞ് വീഴുന്നെങ്കിലോ? ‌അയാളെന്റെ പരിചയക്കാരനല്ലെന്നത് ശരി തന്നേ. പക്ഷേ കുഴഞ്ഞ് വീഴുന്നതിന് മുന്നെ അയാളെന്നെയാണ് അവസാനമായി ഒച്ചയുണ്ടാക്കി വിളിച്ചതെന്ന ഒറ്റക്കാരണത്താൽ എനിക്കയാളുമായി വൈകാരിക ബന്ധമുണ്ടാകില്ലേ? ആംബ്രോസ് എന്നാണ് അയാൾ തൊട്ടു മുന്നെ വിളിച്ചതെങ്കിൽ എനിക്കേറെ ഇഷ്ടമായ പേര്, അതെന്റേതല്ലായിരുന്നിട്ടും, എന്നെ വിളിച്ച ശേഷമാണ് അയാൾ കുഴഞ്ഞ് വീഴുന്നതെന്നതിനാൽ അതിവൈകാരികമായ ഒരു ബന്ധം ഉണ്ടാകില്ലേ? എന്തൊക്കെയാണ് ചിന്തിക്കുന്നത്? അയാളെന്നെ ആംബ്രോസെന്നോ, റോസെന്നോ, ബെർണാഡെന്നോ ‌വിളിച്ചോട്ടേ. കുഴഞ്ഞ് വീണു കിടക്കുന്ന ഒരാളെ സഹായിക്കാൻ അയാൾ വിളിച്ച പേരിന്റെയടിസ്ഥാനത്തിൽ ഒരു വൈകാരിക ബന്ധം വേണമെന്നില്ലല്ലോ? അത് മനുഷ്യത്വത്തിന്റെയും, സഹവർത്തിത്വത്തിന്റേയും വിഷയമല്ലേ? പക്ഷേ അതിനയാൾ കുഴഞ്ഞ് വീണിട്ടില്ലല്ലോ. അയാൾ, ആംബ്രോസ് എന്ന് എനികേറെ ഇഷ്ടമുള്ള പേരാണ് വിളിച്ചതെന്ന തോന്നലുണ്ടാക്കി, അടുത്തേയ്ക്ക് നടന്നടുക്കയല്ലേ? അയാൾ അടുത്തെത്താൻ ഇനിയും സമയമുണ്ടല്ലോ. ആമയും മുയലും ഓട്ടത്തിൽ ആമ ഇഴഞ്ഞിട്ടും, മുയൽ ഓടിയിട്ടും അവർ രണ്ട് പേരും അനിശ്ചിതങ്ങളായ ‌മത്സരം നടത്തുന്ന ഒരു കൗതുക പ്രശ്നമില്ലേ? അങ്ങനെയെങ്കിൽ അയാൾ വേഗത്തിൽ നടക്കുന്നു; എന്റെ ചിന്തയിൽ സാധ്യതകൾ മിന്നി മറയുന്നു. മധ്യരേഖയെ അനിശ്ചിതമായി കുരുക്കിയിടുന്നൊരു ഗണിതവിരോധാഭാസം പോലെ അയാൾ എന്റെ അടുത്ത് എത്തില്ലെന്ന് വരുമോ? അങ്ങനെയെങ്കിൽ ഞാൻ ഇനിയും ഒരു പേര് വിളിയുടെ സാധ്യതകളെ ചികയേണ്ടതില്ലേ? ഇനി സാധ്യതകൾ‌ ബാക്കിയുണ്ടോ? എന്റെ തലയിൽ തോന്നിയില്ലെങ്കിലും എന്റെ കൂടെയുള്ളവർക്ക്, അങ്ങനെ ഒന്നുണ്ടെന്ന് ഞാൻ ഇപ്പോഴും സമ്മതിച്ചിട്ടില്ല, ഇനിയും ചിന്തകളാകാമല്ലോ? എനിക്കേറെയിഷ്ടമായ ആംബ്രോസ് എന്ന പേരാണ് വിളിച്ചതെന്ന തോന്നലുണ്ടാക്കി അയാൾ എന്റെയടുത്തേയ്‌ക്ക് വേഗത്തിൽ നടന്നു വരാൻ അനിശ്ചിതമായ സമയമെടുക്കുമെങ്കിൽ, അത്രയും സമയം പേരുവിളിയുടെ സാധ്യതകളെപ്പറ്റി ചിന്തിക്കാനുമെടുക്കും. ആകെ കുഴങ്ങുന്നല്ലോ! ആംബ്രോസ് എന്ന പേര് ‌എനിക്കേറെ ഇഷ്ടമാണെങ്കിലും, അതെന്റെ പേരല്ലെങ്കിലും, അടുത്തെത്തിയാൽ അയാളെന്നെ വീണ്ടും ആംബ്രോസ് എന്ന് തന്നെ വിളിക്കുകയും, എന്നെ അയാളുടെ പരിചയക്കാരനോ സുഹൃത്തോ ആയ ആംബ്രോസ് ആയി തിരിച്ചറിയുകയും ചെയ്താലോ? ഉറപ്പ് ‌പറയാൻ വരട്ടേ. ആംബ്രോസ് എന്ന പേര് തന്നെയാണോ എനിക്കേറെയിഷ്ടം? മറ്റെന്തോ പേരു കൂടിയുണ്ടായിരുന്നല്ലോ. അതെന്താണത്? എന്റെയടുത്തേക്ക് ‌വേഗത്തിൽ നടന്നു വരാൻ, ആംബ്രോസ് എന്ന് ഞാൻ ‌കേട്ട പേരുവിളിച്ചയാൾക്ക്, ഇനിയും അനിശ്ചിത സമയമുണ്ട്; അതു പോലെത്തന്നെ ആബ്രോസ് എന്ന പേരിനോടൊപ്പം എനിക്കേറെ ഇഷ്ടമായ മറ്റൊരു പേരു കണ്ടെത്താനും. ഇനി ‌രണ്ടാമത്തെ തവണ അയാൾ വിളിക്കുന്നത്, ആ വിളിക്കാനെടുത്ത സമയത്തിനകത്ത് ഞാൻ ‌ചിന്തിച്ചു കണ്ടെത്തിയ ആംബ്രോസ് എന്ന എനിക്കേറെ ഇഷ്ടമായ പേരിനോളം തന്നെ ‌താൽപ്പര്യമുള്ള മറ്റൊരു പേരാണെങ്കിലോ?

