അടിയന്തിരാവസ്ഥക്കാലത്ത് ചിത്രീകരിക്കുകയും പുറത്തിറങ്ങുകയും ചെയ്ത രാഷ്ട്രീയ ചിത്രമെന്ന നിലയിലാണ് കബനീ നദി ചുവന്നപ്പോൾ എന്ന സിനിമ പ്രാഥമികമായി മലയാള സിനിമാ ചരിത്രത്തിൽ സ്വയം രേഖപ്പെടുത്തുന്നത്. പവിത്രൻ നിർമ്മിക്കുകയും പി.എ.ബക്കർ സംവിധാനം ചെയ്യുകയും ടി.വി ചന്ദ്രൻ പ്രധാന വേഷങ്ങളിലൊന്ന് അഭിനയിക്കുകയും കെ. രവീന്ദ്രന്‍(ചിന്ത) സലാം കാരശ്ശേരി എന്നിവർ സഹകരിക്കുകയും, വിപിൻദാസ് ഛായാഗ്രഹണം നിർവ്വഹിക്കുകയും ചെയ്ത ഈ സംരംഭം പിന്നീട് മലയാളത്തിലെ സമാന്തര-ആർട്ട്‌ഹൗസ് സിനിമകളുടെ പ്രതിനിധികളായിത്തീർന്നവരുടെ ആദ്യ സമാഗമമായിരുന്നുവെന്ന് ഒരു തരത്തിൽ പറയാം. ഭാഷാശാസ്ത്രത്തിൽ വര്‍ണ്ണവിപര്യാസം(Metathesis) എന്നൊരു പ്രയോഗമുണ്ട്. ഉച്ചരിക്കാൻ എളുപ്പമാകുന്ന വാമൊഴി വഴക്കത്തിലെ അക്ഷരമാറ്റങ്ങൾ പിന്നീട് എഴുത്തിലേയ്ക്കും ബാധിക്കുന്നതിനെയാണ് അത് സൂചിപ്പിക്കുന്നത്. കാവൽരി എന്ന കുന്ന് കാൽവരിയാകുന്നതും മുച്ചിറ്റൂരെന്ന സ്ഥലം മുറ്റിച്ചൂരാകുന്നതും ഇതേ കാരണത്താലാണ്. പശ്ചിമഘട്ടത്തിൽ നിന്നുത്ഭവിച്ച് കിഴക്കോട്ടൊഴുകി കർണ്ണാടകത്തിൽ ചേരുന്ന പുഴയ്ക്ക് വയനാട്ടിലെത്തുമ്പോൾ ലഭിക്കുന്ന പേരാണ് 'കബിനി'. വർണ്ണവിപര്യാസത്തിനു സമാനമായ ഭാഷാസാധ്യതയാൽ നദി 'കബനി'യായും തീരുന്നു. മാനന്തവാടി-പനമരം പുഴകളുടെ കൂട്ടിയൊഴുക്കിലാണ് കബനി എന്ന പേര് ജലസാധ്യമാകുന്നത്; കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ തീവ്രവിപ്ലവത്തിന്റെ നാളുകളുടെ പ്രതീകമായി ചുവന്നതും ഇതേ നദി തന്നെ.
സിനിമ ഇറങ്ങിക്കഴിഞ്ഞ് ഉദ്ദേശം നാൽപതു വർഷത്തിനിപ്പുറം നിന്നുകൊണ്ട് അതൊരിക്കൽ കൂടി കാണുകയും, പ്രതികരിക്കുകയും ചെയ്യുമ്പോൾ സ്വാഭാവികമായും ചില അനുരണച്ചെടിപ്പുകളും അസ്വാരസ്യങ്ങളുമൊക്കെയുണ്ടാകും. സമകാലികതയിൽ നിന്നു നോക്കുമ്പോൾ രാഷ്ട്രീയ മാപിനികളുടെ അളവു പൊരുത്തമുറപ്പിക്കലും (calibration) അവശ്യം വേണ്ടതു തന്നെ. ഇത്രയും മുൻധാരണകളോടെയാണ് കാഴ്ചയിലേയ്ക്ക് കണ്ണു തുറക്കുന്നത്. അപ്പോൾ പോലും ഈ സിനിമയുടെ പശ്ചാത്തലവും ഭാവുകത്വവും വിനിമയവുമെല്ലാം നിലവിലെ ആസ്വാദനത്തോട്, അതെത്ര വൈയക്തികമാണെങ്കിലും, ഒരു വിധത്തിൽ സമരസങ്ങളും മറു വിധത്തിൽ കലഹങ്ങളും സാധ്യമാക്കുന്നുണ്ടല്ലോയെന്ന് ഒട്ടൊരത്‌ഭുതം കൂറേണ്ടിയിരിക്കുന്നു. അതു തന്നെ നാലു വിധത്തിൽ - സാങ്കേതികമായും രാഷ്ട്രീയമായും- എഡിറ്റ് ചെയ്യപ്പെട്ട കാഴ്ചാനുഭവമാണെന്നിരിക്കെ പ്രത്യേകിച്ചും. സാങ്കേതികമായി രണ്ട് തവണ സിനിമ എഡിറ്റ് ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് ചരിത്രം. ചിത്രസംയോജകനായ കല്യാണസുന്ദരം വെട്ടിയുമൊട്ടിച്ചും തയ്യാറാക്കിക്കിയ പതിപ്പിൽ പ്രേമത്തിന് കൂടുതൽ പ്രാധാന്യം വന്നിരിക്കുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിൽ സംവിധായകൻ ബക്കർ തന്നെ രണ്ടാമതൊരു തവണ എഡിറ്റ് ചെയ്യുകയുണ്ടായി. കബനിയെ രാഷ്ട്രീയ പ്രാധാന്യമുള്ള ഒരു ചിത്രമാക്കി മാറ്റാൻ കൂടുതൽ സഹായിച്ചത് ആ ഇടപെടലാണെന്നാണ് സിനിമയുമായി സഹകരിച്ചവരുടെ തന്നെ അഭിപ്രായം. കർശനമായ മാധ്യമ വിലക്കിന്റെ കാലഘട്ടത്തിൽ മൂന്നാമത്തെ എഡിറ്റിങ്ങ് നടക്കുന്നത് സെൻസർ ബോർഡിന്റെ മേശപ്പുറത്താണ്. ഏകദേശം എണ്ണൂറ് അടിയോളം ഫിലിം മുറിച്ചു മാറ്റപ്പെട്ടത്രേ. ആ വിധം വികലമാക്കപ്പെട്ട ഒരു തീയേറ്റർ പതിപ്പിന്മേലാണ് സാക്ഷാൽ ശ്രീ കരുണാകരന്റെ പോലീസ് നാലാമത്തെ തവണ കത്രിക വയ്ക്കുന്നത്. ഇത്തരത്തിൽ അംഗഭംഗം വന്നൊരു അവശേഷിപ്പിനെയാണ് നാലു ദശാബ്ദത്തിനിപ്പുറം നിന്നുകൊണ്ട് പരിണാമങ്ങൾക്കും പരിമാണങ്ങൾക്കും വഴങ്ങി കാഴ്ചാ വിധേയമാക്കുന്നത്.
സിനിമയുടെ കഥാഗതി താരതമ്യേന ലളിതമാണ്. നക്‌സൽ
വിപ്ലവകാരിയും പോലീസിന്റെ നോട്ടപ്പുള്ളിയുമായ ഗോപി തന്റെ ഒളിവു കാലഘട്ടത്തിൽ അഭയം
തേടി കേരളത്തിനു വെളിയിൽ ജോലി ചെയ്തു തനിയെ ജീവിക്കുന്ന കാമുകി ശാരിയുടെ
മുറിയിലെത്തുന്നു. ഒരുമിച്ചുള്ള കുറച്ചു
നാളുകളിൽ ശാരി പ്രണയ ചേഷ്ടകളോടെയും ഗോപി രാഷ്ട്രീയ ധൈഷണികതയോടെയും ഇടപെടുന്നു.
സ്വാഭാവികമായ ശരീര ചോദനകളെ പ്രകടിപ്പിക്കാൻ ശ്രമിക്കുന്ന ശാരിയേയും ശരീരത്തേയും
നിഷേധിച്ചുകൊണ്ട് ഗോപി ഉൾവലിയുന്നു. നിശ്ചിത സമയത്തിനു ശേഷം മറ്റൊരു
താവളത്തിലേയ്ക്കു മാറുന്ന ഗോപിയ്ക്കു വേണ്ടി ശാരി തുടർന്നും സഹായങ്ങൾ ചെയ്യുന്നു.
ശാരിയും പോലീസിന്റെ നിരീക്ഷണത്തിലാകുന്നു. അവൾ ചോദ്യം ചെയ്യപ്പെടുന്നു. സുരക്ഷിതമായ കുടുംബ ജീവിതമെന്ന മോഹ വാഗ്ദാനത്തെ
തട്ടിത്തെറിപ്പിച്ച് നീണ്ട അവധിയെടുത്ത് നാട്ടിലേയ്ക്കു തിരിക്കാനിരിക്കുന്ന
ശാരിയെ നടുക്കിക്കൊണ്ട് ഒറ്റേറ്റുമുട്ടലിൽ ഗോപി വെടിയേറ്റു മരിച്ചതായുള്ള
വാർത്തയെത്തുന്നു. ഒരു വിപ്ലവത്തിന്റെ സാന്നിദ്ധ്യം തെല്ലു നേരമെങ്കിലും അനുഭവിച്ച, അതിനോട് ആശയപരമായി
പൂർണ്ണപ്പൊരുത്തമില്ലെങ്കിലും സ്വാഭാവികമായുള്ള അഭിനിവേശത്താൽ പരിചരിക്കുകയും
സഹായം നൽകുകയും ചെയ്ത ശാരിയുടെ സ്വസ്ഥജീവിതമാകുന്ന നദിയൊഴുക്കിന് സംഭവിച്ച
മാറ്റത്തെയാണ് സിനിമ പ്രതിനിധാനം ചെയ്യുന്നത്.
ഗോപിയുടെ വരവിനു മുന്നെ അയയിൽ വൃത്തിയായി മടക്കിയിട്ടിരിക്കുന്ന സാരികളിൽ
നിന്നാരംഭിക്കുന്ന കാഴ്ച
ഒടുങ്ങുന്നതാകട്ടെ അവയെല്ലാം അയയിൽ അലസമായി ചുളിഞ്ഞു കിടക്കുന്നതിലേയ്ക്കാണ്. അത്തരത്തിൽ അവശേഷിക്കപ്പെടുന്ന ചുളിഞ്ഞു
മടങ്ങലുകളുടെ, അപഭ്രംശങ്ങളുടെ, കലങ്ങി മറിയലുകളുടെ, നിറമാറ്റങ്ങളുടെ ആകെത്തുകയാണ് സിനിമയിൽ
അടയാളപ്പെടുത്തുന്നത്.
സിനിമയുടെ ചിത്രീകരണം കേരളം വിടുന്നതിന് അഥവാ
ശാരിയുടെ മുറിയുടെ പ്രദേശം അടയാളപ്പെടുത്തുന്നതിന് മൂന്നു പ്രധാന കാരണങ്ങളുണ്ട്. ആദ്യത്തേത് മൂലധന
സംബന്ധിയാണ്. അക്കാലത്ത് കർണ്ണാടകത്തിൽ വച്ചു ചിത്രീകരിക്കുന്ന സിനിമകൾക്ക്
അമ്പതിനായിരം രൂപ സഹായധനമുണ്ടെന്ന
ആശ്വാസത്തിലാണ് സിനിമ അങ്ങോട്ടു പോയതെന്ന് സാധൂകരണം. രണ്ടാമത്തേത്
പ്രായോഗികമായ കാരണമാണ്. വയനാട്ടിൽ നിന്നും ഒരു വിപ്ലവകാരിക്ക് (കർണ്ണാടകത്തിലെ)
ഒരു നഗരത്തിലേയ്ക്ക് ഒളിച്ചു കടക്കാനുള്ള
സാധ്യത. മൂന്നാമത്തേതും യുക്തിപരവുമായ കാരണത്തിനാണ് ഇതിവൃത്ത സംബന്ധിയായി ഊന്നൽ
കൊടുക്കേണ്ടി വരുന്നത്. സ്ത്രീയ്ക്ക്
സ്വന്തമായി ഒരു മുറിയും സാമ്പത്തിക സ്വാശ്രയത്വവുമുണ്ടെങ്കിലെ സമത്വം സാധ്യമാകൂ
എന്ന് പറഞ്ഞത് വെര്‍ജീനിയ വൂള്‍ഫാണ്. വിപ്ലവകാരിയുടെ ഒളിത്താവളമെന്നതിലുപരി 1975-ൽ
ഒരു സ്ത്രീയ്‌ക്ക് തനിച്ചൊരു മുറിയിൽ താമസിക്കാനുള്ള സാഹചര്യം, പ്രത്യേകിച്ച് ഒരു പുരുഷ സുഹൃത്തിനെ കൂടെ
താമസിപ്പിക്കാനുള്ള സ്വാതന്ത്ര്യം കേരളത്തിലെ ഒരു നഗരവും നൽകുന്നില്ലെന്ന
അവസ്ഥകൊണ്ട് കൂടിയാകണം ശാരിയുടെ ജോലിയിടത്തെ,
തനിത്താമസ
മുറിയെ കേരളത്തിനു വെളിയിലുള്ളൊരു നഗരത്തിലേയ്ക്ക് മാറ്റി സ്ഥാപിക്കേണ്ടി
വരുന്നത്. സിനിമയിലെ പ്രധാന കഥാപാത്രം ആ മുറി തന്നെയാണ്. വളരെ ചുരുക്കം
സമയത്തേയ്ക്കു മാത്രമാണ് സിനിമ മുറി വിട്ടു പുറത്തിറങ്ങുന്നതും. ആ
മുറിയ്ക്കകത്താണ് പ്രവാചകനായ ഏകജാതന്റെ രൂപഭാവങ്ങളോടെ, ഒരേ സമയം കാൽപനികവും അതേ സമയം ധൈഷണികവുമായ
മൊഴികളോടെ, ജഡിലമായ വൃഥാ
നിരാസങ്ങളുടെ മേൽക്കോയ്മയോടെ ഗോപി എന്ന പുരുഷനും പ്രായോഗികമതിയായ, സ്വാഭാവികമായ മാനസിക-ശാരീരിക ചോദനകളെ
ഒഴിവാക്കാത്ത, സ്വതശ്ചലനമായ
എല്ലാവിധ ചപലതകളേയും ചിന്തകളേയും
ചര്യകളേയും തന്നോടൊപ്പം കൂട്ടുന്ന സ്ത്രീയും മുമ്പെങ്ങോ ഉണ്ടായിരുന്ന
പ്രണയത്തിന്റെ ഓർമ്മകളുടെ പലിശച്ചിലവിൽ കുറച്ചു നാൾ ഒരുമിച്ചു
താമസിക്കാനൊരുങ്ങുന്നത്. വിപ്ലവകാരിയ്ക്ക് ശരീരവും ലൈംഗികതയുമെല്ലാം
നിഷിദ്ധമാണെന്ന നിരാസനൈരന്തര്യത്തിന്റെ വിപ്ലവ വാർപ്പുമാതൃകയായ പുരുഷനും, സഹജമായ ആത്മചോദനകളേയും സ്വാഭാവികമായ
ശാരീരികവാഞ്ജകളേയും തന്നാൽ കഴിയുന്ന വിധം പ്രകടിപ്പിക്കുന്നൊരു സ്ത്രീയും
വ്യവസ്ഥാപിതമായൊരു കെണിമുറിയിൽ അറിയാവിധം അകപ്പെടുന്നു.
