Thursday, March 29, 2012

Q (2011) / Laurent Bouhnik

സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ആ നഗരത്തില്‍ Cecile കാമനയുടെ പ്രതീകമാണ്. അത് രതിയാകാം, ധനമാകാം, ആഗ്രഹങ്ങളാകാം. Decameron കഥ പറച്ചിലുകളുടെ ശൈലിയില്‍ സമൂഹ്യവ്യവസ്ഥിതിയും, രതിയും എല്ലാം ഇടചേര്‍ന്ന ആഖ്യാനമാണ് സിനിമയില്‍ സ്വീകരിക്കുന്നത്. രതി രംഗങ്ങളാകട്ടേ പലപ്പോഴും കൈകാര്യം ചെയ്യേണ്ടുന്ന വിഷയത്തിനും പുറത്തേയ്ക്ക് പോകുന്നുണ്ടോ എന്ന് സംശയമുണര്‍ത്തുന്നുണ്ട്. (പസോളിനിയെയൊക്കെ നമിക്കേണ്ടി വരുന്നത് ഇവിടെയാണ്). സിനിമയില്‍ ആണ്‍കാമനകളാണല്ലോ ആവിഷ്ക്കരിച്ചിരിക്കുന്നത് എന്ന് രാഷ്ട്രീയ വിയോജിപ്പ് ചിന്തയില്‍ രേഖപ്പെടുത്താന്‍ തുടങ്ങുമ്പോഴാണ് സാമ്പത്തിക പ്രതിസന്ധിയും, ധനവ്യയ കീഴ്മറിച്ചിലും നടന്ന ഒരു സമൂഹികാവസ്ഥ സ്ത്രീകളെ സ്വയം വില്‍പ്പനച്ചരച്ചരക്കാക്കി മാറ്റുന്നിടത്ത് അതിനെ വാങ്ങാന്‍ പിതൃ-അധികാര-ഉടമ-അവകാശി-യായ ആണ്‍കാമനകള്‍ക്കല്ലാതെ മറ്റെന്തിനാണ് നിലവിലെ അവസ്ഥയില്‍ സാധ്യമാകുന്നതെന്ന് മറുചിന്തയുയരുന്നത്. പക്ഷേ കമ്പോളത്തോട്, സാമ്പത്തിക വ്യവസ്ഥിയോട്, പൊതുകല്‍പ്പനകളോട് സമരസപ്പെടാന്‍ സിനിമയുടെ അന്ത്യം സൂചന നല്‍കുന്നതോടെ മറുചിന്തയുടെ സാധുത തുലോം കുറയുന്നുണ്ട്.

HIV ബാധിതനായ ഫ്രഞ്ച് കലാകാരന്‍ സിറില്‍ കൊളാര്‍ദിനെ പേരെടുത്തു പറഞ്ഞ് "To Cyril Collard, and to all those who still believe that love means something" എന്ന സംബോധനയോടെയാണ് സിനിമ തുടങ്ങുന്നത്. "pleasure has nothing to do with love" എന്ന് സിസില്‍ പറയുന്നുമുണ്ട്. പക്ഷേ ഒടുക്കം, കൂട്ടിക്കൊടുക്കലെന്ന് തോന്നും വിധം സാമരസപ്പെടലുകള്‍ക്ക് വിധേയമാകുന്ന ഉപഭോഗ-ഉല്‍പ്പന്ന-ധനവ്യയ വ്യവസ്ഥിതിയില്‍ സിനിമയിലെ അവസാന സംഭാഷണമായ "I love you. Even if it won't always be easy" എന്നും ആണ്‍കാമനകളുടെ തൃപ്തിപ്പെടുത്തലിനായി അവള്‍ക്ക് ഉച്ചരിക്കേണ്ടി വരുന്നുണ്ട്.

