ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷന്‍, ഏപ്രിൽ 23, രാവിലെ പത്തരമണി. ചന്ദ്രിക അവാര്‍ഡ് വാങ്ങാനായി കോഴിക്കോട്ടേയ്‌ക്കു പോകുന്നതിനാണ് അവിടെയെത്തിയത്ത്. ഏറനാട് എക്പ്രസ് കാത്ത് ഏകദേശം നൂറോളം ആളുകള്‍ ആ പ്ലാറ്റ്ഫോമിലുണ്ട്. ഒരു കുപ്പി വെള്ളം വാങ്ങിയതിനു ശേഷം പ്ലാറ്റ്ഫോമിലെത്തിയപ്പോള്‍ ഉദ്ദേശം 35-40 വയസുള്ള ഒരു മനുഷ്യന്‍ പ്ലാറ്റ്‌ഫോമില്‍ കിടന്ന് പിടയുന്നു. അടുത്തു ചെന്ന് നോക്കിയപ്പോള്‍ വായില്‍ നിന്ന് നുരയും, പതയും ഒഴുകുന്നു. അയാള്‍ അപസ്‌മാര വിറയലില്‍ ആണ്. കയ്യും, കാലും, തലയും നിലത്തിട്ട് അടിക്കുന്ന ആളെ നോക്കി നില്‍ക്കുന്നതല്ലാതെ അവിടെ കൂടിനിന്നവരില്‍ ആരും അടുത്തു ചെല്ലുകയോ, സഹായിക്കുകയോ ചെയ്യുന്നില്ല. യാത്രക്കാരായ സ്ത്രീകളും, പുരുഷന്മാരും, കുട്ടികളും ഒക്കെയായി ഒരുപാടു പേരുണ്ട് അവിടെ, അതിനു പുറമേ കച്ചവടക്കാരും മറ്റും. പക്ഷേ, ഒരാളും അയാളെ ശ്രദ്ധിക്കുന്നില്ല. ഞാനും, ഏതാണ്ട് അതേസമയത്ത് തന്നെ അവിടെവന്നെത്തിയ -കണ്ണൂരിലേയ്‌ക്ക് യാത്ര ചെയ്യേണ്ട- ഒരാളും അടുത്തു ചെന്നു. അയാളുടെ കൈയ്യും, കാലും തറയില്‍ ഇട്ടുരച്ച് മുറിവേല്‍ക്കാതിരിക്കാന്‍ കൂട്ടിപ്പിടിച്ചു. കൂടെ നിന്നവരോട് സഹായത്തിന് കൂടാന്‍ ഞാനും ആ ചെറുപ്പക്കാരനും വിളിച്ചു പറഞ്ഞിട്ടും ആരും ഇരിക്കുന്നിടത്തു നിന്നോ, നില്‍ക്കുന്നിടത്തു നിന്നോ അനങ്ങിയില്ല.
ഇതിനിടയില്‍ ഏതോ ഒരാള്‍ നിലത്തു വീണു കിടന്ന ഒരു മെറ്റല്‍പേപ്പര്‍ക്ലിപ്പ് കൊണ്ട് വന്നു അതു കൈയ്യില്‍ കൊടുക്കാന്‍ പറഞ്ഞു. അതുവരെ അനങ്ങാതെ നിന്നിരുന്ന ഒരു പോര്‍ട്ടര്‍ അപ്പോള്‍ ആരുടെയെങ്കിലും കൈയ്യില്‍ ചാവിയുണ്ടോ എന്നൊക്കെ അന്വേഷിക്കാന്‍ തുടങ്ങി. അതൊന്നും വേണ്ടാ, ഉടനേ തന്നെ ചികിത്സാസഹായം ലഭിക്കാന്‍ സൗകര്യം ഒരുക്കുന്നതിന് സ്റ്റേഷന്‍ മാസ്റ്ററെ വിവരം അറിയിച്ചാല്‍ മതിയെന്ന് അവരൊടു പറഞ്ഞു. പോര്‍ട്ടര്‍ പാളം ക്രോസ് ചെയ്ത് സ്റ്റേഷന്‍മാസ്റ്ററുടെ റൂമിലേയ്ക്കോടി. മറ്റൊരാള്‍ ഓവര്‍ബ്രിഡ്ജിന് മുകളില്‍ നിന്നിരുന്ന പോലീസ് കോണ്‍സ്റ്റബിളിന്റെ അടുത്തേയ്‌ക്കും. ഇതിനിടെ നിലത്ത് പിടയുന്ന ആള്‍ അവശനായി കഴിഞ്ഞിരുന്നു. അയാളെ ഒന്നു പിടിച്ചുയര്‍ത്തി സിമെന്റു ബെഞ്ചില്‍ കിടത്താന്‍ അവിടെ കൂടി നിന്നവരോട് വീണ്ടും ഞാനും, ആ കണ്ണൂരുകാരന്‍ ചെറുപ്പക്കാരനും സഹായം അന്വേഷിച്ചു. "ആരോ വെള്ളമടിച്ച് കിടന്ന് ബഹളം കൂട്ടുകയാണെ"ന്നായിരുന്നു അവരുടെ പ്രതികരണം. എന്നാല്‍ നിലത്തു കിടന്നിരുന്ന ആ മനുഷ്യന്‍ വെള്ളമടിച്ചിട്ടില്ലെന്ന് ഉറപ്പാണ്. മദ്യത്തിന്റെ മണം അയാളിലുണ്ടായിരുന്നില്ല, മാത്രമല്ല ഒരു അപസ്മാര രോഗിയുടെ ചേഷ്ടകളാണ് അയാള്‍ പ്രകടിപ്പിച്ചിരുന്നത്. "ഇയാളു മദ്യപിച്ചിട്ടൊന്നും ഇല്ല" എന്നു ഞങ്ങള്‍ പറഞ്ഞിട്ടും അവിടെ കൂടിനിന്നവര്‍ക്ക് ഒരു കുലുക്കവും ഇല്ല.
ഇതിനിടെ പോലീസ് കോണ്‍സ്റ്റബിള്‍ അടുത്തെത്തി. "ഏതോ കുടിയനായിരിക്കും " എന്ന് തന്നെയായിരുന്നു കോണ്‍സ്റ്റബിളിന്റേയും ആദ്യപ്രതികരണം. (അയാള്‍ ഉടുത്തിരുന്നത് ഒരു പച്ച ലുങ്കിയും, നിറം മങ്ങിയ ടി-ഷര്‍ട്ടും ആയിരുന്നത് ആകാം സംശയത്തിന് കാരണം. 'മാന്യമായ വസ്ത്രമല്ല' എന്ന് പോലീസുകാരന് തോന്നിയിരിക്കണം. അതുകൊണ്ട് തന്നെയാകാണം മറ്റു യാത്രകാരും പ്രതികരിക്കാതിരുന്നത്)
"എന്ത് അടിസ്ഥാനത്തിലാണ് കുടിച്ചിട്ടാണിതെന്ന് സാറ് പറയുന്നത് ?" എന്ന് കൂടെയുള്ള ചെറുപ്പക്കാരന്‍ കോണ്‍സ്റ്റബിളിനോട് തട്ടിക്കയറി.
"ഇനി ഇയാള്‍ മദ്യപിച്ചു എന്ന് തന്നെ കരുതുക. മദ്യപിച്ച ഒരാള്‍ക്ക് പെട്ടെന്ന് അപസ്‌മാരമിളകിയാല്‍ അയാളെ സഹായിക്കരുത്, ചികിത്സ കൊടുക്കരുത് എന്ന് നിയമമുണ്ടോ?" എന്ന് ഞാന്‍ പോലീസുകാരനോട് തര്‍ക്കിച്ചു. ഇക്കാര്യത്തില്‍ പോലീസിനൊന്നും ചെയ്യാനില്ല, റെയില്‍വേയാണ് മുന്‍കൈ എടുക്കേണ്ടത്, സ്റ്റേഷന്‍മാസ്റ്ററെ വിവരം അറിയിക്കാന്‍ പോലീസുകാരന്റെ മറുപടി. പോര്‍ട്ടര്‍ വിവരം അറിയിച്ചപ്പോള്‍ മുറിയില്‍ നിന്ന് പുറത്തിറങ്ങിയ സ്റ്റേ.മാസ്റ്റര്‍ പാളത്തിന് അപ്പുറത്തെ പ്ലാറ്റ്‌ഫോമില്‍ എളിയില്‍ കൈയ്യും കുത്തി നിന്ന് ഈ തമാശയൊക്കെ ആസ്വദിക്കുകയാണ്. പോലീസുകാരന്‍ കൈകാണിച്ചു വിളിച്ചപ്പോല്‍ സ്റ്റേ.മാസ്റ്റര്‍ മെല്ലെ ഇളകി നടക്കാന്‍ തുടങ്ങി.
