ഒറ്റ വാചകത്തിൽ പറഞ്ഞാൽ നോവൽ സിനിമയാക്കുന്നതിൽ വിജയിച്ചിട്ടില്ല. നോവൽ വായിച്ച ഒരാൾക്ക് സിനിമയുമായി ആസ്വാദന ബന്ധം സാധ്യമാകുമെങ്കിലും , വായിക്കാത്ത ഒരാൾക്ക് അവിടെനിന്നുമിവിടെനിന്നും കുറെ സംഭവങ്ങൾ ഏച്ചു കെട്ടിയതു പോലെ തോന്നാൻ സാധ്യതയുണ്ട്. റുഷ്ദി തന്നെ സഹകരിച്ച് എഴുതിയ തിരക്കഥയായതിനാൽ അത് ദീപാ മേത്തയുടെ മാത്രം പിഴയല്ല താനും. നോവലിൽ പരാമർശിക്കുന്ന ചരിത്ര സംഭവങ്ങളെയും, അനുബന്ധ രൂപകങ്ങളേയും സിനിമയിലേക്ക് കൈമാറിയിട്ടുണ്ടെങ്കിലും നോവലിലെ പ്രധാന ആകർഷണമായ മാജിക്കൽ റിയലിസത്തെ സിനിമയിലേക്ക് ആവാഹിച്ചതിൽ ശില്പഭദ്രതയ്ക്കു സംഭവിച്ച പിഴവ് ആസ്വാദനത്തെ പ്രതികൂലമായി ബാധിക്കാൻ സാധ്യതയുണ്ട്; പ്രത്യേകിച്ചും രണ്ടാം പാതിയിൽ. നിറക്കൂട്ടുകൾ നന്നെന്നു തോന്നുമെങ്കിലും ഓർമ്മയിൽ നില്ക്കാവുന്ന ദൃശ്യങ്ങളൊന്നുമൊരുക്കാൻ ക്യാമറയ്ക്കു കഴിയുന്നുമില്ല. അഭിനയത്തിലും -തരക്കേടില്ലാതെ ചെയ്തു കൊടുത്തിട്ടുണ്ട് എന്നല്ലാതെ- ആർക്കും പ്രത്യേക മികവൊന്നും തോന്നിയില്ല. ഇന്ദിരാഗാന്ധി-അടിയന്തിരാവസ്ഥ കാലത്തെക്കുറിച്ച് നോവലിൽ നടത്തുന്ന വിമർശന പരാമർശങ്ങളെ സിനിമയിലും അതേപടി അനുവദിച്ച സെൻസർ ബോർഡ് അഭിനന്ദനമർഹിക്കുന്നുണ്ട്. മികച്ച പശ്ചാത്തല സംഗീതത്തോടൊപ്പം റുഷ്ദിയുടെ തന്നെ ശബ്ദമായി കേൾക്കാൻ കഴിയുന്ന ആഖ്യാതാവിന്റെ സ്വരം ചില ധനാത്മക മാനങ്ങൾ നൽകുന്നുണ്ടെങ്കിലും , പലയിടത്തും അത് നോവൽ വായന മാത്രമാകുന്നതോടെ സിനിമ എന്ന നിലയിൽ ദൃശ്യവത്ക്കരണം പരാജയപ്പെടുന്നു. താരതമ്യം ചെയ്യുന്നതത്ര ശരിയായ കാര്യമല്ലെങ്കിലും നോവലിന് മികച്ച രീതിയിൽ ചലച്ചിത്ര ഭാഷ്യമൊരുക്കിയ 'ലൈഫ് ഓഫ് പൈ' ഈയടുത്ത് കണ്ടതുകൊണ്ടു കൂടിയാകാം, അതുണ്ടാക്കിയ അമിത പ്രതീക്ഷയാലാകാം, മിഡ്നൈറ്റ്'സ് ചിൽഡ്രൻ ചലച്ചിത്രമെന്ന നിലയിൽ അത്ര മികച്ച അനുഭവമല്ല തന്നത്.