Monday, September 19, 2011

മാറേണ്ട സമരമുറകൾ അഥവാ കൂടുന്ന ഉത്തരവാദിത്വം.

തെരുവിലെ സമരമെന്നാല്‍ അത് ആകസ്മിതകളും, അപ്രതീക്ഷിതങ്ങളും കൂടിച്ചേർന്നതാണ്. തെരുവിലിറങ്ങി സമരം ചെയ്തു തന്നെയാണ് നാം പലതും നേടിയതും, നേടുന്നതും. അതൊരു രാഷ്ട്രീയ പ്രക്രിയ തന്നെയാണ്. ഒറ്റപ്പെട്ട സംഭവങ്ങള്‍ കൊണ്ട് അതിനെ പാടേ ഇല്ലാതാക്കാന്‍ കഴിയുകയില്ല താനും. പക്ഷേ ആഹ്വാനം ചെയ്യുമ്പോള്‍/ചെയ്യുന്നവർ അത് നടപ്പിലാക്കുന്ന രീതിശാസ്ത്രത്തോട് കൂടുതല്‍ ഉത്തരവാദിത്വം പുലര്‍ത്തേണ്ടിയിരിക്കുന്നു എന്നതിന്റെ സൂചനയ്ക്കു വേണ്ടിയാണ് ഈ കുറിപ്പ്. പൊതുമുതല്‍ നശിപ്പിക്കാന്‍ ഏതെങ്കിലും പാർട്ടി നേതൃത്വം നേരിട്ട് ആഹ്വാനം  നല്‍കുമെന്നും കരുതുന്നില്ല. സമരക്കാരെല്ലാം ശല്യക്കാര്‍ എന്ന വാദം ഉന്നയിക്കാനല്ല ഈ പറയുന്നതെന്നന്നും; തെരുവിലെ സമരത്തെ നിഷേധിച്ചിട്ടില്ല, നിഷേധിക്കുന്നില്ല, നിഷേധിക്കുകയുമില്ലെന്ന മുഖവുരയോടെ തുടങ്ങട്ടേ...

സമ്മേളന മൈതാനത്ത് ബഹളം കൂട്ടിയ അണികളോട് "ഉഷാ ഉതുപ്പിന്റെ ഗാനമേള കാണാന്‍ വന്ന ആള്‍ക്കൂട്ടമല്ല ഇതെന്ന് ഓര്‍മ്മിക്കണം. കള്ളുകുടിയന്റെയല്ല കമ്യൂണിസ്റ്റുകാരന്റെ ആവേശമാണ് കാണിക്കേണ്ടത്" എന്ന് പിണറായി പറഞ്ഞതിന്റെ ഓര്‍മ്മകളെങ്കിലും ഉണ്ടായിരിക്കണം. ഇത് കാലം മാറി. നാല് ബസ്സിന് കല്ലെറിഞ്ഞു എന്ന് പത്രത്തില്‍ വാര്‍ത്ത വരുന്ന കാലമല്ലിത്, കല്ലേറുകൊണ്ട് തകര്‍ന്ന ബസ്സിന്റെ പടം കാണിക്കുന്ന കാലവും മാറി. സമരക്കാരന്‍ കല്ലെടുക്കാന്‍ കുനിയുന്നത് മുതല്‍ എറിയുന്നത് വരെയുള്ള ന്യൂസ് ലൈവ് വീഡീയോകളുടെ കാലമാണ്. അത് സമൂഹമനസില്‍ ഉണ്ടാക്കുന്ന ഇഫക്റ്റും, ഇംപാക്റ്റും വേറെയാണെന്ന് ആര്‍ക്കാണ് അറിയാത്തത്. ശരിയാണ് സമരമെന്നാല്‍ അതില്‍ എല്ലായ്പ്പോഴും ആഹ്വാനം ചെയ്യുന്ന പാര്‍ട്ടിയുടെ പരിപൂര്‍ണ്ണ നിയന്ത്രണത്തോടെ ആയിരിക്കില്ല തെരുവില്‍ സംഭവിക്കുന്നത്. അത് ഭാഗികമായി ഞാനും അംഗീകരിക്കുന്നു. തെറ്റലും, തെന്നലുകളും, അഡ്രിനാലിന്‍ ആവേശത്തള്ളലുകളും ഉണ്ടായേക്കാം. പക്ഷേ അതിനെ അഡ്രസ് ചെയ്യേണ്ട ബാധ്യതയും, സമരക്കാര്‍ക്ക് ബോധവല്‍ക്കരനം നല്‍കേണ്ട ബാധ്യതയും പാര്‍ട്ടികള്‍ക്കുണ്ട് എന്ന് വിശ്വസിക്കുന്നു. ഇനിയഥവാ ഒറ്റപ്പെട്ടതാണെങ്കിലും ഇത്തരം സംഭവങ്ങള്‍ ഉണ്ടായാല്‍ അതിന് ഉത്തരവാദികളായവരോട് വിശദീകരണം തേടാനോ, ആഹ്വാനത്തില്‍ നിന്ന് വ്യതിചലിച്ചതിന്റെ കാരണം ആരായാനോ പാര്‍ട്ടി(കള്‍‌) തയ്യാറാകണം എന്ന പക്ഷക്കാരനാണ് ഞാന്‍. അണികള്‍‌/ആള്‍ക്കൂട്ടം എന്നാല്‍ റീമോട്ടുകൊണ്ട് നിയന്ത്രിക്കേണ്ട കളിപ്പാവകളല്ല എന്നറിയാം . പക്ഷേ ഒരു രാഷ്ട്രീയപ്പാര്‍ട്ടി ആഹ്വാനം ചെയ്യുന്ന സമരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് മിനിമം ചില ഉത്തരവാദിത്വങ്ങളുണ്ട്. ആവേശം കാണിക്കാന്‍ വേണ്ടി മാത്രമല്ലല്ലൊ ഒരു ആശയ പ്രതിനിധാനത്തിനും, ആവശ്യത്തിനും വേണ്ടിയല്ലേ തെരുവിലിറങ്ങുന്നത്?