സിനിമ കണ്ടപ്പോള്‍ ഓര്‍ത്തത് കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് Prasanth Kalathil എഴുതിയ "രണ്ടു റിപ്പബ്ലിക്കുകള്‍" - http://prasaanth.blogspot.in/2008/05/blog-post.html - എന്ന കവിതയിലെ താഴെക്കാണുന്ന വരികളാണ്.
---------------------------------------------
വിയര്‍ക്കുന്നില്ലെങ്കിലും
അടിവസ്‌ത്രങ്ങളുടെ
രാഷ്‌ട്രമീമാംസ
ഞങ്ങളെന്നേ ഉപേക്ഷിച്ചു.
ഞങ്ങള്‍ വസന്തത്തെ
എതിരേറ്റതേ അടിയുടുപ്പുകള്‍
ഊരിയെറിഞ്ഞാണ്
എല്ലാ ഋതുക്കളും ഇതുതന്നെയെന്നു,
പച്ചക്കറിക്കടയും
അടുക്കളയും
കിടക്കവിരികളും
ഒട്ടും ആശ്ചര്യമില്ലാതെയാണ്
മനസ്സിലാക്കിയത്.
കല്ലോട് കല്ലെന്ന പോലെ
ഒരൊറ്റരാജ്യം ഒരൊറ്റജനത
എന്നൊട്ടിചേരാന്‍
അടിവസ്‌ത്രങ്ങള്‍ തടസ്സമെന്ന്
പാഠപുസ്‌തകങ്ങള്‍ പറയാതെത്തന്നെ
കുട്ടികള്‍ക്ക് പോലുമറിയാം.
അവസാനത്തെ തിരഞ്ഞെടുപ്പ്
എന്നായിരുന്നു എന്ന ചോദ്യം
ഒരു റിപ്പബ്ലിക്കന്‍ ഫലിതമായി
പ്രായമായവര്‍ ചിരിച്ചുകൊണ്ടേയിരിക്കും.
വേനലിന്റെ അവസാനം
ഒരു സന്ദര്‍ശകവിസ തരാമെന്നുവച്ചാല്‍,
പിന്നെ നിങ്ങള്‍ വിയര്‍ക്കില്ലെന്ന്
ഞാനെങ്ങനെ അറിയും സ്‌നേഹിതാ ?
---------------------------------------------
കസേരയും ചുമന്നു വലിച്ചുകൊണ്ട് നടക്കുനന്‍ ഒരു വൃദ്ധന്‍ കഥാന്ത്യത്തില്‍ തെരുവോരത്ത് ഇരിപ്പുറപ്പിച്ച് ചിരിക്കുന്നേരമാണ് പ്രായമായവരുടെ റിപ്പബ്ലിക്കന്‍ ഫലിതത്തെ ഞാനോര്‍ത്തത്

Wednesday, March 28, 2012

ആരോമലിന്റെ പുത്തരിയങ്കപ്പുറപ്പാട്

ഒരു വടക്കന്‍ വീരഗാഥയില്‍ ഇരുമ്പാണിയ്ക്കു പകരം മുളണി വച്ചു ചതിച്ച കൊല്ലനെക്കാണാന്‍ ചന്തു പോകുകയും പെരുങ്കൊല്ലനെ കൊല്ലാന്‍ വാളോങ്ങുമ്പോള്‍ കൊല്ലത്തിപ്പെണ്ണു വന്ന് പതംപറയുന്നതും കണ്ടപ്പോള്‍ അതും എംടീയന്‍ തിരക്കഥയുടെ മായന്തിരിപ്പാണെന്നാണ് കരുതിയത്. എന്നാല്‍ കൊല്ലത്തിപ്പെണ്ണിന് കാര്യങ്ങളൊക്കെ അറിയാമായിരുന്നു എന്ന് തന്നെയാണ് ആരോമലിന്റെ പുത്തരിയങ്കപ്പുറപ്പാട് വായിച്ചപ്പോള്‍ വെളിപ്പെടുന്നത്. കുളിയും കുറിയും കഴിഞ്ഞ് , ബന്ധുക്കളെ വന്ദിച്ച്, ദൈവങ്ങളെ വന്ദിച്ച് ആരോമല്‍ പുത്തരിയങ്കത്തിനിറങ്ങുന്നു. ഇറങ്ങുന്നേരം ദുശ്ശകുനങ്ങള്‍ ഏറെയാണ്. തച്ചന്റെ മഴുവും, മണ്ണാത്തി മാറ്റും , മാവിന്‍കൊമ്പ് അടര്‍ന്നു വീഴുന്നതും, അരയാല്‍ കടപുഴകിയതും ദുര്‍ന്നിമിത്തമായിട്ടും ആരോമല്‍ മടങ്ങിയില്ല. ഏഴരശ്ശനിയും അഷ്ടമത്തില്‍ വ്യാഴവും ഒത്തു വന്ന നേരമാണ് ബാലിയ്ക്ക് ഒളിയമ്പ് ഏറ്റു മരിച്ചതെന്നു നിരൂപിച്ച് തനിക്കും മരണം അടുത്തുണ്ടെന്ന് തീര്‍ച്ചയാക്കി തന്നെയായിരുന്നു പോക്ക്. ശനിദോഷമകറ്റാന്‍ ശബരിക്കുഴില്‍ ചെന്ന് അയ്യപ്പന് പായസം കഴിപ്പിച്ചും, ക്ഷീണമകറ്റാന്‍ തണ്ണീര്‍ കുടിച്ചും, വെറ്റില മുറുക്കി മുന്നോട്ടു നടക്കുമ്പോഴും മരണം നിഴലിച്ചിരുന്നു. ആ യാത്രക്കിടയില്‍ എവിടെ വച്ചോ ആണ് ചന്തുവിനെ കാണാതാകുന്നത്. കൊല്ലക്കുടിയിലെത്തുമ്പോള്‍ തന്റെ ചുരികകള്‍ പണി തീരുന്നത് കണ്ട് എന്തേ വൈകിയതെന്ന് അയാള്‍ ചോദിക്കുന്നു. രാത്രിയില്‍ അമ്പാടിക്കോലോത്ത് പണിയ്ക്കു പോയെന്ന് കൊല്ലന്‍ നുണ പറയുന്നു. ചതിയ്ക്കാന്‍ പൂര്‍ണ്ണ മനസൂ വരാഞ്ഞിട്ടോ‌ എന്തോ ചുരിക മുഴുവനായും കടഞ്ഞു തീര്‍ന്നില്ലെന്ന് ഒഴിവുകഴിവ് പറയുന്നുമുണ്ട് കൊല്ലന്‍. 