ലേബൽ : പഴയ എ‌ഴുത്തുകൾ.

Tuesday, October 1, 2013

കബനി : അലക്കി മടക്കിയതിൽ നിന്നും അയയിൽ ചുളിഞ്ഞതിലേയ്ക്കുള്ള മാറ്റം.

അടിയന്തിരാവസ്ഥക്കാലത്ത് ചിത്രീകരിക്കുകയും പുറത്തിറങ്ങുകയും ചെയ്ത രാഷ്ട്രീയ ചിത്രമെന്ന നിലയിലാണ് കബനീ നദി ചുവന്നപ്പോൾ എന്ന സിനിമ പ്രാഥമികമായി മലയാള സിനിമാ ചരിത്രത്തിൽ സ്വയം രേഖപ്പെടുത്തുന്നത്. പവിത്രൻ ‌നിർമ്മിക്കുകയും പി.എ.ബക്കർ സംവിധാനം ചെയ്യുകയും ടി.വി ചന്ദ്രൻ പ്രധാന വേഷങ്ങളിലൊന്ന് അഭിനയിക്കുകയും കെ. രവീന്ദ്രന്‍(ചിന്ത) സലാം കാരശ്ശേരി എന്നിവർ സഹകരിക്കുകയും, വിപിൻദാസ് ഛായാഗ്രഹണം  നിർവ്വഹിക്കുകയും ചെയ്ത ഈ സംരംഭം പിന്നീട് മലയാളത്തിലെ സമാന്തര-ആർട്ട്‌ഹൗസ് സിനിമകളുടെ പ്രതിനിധികളായിത്തീർന്നവരുടെ ആദ്യ സമാഗമമായിരുന്നുവെന്ന് ഒരു തരത്തിൽ ‌പറയാം. ഭാഷാശാസ്ത്രത്തിൽ വര്‍ണ്ണവിപര്യാസം(Metathesis) എന്നൊരു പ്രയോഗമുണ്ട്. ഉച്ചരിക്കാൻ എളുപ്പമാകുന്ന വാമൊഴി വഴക്കത്തിലെ അക്ഷരമാറ്റങ്ങൾ പിന്നീട് എഴുത്തിലേയ്ക്കും ബാധിക്കുന്നതിനെയാണ് അത് സൂചിപ്പിക്കുന്നത്.  കാവൽരി എന്ന കുന്ന് കാൽവരിയാകുന്നതും  മുച്ചിറ്റൂരെന്ന സ്ഥലം മുറ്റിച്ചൂരാകുന്നതും ഇതേ കാരണത്താലാണ്. പശ്ചിമഘട്ടത്തിൽ നിന്നുത്ഭവിച്ച് കിഴക്കോട്ടൊഴുകി കർണ്ണാടകത്തിൽ ചേരുന്ന പുഴയ്ക്ക് വയനാട്ടിലെത്തുമ്പോൾ ലഭിക്കുന്ന പേരാണ് 'കബിനി'. വർണ്ണവിപര്യാസത്തിനു സമാനമായ ഭാഷാസാധ്യതയാൽ നദി 'കബനി'യായും തീരുന്നു. മാനന്തവാടി-പനമരം പുഴകളുടെ കൂട്ടിയൊഴുക്കിലാണ് കബനി എന്ന പേര് ജലസാധ്യമാകുന്നത്; കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ തീവ്രവിപ്ലവത്തിന്റെ നാളുകളുടെ പ്രതീകമായി ചുവന്നതും ഇതേ നദി തന്നെ.