കേന്ദ്രസര്‍ക്കാര്‍ പെട്രോള്‍ വില വര്‍ദ്ധിപ്പിച്ചതിന്റെ പേരിലുള്ള സമരത്തിന് തി.പുരത്ത് പോലീസ് ഇടപെടലും, മര്‍ദ്ദനവും ഉണ്ടായതിന് ആ ജില്ലയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ച ദിവസം കൊല്ലത്തെ ബി.എസ്.എന്‍.എഒ ഓഫീസിലേയ്ക്ക് മാര്‍ച്ചു ചെയ്ത് ചില്ലുടച്ച് കസേരയും, മേശയും, ക്യാബിനുകളും തല്ലി തകര്‍ക്കുന്നതിന്റെ രാഷ്ട്രീയമെന്ത്? നഷ്ടത്തില്‍ മുങ്ങിയും, പൊങ്ങിയും ആമ്പലും, വെള്ളവും കളിക്കുന്ന കെ.എസ്.‌‌ആര്‍,.സി ബസ്സുകളെ വീണ്ടും കല്ലെറിഞ്ഞും , ടയറുകുത്തിക്കീറിയും കട്ടപ്പുറത്ത് കേറ്റിയാല്‍ എന്ത് രാഷ്‌‌ട്രീയ ദൗത്യമാണ് നിറവേറപ്പെടുന്നത്? സമരത്തെ തല്ലിയമര്‍ത്തുന്ന പോലീസ് എന്ന സര്‍ക്കാര്‍ സേനയെ കായികമായോ, അല്ലാതെയോ നേരിടുന്നതിനെ തെരുവിന്റെ നീതിവെച്ച് ന്യായീകരിക്കാം. എന്നാല്‍ മറ്റുള്ളതിനെ അങ്ങനെ ഒതുക്കത്തില്‍ സാധിക്കുമോ? കാലം മാറുകയാണ്, അതിനനുസരിച്ച് സമരമുറകള്‍ കൂടുതല്‍ ശ്രദ്ധയോടെ ആവിഷ്ക്കരിക്കേണ്ടതും, നിയന്ത്രികേണ്ടതുമാണ്. ദൗര്‍ഭാഗ്യകരമായ സംഭവങ്ങള്‍ അപ്രതീക്ഷിതമായി ഉണ്ടായാല്‍ തന്നെ അത് ശ്രദ്ധിക്കാനും ശാസിക്കാനും കൂടെ പാര്‍ട്ടി ഘടകങ്ങള്‍ക്ക് ബാധ്യതയില്ലേ? അതൊന്നും ഇല്ലാത്ത ഒഴുക്കന്‍ മട്ടാകരുതല്ലോ കേഡര്‍ പാര്‍ട്ടികളുടെയെങ്കിലും നയവും, ന്യായവും. അല്ലേ?