പക്ഷേ ആരോമല്‍ വാങ്ങിയത് ഒരു ചുരികയായിരുന്നില്ല. എണ്ണം പറഞ്ഞ് നാലു ചുരികകള്‍ വാങ്ങിയാണ് അയാള്‍ പതിനാറ് പണം കൊടുക്കുന്നത്. അന്നേരത്താണ് കൊല്ലത്തിപ്പെണ്ണിന്റെ ഇടപെടല്‍
"ഒന്നിങ്ങു കേള്‍ക്കേണം ചേകവരേ
ചുരിക ഇളക്കി ഞാന്‍ കണ്ടിട്ടില്ല"
ചതിയ്ക്ക് കൂട്ടു നില്‍ക്കാനാകാതെ കടക്കണ്ണില്‍ ചോര പൊടിഞ്ഞ് കൊല്ലത്തിപ്പെണ്ണ് ചുരികയൊന്ന് ഇളക്കി നോക്കി ബലം പരിശോദിക്കാന്‍ ആരോമലിനോട് ആവശ്യപ്പെടുന്നു.
"വെറുതേ പറയണ്ടാ കൊല്ലപ്പെണ്ണേ
പുത്തരിയങ്കത്തിനു പോണു ഞാനെ
വെറുതേ ചുരിക ഒട്ടും ഇളക്കയില്ല"
എന്ന് ആരോമല്‍ വീരസ്യം കട്ടായമായിത്തന്നെ പറയുന്നു. ഒരാവര്‍ത്തി കൂടി കൊല്ലപ്പെണ്ണ് ആവശ്യപെട്ടെങ്കിലും അയാളുടെ മറുപടിയില്‍ മാറ്റമുണ്ടായില്ല. വെറുതേ ചുരികയിളക്കുന്നത് കാണാനാണെങ്കില്‍ തന്റെ പുത്തൂരം വീട്ടിലേയ്ക്കു വരാന്‍ അയാള്‍ അവളെ കളിയാക്കി ക്ഷണിക്കുന്നു. നാലു ചുരികയടങ്ങിയ പൊതി കൈമാറുമ്പോള്‍ അവള്‍ പ്രാര്‍ത്ഥിക്കുന്നത്
"എന്റച്ഛാ മുത്തച്ഛാ പാരമ്പരേ
പുത്തൂരം വീട്ടിലെ ദൈവങ്ങളേ
മുറിച്ചുരികയെങ്കിലും വിളങ്ങിരിക്ക
എന്നു പറഞ്ഞു കൊടുത്തു കൈയ്യില്‍
ഇരുകൈയ്യും നീട്ട്യങ്ങ് വാങ്ങി ചേകോര്‍
പട്ടും മുറിയും കൊടുത്തവള്‍ക്കേ"