സിനിമ ഇറങ്ങിക്കഴിഞ്ഞ് ഉദ്ദേശം നാൽപതു വർഷത്തിനിപ്പുറം നിന്നുകൊണ്ട് അതൊരിക്കൽ കൂടി കാണുകയും, പ്രതികരിക്കുകയും ചെയ്യുമ്പോൾ സ്വാഭാവികമായും ചില അനുരണച്ചെടിപ്പുകളും അസ്വാരസ്യങ്ങളുമൊക്കെയുണ്ടാകും. സമകാലികതയിൽ നിന്നു നോക്കുമ്പോൾ രാഷ്ട്രീയ മാപിനികളുടെ അളവു പൊരുത്തമുറപ്പിക്കലും (calibration) അവശ്യം വേണ്ടതു തന്നെ. ഇത്രയും മുൻധാരണകളോടെയാണ് കാഴ്ചയിലേയ്ക്ക് കണ്ണു തുറക്കുന്നത്. അപ്പോൾ പോലും ഈ സിനിമയുടെ പശ്ചാത്തലവും ഭാവുകത്വവും വിനിമയവുമെല്ലാം നിലവിലെ ആസ്വാദനത്തോട്, അതെത്ര വൈയക്തികമാണെങ്കിലും, ഒരു വിധത്തിൽ സമരസങ്ങളും മറു വിധത്തിൽ കലഹങ്ങളും സാധ്യമാക്കുന്നുണ്ടല്ലോയെന്ന് ഒട്ടൊരത്‌ഭുതം കൂറേണ്ടിയിരിക്കുന്നു. അതു തന്നെ നാലു വിധത്തിൽ - സാങ്കേതികമായും രാഷ്ട്രീയമായും-  എഡിറ്റ് ചെയ്യപ്പെട്ട കാഴ്ചാനുഭവമാണെന്നിരിക്കെ പ്രത്യേകിച്ചും. സാങ്കേതികമായി രണ്ട് തവണ സിനിമ എഡിറ്റ് ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് ചരിത്രം. ചിത്രസംയോജകനായ കല്യാണസുന്ദരം വെട്ടിയുമൊട്ടിച്ചും തയ്യാറാക്കിക്കിയ പതിപ്പിൽ പ്രേമത്തിന് കൂടുതൽ ‌പ്രാധാന്യം വന്നിരിക്കുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിൽ സംവിധായകൻ ബക്കർ തന്നെ രണ്ടാമതൊരു തവണ എഡിറ്റ് ചെയ്യുകയുണ്ടായി. കബനിയെ രാഷ്ട്രീയ പ്രാധാന്യമുള്ള ഒരു ചിത്രമാക്കി മാറ്റാൻ കൂടുതൽ സഹായിച്ചത് ആ ഇടപെടലാണെന്നാണ് സിനിമയുമായി സഹകരിച്ചവരുടെ തന്നെ അഭിപ്രായം. കർശനമായ മാധ്യമ വിലക്കിന്റെ കാലഘട്ടത്തിൽ മൂന്നാമത്തെ എഡിറ്റിങ്ങ് നടക്കുന്നത് സെൻസർ ബോർഡിന്റെ മേശപ്പുറത്താണ്. ഏകദേശം എണ്ണൂറ് അടിയോളം ഫിലിം മുറിച്ചു മാറ്റപ്പെട്ടത്രേ.  ആ വിധം ‌വികലമാക്കപ്പെട്ട ഒരു തീയേറ്റർ പതിപ്പിന്മേലാണ് സാക്ഷാൽ ശ്രീ കരുണാകരന്റെ പോലീസ് നാലാമത്തെ തവണ കത്രിക വയ്ക്കുന്നത്. ഇത്തരത്തിൽ അംഗഭംഗം വന്നൊരു അവശേഷിപ്പിനെയാണ് നാലു ദശാബ്ദത്തിനിപ്പുറം നിന്നുകൊണ്ട് പരിണാമങ്ങൾക്കും പരിമാണങ്ങൾക്കും വഴങ്ങി കാഴ്ചാ വിധേയമാക്കുന്നത്.  

സിനിമയുടെ കഥാഗതി താരതമ്യേന ലളിതമാണ്. നക്‌സൽ വിപ്ലവകാരിയും പോലീസിന്റെ നോട്ടപ്പുള്ളിയുമായ ഗോപി തന്റെ ഒളിവു കാലഘട്ടത്തിൽ അഭയം തേടി കേരളത്തിനു വെളിയിൽ ജോലി ചെയ്തു തനിയെ ജീവിക്കുന്ന കാമുകി ശാരിയുടെ മുറിയിലെത്തുന്നു.  ഒരുമിച്ചുള്ള കുറച്ചു നാളുകളിൽ ശാരി പ്രണയ ചേഷ്ടകളോടെയും ഗോപി രാഷ്ട്രീയ ധൈഷണികതയോടെയും ഇടപെടുന്നു. സ്വാഭാവികമായ ശരീര ചോദനകളെ പ്രകടിപ്പിക്കാൻ ശ്രമിക്കുന്ന ശാരിയേയും ശരീരത്തേയും നിഷേധിച്ചുകൊണ്ട് ഗോപി ഉൾവലിയുന്നു. നിശ്ചിത സമയത്തിനു ശേഷം മറ്റൊരു താവളത്തിലേയ്ക്കു മാറുന്ന ഗോപിയ്ക്കു വേണ്ടി ശാരി തുടർന്നും സഹായങ്ങൾ ചെയ്യുന്നു. ശാരിയും പോലീസിന്റെ നിരീക്ഷണത്തിലാകുന്നു. അവൾ ചോദ്യം ചെയ്യപ്പെടുന്നു.  സുരക്ഷിതമായ കുടുംബ ജീവിതമെന്ന മോഹ വാഗ്ദാനത്തെ തട്ടിത്തെറിപ്പിച്ച് നീണ്ട അവധിയെടുത്ത് നാട്ടിലേയ്ക്കു തിരിക്കാനിരിക്കുന്ന ശാരിയെ നടുക്കിക്കൊണ്ട് ഒറ്റേറ്റുമുട്ടലിൽ ഗോപി വെടിയേറ്റു മരിച്ചതായുള്ള വാർത്തയെത്തുന്നു. ഒരു വിപ്ലവത്തിന്റെ സാന്നിദ്ധ്യം തെല്ലു നേരമെങ്കിലും അനുഭവിച്ച, അതിനോട് ആശയപരമായി പൂർണ്ണപ്പൊരുത്തമില്ലെങ്കിലും സ്വാഭാവികമായുള്ള അഭിനിവേശത്താൽ പരിചരിക്കുകയും സഹായം നൽകുകയും ചെയ്ത ശാരിയുടെ സ്വസ്ഥജീവിതമാകുന്ന നദിയൊഴുക്കിന് സംഭവിച്ച മാറ്റത്തെയാണ് സിനിമ പ്രതിനിധാനം ചെയ്യുന്നത്.  ഗോപിയുടെ വരവിനു മുന്നെ അയയിൽ വൃത്തിയായി മടക്കിയിട്ടിരിക്കുന്ന സാരികളിൽ നിന്നാരംഭിക്കുന്ന കാഴ്ച  ഒടുങ്ങുന്നതാകട്ടെ അവയെല്ലാം അയയിൽ അലസമായി ചുളിഞ്ഞു കിടക്കുന്നതിലേയ്ക്കാണ്.  അത്തരത്തിൽ ‌അവശേഷിക്കപ്പെടുന്ന ചുളിഞ്ഞു മടങ്ങലുകളുടെ, അപഭ്രംശങ്ങളുടെ, കലങ്ങി മറിയലുകളുടെ, നിറമാറ്റങ്ങളുടെ ആകെത്തുകയാണ് സിനിമയിൽ അടയാളപ്പെടുത്തുന്നത്.