എന്നാൽ ആ മുറിയെ സൂക്ഷ്മ നിരീക്ഷണത്തിനു
വിധേയമാക്കുമ്പോൾ ആണ്‍കോയ്മയേയും,
പ്രതിലോമതയും
പതിയെ തലനീട്ടുന്നതു കാണാം. ശാരിയുടെ മുറി ഒരുക്കിയിരിക്കുന്നത് ഗോപിയ്ക്ക്
അനുഗുണമായാണ്. അയാളുറങ്ങുന്നത് അവളുടെ
കട്ടിലിലും, അവളുറങ്ങുന്നത്
തറയിലുമാണ്. അതിഥിയായെത്തുന്ന ഗോപിയ്ക്കുള്ള ആനുകൂല്യമായി അതിനെക്കണ്ട് മാറാമെന്നു
വച്ചാൽ ഒരു കണ്ണാടി നമ്മളെ കുഴക്കിക്കളയും. ഏവരേയും പലപ്പോഴും കുഴക്കാൻ കഴിയുന്നതാണ്
കണ്ണാടികൾ. എന്നാൽ ഇവിടെ കണ്ണാടി
പ്രപഞ്ചത്തിലെ കാഴ്ചയല്ല, മറിച്ച് കണ്ണാടി സ്ഥാപിക്കപ്പെട്ട നിലയാണ്
കാണിയെ കുഴക്കുന്നത്. ശാരിയുടെ തനിത്താമസ മുറിയെന്ന അവകാശമുള്ളയിടത്ത്
സ്ഥാപികപ്പെട്ടിരിക്കുന്ന കണ്ണാടിയിൽ ഇരുവരും ചേർന്ന് നോക്കുന്ന രംഗത്ത് ശാരിയ്ക്ക്
മുഖത്തിന്റെ പാതി ഭാഗമേ അതിൽ കാണാനാകൂ. എന്നാൽ കുഴിഞ്ഞു രോമാവൃതമായ നെഞ്ചു മുതൽ
നിഷേധത്തിന്റെ പ്രതീകമായ നീണ്ട തലമുടി വരെ ഗോപിയ്ക്ക് എളുപ്പത്തിൽ കാണാവുന്ന
വിധമാണ് കണ്ണാടിയുടെ നില. ആ കണ്ണാടിയിൽ നോക്കിയാണ് ഒളിജീവിതത്തിനിടെ
"ഞാനെന്റെ മുഖം കണ്ടിട്ട് നാളേറെയായി" എന്ന് ഗോപി ആത്മഭാഷണം
നടത്തിക്കൊണ്ട് താടിരോമങ്ങളിൽ
വിരലോടിക്കുന്നതും, ഏന്തി വലിഞ്ഞു നോക്കിക്കൊണ്ട്
ശാരി തന്റെ നെറുകയിൽ പൊട്ടുകുത്തുന്നതും.
ക്ഷുഭിതയൗവനത്തിന്റെ പ്രസരിപ്പ് പ്രതീതി
യാഥാർത്ഥ്യമായെങ്കിലും ശാരിയിലേയ്ക്ക് എത്തപ്പെട്ടിരുന്നത് നഗരത്തെരുവിലെ സിനിമാ
പോസ്റ്ററുകളിൽ ആയുധമേന്തി നിൽക്കുന്ന ബോളീവുഡ് സിനിമാ താരങ്ങളിലൂടെയായിരുന്നു.