ഒരു ഗ്രീക്ക് ദുരന്ത നായകന്റെ അവസാന നിമിഷങ്ങളെ ഓര്‍മ്മിപ്പിക്കുന്ന അനുഭവമാണ് ആരോമലിന്റെ യാത്രാവിവരണം നല്‍കുന്നത്. മരണവും, ദുര്‍ന്നിമിത്തങ്ങളും അരികില്‍ കണ്ടിട്ടും അതിലേക്ക് സ്ഥൈര്യപൂര്‍വ്വം നടന്നടുക്കുന്ന കാഴ്ച.  ദുര്‍ന്നിമിത്തങ്ങള്‍ കണ്ട ശേഷവും  പിന്മാറാതെ മരണം  ഉറപ്പിച്ച് അന്തിമയുദ്ധത്തിനായി രാവണനും, ദുര്യോധനനുമൊക്കെ യാത്ര പുറപ്പെട്ടപോലൊരു പോക്ക്.  മലയാളിയുടെ ഓര്‍മ്മയില്‍ തിരശ്ശീലാ രൂപങ്ങളായി പതിഞ്ഞ "ആടാം പാടാം... അങ്കം വെട്ടിയകഥകളി"ലോ, എംടീയന്‍ തിരക്കഥയിലോ ഇല്ലാതായിപ്പോയത് അതാണ്.

Tuesday, March 6, 2012

My Little Princess, Tomboy & Le Havre

My Little Princess (2010)
ഫ്രഞ്ച് നടിയായ Eva Ionesco തന്റെ ബാല്യകാലത്തേയും, അമ്മയുമായുള്ള വിചിത്രബന്ധത്തേയും ആത്മകഥാപരമായിത്തന്നെ സിനിമയില്‍ ആവിഷ്ക്കരിക്കുന്നു. ഈവയുടെ ബാല്യ-കൗമാര കാലങ്ങളില്‍ പ്രൊഫഷണല്‍ ആര്‍ട്ടിസ്റ്റിക് ഫോട്ടോഗ്രാഫര്‍ ആയ അമ്മ സ്വന്തം മകളുടെ തന്നെ അര്‍ദ്ധനഗ്നമോ, പൂര്‍ണ്ണ നഗ്നമോ ആയ ഫോട്ടോകളെടുത്ത് പ്രസിദ്ധപ്പെടുത്തിയത് വിവാദങ്ങള്‍ക്ക് വഴി തെളിയിച്ചിരുന്നു. സമാനമായ കഥാതന്തുവാണ് 'എന്റെ കൊച്ചു രാജകുമാരി'യിലുമുള്ളത്. സംവിധായിക എന്ന നിലയില്‍ ഈവയുടെ രണ്ടാമത്തെ സിനിമയാണിത്, പലയിടത്തും പ്രൊഫഷണല്‍ അല്ലാത്ത സമീപനമുണ്ട്. എന്നാല്‍ വിഷയത്തിലെ പുതുമ, ആത്മകഥാപരമായ സമീപനം എന്നീ കാരണങ്ങളാല്‍ കണ്ടിരിക്കാന്‍ പറ്റി. കൊച്ചു രാജകുമാരിയായി അഭിനയിച്ച Anamaria Vartolomei തന്റെ വേഷം ശരിക്കും ഉള്‍ക്കൊണ്ടിരിക്കുന്നു.