സിനിമയുടെ ചിത്രീകരണം കേരളം വിടുന്നതിന് അഥവാ ശാരിയുടെ മുറിയുടെ പ്രദേശം അടയാളപ്പെടുത്തുന്നതിന്  മൂന്നു പ്രധാന കാരണങ്ങളുണ്ട്. ആദ്യത്തേത് മൂലധന സംബന്ധിയാണ്. അക്കാലത്ത് കർണ്ണാടകത്തിൽ വച്ചു ചിത്രീകരിക്കുന്ന സിനിമകൾക്ക് അമ്പതിനായിരം രൂപ സഹായധനമുണ്ടെന്ന  ആശ്വാസത്തിലാണ് സിനിമ അങ്ങോട്ടു പോയതെന്ന് സാധൂകരണം. രണ്ടാമത്തേത് പ്രായോഗികമായ കാരണമാണ്. വയനാട്ടിൽ നിന്നും ഒരു വിപ്ലവകാരിക്ക് (കർണ്ണാടകത്തിലെ) ഒരു  നഗരത്തിലേയ്ക്ക് ഒളിച്ചു കടക്കാനുള്ള സാധ്യത. മൂന്നാമത്തേതും യുക്തിപരവുമായ കാരണത്തിനാണ് ഇതിവൃത്ത സംബന്ധിയായി ഊന്നൽ കൊടുക്കേണ്ടി വരുന്നത്.  സ്ത്രീയ്ക്ക് സ്വന്തമായി ഒരു മുറിയും സാമ്പത്തിക സ്വാശ്രയത്വവുമുണ്ടെങ്കിലെ സമത്വം സാധ്യമാകൂ എന്ന് പറഞ്ഞത് വെര്‍ജീനിയ വൂള്‍ഫാണ്. വിപ്ലവകാരിയുടെ ഒളിത്താവളമെന്നതിലുപരി 1975-  ഒരു സ്ത്രീയ്‌ക്ക് ‌തനിച്ചൊരു മുറിയിൽ താമസിക്കാനുള്ള സാഹചര്യം, പ്രത്യേകിച്ച് ഒരു പുരുഷ സുഹൃത്തിനെ കൂടെ താമസിപ്പിക്കാനുള്ള സ്വാതന്ത്ര്യം കേരളത്തിലെ ഒരു നഗരവും നൽകുന്നില്ലെന്ന അവസ്ഥകൊണ്ട് കൂടിയാകണം ശാരിയുടെ ജോലിയിടത്തെ, തനിത്താമസ മുറിയെ കേരളത്തിനു വെളിയിലുള്ളൊരു നഗരത്തിലേയ്ക്ക് മാറ്റി സ്ഥാപിക്കേണ്ടി വരുന്നത്. സിനിമയിലെ പ്രധാന കഥാപാത്രം ആ മുറി തന്നെയാണ്. വളരെ ചുരുക്കം സമയത്തേയ്ക്കു മാത്രമാണ് സിനിമ മുറി വിട്ടു പുറത്തിറങ്ങുന്നതും. ആ മുറിയ്ക്കകത്താണ് പ്രവാചകനായ ഏകജാതന്റെ രൂപഭാവങ്ങളോടെ, ഒരേ സമയം കാൽപനികവും അതേ സമയം ധൈഷണികവുമായ മൊഴികളോടെ, ജഡിലമായ വൃഥാ നിരാസങ്ങളുടെ മേൽക്കോയ്മയോടെ ഗോപി എന്ന പുരുഷനും പ്രായോഗികമതിയായ, സ്വാഭാവികമായ മാനസിക-ശാരീരിക ചോദനകളെ ഒഴിവാക്കാത്ത, സ്വതശ്ചലനമായ എല്ലാവിധ ചപലതകളേയും ചിന്തകളേയും  ചര്യകളേയും തന്നോടൊപ്പം കൂട്ടുന്ന സ്ത്രീയും മുമ്പെങ്ങോ ഉണ്ടായിരുന്ന പ്രണയത്തിന്റെ ഓർമ്മകളുടെ പലിശച്ചിലവിൽ കുറച്ചു നാൾ ഒരുമിച്ചു താമസിക്കാനൊരുങ്ങുന്നത്. വിപ്ലവകാരിയ്ക്ക് ശരീരവും ലൈംഗികതയുമെല്ലാം നിഷിദ്ധമാണെന്ന നിരാസനൈരന്തര്യത്തിന്റെ വിപ്ലവ വാർപ്പുമാതൃകയായ പുരുഷനും, സഹജമായ ആത്മചോദനകളേയും സ്വാഭാവികമായ ശാരീരികവാഞ്ജകളേയും തന്നാൽ കഴിയുന്ന വിധം പ്രകടിപ്പിക്കുന്നൊരു സ്ത്രീയും വ്യവസ്ഥാപിതമായൊരു കെണിമുറിയിൽ അറിയാവിധം അകപ്പെടുന്നു.


