ഇപ്പോൾ താമസിക്കുന്ന വീടിന്റെ മുൻവശത്തെ വരാന്തയ്ക്കു തണലായി ഒരു ആര്യ വേപ്പിന്റെ ചില്ലകളുണ്ടായിരുന്നു. ഞങ്ങൾ താമസിക്കുന്ന ഒന്നാം നിലയുടെ ടെറസ്സിനോളം ഉയരമുള്ള ആ മരത്തിൽ കാക്കകളല്ലാതെ മറ്റു പക്ഷികളൊന്നും വന്നിരിക്കുന്നത് കണ്ടിട്ടില്ല. അതുകൊണ്ട് തന്നെ വരാന്തയുടെ ചില ഭാഗങ്ങളിൽ വീഴുന്ന കക്കക്കാഷ്ഠം പലപ്പോഴും ശല്ല്യമാകാറുണ്ട്. കഴിഞ്ഞ മഴയിൽ ഇതിന്റെ ഇലകൾ വീണു വരാന്തയിലെ പൈപ്പടഞ്ഞാണ് മുറിയിൽ വെള്ളം കയറി കിടക്കയും, കുറെയധികം പുസ്തകങ്ങളും നാശമായത് (പ്രളയ സങ്കടം : http://devadasvm.blogspot.in/2012/08/blog-post_31.html) ഇതൊക്കെയാണെങ്കിലും ഒരടുപ്പം ഈ മരത്തോടുണ്ടായിരുന്നു. അതാണിന്നിങ്ങനെ വെട്ടി വീഴത്തപ്പെട്ടു കിടക്കുന്നത്. മാർച്ച് പാതിയായതേയുള്ളൂ. ചെന്നൈ ചൂട് "ഏപ്രിൽ മെയിലേ പശുമയേ ഇല്ലൈ" എന്ന കത്തിരി വെയിലിന്റെ പാട്ട് മൂളാൻ തുടങ്ങുന്നതേയുള്ളൂ. വരാന്തയിൽ ലാപ്ടോപ്പുമായി ഇതിന്റെ ചില്ലകളുടെ ചുവട്ടിൽ ചെറുകാറ്റുമേറ്റ് 'ഒരു മരം ഒരു കാവല്ല" എന്ന ബോധ്യത്തോടെ ഇരിക്കുമ്പോഴും ഒരു അനുഭവമൊക്കെയുണ്ടായിരുന്നു. അതൊക്കെ തീർന്നു. തണലും കാക്കക്കരച്ചിലും ഇലകൊഴിച്ചിലും ചെറുകാറ്റും പച്ചപ്പുമെല്ലാം...