ആഗ്രഹത്തിന്റെയോ, ലക്ഷ്യത്തിന്റെയോ അംശമില്ലാത്ത സ്വപ്നങ്ങളുണ്ടല്ലോ.
ഉറക്കത്തിലോ മയക്കത്തിലോ ഒക്കെയായി കാണുന്ന 'വെറും' കിനാവുകൾ. അവ
യാഥാർത്ഥ്യമാകുന്നത് അപൂർവ്വവും, ഇനി നടന്നാൽ തന്നെ സ്വപ്നത്തിനോട്
പശ്ചാത്തല നീതി പുലർത്താതെയോ ഒക്കെയായിരിക്കും. എന്നാൽ ഇന്നു
സംഭവിച്ചതങ്ങനെയല്ല. വർഷങ്ങൾക്കു മുമ്പ് ഡാൻബ്രൗണിന്റെ ഡാവിഞ്ചി കോഡും
വായിച്ച് കൊച്ചിയിൽ പുല്ലേപ്പടി ജംഗ്ഷനടുത്തൊരു വാടകമുറിയിൽ കിടന്നുറങ്ങിയ
ഒരു രാത്രിയിൽ കണ്ട സ്വപ്നം ആ നോവലിൽ പരാമർശിച്ചിരുന്ന സെന്റ് പീറ്റേഴ്സ്
സ്ക്വയറുമായി ബന്ധപ്പെട്ടായിരുന്നു. ഞാനൊരു ക്വിസ്സ് കോമ്പറ്റീഷനിൽ
കാണികളുടെ കൂട്ടത്തിൽ (ശ്രദ്ധിക്കുക, മത്സരാർത്ഥിയല്ല വെറും കാണി മാത്രം)
ഇരിക്കുന്നു. സെന്റ് പീറ്റേഴ്സ് സ്ക്വയർ രൂപകൽപ്പനയുമായി ബന്ധപ്പെട്ട്
മത്സരാർത്ഥികൾക്ക് ഉത്തരം പറയാനാകാത്ത ഒരു ചോദ്യം പാസ് ചെയ്തു
കാണികളിലേയ്ക്കു വരുന്നു. ഞാൻ ചാടിയലറിക്കൊണ്ട് 'ജോവാനി ലൊറെന്‍സൊ
ബെര്‍ണീനി' എന്നുത്തരം പറയുന്നു. തുടർന്ന് കരഘോഷം മുഴങ്ങുന്നു. പതിവുമ്പോലെ
ഒരു 'ഹമ്പട ഞാനേ' സ്വപ്നം മാത്രമായിരുന്നു അത്; ഇന്നു വരെ. എന്നാൽ ഇന്ന്,
ഓഫീസിൽ നടക്കുന്ന ഒരു ക്വിസ് കോമ്പറ്റീഷന്റെ ഫൈനലിൽ ചെന്നു
കാണിയായിരിക്കുകയും, റാപ്പിഡ് ഫയർ റൗണ്ടിൽ മത്സരാർത്ഥികൾ ഉത്തരം
പറയാനാകാതെ പ്രസ്തുത ചോദ്യം കാണികളിലേയ്ക്ക് നീളുകയും, ഞാൻ ചാടിക്കയറി
ഉത്തരം പറയുകയും ചെയ്യുന്നു. കരഘോഷം നിസ്സാരമായിരുന്നു എന്നതൊഴിച്ചാൽ
നടന്നത് 'സ്വപ്നസാഫല്യം'. മറ്റൊരു സ്വപ്നവും ഈയടുത്ത് ഏതാണ്ട്
സഫലമായിരുന്നു. അവനവന്റെ താക്കോലുപയോഗിച്ച് മറ്റൊരാളുടെ മുറി/വാഹനം/അലമാര
തുറക്കുകയെന്നത്. ഒന്നു രണ്ട് മാസങ്ങൾക്കു മുമ്പാണ് സംഭവം. ഓഫീസിൽ
വാഹനങ്ങൾ പാർക്കു ചെയ്യുന്നിടത്ത് എന്റെ സൈക്കിളിന്റെ അടുത്ത് തന്നെ അതേ
മോഡലിലുള്ള , ഒരേ നിറമുള്ള മറ്റൊന്നുണ്ടായിരുന്നു. ഞാന്‍ അതു ശ്രദ്ധിക്കാതെ
മനസ്സില്‍ മറ്റെന്തോ ആലോചിച്ച് എന്റെ താക്കോലെടുത്ത് അതു തുറക്കാന്‍
ശ്രമിച്ചു .അതു തുറക്കുകയും ചെയ്തു. ക്യാരിയറില്‍ ബാഗു വയ്ക്കാന്‍
നേരത്താണ് ബാറിലെ സ്റ്റിക്കറു കണ്ട് അതെന്റെയല്ലല്ലോ എന്ന്
തിരിച്ചറിഞ്ഞത്. വേഗം അത് പൂട്ടി വച്ചു. ബാഗെടുത്ത് എന്റെ സൈക്കിളിന്റെ
ക്യാരിയറില്‍ വച്ച ശേഷം കൗതുകത്തിനായി വീണ്ടും മറ്റെ സൈക്കിള്‍ തുറക്കാന്‍
നോക്കി. ഇല്ല നടക്കുന്നില്ല. അത് തുറക്കുന്നില്ല. ശ്രദ്ധാപൂര്‍വ്വം ഒന്നോ
രണ്ടോ തവണ ശ്രമിച്ചു പരാജയപ്പെട്ടു. അശ്രദ്ധമായ ഒരു അവസ്ഥയിൽ ചെന്നു
സ്വാഭാവികമായി ശ്രമിച്ചപ്പോൾ (ചോരശാസ്ത്രത്തിലൊക്കെ പറയുന്ന
പൂട്ടുതുറക്കുന്ന മന്ത്രവും മനസ്സാന്നിദ്ധ്യവുമൊന്നുമില്ലാതെ തന്നെ) അത്
ഒരു തവണ തുറന്നു എന്നത് സത്യമാണ് അഥവാ അത്ഭുതമാണ്. പറഞ്ഞു വന്നതെന്താണെന്നു
വച്ചാൽ ചില സ്വപ്നങ്ങൾ , ഒരല്പം പശ്ചാത്തല വൈജാത്യത്തോടെ,
യാഥാർത്ഥ്യമാകുന്നതിൽ അല്ലറ ചില്ലറ അത്ഭുതങ്ങളും, രസങ്ങളുമൊക്കെയുണ്ട്.