Wednesday, September 5, 2012

മരിച്ചവർക്കയച്ച പുസ്തകങ്ങൾ.


ഞാൻ എഴുതിയ പുസ്തകങ്ങൾ കൊറിയർ ചെയ്യുമ്പോഴും, 30-Jan-2011ന് ഗൂഗിൾ ബസ്സിൽ താഴെ കാണുന്ന ‌കുറിപ്പെഴുതുമ്പോഴും ഗീത ടീച്ചർ മരിച്ച വിവരം എനിക്കറിയില്ലായിരുന്നു. കോളേജിലെന്റെ സീനിയർ ആയിരുന്ന, കാർട്ടൂണിസ്റ്റ് സുജിത്തിന്റെ കമെന്റിലൂടെയാണ് മരിച്ചവർക്കു പുസ്തകം കൊറിയർ അയച്ചവന്റെ ഗതികേട് സ്വയം തിരിച്ചറിഞ്ഞത്. ആ പുസ്തകം വായിച്ച ശേഷം‌ മലയാളം വിഭാഗത്തിൽ പകരക്കാരനായെത്തിയ പുതിയ അദ്ധ്യാപകനും, എഴുത്തുകാരനുമായ ഗണേഷ് കഴിഞ്ഞ ദിവസം ഫേസ്‌ബുക്കിൽ ഒരു മെസേജ്‌ അയച്ചിരുന്നു. എങ്ങുമെത്തില്ലെന്നു വിചാരിച്ചതെല്ലാം ‌എങ്ങോ ചെന്നെത്തുന്നുണ്ട്. അതിനാൽ തന്നെ അദ്ധ്യാപക ദിനത്തിൽ ഇതൊന്നു റീ-ഷെയർ ചെയ്യണമെന്നു തോന്നി.



  Buzz  -  Jan 30, 2011  -   -  Public

എന്നെങ്കിലും ഒരു നോവല്‍ എഴുതണം എന്ന ആഗ്രഹം ആദ്യമായി തോന്നിയത് പ്രീ-ഡിഗ്രി കാലത്താവണം. അതുവരെ സാഹിത്യം അത്ര സീരിയസ് അല്ലായിരുന്നു. 'ക്ലാസിക്കല്‍ ഡാന്‍സ് ' വീട്ടില്‍ തന്നെ ഉണ്ടായിരുന്നതു കൊണ്ട്‌ അതിനോടായിരുന്നു കമ്പം. കാണുക, പഠിക്കുക, പെര്‍ഫോം ചെയ്യുക ഒക്കെ ഉണ്ടായിരുന്നു. എന്നാല്‍ സാഹിത്യത്തില്‍ ആദ്യമായി ഗൗരവമായ താല്‍പ്പര്യം തോന്നിയത് പ്രീഡിഗ്രിക്കാലത്താണ്. അതിന് കാരണക്കാര്‍ പ്രധാനമായും താഴെ കാണുന്നവരാണ്.
1)സരസ്വതി ടീച്ചര്‍, 2) ഗീത ടീച്ചര്‍ 3)നന്ദകുമാര്‍ സാര്‍ 4)കവിത ടീച്ചര്‍ ...

ഫസ്റ്റ് ഗ്രൂപ്പ് ആയിരുന്നു. അതുകൊണ്ട്‌ തന്നെ ലാബും, സബ്‌‌ജക്റ്റ് വിഷയങ്ങളും കട്ട് ചെയ്യാന്‍ പറ്റാത്തതിനാല്‍ ക്ലാസ് കട്ടിന് സൗകര്യം ലാന്‍ഗ്വേജ് ക്ലാസുകളായിരുന്നു. 60+ ആളുകളുള്ള ക്ലാസ് റൂം ഭാഷാവിഷയങ്ങളില്‍ കൂടിവന്നാല്‍ 30+ പേരിലൊതുങ്ങുമായിരുന്നു. അതുകൊണ്ട് തന്നെ അതൊരു പരിധി വരെ കൂട്ടും, കൂട്ടവും ആയി മാറും ഹൈസ്കൂള്‍ കാലം മുതലേ വായനക്കുള്ള ശ്രമങ്ങള്‍ ഉണ്ടായിരുന്നെങ്കിലും സരസ്വതി ടീച്ചറും, ഗീത ടീച്ചറുമാണ് മലയാള സാഹിത്യത്തിലേക്ക് ആദ്യത്തെ പാലമിട്ടത്. ആത്മബന്ധം കൂടുതലുണ്ടായിരുന്നത് ഗീത ടീച്ചറോടാണ്. പരീക്ഷാ പേപ്പറുകള്‍/അസൈന്‍മെന്റുകള്‍ നോക്കുമ്പോള്‍ "നിന്റെ ഹാന്‍ഡ്‌‌റൈറ്റിംഗ് വായിക്കാന്‍ ഭയങ്കര കഷ്ടപ്പാടാണെടാ. സാധാരണ ഈ കോലത്തിലെ കുത്തി വരയ്ക്ക് ഞാന്‍ ഒരു മിനിമം മാര്‍ക്കിട്ട് തള്ളേണ്ടതാണ്. എന്നാലും നിന്റെ ആയതുകൊണ്ട്‌ വായിക്കാന്‍ എന്തെങ്കിലും രസം കാണും എന്നതുകൊണ്ട്‌ കഷ്ടപ്പെട്ട് വായിച്ചതാ. ആ കഷ്ടപ്പാടിന് മാത്രം ഞാന്‍ 5 മാര്‍ക്ക് കുറച്ചിട്ടുണ്ട് കേട്ടോടാ" എന്ന് തമാശ പറഞ്ഞിരുന്ന ഗീത ടീച്ചറായിരുന്നു എഴുത്തിലെ ആദ്യപ്രചോദനം. അന്ന് പച്ചമലയാളപ്രസ്ഥാനത്തില്‍ റീസര്‍ച്ച് ചെയ്യുകയായിരുന്നു ടീച്ചര്‍. സരസ്വതി ടീ‌‌ച്ചറാകട്ടേ ബഹുമാനത്തിന്റെ ഒരകലത്തിലേ എക്കാലവും നിന്നിരുന്നുള്ളൂ. പക്ഷേ നിരൂപണം/ആസ്വാദനം എന്നാല്‍ എന്താണെന്ന് മനസിലായത് ടീച്ചറില്‍ നിന്നാണ്. ഉറൂബിന്റെ 'കുഞ്ഞമ്മയും കൂട്ടുകാരും' എന്ന പാഠ്യവിഷയ നോവലിന് എഴുതിയ ആസ്വാദനം വായിച്ച് "ഇത് കൊള്ളാമല്ലോടോ, ഉറൂബിന്റെ മുഴുവന്‍ കൃതികളും വായിക്ക് ഒഴിവുള്ളപ്പോള്‍" എന്നൊരു അര നല്ലവാക്ക് മാത്രമേ കിട്ടിയിരുന്നുള്ളൂ എങ്കിലും അത് മനസില്‍ പതിഞ്ഞ് കിടന്നിരുന്നു.