സമരമുറകളെ ഏത് വിധേനയും അടിച്ചമര്‍ത്തിയിരുന്ന (കരുണാകരന്റെയൊക്കെ കാലത്തെ) 'പോലീസ് രാജി'നോടുള്ള പ്രതികരണമായി എങ്ങനെയെങ്കിലും സര്‍ക്കാര്‍/സര്‍ക്കാര്‍ ഏജന്‍സികള്‍ക്കെതിരെ പ്രതികരിക്കുകയെന്ന പ്രകിയയുടെ ഭാഗമായി തുടങ്ങിവെച്ച ഈ ബസ്സിനു കല്ലേറ്, സ്ഥാപനം കയറി തല്ലിപ്പൊളിക്കല്‍ തുടങ്ങിയ സമരമുറകള്‍ ഇനിയും (അശ്രദ്ധമായി) തുടരാന്‍ തന്നെയാണോ ഭാവം? 20 വര്‍ഷം മുന്നത്തേതു പോലാണോ ഇപ്പോള്‍ സമരമുറകള്‍? അല്ലെന്നാണ് കരുതുന്നത്. ആക്രമണ സംഭവങ്ങളില്‍ കുറവുണ്ടായിട്ടുണ്ട് എന്നാണ് തോന്നല്‍. പക്ഷേ ഒറ്റപ്പെട്ട ഇത്തരം സംഭവങ്ങള്‍ കൊണ്ട് സമരത്തിന്റെ വിഷയം ഇല്ലായ്മ ചെയ്യപ്പെടരുത്. അതുകൊണ്ട് സമരത്തിനിറങ്ങുന്ന അണികളും, ആഹ്വാനം ചെയ്യുന്ന രാഷ്റ്റ്രീയ പാര്‍ട്ടികളും കൂടുതല്‍ ഉത്തരവാദിത്വവും, ശ്രദ്ധയും പുലര്‍ത്തണമെന്നാണ് ആഗ്രഹം‌. ആ അല്ലാതെ

വാദത്തിനുയുള്ള സമര്‍ത്ഥനങ്ങളല്ലാതെ ഇക്കാര്യത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ എത്രമാത്രം  ബോധവല്‍ക്കരണം  നടത്തുന്നുണ്ട്. സമരമുറകളില്‍ സ്വീകരിക്കേണ്ട നയങ്ങളേയും, (രാഷ്ട്രീയ)ബാധ്യതകളേയും  കുറിച്ച്  അണികള്‍ക്ക്, പ്രവര്‍ത്തകര്‍ക്ക് വ്യക്തമായ ബോധനം  നല്‍കുന്ന എന്തെങ്കിലും  ഒരു കാര്യപരിപാടിയോ, നിര്‍ദ്ദേശക്കുറിപ്പുകളോ ഈയടുത്തെങ്ങാനും ഉണ്ടായിട്ടുണ്ടോ? ദ്വന്ദയുദ്ധത്തില്‍ സാഞ്ചോ പാന്‍സയെ മുന്നോട്ടിറക്കുന്ന ക്വിക്സോട്ടീയന്‍ കൈകഴുകല്‍ നീതിയല്ല അണികളും, പാര്‍ട്ടികളും എന്നാണ് ഞാന്‍ മനസിലാക്കുന്നത്. ഒറ്റപ്പെട്ട സംഭവങ്ങളാകിലും ഇതു മൂലം ഏത് രാഷ്ട്രീയ വിഷയത്തിന്മേലാണോ സമരം നടക്കുന്നത് അതിന്റെ കാതലായ വശത്തില്‍ നിന്ന് അതിനെ അടര്‍ത്തിയെടുക്കാനും, അവനവനാഖ്യാനങ്ങള്‍ ചമയ്ക്കാനുമുള്ള ചില മാധ്യമ കഴുകന്‍ കൂട്ടം വട്ടമിട്ടു പറക്കുന്ന ഇക്കാലത്ത് തെരുവില്‍ സമരത്തിനിറങ്ങുന്നവരുടെ മേല്‍ ശ്രദ്ധയുടെ, ഉത്തരവാദിത്വത്തിന്റെ, ഉയര്‍ന്ന രാഷ്ട്രീയ ബോധത്തിന്റെ അമിതബാധ്യതയുണ്ടാകണം. ആ രീതിയിലേക്ക് അവരെ ബോധവല്‍ക്കരിക്കാന്‍ രാഷ്ട്രീയപാര്‍ട്ടികള്‍ തുനിയുകയും വേണം.