എന്നാൽ ആ മുറിയെ സൂക്ഷ്മ നിരീക്ഷണത്തിനു വിധേയമാക്കുമ്പോൾ ആണ്‍കോയ്മയേയും, പ്രതിലോമതയും പതിയെ തലനീട്ടുന്നതു കാണാം. ശാരിയുടെ മുറി ഒരുക്കിയിരിക്കുന്നത് ഗോപിയ്ക്ക് അനുഗുണമായാണ്.  അയാളുറങ്ങുന്നത് അവളുടെ കട്ടിലിലും, അവളുറങ്ങുന്നത് തറയിലുമാണ്. അതിഥിയായെത്തുന്ന ഗോപിയ്ക്കുള്ള ആനുകൂല്യമായി അതിനെക്കണ്ട് മാറാമെന്നു വച്ചാൽ ഒരു കണ്ണാടി നമ്മളെ കുഴക്കിക്കളയും. ഏവരേയും പലപ്പോഴും കുഴക്കാൻ കഴിയുന്നതാണ് കണ്ണാടികൾ. എന്നാൽ  ഇവിടെ കണ്ണാടി പ്രപഞ്ചത്തിലെ കാഴ്ചയല്ല, മറിച്ച് കണ്ണാടി സ്ഥാപിക്കപ്പെട്ട നിലയാണ് കാണിയെ കുഴക്കുന്നത്. ശാരിയുടെ തനിത്താമസ മുറിയെന്ന അവകാശമുള്ളയിടത്ത് സ്ഥാപികപ്പെട്ടിരിക്കുന്ന കണ്ണാടിയിൽ ഇരുവരും ചേർന്ന് നോക്കുന്ന രംഗത്ത് ശാരിയ്ക്ക് മുഖത്തിന്റെ പാതി ഭാഗമേ അതിൽ കാണാനാകൂ. എന്നാൽ കുഴിഞ്ഞു രോമാവൃതമായ നെഞ്ചു മുതൽ നിഷേധത്തിന്റെ പ്രതീകമായ നീണ്ട തലമുടി വരെ ഗോപിയ്ക്ക് എളുപ്പത്തിൽ കാണാവുന്ന വിധമാണ് കണ്ണാടിയുടെ നില. ആ കണ്ണാടിയിൽ നോക്കിയാണ് ഒളിജീവിതത്തിനിടെ "ഞാനെന്റെ മുഖം കണ്ടിട്ട് നാളേറെയായി" എന്ന് ‌ഗോപി ആത്മഭാഷണം നടത്തിക്കൊണ്ട് താടിരോമങ്ങളിൽ  വിരലോടിക്കുന്നതും, ഏന്തി വലിഞ്ഞു നോക്കിക്കൊണ്ട് ശാരി തന്റെ നെറുകയിൽ പൊട്ടുകുത്തുന്നതും.

ക്ഷുഭിതയൗവനത്തിന്റെ പ്രസരിപ്പ് പ്രതീതി യാഥാർത്ഥ്യമായെങ്കിലും ശാരിയിലേയ്ക്ക് എത്തപ്പെട്ടിരുന്നത് നഗരത്തെരുവിലെ സിനിമാ പോസ്റ്ററുകളിൽ‌ ആയുധമേന്തി നിൽക്കുന്ന ബോളീവുഡ് സിനിമാ താരങ്ങളിലൂടെയായിരുന്നു. വാർത്തകളിൽ നിന്ന് ‌സ്വയം അകലം പാലിച്ചിരുന്ന അവൾക്ക് വർത്തമാന പത്രത്തിൽ ഗോപി പൊതിഞ്ഞുകൊണ്ടു വന്ന കൈത്തോക്ക് കണ്ട് ഞെട്ടേണ്ട അവസ്ഥയുണ്ടാകുന്നതും അതുകൊണ്ടു തന്നെയാണ്. ഒരാളെ ഗ്രാമത്തിൽ നിന്ന് മാറ്റിപ്പാർപ്പിക്കാം എന്നാൽ ഗ്രാമത്തെ ഒരാളിൽ നിന്നു മാറ്റിപ്പാർപ്പിക്കാനാകില്ലെന്ന സങ്കൽപ്പത്തെ ന്യായീകരിക്കുന്ന വിധം ശാരിയുടെ ചിന്തകളിൽ ഗ്രാമീണതയും ചര്യകളിൽ വിളക്കു കൊളുത്തി പ്രാർത്ഥനയുമൊക്കെ ബാക്കിയാകുന്നു. എന്നാൽ ഒരേ മുറിയിൽ,  ഭിന്നാവസ്ഥയിൽ നിന്നുകൊണ്ട് പീഡാനുഭവസ്ഥനായ പ്രവാചക തുല്യഭാവത്തോടെ പ്രതിധ്വനി മുഴക്കത്തിന്റെ കമ്പനാവൃത്തിയോടെ ഗോപി പറയുന്നത് "മനുഷ്യർ അന്യോന്യം സ്നേഹിക്കുകയും ഒരോരുത്തരും അന്യന്റെ വാക്കുകൾ സംഗീതം പോലെ ആലപിക്കുകയും ചെയ്യുന്ന ഒരു നാൾ വരുമെ"ന്നാണ്. ആ പറച്ചിൽ, അതിന്റെ കാൽപനിക സാന്നിദ്ധ്യത്തോടെ തന്നെയും, അയാളുടെ മൊത്തം പറച്ചിലുകളുടെയും ആശയങ്ങളുടേയും പ്രതീക്ഷകളുടേയും അവസാന തുരുത്താകുന്നു. ബട്ടൻ പൊട്ടിയ അയാളുടെ ഷർട്ടിൽ അതു തുന്നിപ്പിടിപ്പിച്ചും , പണ്ട് ധരിച്ചിരുന്ന നീല കള്ളികളുള്ള ഷർട്ടിന്റെ ചന്തം പറഞ്ഞും, അയാൾക്കായി സ്വശരീരം അനാവൃതമാക്കാൻ ശ്രമിച്ചുമെല്ലാം അവൾ ആ മുറിയുടെ സംഘർഷാവസ്ഥയ്ക്ക് അയവു വരുത്താൻ ഇടപെടലുകൾ നടത്തുന്നു. തങ്ങളുടെ മുൻകാല പ്രണയം എത്ര സ്വാഭാവികയും ശരീര സാന്നിദ്ധ്യമുള്ളതുമായിരുന്നെവെന്ന വിധം അടയാളപ്പെടുത്തിയ ഭൂതകാല രഹസ്യ നിമിഷങ്ങളുടെ ഓർമ്മകളാണ് അതിനവൾക്ക് ഊർജ്ജം പകരുന്നത്. അയാളാകട്ടെ ഇതൊക്കെയും കണ്ടെന്നും ഇല്ലെന്നുമുള്ള മട്ടിൽ സദാ ബീഡിപ്പുകയൂതിക്കൊണ്ട് സമകാലിക വാർത്തകൾ പേറുന്ന പത്രത്താളുകളിലേയ്ക്കു മുഖമാഴ്ത്തുന്ന ഒട്ടകപ്പക്ഷിയായി രൂപാന്തരപ്പെടുന്നു. ശാരീരിക ചോദകൾക്കുമേൽ അയാൾ കടിഞ്ഞാണിട്ട കുതിരയോട്ടുന്ന വണ്ടിയുടെ മണിമുഴക്കം അനുഭവിക്കുന്നു. 