Tomboy (2011)
അച്ഛന്‍, ഗര്‍ഭിണിയായ അമ്മ, ആറു വയസ്സുകാരിയായ അനിയത്തി എന്നിവരോടൊപ്പം പുതിയ താമസ സ്ഥലത്തെത്തുന്ന Laure എന്ന ബാലികയുടെ ലിംഗപരമായ സ്വത്വപ്രതിസന്ധിയാണ് ഈ ഫ്രഞ്ച് സിനിമയുടെ പ്രമേയം. ചിത്രത്തിന്റെ പേരു സൂചിപ്പിക്കുന്നതു പോലെ ആണ്‍കുട്ടികളുടേതായ വേഷം, പെരുമാറ്റം എന്നിവയാണ് Laure സ്വീകരിക്കുന്നത്. പുതിയ വാസസ്ഥലത്തെ കൂട്ടൂകാര്‍ക്കു മുന്നില്‍ Michael എന്നു പേരുള്ള ആണ്‍കുട്ടിയായാണ് അവള്‍ സ്വയം പരിചയപ്പെടുന്നതും, സൗഹൃദത്തിലാകുന്നതും. അതു മാത്രമല്ല അക്കൂട്ടത്തില്‍ Lisa-യുമായി പ്രണയത്തോളമെത്തുന്ന അടുത്ത ബന്ധം പുലര്‍ത്തുകയും ചെയ്യുന്നു. എന്നാല്‍ തന്നെ ചതിയ്ക്കുന്ന ശരീരവുമായി എത്രനാള്‍ പിടിച്ചു നില്‍ക്കാനാകും എന്നതാണ് Laure-ന്റെ പ്രശ്നം. തന്റെ ദ്വന്ദവ്യക്തിത്വവും, മാനസികവ്യാപാരങ്ങളും അമ്മ അറിയുന്നതോടെ അവളുടെ ജീവിതം കൂടുതല്‍ സങ്കീര്‍ണ്ണമാകുകയാണ്. കുട്ടികളാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങള്‍ അവരുടെ സൗഹൃദം, കളികള്‍, നിഷ്ക്കളങ്കത, കൊച്ചുകൊച്ചു കള്ളത്തരങ്ങള്‍ എന്നിവയിലൂടെയാണ് സിനിമ മുന്നോട്ടു പോകുന്നതും. എന്നാല്‍ പരോക്ഷമായി ലൈംഗികത ഓരോ ഷോട്ടിലും രേഖപ്പെടുത്തുന്നുണ്ട്. ആറുവയസുകാരി അനിയത്തിയെയോ, കൗമാരത്തിനോടടുത്തു നില്‍ക്കുന്ന ലിസയേയോ ഒക്കെ പകര്‍ത്തുമ്പോഴും ക്യാമറ പങ്കു വയ്‌‌ക്കുന്ന നോട്ടം , അതത്ര നിഷ്ക്കളങ്കമായ ഒന്നല്ല, മറിച്ച് ലൈംഗികമായ സൂചനകളുടേതാണ്. ഫിലാ‌‌ഡെല്‍ഫിയ, സാന്‍ ഫ്രാന്‍സിസ്കോ, റ്റൊറീനോ Gay & Lesbian ഫിലിം ഫെസ്റ്റുകളില്‍ യഥാക്രമം Jury Prize, Audience Award, Best Feature Film എന്നീ അവാര്‍ഡുകള്‍ ലഭിക്കുകയും, GLAAD Media പുരസ്ക്കാരം ലഭിക്കുകയും ചെയ്ത ഈ ചിത്രം ബെര്‍ളിന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ LGBT പ്രമേയമായ ചിത്രത്തിനുള്ള Teddy Award നേടുകയുണ്ടായി.