Monday, September 12, 2011

കഥ, ജീവിതം, എഴുത്ത്, വായന, കാലം, കാലക്കേട്

സമകാലിക സാഹിത്യ വിപണിയില്‍ അനുഭക്കുറിപ്പുകളുടെ തള്ളിച്ച സൃഷ്ടിക്കുന്ന അസന്തുലിതാവസ്ഥയെന്ത്? ശുദ്ധ സാഹിത്യത്തിനും, ഭാവനാ സൃഷ്ടികള്‍ക്കും അതുമൂലം വായനാക്കുറവ് ഉണ്ടാകുന്നുണ്ടോ? കഴിഞ്ഞ ഒരു ദശാബ്ദത്തിനുള്ളില്‍ മലയാളസാഹിത്യത്തില്‍ എന്തെങ്കിലും മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ടോ? ഇതിനെക്കുറിച്ച് എഴുത്തുകാരന്‍+വായനക്കാരന്‍ എന്ന നിലയ്ക്കുള്ള അഭിപ്രായമാണ് ഇന്ത്യാടുഡേയുടെ ഓണം സ്പെഷല്‍ പതിപ്പിലെ 'കഥയല്ല, ജീവിതം' എന്ന ലേഖനത്തിലേയ്ക്കായി  ചോദിച്ചിരുന്നത്. എഴുതി തയ്യാറാക്കിയ കുറിപ്പിന്റെ പൂര്‍ണ്ണരൂപം താഴെ