നന്ദകുമാര്‍ സാറും, കവിത ടീച്ചറും ഇംഗ്ലീഷാണ് പഠിപ്പിച്ചത്. നന്ദകുമാര്‍ സാറിന്റെ ത്രീ‌‌ മസ്കിറ്റേര്‍സ്, ഡെത്ത് ട്രാപ്പ് ക്ലാസുകള്‍ ഇപ്പോഴും ഓര്‍മ്മയിലുണ്ട്. സാറിന്റെ ക്ലാസുകള്‍ വെറും ലെ‌‌ക്ചര്‍ അല്ല ഒറ്റയാള്‍ പെര്‍ഫോമന്‍സ്സുകള്‍ ആയിരുന്നു. ആഥോസും, ഡാര്‍ട്ട‌‌ഗ്‌‌നനും അങ്കം വെട്ടുന്നത് ഞാന്‍ ക്ലാസില്‍ വെച്ച് കണ്ടിട്ടുണ്ട്. കവിത ടീച്ചര്‍ 'കുഞ്ഞ് ടീച്ചറാ'യിരുന്നു. പ്രായം കൊണ്ടും ഉയരം കൊണ്ടും. ഇംഗ്ലീഷ് ഭാഷ ആസ്വദിക്കാന്‍ പ്രേരകമായത് ടീച്ചറുടെ ക്ലാസുകള്‍ ആയിരിക്കണം. ടീച്ചറുടെ ഭര്‍ത്താവ് സെന്റ്റല്‍ ഇന്റലിജെന്‍സില്‍ ആയിരുന്നു എന്ന് തോന്നുന്നു. അക്കാലത്ത് വാജ്‌‌പേയി ആണ് പ്രധാനമന്ത്രി. ടീവിയില്‍ വാജ്‌‌പേയിയെ കാണിക്കുമ്പോള്‍ ഇടയ്ക്ക് സഫാരി സ്യൂട്ടുമിട്ട് പുറകില്‍ ടീച്ചറുടെ ഭര്‍ത്താവിനെയും കാണാം. "ഇന്നലെ കക്ഷി കംപ്ലീറ്റ് എയറും പിടിച്ചോണ്ട് വാജ്പേയീടെ പുറകില്‍ നില്‍ക്കുന്നത് കണ്ടായിരുന്നല്ലോ" എന്നും പറഞ്ഞ് ഇടയ്ക്ക് ടീച്ചറെ കളിയാക്കാറും ഉണ്ടായിരുന്നു...