വാർത്തകളിൽ നിന്ന് സ്വയം അകലം പാലിച്ചിരുന്ന അവൾക്ക് വർത്തമാന പത്രത്തിൽ ഗോപി
പൊതിഞ്ഞുകൊണ്ടു വന്ന കൈത്തോക്ക് കണ്ട് ഞെട്ടേണ്ട അവസ്ഥയുണ്ടാകുന്നതും അതുകൊണ്ടു
തന്നെയാണ്. ഒരാളെ ഗ്രാമത്തിൽ നിന്ന് മാറ്റിപ്പാർപ്പിക്കാം എന്നാൽ ഗ്രാമത്തെ ഒരാളിൽ
നിന്നു മാറ്റിപ്പാർപ്പിക്കാനാകില്ലെന്ന സങ്കൽപ്പത്തെ ന്യായീകരിക്കുന്ന വിധം
ശാരിയുടെ ചിന്തകളിൽ ഗ്രാമീണതയും ചര്യകളിൽ വിളക്കു കൊളുത്തി പ്രാർത്ഥനയുമൊക്കെ
ബാക്കിയാകുന്നു. എന്നാൽ ഒരേ മുറിയിൽ, ഭിന്നാവസ്ഥയിൽ നിന്നുകൊണ്ട് പീഡാനുഭവസ്ഥനായ പ്രവാചക
തുല്യഭാവത്തോടെ പ്രതിധ്വനി മുഴക്കത്തിന്റെ കമ്പനാവൃത്തിയോടെ ഗോപി പറയുന്നത്
"മനുഷ്യർ അന്യോന്യം സ്നേഹിക്കുകയും ഒരോരുത്തരും അന്യന്റെ വാക്കുകൾ സംഗീതം
പോലെ ആലപിക്കുകയും ചെയ്യുന്ന ഒരു നാൾ വരുമെ"ന്നാണ്. ആ പറച്ചിൽ, അതിന്റെ കാൽപനിക സാന്നിദ്ധ്യത്തോടെ തന്നെയും, അയാളുടെ മൊത്തം പറച്ചിലുകളുടെയും
ആശയങ്ങളുടേയും പ്രതീക്ഷകളുടേയും അവസാന തുരുത്താകുന്നു. ബട്ടൻ പൊട്ടിയ അയാളുടെ
ഷർട്ടിൽ അതു തുന്നിപ്പിടിപ്പിച്ചും ,
പണ്ട്
ധരിച്ചിരുന്ന നീല കള്ളികളുള്ള ഷർട്ടിന്റെ ചന്തം പറഞ്ഞും, അയാൾക്കായി സ്വശരീരം അനാവൃതമാക്കാൻ
ശ്രമിച്ചുമെല്ലാം അവൾ ആ മുറിയുടെ സംഘർഷാവസ്ഥയ്ക്ക് അയവു വരുത്താൻ ഇടപെടലുകൾ
നടത്തുന്നു. തങ്ങളുടെ മുൻകാല പ്രണയം എത്ര സ്വാഭാവികയും ശരീര
സാന്നിദ്ധ്യമുള്ളതുമായിരുന്നെവെന്ന വിധം അടയാളപ്പെടുത്തിയ ഭൂതകാല രഹസ്യ
നിമിഷങ്ങളുടെ ഓർമ്മകളാണ് അതിനവൾക്ക് ഊർജ്ജം പകരുന്നത്. അയാളാകട്ടെ ഇതൊക്കെയും
കണ്ടെന്നും ഇല്ലെന്നുമുള്ള മട്ടിൽ സദാ ബീഡിപ്പുകയൂതിക്കൊണ്ട് സമകാലിക വാർത്തകൾ
പേറുന്ന പത്രത്താളുകളിലേയ്ക്കു മുഖമാഴ്ത്തുന്ന ഒട്ടകപ്പക്ഷിയായി
രൂപാന്തരപ്പെടുന്നു. ശാരീരിക ചോദകൾക്കുമേൽ അയാൾ കടിഞ്ഞാണിട്ട കുതിരയോട്ടുന്ന
വണ്ടിയുടെ മണിമുഴക്കം അനുഭവിക്കുന്നു.
പ്രായോഗികമതിയും നഗരം തരുന്ന സുരക്ഷയാൽ ധീരയുമായ ശാരിയോട്
താനൊരു കൊലപ്പുള്ളിയാണെന്നും, പോലീസ്
നിരീക്ഷണത്തിലാണെന്നും, താനെഴുതുന്ന
കത്തുകൾ കുഴപ്പങ്ങളുണ്ടാക്കുമെന്നും
അറിയിച്ചുകൊണ്ട് ഭയമുണ്ടോയെന്നു തിരക്കുമ്പോൾ ഗോപി സ്വയം അപഹാസ്യനായി
മാറുന്നു. ശാരിയാകകട്ടെ കാര്യങ്ങളെ കൈകാര്യം ചെയ്യാനുള്ള തന്റെ കഴിവിൽ പൂർണ്ണ
വിശ്വാസം പ്രകടിപ്പിക്കയും സ്വന്തം ഇച്ഛാനുസരണം പ്രവർത്തിക്കുകയാണ് ചെയ്യുന്നത്.
തന്റെ വരവ് ശാരിയിൽ ഭയമങ്കുരിപ്പിക്കുമെന്നുള്ള ഗോപിയുടെ മുൻധാരണയ്ക്ക് ഉലച്ചിൽ
പറ്റുന്നതോടെ അയാളുടെ സാന്നിദ്ധ്യവും,
അവസ്ഥയും
പോലും സ്വയം ചോദ്യം ചെയ്യപ്പെടുന്ന നിലപാടുകളിലേയ്ക്ക് മാറുന്നതായി കാണാം.
നിലനിൽപ്പിനായി അയാൾ മന്ത്രണങ്ങൾ പോലെ ചിലതെല്ലാം ഉരുവിടുന്നു. ഗോപിയെ
സംബന്ധിച്ചിടത്തോളം അഭയകേന്ദ്രമായ കാമുകിയുടെ മുറി ഒരു വിധത്തിൽ അസ്വസ്ഥതകളുടെ
ഉറവിടം കൂടിയാണ്. അപൂർവ്വമായി ജാലകത്തിലൂടെയുള്ള എത്തിനോട്ടത്തിനപ്പുറം
അപരിചിതമായ ആ നഗരത്തിൽ, മുറിയ്ക്കു
പുറത്ത് എന്താണ് നടക്കുന്നതെന്തെന്ന് അയാൾക്ക് അറിയാൻ കഴിയുന്നില്ല. അതിനാകെ
ആശ്രയമായുള്ളത് കർശനമായ വിലക്കിനും,
പരിശോദനകൾക്കും
ശേഷം അച്ചടിക്കപ്പെടുന്ന കടലാസുകളിലെത്തുന്ന വാർത്തകൾ മാത്രം.