ഭാഷയിലും, സാഹിത്യത്തിലും മാറ്റങ്ങള്‍ ഉണ്ടായിക്കൊണ്ടേയിരിക്കുകയെന്ന‌ത് അനിവാര്യതയാണ്. അത് നടന്നില്ലെങ്കിലാണ് ആകുലപ്പെടേണ്ടത്. എന്നാല്‍ തീര്‍ച്ചയായും കൂടുതല്‍ ശ്രദ്ധയോടെ ചിന്തിക്കേണ്ട, നിരീക്ഷണങ്ങള്‍ നടത്തേണ്ട ചില കാര്യങ്ങളുണ്ട്. ഉന്നയിക്കപ്പെട്ട പ്രശ്നങ്ങളില്‍ ഒന്നാമത്തേത് "സരളാഖ്യാനമുള്ള ജീവിത കഥനങ്ങള്‍ക്ക് വായനക്കാര്‍ കൂടുന്നതി"നെപ്പറ്റിയാല്ലോ. അതൊരു മോശം കാര്യമെന്ന് ഒരിക്കലും തീര്‍ച്ചപ്പെടുത്താനാകില്ല. വായനയുടെ/വായനക്കാരുടെ മേല്‍ അടിച്ചേല്‍പ്പിക്കലുകള്‍ നടത്താന്‍ ഒരിക്കലും സാധ്യമല്ല. അതിനു തുനിഞ്ഞാല്‍ വര്യേണ്യമായ അല്ലെങ്കില്‍ ശുദ്ധസൈദ്ധാന്തികമായ പ്രാബല്യത്തിന് വഴിയൊരുക്കലായിരിക്കും. നളിനി ജമീലലേയോ, സിസ്റ്റര്‍ ജെസ്മിയേയോ, ദേവകി നിലയങ്ങോടിനേയോ, മണിയന്‍ പിള്ളയേയോ ഒക്കെ ആളുകള്‍ കൂടുതലായി വായിക്കുന്നു എന്നത് ഇതര വായനകളെ ഏതെങ്കിലും വിധത്തില്‍ ദു‌ര്‍ബലപ്പെടുത്തുന്നുണ്ടോ എന്നുള്ളതിന് കൃത്യമായ ഒരുത്തരം സാധ്യമല്ല. സമകാലിക സമൂഹത്തില്‍ മനുഷ്യന്‍ തന്റെ എല്ലാ ചെയ്തികളിലും സ്വീകരിച്ചിരിക്കുന്ന വര്‍ഗീകരണം എന്ന പ്രക്രിയയെ വായനയിലും സ്വാംശീകരിച്ചിരിക്കണം. പരന്ന വായന എന്ന ആശയം ഇന്ന് ഒട്ടൊക്കെ പഴഞ്ചനാണ്; മറിച്ച് അഭിരുചി, വിഷയം, രാഷ്ട്രീയം, ഇതിവൃത്തം എന്നിവയിലൂന്നിയ വേര്‍തിരിവുകളും, വര്‍ഗീകരണവും വായനയ്ക്കു മേലെയും ഉപയോഗപ്പെടുത്തുന്നു. ജീവിത കഥനങ്ങളുടെ പുസ്തകങ്ങള്‍ പലപതിപ്പ് വിറ്റു പോകുമ്പോള്‍ തന്നെയാണ് ഇവിടെ ഫിക്ഷനിലും ഹിറ്റുകള്‍ ഉണ്ടാകുന്നത്. ഫ്രാന്‍സിസ് ഇട്ടിക്കോരയും, ആടുജീവിതവും, പാലേരി മാണിക്യവും, എന്‍മകജെയും, ബര്‍സയുമെല്ലാം പൊതുവായനാസമൂഹം ഉള്‍പ്പെടെ ഏറ്റെടുത്ത് ഹിറ്റാക്കിയ പുസ്തകങ്ങളാണ്. ഒരു പുസ്തകത്തിന്റെ കമ്പോള വിജയത്തിനു പുറകില്‍ പല കാരണങ്ങളും ഉണ്ടായേക്കാം. എന്നാല്‍ ഏതെങ്കിലും ഒരു/പ്രത്യേക സര്‍ക്കിളിനെ സംബോധന ചെയ്യുന്ന പുസ്തകങ്ങളെ അക്കൂട്ടം ഏറ്റെടുക്കുകയും, ആശയപ്രചരണത്തിന്റെ ഭാഗമായി കൂടെക്കൂട്ടുകയും ചെയ്യുന്നു എന്നതാണ് പുതിയ പ്രവണത. (ഇത് ഒരു മോശം കാര്യമാണെന്ന അഭിപ്രായം തീര്‍ത്തും ഇല്ലെന്ന് ആത്മാര്‍ത്ഥമായി തന്നെ പറഞ്ഞുകൊള്ളട്ടേ) ഈ പ്രവണത മുന്‍കാലങ്ങളിലും നിലനിന്നിരുന്ന സാധ്യതയാകാം; എന്നാല്‍ ഇക്കാലത്ത് കൂടുതല്‍ പ്രകടമാണ്. പരിസ്ഥിതി സംരക്ഷണം, പ്രവാസം, ഇടതുപക്ഷ രാഷ്ട്രീയത്തോട് അല്ലെങ്കില്‍ സംഘടനകളോട് അനുകൂലം/പ്രതികൂലം, ഇസ്ലാം ആശയങ്ങളോട് അനുകൂലം/പ്രതികൂലം, സ്ത്രീ സ്വാതന്ത്ര്യം, ദളിത് പക്ഷം എന്നിങ്ങനെയുള്ള പലവിധ ലേബലുകളോടെയാണ് ഇന്ന് കൃതികള്‍ പുറത്തിറങ്ങുന്നത്. ഒരുപക്ഷേ, നേരത്തേ സൂചിപ്പിച്ച 'വായനയിലെ വര്‍ഗീകരണ'ത്തിന്റെ അനുശീലന മാതൃകകളാകാം ഇത്തരം ലേബലുകളും.