ഇതിനിടയില്‍ സിമന്റു തറയില്‍ കിടന്ന അയാള്‍ എന്തോ എഴുതാന്‍ വേണ്ടി പേന ചോദിച്ചു. അയാള്‍ക്ക് സംസാരിക്കാവുന്ന അവസ്ഥയായിരുന്നില്ല. വെട്ടിപ്പൊളിയുന്ന തലവേദന ഉണ്ടായിരുന്നതു കൊണ്ടാകണം അയാള്‍ തലമുടി പിടിച്ച് വലിക്കുകയും, നെറ്റിയില്‍ അമര്‍ത്തുകയും ചെയ്യുന്നുണ്ടായിരുന്നു. വായില്‍ നിന്ന് നുരയും, പതയും ഒഴുകുന്നത് അവസാനിച്ചിരുന്നില്ല. സ്വന്തം നെഞ്ചത്തു തട്ടിയശേഷം അയാള്‍ കീറക്കടലാസില്‍ പേനകൊണ്ട് B എന്ന് വികലമായ അക്ഷരത്തില്‍ എഴുതി അപ്പോഴേയ്‌ക്കും ബോധം മറിഞ്ഞു. പേര് എഴുതാന്‍ ഉള്ള ശ്രമം ആയിരിക്കണം. ഞാനും, ആ ചെറുപ്പകാരനും കൂടെ അയാളെ പൊക്കിയെടുത്ത് സ്റ്റേഷനു വെളിയില്‍ കൊണ്ടു പോകുന്നതിനെക്കുറിച്ച് ആലോചിച്ചു. എന്നാല്‍ അത്യാവശ്യം നല്ല ശരീരഭാരം ഉള്ള അയാളെയും പൊക്കിക്കൊണ്ട് ഓവര്‍ബ്രിഡ്ജുകടക്കാനോ, പാളം മുറിച്ചു കടക്കാനോ ഞങ്ങള്‍ രണ്ടു പേരും മാത്രം വിചാരിച്ചാല്‍ കഴിയുകയില്ലെന്ന് തിരിച്ചറിവുണ്ടായി. അപ്പോഴും അവിടെ കൂടിനിന്ന യാത്രക്കാരില്‍ ഒരാളുപോലും അനങ്ങുന്നില്ല.
സ്റ്റേ.മാസ്റ്റര്‍ അടുത്തെത്തി. നടന്ന കാര്യമെല്ലാം അയാളോട് ഞങ്ങളും , പോലീസുകാരനും പറഞ്ഞു. സ്റ്റേഷന്‍ മാസ്റ്റര്‍ മറുവശത്തേയ്‌ക്ക് കൈ ഉയര്‍ത്തിക്കാണിച്ച് അവിടെ കാക്കിയൂണിഫോമില്‍ നിന്നിരുന്ന ഒരു റെയില്‍വേ ജീവനക്കാരോട് സ്ട്രെച്ചര്‍ കൊണ്ടുവരാന്‍ നിര്‍ദ്ദേശം നല്‍കി. ഇത് വിവരം അറിഞ്ഞ പാടേ ചെയ്യേണ്ടതല്ലേ എന്ന ചോദ്യത്തിന് അവജ്ഞ നിറഞ്ഞ ഒരു ചിരിയായിരുന്നു മറുപടി. ഞാനും, കൂടെയുള്ള ചെറുപ്പക്കാരനും, പോലീസും കൂടെ അയാളെ പിടിച്ചിരുത്തി മുഖത്ത് വെള്ളം തളിച്ചു. അയാള്‍ മെല്ലെ കണ്ണുതുറന്നു. ശേഷം കഠിനമായ വേദന കടിച്ചമര്‍ത്തുന്ന ഭാവത്തോടെ "You Know...Manappuram financiers.. Mohanlal.. advertisement...My Wife... Deepthi.. Auditor.. please call... we stay lodge.. she went work... come evening...bored.. came station.." എന്നൊക്കെ വികലമായ വ്യാകരണത്തോടെ തപ്പിയും തടഞ്ഞും പറഞ്ഞു കിതച്ചു. അയാള്‍ മലയാളി