Le Havre (2011)
ഫിന്നിഷ് സംവിധായകന്‍ കൗരിസ്മാക്കിയുടെ - ഇത്തവണ കാൻസിൽ ഫിപ്രസി പുരസ്ക്കാരം ലഭിച്ച - പുതിയ സിനിമയുടെ പ്രമേയ പരിസരം പേരു സൂചിപ്പിക്കുന്നതു പോലെത്തന്നെ വടക്കുപടിഞ്ഞാറൻ ഫ്രഞ്ച് നഗരമായ Le Havre ആണ്. അവിടെ തെരുവോരങ്ങളിൽ ഷൂ പോളിഷ് ചെയ്ത് ഉപജീവനം നടത്തന്ന Marcel Marx എന്ന വൃദ്ധൻ, അയാളുടെ രോഗിണിയായ ഭാര്യ Arletty, അവരുടെ അയൽക്കാർ, നഗരത്തിൽ നിയമവിരുദ്ധമായി കുടിയേറ്റത്തിനിടെ ഒറ്റപ്പെടുന്ന ആഫ്രിക്കൻ ബാലൻ Idrissa, അവനെ പിന്തുടരുന്ന പോലീസ് ഉദ്യോഗസ്ഥൻ എന്നിവരിലൂടെയാണ് സിനിമ മുന്നോട്ടു പോകുന്നത്. യൗവ്വനകാലത്തെ ബൊഹീമീയൻ ജീവിതം ഉപേക്ഷിച്ച Marcel തീർത്തും അദ്ധ്വാനിയായി, ലളിത ജീവിതമാണ് വാർദ്ധക്യത്തിൽ സ്വീകരിക്കുന്നത്. Arletty-യുമായി സ്നേഹവും, ആദരവും കലർന്ന ബന്ധമാണ് അയാൾക്കുള്ളത്. സമ്പത്തില്ലെങ്കിലും, സൗഹൃദത്തിന്റേയും സ്നേഹത്തിന്റേയും കാര്യത്തിൽ Marcel ധനികനാണ്. എന്നാൽ അസുഖം കൂടുതലായി ഭാര്യ ആശുപത്രിയിലാകുന്നതോടെ Marcelന്റെ ജീവിതത്തിൽ മാറ്റങ്ങൾ സംഭവിക്കുന്നു. ആഫ്രിക്കയിൽ നിന്ന് Le Havreലേയ്ക്ക് അനധികൃത കുടിയേറ്റം നടത്തുന്നതിനിടെ പിടിയ്ക്കപ്പെടുകയും, പോലീസിനെ വെട്ടിച്ച് രക്ഷപ്പെടുകയും ചെയ്യുന്ന ബാലന്റെ സംരക്ഷണച്ചുമതല എന്ന വലിയ ദൗത്യം അയാൾ എറ്റെടുക്കുന്നു. ഇംഗ്ലണ്ടിലെങ്ങോ നിയമവിരുദ്ധമായി കുടിയേറിയിരിക്കുന്ന അമ്മയുടെ അരികിലെത്തുകയാണ് ബാലന്റെ ലക്ഷ്യം. അതിന് നിമയത്തിന്റേയും, പോലീസിന്റേയും കണ്ണുവെട്ടിച്ച് സഹായം ചെയ്തു കൊടുക്കലാണ് Marceന്റേയും, സുഹൃത്തുക്കളുടേയും ദൗത്യം. Idrissa എന്ന ബാലൻ, Marcelന്റെ സുഹൃത്തായ Chang (അയാളാകട്ടേ വിയറ്റ്നാമിൽ നിന്ന് കുടിയേറിയവനും, ഒരു ചൈനാക്കാരന്റെ ഐഡന്റിറ്റിക്കടലാസ്സിൽ ജീവിക്കുന്നവനുമാണ്) എന്നിവരൊഴികെ സിനിമയിൽ പ്രത്യക്ഷപ്പെടുന്നവരെല്ലാം വൃദ്ധരോ, മധ്യവയസ്ക്കരോ ആണ്. അയൽക്കാർ, ഡോക്ടർ, പോലീസ് ഏജന്റ്, ബാറിലെ സുഹൃദ്‌സംഘം അങ്ങനെയങ്ങനെയങ്ങനെ... എന്തിനേറെ Idrissa-യെ നാടുകടത്താനായി ചാരിറ്റി ഫണ്ട് ശേഖരിക്കാൻ അവർ കണ്ടെത്തുന്ന മാർഗം Le Havre-ലെ വൃദ്ധനായ റോക്ക് സ്റ്റാർ ലിറ്റിൽ ബോബിന്റെ പ്രോഗ്രാമാണ്. ആഫ്രിക്കൻ ബാലനെ അതിർത്തി കടത്താൻ തന്റെ വാർദ്ധക്യം പോലും മറന്നുകൊണ്ട് Marcel നിയമവിരുദ്ധമായി നടത്തുന്ന കൊച്ചു സാഹസങ്ങളിലൂടെയാണ് സിനിമ മുന്നോട്ടു പോകുന്നത്. ശ്രദ്ധേയമായ മറ്റൊരു കാര്യം ഇതിലെ ഓരോ ഫ്രെയിമും, ഓരോ ഷോട്ടും അത്രമേൽ കൃത്യതയോടെ പ്രകാശക്രമീകരണം നടത്തിയ അതിമനോഹരമായ നിശ്ചല ചിത്രങ്ങളാണ്. Timo Salminen അക്കാര്യത്തിൽ പ്രത്യേകം അഭിനന്ദനമർഹിക്കുന്നുണ്ട്.
 

(c)2009 Devadas V.M [ vm.devadas@gmail.com ]