പ്രായോഗികമതിയും  നഗരം തരുന്ന സുരക്ഷയാൽ ധീരയുമായ ശാരിയോട് താനൊരു കൊലപ്പുള്ളിയാണെന്നും, പോലീസ് നിരീക്ഷണത്തിലാണെന്നും, താനെഴുതുന്ന കത്തുകൾ കുഴപ്പങ്ങളുണ്ടാക്കുമെന്നും  അറിയിച്ചുകൊണ്ട് ഭയമുണ്ടോയെന്നു തിരക്കുമ്പോൾ ഗോപി സ്വയം അപഹാസ്യനായി മാറുന്നു. ശാരിയാകകട്ടെ കാര്യങ്ങളെ കൈകാര്യം ചെയ്യാനുള്ള തന്റെ കഴിവിൽ ‌പൂർണ്ണ വിശ്വാസം പ്രകടിപ്പിക്കയും സ്വന്തം ഇച്ഛാനുസരണം പ്രവർത്തിക്കുകയാണ് ചെയ്യുന്നത്. തന്റെ വരവ് ശാരിയിൽ ഭയമങ്കുരിപ്പിക്കുമെന്നുള്ള ഗോപിയുടെ മുൻധാരണയ്ക്ക് ഉലച്ചിൽ പറ്റുന്നതോടെ അയാളുടെ സാന്നിദ്ധ്യവും, അവസ്ഥയും പോലും സ്വയം ചോദ്യം ചെയ്യപ്പെടുന്ന നിലപാടുകളിലേയ്ക്ക് മാറുന്നതായി കാണാം. നിലനിൽപ്പിനായി അയാൾ മന്ത്രണങ്ങൾ പോലെ ചിലതെല്ലാം ഉരുവിടുന്നു. ഗോപിയെ സംബന്ധിച്ചിടത്തോളം അഭയകേന്ദ്രമായ കാമുകിയുടെ മുറി ഒരു വിധത്തിൽ അസ്വസ്ഥതകളുടെ ഉറവിടം‌ കൂടിയാണ്. അപൂർവ്വമായി ജാലകത്തിലൂടെയുള്ള എത്തിനോട്ടത്തിനപ്പുറം അപരിചിതമായ ആ നഗരത്തിൽ, മുറിയ്ക്കു പുറത്ത് എന്താണ് നടക്കുന്നതെന്തെന്ന് അയാൾക്ക് അറിയാൻ കഴിയുന്നില്ല. അതിനാകെ ആശ്രയമായുള്ളത് കർശനമായ വിലക്കിനും, പരിശോദനകൾക്കും ശേഷം അച്ചടിക്കപ്പെടുന്ന കടലാസുകളിലെത്തുന്ന വാർത്തകൾ മാത്രം. മുറിയിലടയ്ക്കപ്പെട്ടതിനു ശേഷം മുറിയപ്പെട്ട കാഴ്ചാക്കെടുതികളുടെ ദൃഷ്ടാന്തങ്ങൾ അയാളെ വലയ്ക്കുന്നു. മുന്നോട്ടുള്ള മാർഗമൊരുക്കുന്നതിനായി ഏതു നിമിഷവും പലായനത്തിനു സജ്ജമാകേണ്ടിയിരുക്കുന്ന ഒരു ശരീരത്തേയും പേറിക്കൊണ്ട് പൂർവ്വകാമുകിയുമൊത്തുള്ള വാസം നൽകുന്ന സ്വാസ്ഥ്യവും അയാളെ നിരന്തരം അസ്വസ്ഥനാക്കുന്നുണ്ട്. ഇരുവരും അകപ്പെട്ടിരിക്കുന്ന മുറിയിൽ ഗോപിയ്ക്ക് ശാരിയെ പോലും പൂർണ്ണ വിശ്വാസമില്ലെന്നു കാണാം. കാമുകിയുടെ മുറി അയാൾക്കു സുരക്ഷിതത്വ വിചാരം നൽകുന്നില്ലെന്നു മാത്രമല്ല ‌അവളാൽ താൻ ഒറ്റിക്കൊടുക്കപ്പെടുമോയെന്ന ഭയം അയാൾക്കുണ്ട് താനും. ആ മുറിയിൽ നിന്നും പലായനത്തിനൊരുങ്ങുന്നതിന്റെ തലേന്ന് രാത്രിയിൽ കേൾക്കുന്ന കോഴിയുടെ കൂവൽ അതിലേയ്ക്കുള്ള സൂചനയാണ്. നസ്രേയനായ വിപ്ലവകാരിയുടെ പരിവേഷവും രക്തസാക്ഷിത്വവും ഗോപിയിലേയ്ക്ക് ആരോപിക്കപ്പെടുന്ന സൂചനകൾ സിനിമയിലെമ്പാടുമുണ്ട്. കുരിശിലേറ്റപ്പെട്ട യേശുവിന്റെ തിരുരൂപത്തെ കാണിച്ചുകൊണ്ടും, ഗോപി കൈവിടർത്തി ചുമലു വിരിച്ച് ചാഞ്ഞിരുന്ന് ബീഡിപ്പുകയാസ്വദിക്കുന്ന സമയത്ത് അയാളുടെ ശരീരം കുരിശേറ്റത്തിന്റെ ഉടൽ സമാനത സ്വീകരിച്ചും അടയാളങ്ങൾ കാണിക്കുന്നു. എന്നാൽ ഗാഗുല്‍ത്താ മലയിലേയ്ക്ക് കുരിശും പേറിയുള്ള യാത്രയെ ഓർമ്മിപ്പിക്കുന്ന ഒരു ദൃശ്യത്തിൽ ഗോപിയാകുന്ന കുരിശുഭാരത്തെ വഹിച്ചു മുന്നേറുന്നത് ശാരിയാണ്.

