Life is
like riding a bicycle. To keep your balance you must keep moving.
- Albert Einstein
ഉള്ളത് ഉള്ളതു പോലെ തന്നെ
പറയണമല്ലോ. ഞാന്‍ ചവിട്ടിക്കൊണ്ടിരിക്കുന്ന ഈ സൈക്കിൾ എന്റേതല്ല, രമണന്റേതാണ്. രമണന്‍ എന്റെ ചേട്ടനാണ്.
എനിക്കവനും അവനു ഞാനുമല്ലാതെ ഈ വലിയ നഗരത്തിൽ ഞങ്ങള്‍ക്കു തുണയായി മറ്റാരും തന്നെയില്ല. ഈ സൈക്കിളെനിക്കു
വാങ്ങിത്തന്നെങ്കിലും ഒരു തവണ പോലും അവനിതിൽ കയറി യാത്ര ചെയ്യുന്നത് ഞാന്‍ കണ്ടിട്ടില്ല. നഗരത്തിരക്കിലൂടെ ആള്‍ക്കൂട്ട
സഞ്ചാരങ്ങളുടെ ഭാഗമായി ഉറച്ച കാല്‍വയ്പ്പുകളോടെ നിരത്തിന്നരികു പറ്റി നടക്കുന്നതാണ്
അവനിഷ്ടം. തൊട്ടു മുമ്പ് ഈ സൈക്കിൾ
പിന്നിട്ട ഏഴാം നമ്പർ തെരുവിന്റെ അറ്റത്തു കാണുന്ന തുണിക്കടയിലാണ് ഞങ്ങൾ ജോലി ചെയ്യുന്നത് . ഞാനവിടെ കയറിയിട്ട് നാലഞ്ചു മാസമാകുന്നതേയുള്ളൂ. പക്ഷെ
രമണനവിടെ നാലോ അഞ്ചോ കൊല്ലമായിക്കാണും. എന്റെ ഈ പ്രായത്തിൽ , പതിമൂന്നാം വയസ്സിൽ , അവിടെ തൂപ്പു തുടപ്പുകാരനായി കയറിക്കൂടിയതാണ്. ഇപ്പോൾ അവൻ ടീഷര്‍ട്ട് വിഭാഗത്തിലെ സെയിന്‍സ് മാനാണ്. അവന്റെ പഴയ പണി
ഇപ്പോൾ ചെയ്യുന്നതു ഞാനാണ്. ഒരു വിശേഷം കേള്‍ക്കണോ? പോപ്പ്മ്യൂസിക് സ്റ്റാറുകളുടെ ചിത്രവും, പേരും പതിച്ച ടീഷര്‍ട്ടുകൾ അടുക്കി വച്ചിരിക്കുന്നിടത്തു ചെന്ന് നിങ്ങൾ ഒരാളുടെ പേരു പറഞ്ഞു നോക്കൂ. നിമിഷ
നേരം കൊണ്ട് അവന്‍ അടുക്കി വച്ചിരുന്ന ടീഷര്‍ട്ടുകളിൽ നിന്നും നിങ്ങളാവശ്യപ്പെട്ടയാളെയോ, ബാന്റിനേയോ വലിച്ചെടുത്ത് നിവര്‍ത്തിക്കാണിക്കും. ഒരു
ജിഗ്സോ പസിൽ കഷ്ണത്തിന്റേതു പോലെ മ്യൂസിക് സ്റ്റാറുകളുടെ
കണ്ണോ, മൂക്കോ, നെറ്റിയോ ഒക്കെ മാത്രമേ അടുക്കി വെച്ച ടീഷര്‍ട്ടുകളിൽ പുറത്തു കാണാവുന്നതായി ഉണ്ടാകൂ. ചിലതിൽ അതു പോലും ഉണ്ടാകില്ല. സംഗീതോപകരണങ്ങളുടെ ഏതെങ്കിലും ഭാഗമോ, പേരിന്റെ ഏതെങ്കിലും ഒരക്ഷരമോ ഒക്കെ മാത്രമേ പുറത്തു കാണൂ.
പക്ഷെ, ഏവരേയും അത്ഭുതപ്പെടുത്തിക്കൊണ്ട്
ആവശ്യപ്പെടുന്ന പേരുകാരുടെ ചിത്രം പതിച്ച ടീഷര്‍ട്ട് സ്റ്റോക്കിലുണ്ടെങ്കിൽ അതവന്‍ വലിച്ചെടുത്ത് നിങ്ങള്‍ക്കു തന്നിരിക്കും.
മുന്നു മാസം മുമ്പ് ഒരു സായിപ്പ് കടയിൽ വന്നിരുന്നു. അയാളവനെ പരീക്ഷിക്കാന്‍ തുടങ്ങി.