മുറിയിലടയ്ക്കപ്പെട്ടതിനു ശേഷം മുറിയപ്പെട്ട കാഴ്ചാക്കെടുതികളുടെ ദൃഷ്ടാന്തങ്ങൾ
അയാളെ വലയ്ക്കുന്നു. മുന്നോട്ടുള്ള മാർഗമൊരുക്കുന്നതിനായി ഏതു നിമിഷവും
പലായനത്തിനു സജ്ജമാകേണ്ടിയിരുക്കുന്ന ഒരു ശരീരത്തേയും പേറിക്കൊണ്ട്
പൂർവ്വകാമുകിയുമൊത്തുള്ള വാസം നൽകുന്ന സ്വാസ്ഥ്യവും അയാളെ നിരന്തരം
അസ്വസ്ഥനാക്കുന്നുണ്ട്. ഇരുവരും അകപ്പെട്ടിരിക്കുന്ന മുറിയിൽ ഗോപിയ്ക്ക് ശാരിയെ
പോലും പൂർണ്ണ വിശ്വാസമില്ലെന്നു കാണാം. കാമുകിയുടെ മുറി അയാൾക്കു സുരക്ഷിതത്വ
വിചാരം നൽകുന്നില്ലെന്നു മാത്രമല്ല അവളാൽ താൻ ഒറ്റിക്കൊടുക്കപ്പെടുമോയെന്ന ഭയം
അയാൾക്കുണ്ട് താനും. ആ മുറിയിൽ നിന്നും പലായനത്തിനൊരുങ്ങുന്നതിന്റെ തലേന്ന്
രാത്രിയിൽ കേൾക്കുന്ന കോഴിയുടെ കൂവൽ അതിലേയ്ക്കുള്ള സൂചനയാണ്. നസ്രേയനായ
വിപ്ലവകാരിയുടെ പരിവേഷവും രക്തസാക്ഷിത്വവും ഗോപിയിലേയ്ക്ക് ആരോപിക്കപ്പെടുന്ന
സൂചനകൾ സിനിമയിലെമ്പാടുമുണ്ട്. കുരിശിലേറ്റപ്പെട്ട യേശുവിന്റെ തിരുരൂപത്തെ
കാണിച്ചുകൊണ്ടും, ഗോപി കൈവിടർത്തി
ചുമലു വിരിച്ച് ചാഞ്ഞിരുന്ന് ബീഡിപ്പുകയാസ്വദിക്കുന്ന സമയത്ത് അയാളുടെ ശരീരം
കുരിശേറ്റത്തിന്റെ ഉടൽ സമാനത സ്വീകരിച്ചും അടയാളങ്ങൾ കാണിക്കുന്നു. എന്നാൽ ഗാഗുല്‍ത്താ
മലയിലേയ്ക്ക് കുരിശും പേറിയുള്ള യാത്രയെ ഓർമ്മിപ്പിക്കുന്ന ഒരു ദൃശ്യത്തിൽ
ഗോപിയാകുന്ന കുരിശുഭാരത്തെ വഹിച്ചു മുന്നേറുന്നത് ശാരിയാണ്.
ഗോപിയുടെ ഉള്ളിലെവിടെയോ ബാക്കിയാകുന്ന ഉള്ള
പഴയ കാമുകനെ തിരികെപ്പിടിക്കാനായി
മുല്ലപ്പൂ ചൂടിയും കുളിച്ചീറൻ മാറിയും വസ്ത്രം മാറുമ്പോൾ പ്രലോഭിപ്പിച്ചുമെല്ലാം
നടത്തുന്ന പരിശ്രമങ്ങൾ ശാരിയെ തുണയ്ക്കുന്നില്ല. കേവലമായ ലാവണ്യ
സങ്കൽപ്പങ്ങൾക്കുമപ്പുറം ചിലരുടെയെങ്കിലും ചിന്തകൾക്ക് തീ പിടിച്ചിട്ടുണ്ടെന്ന്
അവൾ സാവകാശം തിരിച്ചറിയുന്നുമുണ്ട്. പ്രതീതി യാഥാർത്ഥ്യങ്ങൾക്കപ്പുറമുള്ള വിവേക
സ്ഫുരണങ്ങൾ അവളിൽ നാമ്പെടുക്കുന്നു. രഹസ്യക്കത്ത് ഏൽപ്പിക്കേണ്ടയാളെ ശാരിയ്ക്ക്
ഗോപി വിവരിച്ചു കൊടുക്കുന്നത് "ഗോപാലൻ എന്നാണ് പേര്. കഷണ്ടിയുള്ള ഉയരം കുറഞ്ഞ
ഒരാളാണ്" എന്ന വാക്കുകളിലൂടെയാണ്. തുടർന്നു കാണിക്കുന്ന ദൃശ്യത്തിൽ
തെളിയുന്നതാകട്ടെ നരഗത്തെരുവിലെ ചുമരിലൊട്ടിച്ചിരിക്കുക്കുന്നൊരു അശ്ലീല(?) സിനിമാ പരസ്യം. അർദ്ധനഗ്നയായ യുവതിയുടെ