ആയിരുന്നില്ല. എന്നാല്‍ . മണപ്പുറം ഫിനാന്‍സിയേഴ്സിന്റെ ഓഡിറ്റിംഗിന് വന്നകൂട്ടത്തില്‍ ഉള്ള ആളാണ് ഭാര്യ , അവര്‍ മലയാളിയാണ്. ഇവരുടേ വീട് കുറേ അകലെയാണ്. ഇയാള്‍ ഭാര്യയ്ക്ക് കൂട്ടുവന്നതാണ്. റെയില്‍വേ സ്റ്റേഷനടുത്ത ലോഡ്ജിലാണ് മുറിയെടുത്തിരുന്നത്. ഭാര്യ ജോലിയ്‍ക്കു പോയപ്പോള്‍ മുറിയിലെ ഒറ്റയ്ക്കിരിക്കും, മടുപ്പുംതാങ്ങാന്‍ വയ്യാതെ, മലയാളം അറിയാത്തതിനാല്‍ ആളുകളോട് സംസാരിക്കാനാകാത്തതിനാല്‍ തൊട്ടടുത്തുള്ള റെയില്‍വേ സ്റ്റേഷനില്‍ നേരമ്പോക്കിന് വന്നിരുന്നതാണ്. അതിനിടെ പെട്ടെന്ന് അപസ്മാരം ഇളകി. ലോഡ്‌ജ് മുറിയില്‍ ഉടുത്തിരുന്ന ലുങ്കിയും, ടി-ഷര്‍ട്ടും ആണ് വേഷം എന്നതുകൊണ്ട് അയാളുടെ 'മാന്യത'യില്‍ സംശയം തോന്നിയ എല്ലാവരും കൂടെ അയാളെ കുടിയനാക്കി അവഗണിച്ചു.(ഇനി മദ്യപിച്ച ആളു തന്നെയെന്ന് കരുതുക, ഒരു മനുഷ്യജീവിയെന്ന പരിഗണന ഇല്ലേ?)
കാക്കി യൂണിഫോമിട്ട റെയില്‍വേ ജീവനക്കാരന്‍ സ്ട്രെച്ചര്‍ കൊണ്ടു വന്നു. ഞങ്ങളെല്ലാം കൂടെ അയാളെ അതില്‍ കിടത്തി. ജീവനക്കാര്‍ അയാളെ സ്റ്റേഷനു വെളിയിലേക്കു കൊണ്ട് പോകുന്നതിനിടെ ഏറനാട് എക്പ്രസിന്റെ വരവറിയിച്ച് അറിയിപ്പ് മുഴങ്ങുകയും , വണ്ടി പ്ലാറ്റ്‌ഫോമിലെത്തുകയും ചെയ്തു. കൈയ്യില്‍ പറ്റിപ്പിടിച്ചിരുന്ന നുരയും പതയും തൊട്ടടുത്തുള്ള പൈപ്പില്‍ തിടുക്കത്തില്‍ കഴുകിക്കളഞ്ഞ് ഞാനും, കൂടെയുണ്ടായിരുന്ന ചെറുപ്പക്കാരനും സീറ്റു പിടിക്കാന്‍ വേണ്ടി ഓടി മറഞ്ഞു. പരസ്പരം പേരു ചോദിക്കാന്‍ പോലും ആ തിരക്കിനിടയില്‍ കഴിഞ്ഞില്ല. എന്തായാലും അവിടെ കൂടിനിന്ന നൂറോളം ആളുകള്‍ക്കിടയില്‍ നിന്ന് സഹായത്തിനു കൂടിയ അയാളോടും, മറ്റുചിലരോടും മനസുകൊണ്ട് നന്ദി പറയുന്നു. ബാക്കി അവിടെ കൂടിനിന്നവരോട് സഹതാപം പോലും തോന്നുന്നില്ല. എന്നെങ്കിലുമൊരിക്കല്‍ അവരിലാരെങ്കിലും ഭാഷയും, നാടും പരിചയമില്ലാത്ത ഒരിടത്തു വീണു കിടന്ന് ഒരിറ്റു വെള്ളത്തിനായി അപേക്ഷിക്കുന്ന അവസ്ഥ വരുമ്പോള്‍, ഒരു നിമിഷമെങ്കിലും ആ മനസ്സ് ഈ റെയില്‍വേ സ്റ്റേഷനിലെത്തണം. എന്നാലേ പഠിയ്ക്കൂ :((