ബോബ് മാര്‍ളി
ട്രേസി ചാപ്മാന്‍
ജോൺ ലെനൻ
കൂളിയോ
മൈക്കേൽ ജാക്സന്‍
പിങ്ക് ഫ്ലോയിഡ്
ടിയർ ഗാര്‍ഡന്‍
റാംസ്റ്റീന്‍
ടോറി അമോസ്
പോൾ സൈമൺ
ബോബ് മാര്‍ളി
ട്രേസി ചാപ്മാന്‍
ജോൺ ലെനൻ
കൂളിയോ
മൈക്കേൽ ജാക്സന്‍
പിങ്ക് ഫ്ലോയിഡ്
ടിയർ ഗാര്‍ഡന്‍
റാംസ്റ്റീന്‍
ടോറി അമോസ്
പോൾ സൈമൺ
റാംസ്റ്റീന്‍ മാത്രം സ്റ്റോക്കില്ലായിരുന്നു. അതൊഴികെ
അയാളാവശ്യപ്പെട്ടതെല്ലാം ഞൊടിയിടയിൽ മുന്നിൽ നിരത്തപ്പെട്ടു. അമ്പരന്നു പോയ സായിപ്പ് അവനു നല്‍കിയ
കാശാണ് ഇപ്പോൾ ഞാനീ ചവിട്ടിക്കൊണ്ടിരിക്കുന്ന സൈക്കിള്‍.
നിരത്തിലൂടെ മുടന്തിക്കൊണ്ട് നടന്നു പോകുമ്പോൾ എന്നെ നോക്കി തെരുവു
പിള്ളേർ 'ഞൊണ്ടിക്കാലാ...പോളിയോക്കാലാ...ഒന്നരക്കാലാ...ചട്ടുകാലാ…' എന്നൊക്കെ കളിയാക്കി വിളിക്കുമ്പോൾ അവരോടു കയര്‍ക്കാന്‍ ചെന്നു
മടുത്തായിരിക്കണം അവന്‍ സായിപ്പു കൊടുത്ത കാശു കൊണ്ട് എനിക്കീ സൈക്കിൾ
വാങ്ങിത്തന്നത്. അല്ലെങ്കിൽ അന്നു വൈകീട്ടു തന്നെ തുണിക്കടയ്ക്കു മൂന്നു
കെട്ടിടം അപ്പുറത്തുള്ള പഴയ സാധനങ്ങൾ വില്‍ക്കുന്ന കടയിൽ ചെന്ന് കുറേ ഓഡിയോ
ക്യാസറ്റുകൾ വാങ്ങിയേനെ. സിഡിയും, എം.പീ.ത്രീ പ്ലെയറുമൊക്കെ വന്നിട്ടും അവന്റെ
ശീലമതാണ്. കാന്തം പുരണ്ട കടും തവിട്ടു നാടച്ചുരുളുകളുടെ സംഗീതമില്ലാതെ അവനു
രാത്രിയുറക്കം പതിവില്ല.
പക്ഷെ ഈയിടെയായി ക്യാസറ്റു പാട്ട് മാത്രമല്ല മദ്യവും
ശീലമായി വരുന്നുണ്ട്. അതവന്റെ പെരുമാറ്റത്തെയും ബാധിച്ചിട്ടുണ്ട്. എങ്കിലും
എന്നോടു സ്നേഹമൊക്കെയാണ്. ചിലപ്പോഴൊക്കെ മുടിഞ്ഞ സ്നേഹ പ്രകടനമായിരിക്കും. അപ്പോൾ
എനിക്കവനെ രാമനെന്നു വിളിക്കാന്‍ തോന്നും. എന്നാൽ രാവണനെന്നു വിളിക്കാന്‍
തോന്നുന്ന സമയങ്ങളുമുണ്ട്. എന്തെങ്കിലും അബദ്ധം കാണിച്ചാലെന്റെ തലയ്ക്കു
കിഴുക്കുമ്പോൾ... എന്നെ ചട്ടുകാലായെന്ന് വിളിക്കുമ്പോൾ... മദ്യപിച്ചു
വന്ന് ബഹളമുണ്ടാക്കുമ്പോൾ... പിന്നെ ജെസ്സി, ചുരിദാറിന്റെ സെക്ഷനിലെ
സെയില്‍സ് ഗേൾ, അവളു പിഴയാണെന്നു പറയുമ്പോള്‍. പക്ഷെ അവനെന്റെ ചേട്ടനല്ലേ? രാമനേയും
രാവണനേയും ഉരുക്കിയൊഴിച്ച രമണനല്ലേ? ഇരുചക്രങ്ങൾ പോലെ എനിക്കവനും അവനു
ഞാനുമല്ലേയുള്ളൂ. അതുകൊണ്ടല്ലേ വാടക മുറിയിൽ പനി പിടിച്ചു വിറച്ചു
കിടക്കുന്ന അവനുള്ള മരുന്നും വാങ്ങിച്ച് ഞാൻ ഈ സൈക്കിൾ
ഒന്നരക്കാലും വച്ച് മുന്നോട്ടാഞ്ഞു ചവിട്ടി കിതച്ചും കുതിച്ചും പായുന്നത്.
* * * * * * * * *