സാന്നിദ്ധ്യത്തിൽ അജാനുബാഹുക്കളായ,
പേശീ-കേശ
സമൃദ്ധരായ രണ്ട് പേർ പോസ്റ്ററിൽ മല്ലയുദ്ധം നടത്തുതാണത്. കർശനമായ വിലക്കുകളുടേയും
പരിശോദനകളുടെയും കാലത്തിൽ പ്രതീതിയും,
നേരും
തമ്മിലുള്ള അന്തരത്തെ ആ വിധം സിനിമ
അടയാളപ്പെടുത്തുന്നു. അശാന്തികൾക്കിടയിലും വേണമെങ്കിൽ സുരക്ഷിതമെന്നു പറയാവുന്നൊരു
ഒരു ജീവിതം ശാരിയ്ക്ക് കൈയ്യെത്തുന്നിടത്തുണ്ട്. ജോലി ചെയ്യുന്ന സ്ഥാപനത്തിലെ
സമ്പന്നനായ മാനേജരുടെ ഭാര്യയാകാനുള്ള ക്ഷണമാണത്. ശാരി ആ ക്ഷണത്തോട്
വിസമ്മതിക്കുമ്പോഴും വളരെ മാന്യതയോടെ വിശാലഹൃദയത്വം കൈമോശം വരാതെ സൗഹൃദം
തുടരണമെന്നു പ്രതികരിക്കുന്ന മാനേജർ എന്ന പുരുഷൻ വിവാഹ ശേഷം വീടിനകത്ത് ഏതു വിധം
അധികാരിയാകുമെന്നതിനെക്കുറിച്ചുള്ള ശാരിയുടെ ഭാവിഭയത്തെ സമർത്ഥമായ ചില സൂചനകളിലൂടെ
സിനിമ പ്രതിനിധാനം ചെയ്യുന്നു.
കബനീ നദി ചുവക്കുന്നതിനു മുന്നെയാണ് മലയാള
സിനിമയിൽ ഭാർഗവീ നിലയവും, മുറപ്പെണ്ണും, ചെമ്മീനും, ഇരുട്ടിന്റെ ആത്മാവും,
ഓളവും
തീരവും, സ്വയംവരവും, നിർമ്മാല്യവും, ഉത്തരായനവുമൊക്കെ വരുന്നത്. കബനീ നദി ചുവന്നതിനോടൊപ്പമാണ്
സ്വപ്നാടനം, പ്രയാണം, അതിഥി,
പുനർജന്മം
എന്നീ ശ്രദ്ധേയങ്ങളായ സിനിമകളും പിറന്നത്. ആഖ്യാനത്തിലും, ഇതിവൃത്തത്തിലുമെല്ലാം ഭിന്നമായ മാനങ്ങളും
വിഷയങ്ങളും സ്വീകരിച്ച ഈ സിനിമകളെല്ലാം ഫലത്തിൽ ഒരു മാറ്റത്തിന്റെ ഗതി
നിശ്ചയിക്കുകയായിരുന്നു. അതിൽ തന്നെ കബനി,
സംഭാഷണത്തിലും
പാത്ര നിർണ്ണയത്തിലും ഇതര സിനിമകളിൽ നിന്ന് തീർത്തും വ്യത്യസ്തമായ നയം
വ്യക്തമാക്കുന്നു. സിനിമ സ്റ്റുഡിയോ വിട്ട് പുറത്തിറങ്ങുകയും, കഥാപാത്രങ്ങൾ നാട്ടുഭാഷ കലർന്ന സംഭാഷണം
നടത്തുകയും ചെയ്ത അക്കാലത്ത് കബനിയിലെ സ്ത്രീ സ്വരം റേഡിയോ നാടകങ്ങളെ
ഓർമ്മിപ്പിക്കുന്നതാണ്; പുരുഷന്റേതാകട്ടെ
പ്രഖ്യാപനങ്ങളും. ഇവ രണ്ടും അച്ചടിഭാഷയെ വായ്മൊഴിൽ പകർത്തുന്നു. ബക്കറിന്റെ തന്നെ
മണിമുഴക്കമെന്ന സിനിമയിലൂടെ മികച്ച ഛായാഗ്രാഹകനുള്ള സംസ്ഥാന സര്‍ക്കാരിന്റെ
പുരസ്ക്കാരം നേടിയ വിപിന്‍ദാസ് ഒരുക്കിയിരിക്കുന്ന കബനീ നദിയുടെ ക്യാമറക്കാഴ്ച
പ്രമേയത്തിനും, രാഷ്ട്രീയത്തിനുമനുസരിച്ച
വിധമാണ് ഒരുക്കിയിരിക്കുന്നത്. ദേവരാജന്‍ മാസ്റ്ററുടെ സംഗീതമാകട്ടെ പരിസരത്തോടും, രംഗങ്ങളോടും ശരാശരിയിൽ ഇണങ്ങി നിൽക്കുന്നു.