എന്നാല്‍ സാഹിത്യത്തിലെ കൂടപ്പുഴുക്കളില്‍ ചിലതെങ്കിലും ഗൃഹാതുരത്വത്തിന്റെയും, ഗ്രാമനന്മയുടേയും, അമിത പ്രതീക്ഷയുടേയും, സോദ്ദേശ-സന്ദേശങ്ങളുടേയും, സംഘടിത രാഷ്ട്രീയത്തിന്റേയും ആവരണങ്ങള്‍ പിളര്‍ന്ന് നഗര സംബന്ധിയായ അസ്വാരസ്യങ്ങള്‍, സാമ്പത്തിക വിനിമയ ശൃംഘലകള്‍‌, കമ്പോള വ്യവഹാരങ്ങള്‍‌, അധോലോക ആകുലതകള്‍‌, വിപണിയിലെ കിടമല്‍സരങ്ങള്‍, വൈയ്യക്തിക രാഷ്ട്രീയത്തിന്റെ തനിയായ നിലനില്‍പ്പ്... തുടങ്ങി ആഗോളവല്‍ക്കരണാനന്തരമുള്ള പുതു സാധ്യതകളിലേയ്ക്ക് തങ്ങളുടെ എഴുത്തിന്റെ വിഷയങ്ങള്‍ വ്യാപിപ്പിക്കുന്നുണ്ട്. അത് പ്രതീക്ഷ നല്‍കുന്ന ശ്രമങ്ങളാണ്. അവയില്‍ എത്രയെണ്ണം ശ്രദ്ധേയമാകുന്നു, കമ്പോള വിജയമാകുന്നു എന്നൊക്കെയുളത് മറ്റൊരു വിഷയമാണ്. പക്ഷേ, അത്തരം സമാന്തര ശ്രമങ്ങള്‍ നടക്കുന്നുണ്ട് എന്നതാണ് വാസ്തവം. ഒരു വലിയ വായനക്കൂട്ടം പുതു തലമുറയിലെ എഴുത്തുകളെ (ശ്രദ്ധയോടെ)കാത്തിരിക്കുന്നു എന്ന മിഥ്യാബോധം എനിക്കില്ല; അങ്ങനെ സംഭവിച്ചെങ്കില്‍ എന്ന് ആഗ്രഹമുണ്ടെങ്കിലും. മറ്റൊരു സുപ്രധാന ഘടകം സൈബര്‍ സ്പേസ് ആണ്. അതിന്റെ സാമൂഹികപ്രഭാവം അത്രമേല്‍ വിസ്‌തൃതവും, സങ്കീര്‍ണ്ണവുമാകയാല്‍ പുസ്തക വായനയ്ക്കു മേല്‍ അതു ചെലുത്തുന്ന സ്വാധീനത്തെ ചെറുതായിക്കാണാന്‍ വയ്യ. പോപ്പുലാര്‍ ഇന്റര്‍നെറ്റ് എഴുത്തിന്റേയും, വായനയുടെയും പുത്തന്‍ വ്യവഹാര രംഗമാണ്. അവിടെ വായനക്കാരന്‍ വെറും വായനക്കാരന്‍ മാത്രമല്ല. മറിച്ച് എഴുത്തിനോട് പ്രതികരിക്കുന്ന, ചോദ്യം ചെയ്യലുകള്‍ നടത്തുന്ന, വിശകലന സാധ്യതകള്‍ തേടുന്ന, തുടരെഴുത്തുകള്‍ നടത്തുന്ന അസ്‌തിത്വമാണ്. ചുരുക്കിപ്പറഞ്ഞാല്‍ അവിടെ വായനക്കാരനും, എഴുത്തുകാരനും തമ്മിലുള്ള വേര്‍ത്തിരിവ് താരതമ്യേന ദുര്‍ബലമാണ് അഥവാ വായനക്കാരന്‍ തന്നെ എഴുത്തുകാരനുമാണ്. തങ്ങള്‍ക്ക് അഭിരുചികള്‍ക്കും, താല്‍പ്പര്യങ്ങളും അനുകൂലമായ ഒരു ഭാഷയേയോ, ഇടത്തേയോ കണ്ടെത്താനുള്ള ശ്രമമാണ് അക്കൂട്ടത്തില്‍ നടക്കുന്നത്. കാരണം അക്ഷരക്കൂട്ടങ്ങളെ മാത്രം പരിഗണിക്കാതെ ശബ്ദസങ്കേതങ്ങളുടെയും, ദൃശ്യപരതയുടേയും അനുകൂല ഘടകങ്ങളെക്കൂടി ആഖ്യാനത്തില്‍ ഉള്‍പ്പെടുത്തി നിശ്ചിത-നിയമ-ക്രമ-വിന്യാസങ്ങള്‍ ഇല്ലാതെ ഒരു കൂട്ടം വികസിപ്പെടുക്കുന്ന ഒരു ഘടന/ഭാഷ എന്നത് ചിലപ്പോള്‍ നിലവിലുള്ള വായനയുടെ അനുശീലനങ്ങള്‍, കമ്പോള താല്‍പ്പര്യങ്ങള്‍ എന്നിവയെപ്പോലും അട്ടിമറിച്ചേയ്ക്കാം.
 

(c)2009 Devadas V.M [ vm.devadas@gmail.com ]