എന്നെങ്കിലും ഒരു എഴുത്തുകാരനായി ഇവരുടെ ഒക്കെ മുന്നില്‍ ചെന്ന് നില്‍ക്കും എന്നൊരു 'വലിയ ആഗ്രഹം/അഹങ്കാരം' അന്നുണ്ടായിരുന്നു. 'ദേ ഇവനെ ഞാന്‍ പഠിപ്പിച്ചതാണെ'ന്ന് അവര്‍ ഒരു കുഞ്ഞ് അഹങ്കാരത്തോടെ പറയുന്നത് കേള്‍ക്കാന്‍ ഒരു വലിയ ആഗ്രഹം. മാര്‍ക്ക് വലിയ കുഴപ്പമില്ലാതെ ഉണ്ടായിരുന്നതിനാല്‍ പ്രീഡിഗ്രിയ്ക്ക് ശേഷം ലിറ്ററേച്ചറിനും, സൈക്കോളജിക്കും ബിരുദത്തിന് അഡ്‌‌മിഷന്‍ കിട്ടി. എന്നാല്‍ വീട്ടിലെ പ്രശ്നങ്ങള്‍, പ്രാരാബ്ദങ്ങള്‍... മാസ്‌‌റ്റേഴ്സ് ഒക്കെ എടുത്ത് ജോലി തേടുക എന്നതൊന്നും അന്നത്തെ സാഹചര്യം വെച്ച് പ്രാക്റ്റിക്കല്‍ അല്ലെന്ന് കൗമാര ബുദ്ധിയില്‍ തെളിഞ്ഞു. എത്രയും പെട്ടെന്ന് ഒരു ജോലി കണ്ടെത്തുക, കാശുണ്ടാക്കുക എന്ന ഒറ്റ ഉദ്ദേശത്തോടെയാണ് അതെല്ലാം ഉപേക്ഷിച്ച് 'ടെക്കി' ആകാന്‍ തീരുമാനിച്ചത്, അതാകുകയും ചെയ്തു. പക്ഷേ ഒരുതരം വൈരാഗ്യബുദ്ധിയോടെ ആയിരുന്നു ശേഷമുള്ള പഠനം. എനിക്ക് താല്‍പ്പര്യം ഇല്ലാത്ത എന്തോ ആണ് നിവൃത്തികേടു കൊണ്ട് ചെയ്യുന്നതെന്ന ബോധ്യം. അതില്‍ ഒട്ടും കുറ്റബോധവും ഉണ്ടായിരുന്നില്ല, ഒട്ടൊക്കെ ആസ്വദിക്കുകയും ചെയ്തു. കുടുംബം പുലര്‍ത്താനായത്, സമ്പാദ്യം ഒന്നും ഇതുവരെയില്ലെങ്കിലും പ്രശ്നങ്ങളും പ്രരാബ്ദങ്ങളും ഒക്കെ ആമ്പലും-വെള്ളവും സമവാക്യത്തില്‍ നിവൃത്തിക്കാനായത് ഗ്ലോബലൈസേഷനും, ഐടിക്കൂലിപ്പണിയും കൊണ്ട്‌ തന്നെ ആണ്. അതാണ് സത്യവും. പക്ഷേ... ഒരിക്കല്‍ കൂടെ ചെന്ന് മുകളില്‍ പറഞ്ഞവരുടെ മുന്നില്‍ നില്‍ക്കാന്‍ മടിയായിരുന്നു. കൂട്ടുകാര്‍ പലരും പിന്നീട് കോളേജില്‍ പോകുമായിരുന്നു. ഞാന്‍ പോയതേയില്ല. പലരും ചെല്ലുമ്പോള്‍ ഇവരില്‍ ചിലരൊക്കെ എന്നെ അന്വേഷിച്ചിരുന്നു എന്നും അറിഞ്ഞു. എന്നാല്‍ അക്കാലത്ത് ആഗ്രഹിച്ചതു പോലെ എന്തെങ്കിലും ഒന്നാകാതെ ഇവരെയൊക്കെ സമീപിക്കാന്‍ നല്ല ജാള്യതയായിരുന്നു...

ഈ പഴങ്കഥയൊക്കെ ഇപ്പോള്‍ എന്തിനാണ് പറഞ്ഞതെന്ന് ചോദിച്ചാല്‍... ഇന്ന് രണ്ട് കോപ്പി 'പന്നിവേട്ട' ഓണ്‍ലൈനായി puzha.com വഴി ശ്രീവ്യാസാ NSS കോളേജിലെ മലയാളം , ഇംഗ്ലീഷ് ഡിപ്പാര്‍ട്ടുമെന്റുകള്‍ക്ക് അയച്ചു കൊടുത്തു. നൂറുകണക്കിന് പിള്ളേര്‍ കയറിയിറങ്ങിപ്പോയ ക്ലാസ് മുറികളില്‍ ഒരു 'ദേവദാസി'നെ ഇവരാരും ഓര്‍ക്കുമെന്ന് കരുതിയിട്ടൊന്നും അല്ല. പക്ഷേ ഇനി എന്നെങ്കിലും മുന്നില്‍ ചെന്നു നില്‍ക്കാന്‍ , ഒന്ന് പുഞ്ചിരിക്കാന്‍ ഉള്ള ഒരു ധൈര്യത്തിന്. നിങ്ങളു പറഞ്ഞതും, പഠിപ്പിച്ചതും ഒന്നും ഞാന്‍ വെറുതെയാക്കിയില്ല എന്ന് ബോധ്യപ്പെടുത്താന്‍, പിന്നെ ഇത്രയും കാലം ലജ്ജയോടെ അകന്നു നിന്നതിന്റെ വിഷമം ഇല്ലാതാക്കാന്‍...
 

(c)2009 Devadas V.M [ vm.devadas@gmail.com ]