എന്നാൽ ഭരണകൂട ഭീകരതയെ സൂചിപ്പിക്കുന്ന വിധം കാക്കിയുടേയും ബൂട്ടിന്റേയും ചവിട്ടി
മെതികൾ തീർക്കുന്നൊരു ഭ്രമകല്പനാ
ദൃശ്യത്തിന് പശ്ചാത്തലമായി മുഴങ്ങുന്ന അരോചക ശബ്ദവീചികളുടെ സ്വരൈക്യം
കേൾവിക്കാരന്റെ സ്വൈര്യം കെടുത്തുന്ന വിധത്തിൽ മേൽക്കൈ നേടുന്നു.
നിലവിലെ വ്യവസ്ഥിതിയേയും, സമൂഹത്തിൽ ന്യൂനപക്ഷമെങ്കിലും പേറുന്ന
അന്യതാബോധത്തേയും, ഭരണകൂടത്തിന്റെ
വിലക്കുകളേയും, ജീവിതമാകുന്ന
ഒഴുക്കെന്ന സങ്കൽപ്പത്തേയുമൊക്കെ രേഖപ്പെടുത്താൻ ശ്രമിക്കുന്ന സിനിമയെടുക്കുന്ന
കാലത്ത് രാഷ്ട്രീയമായും സാമ്പത്തികമായും സാങ്കേതികമായും നിരവധി പ്രതിബന്ധങ്ങൾ
നേരിടേണ്ടി വന്നിട്ടുണ്ടെന്ന് ബക്കർ,
പവിത്രൻ, ചന്ദ്രൻ എന്നിവർ പിന്നീട് തുറന്നു
പറഞ്ഞിട്ടുണ്ട്. സാമ്പത്തികമായി നൽകാമെന്നേറ്റിരുന്ന സഹായ ഹസ്തങ്ങൾ
പിൻവലിഞ്ഞൊളിച്ചു, പറഞ്ഞുറപ്പിച്ചിരുന്ന
ഇടങ്ങൾ ലൊക്കേഷനാക്കുന്നതിൽ വിസമ്മതങ്ങളുണ്ടായി, സാങ്കേതിക സഹായികളും തൊഴിലാളികളുമെല്ലാം പലപ്പോഴും
പിൻവാങ്ങി. സംരഭത്തിനു നേതൃത്വം നൽകിയവർ കേരളത്തിനു പുറത്തും അകത്തും വച്ച്
പലതവണ അറസ്‌റ്റിനും ലോക്കപ്പിനും ചോദ്യം
ചെയ്യലുകൾക്കും വിധേയരായി. ഇവയെയെല്ലാം അതിജീവിച്ചു നടത്തിയ ശ്രമഫലമായ
ഉൽപ്പന്നത്തിന്മേൽ സെൻസർ ബോർഡും പോലീസും ചേർത്ത് കുത്സിതമായ കുസൃതിയോടെ
കത്രികയോടിച്ചു കളിച്ചു. എന്നിട്ടും ആ സിനിമയ്ക്ക് മികച്ച സംവിധായകനും, രണ്ടാമത്തെ ചിത്രത്തിനുമുള്ള പുരസ്കാരം
ലഭിച്ചു. ഭരണകൂടത്തിന്റെ ഉപകരണങ്ങളുപയോഗിച്ച് വികലമാക്കപ്പെട്ട ഒരു സൃഷ്ടിയെ
അധികാരത്തിമിരക്കാഴ്ചയോടെ ആസ്വദിച്ച ഒരു ഭരണാധിപൻ "നക്സലേറ്റായാൽ
വെടിവച്ചുകൊല്ലു"മെന്നുള്ളതാണ് ഈ സിനിമയുടെ ഗുണപാഠമെന്ന് ആസൂത്രിതമായി
പ്രസ്താവിച്ചു. അടിയന്തിരാവസ്ഥയ്ക്കും,
വ്യാജ
ഏറ്റുമുട്ടലുകൾക്കും, അറസ്റ്റുകൾക്കും, പ്രസ്ഥാനത്തിന്റെ തകർച്ചയ്ക്കുമെല്ലാം
വിധേയരായ വിപ്ലവ പ്രവർത്തകരുടേയും അനുഭാവികളുടെയും തുടർ സമാഗമത്തിന് സാക്ഷ്യം
വഹിച്ചതും കബനീ നദി എന്ന സിനിമയുടെ പ്രദർശനയിടങ്ങളായിരുന്നു. അയയിൽ അലക്കി മടക്കി
വിരിച്ചിട്ട എന്തിനെയൊക്കെയോ ഉലയ്ക്കാനും ചുളിയ്ക്കാനും ഈ സിനിമ ശ്രമം
നടത്തിയിട്ടുണ്ട്. ആ വിധത്തിലെല്ലാം മലയാള
സിനിമയുടെ ചരിത്രത്തിലും രാഷ്ട്രീയത്തിലും തീർത്തും ഭിന്നമായൊരു സാന്നിദ്ധ്യം
ഇക്കാലത്തും കബനിയുടെ ഒഴുക്കിനുണ്ട്.