ഗോപിയുടെ ഉള്ളിലെവിടെയോ ബാക്കിയാകുന്ന ഉള്ള പഴയ കാമുകനെ തിരികെപ്പിടിക്കാനായി  മുല്ലപ്പൂ ചൂടിയും കുളിച്ചീറൻ മാറിയും വസ്ത്രം മാറുമ്പോൾ പ്രലോഭിപ്പിച്ചുമെല്ലാം നടത്തുന്ന പരിശ്രമങ്ങൾ ശാരിയെ തുണയ്ക്കുന്നില്ല. കേവലമായ ലാവണ്യ സങ്കൽപ്പങ്ങൾക്കുമപ്പുറം ചിലരുടെയെങ്കിലും ചിന്തകൾക്ക് തീ പിടിച്ചിട്ടുണ്ടെന്ന് അവൾ സാവകാശം തിരിച്ചറിയുന്നുമുണ്ട്. പ്രതീതി യാഥാർത്ഥ്യങ്ങൾക്കപ്പുറമുള്ള വിവേക സ്ഫുരണങ്ങൾ അവളിൽ നാമ്പെടുക്കുന്നു. രഹസ്യക്കത്ത് ഏൽപ്പിക്കേണ്ടയാളെ ശാരിയ്ക്ക് ഗോപി വിവരിച്ചു കൊടുക്കുന്നത് "ഗോപാലൻ എന്നാണ് പേര്. കഷണ്ടിയുള്ള ഉയരം കുറഞ്ഞ ഒരാളാണ്" എന്ന വാക്കുകളിലൂടെയാണ്. തുടർന്നു കാണിക്കുന്ന ദൃശ്യത്തിൽ തെളിയുന്നതാകട്ടെ നരഗത്തെരുവിലെ ചുമരിലൊട്ടിച്ചിരിക്കുക്കുന്നൊരു അശ്ലീല(?) സിനിമാ പരസ്യം. അർദ്ധനഗ്നയായ യുവതിയുടെ സാന്നിദ്ധ്യത്തിൽ അജാനുബാഹുക്കളായ, പേശീ-കേശ സമൃദ്ധരായ രണ്ട് പേർ പോസ്റ്ററിൽ മല്ലയുദ്ധം നടത്തുതാണത്. കർശനമായ വിലക്കുകളുടേയും പരിശോദനകളുടെയും കാലത്തിൽ പ്രതീതിയും, നേരും തമ്മിലുള്ള അന്തരത്തെ ആ വിധം  സിനിമ അടയാളപ്പെടുത്തുന്നു. അശാന്തികൾക്കിടയിലും വേണമെങ്കിൽ സുരക്ഷിതമെന്നു പറയാവുന്നൊരു ഒരു ജീവിതം ശാരിയ്ക്ക് കൈയ്യെത്തുന്നിടത്തുണ്ട്. ജോലി ചെയ്യുന്ന സ്ഥാപനത്തിലെ സമ്പന്നനായ മാനേജരുടെ ഭാര്യയാകാനുള്ള ക്ഷണമാണത്. ശാരി ആ ക്ഷണത്തോട് വിസമ്മതിക്കുമ്പോഴും വളരെ മാന്യതയോടെ വിശാലഹൃദയത്വം കൈമോശം വരാതെ സൗഹൃദം തുടരണമെന്നു പ്രതികരിക്കുന്ന മാനേജർ എന്ന പുരുഷൻ വിവാഹ ശേഷം വീടിനകത്ത് ഏതു വിധം അധികാരിയാകുമെന്നതിനെക്കുറിച്ചുള്ള ശാരിയുടെ ഭാവിഭയത്തെ സമർത്ഥമായ ചില സൂചനകളിലൂടെ സിനിമ പ്രതിനിധാനം ചെയ്യുന്നു.

കബനീ നദി ചുവക്കുന്നതിനു മുന്നെയാണ് മലയാള സിനിമയിൽ ഭാർഗവീ നിലയവും, മുറപ്പെണ്ണും, ചെമ്മീനും, ഇരുട്ടിന്റെ ആത്മാവും, ഓളവും തീരവും, സ്വയംവരവും, നിർമ്മാല്യവും, ഉത്തരായനവുമൊക്കെ വരുന്നത്. കബനീ നദി ചുവന്നതിനോടൊപ്പമാണ് സ്വപ്നാടനം, പ്രയാണം, അതിഥി, പുനർജന്മം എന്നീ ശ്രദ്ധേയങ്ങളായ സിനിമകളും പിറന്നത്. ആഖ്യാനത്തിലും, ഇതിവൃത്തത്തിലുമെല്ലാം ഭിന്നമായ മാനങ്ങളും വിഷയങ്ങളും സ്വീകരിച്ച ഈ സിനിമകളെല്ലാം ഫലത്തിൽ ഒരു മാറ്റത്തിന്റെ ഗതി നിശ്ചയിക്കുകയായിരുന്നു. അതിൽ തന്നെ കബനി, സംഭാഷണത്തിലും പാത്ര നിർണ്ണയത്തിലും ‌ഇതര സിനിമകളിൽ നിന്ന് തീർത്തും വ്യത്യസ്തമായ നയം വ്യക്തമാക്കുന്നു. സിനിമ സ്റ്റുഡിയോ വിട്ട് പുറത്തിറങ്ങുകയും, കഥാപാത്രങ്ങൾ നാട്ടുഭാഷ കലർന്ന സംഭാഷണം നടത്തുകയും ചെയ്ത അക്കാലത്ത് കബനിയിലെ സ്ത്രീ സ്വരം റേഡിയോ നാടകങ്ങളെ ഓർമ്മിപ്പിക്കുന്നതാണ്; പുരുഷന്റേതാകട്ടെ പ്രഖ്യാപനങ്ങളും. ഇവ രണ്ടും അച്ചടിഭാഷയെ വായ്മൊഴിൽ പകർത്തുന്നു. ബക്കറിന്റെ തന്നെ മണിമുഴക്കമെന്ന സിനിമയിലൂടെ മികച്ച ഛായാഗ്രാഹകനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്ക്കാരം നേടിയ ‌വിപിന്‍ദാസ് ഒരുക്കിയിരിക്കുന്ന കബനീ നദിയുടെ ക്യാമറക്കാഴ്ച പ്രമേയത്തിനും, രാഷ്ട്രീയത്തിനുമനുസരിച്ച വിധമാണ് ഒരുക്കിയിരിക്കുന്നത്. ദേവരാജന്‍ മാസ്റ്ററുടെ സംഗീതമാകട്ടെ പരിസരത്തോടും, രംഗങ്ങളോടും ശരാശരിയിൽ ഇണങ്ങി നിൽക്കുന്നു. എന്നാൽ ഭരണകൂട ഭീകരതയെ സൂചിപ്പിക്കുന്ന വിധം കാക്കിയുടേയും ബൂട്ടിന്റേയും ചവിട്ടി മെതികൾ തീർക്കുന്നൊരു  ഭ്രമകല്പനാ ദൃശ്യത്തിന് പശ്ചാത്തലമായി മുഴങ്ങുന്ന അരോചക ശബ്ദവീചികളുടെ സ്വരൈക്യം കേൾവിക്കാരന്റെ സ്വൈര്യം കെടുത്തുന്ന വിധത്തിൽ ‌മേൽക്കൈ നേടുന്നു. 

നിലവിലെ വ്യവസ്ഥിതിയേയും, സമൂഹത്തിൽ ന്യൂനപക്ഷമെങ്കിലും പേറുന്ന അന്യതാബോധത്തേയും, ഭരണകൂടത്തിന്റെ വിലക്കുകളേയും, ജീവിതമാകുന്ന ഒഴുക്കെന്ന സങ്കൽപ്പത്തേയുമൊക്കെ രേഖപ്പെടുത്താൻ ശ്രമിക്കുന്ന സിനിമയെടുക്കുന്ന കാലത്ത് രാഷ്ട്രീയമായും സാമ്പത്തികമായും സാങ്കേതികമായും നിരവധി പ്രതിബന്ധങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് ‌ബക്കർ, പവിത്രൻ, ചന്ദ്രൻ എന്നിവർ പിന്നീട് തുറന്നു പറഞ്ഞിട്ടുണ്ട്. സാമ്പത്തികമായി നൽകാമെന്നേറ്റിരുന്ന സഹായ ഹസ്തങ്ങൾ പിൻവലിഞ്ഞൊളിച്ചു, പറഞ്ഞുറപ്പിച്ചിരുന്ന ഇടങ്ങൾ ലൊക്കേഷനാക്കുന്നതിൽ വിസമ്മതങ്ങളുണ്ടായി, സാങ്കേതിക സഹായികളും തൊഴിലാളികളുമെല്ലാം പലപ്പോഴും പിൻവാങ്ങി. സംരഭത്തിനു നേതൃത്വം നൽകിയവർ കേരളത്തിനു പുറത്തും അകത്തും വച്ച് പലതവണ  അറസ്‌റ്റിനും ലോക്കപ്പിനും ചോദ്യം ചെയ്യലുകൾക്കും വിധേയരായി. ഇവയെയെല്ലാം അതിജീവിച്ചു നടത്തിയ ശ്രമഫലമായ ഉൽപ്പന്നത്തിന്മേൽ സെൻസർ ബോർഡും പോലീസും ചേർത്ത് കുത്സിതമായ കുസൃതിയോടെ കത്രികയോടിച്ചു കളിച്ചു. എന്നിട്ടും ആ സിനിമയ്ക്ക് മികച്ച സംവിധായകനും, രണ്ടാമത്തെ ചിത്രത്തിനുമുള്ള പുരസ്കാരം ലഭിച്ചു. ഭരണകൂടത്തിന്റെ ഉപകരണങ്ങളുപയോഗിച്ച് വികലമാക്കപ്പെട്ട ഒരു സൃഷ്ടിയെ അധികാരത്തിമിരക്കാഴ്ചയോടെ ആസ്വദിച്ച ഒരു ഭരണാധിപൻ "നക്സലേറ്റായാൽ വെടിവച്ചുകൊല്ലു"മെന്നുള്ളതാണ് ഈ സിനിമയുടെ ഗുണപാഠമെന്ന് ആസൂത്രിതമായി പ്രസ്താവിച്ചു. അടിയന്തിരാവസ്ഥയ്ക്കും, വ്യാജ ഏറ്റുമുട്ടലുകൾക്കും, അറസ്റ്റുകൾക്കും, പ്രസ്ഥാനത്തിന്റെ തകർച്ചയ്ക്കുമെല്ലാം വിധേയരായ വിപ്ലവ പ്രവർത്തകരുടേയും അനുഭാവികളുടെയും തുടർ സമാഗമത്തിന് സാക്ഷ്യം വഹിച്ചതും കബനീ നദി എന്ന സിനിമയുടെ പ്രദർശനയിടങ്ങളായിരുന്നു. അയയിൽ അലക്കി മടക്കി വിരിച്ചിട്ട എന്തിനെയൊക്കെയോ ഉലയ്ക്കാനും ചുളിയ്ക്കാനും ഈ സിനിമ ശ്രമം നടത്തിയിട്ടുണ്ട്.  ആ വിധത്തിലെല്ലാം മലയാള സിനിമയുടെ ചരിത്രത്തിലും രാഷ്ട്രീയത്തിലും തീർത്തും ഭിന്നമായൊരു സാന്നിദ്ധ്യം ഇക്കാലത്തും കബനിയുടെ ഒഴുക്കിനുണ്ട്.


 

(c)2009 Devadas V.M [ vm.devadas@gmail.com ]