Monday, May 3, 2010

വ്യാളിയും വൈക്കിംഗ്സും...

How to Train Your Dragon (2010) 

spoiler warning : കഥാസാരം, കഥാപാത്ര പരാമര്‍ശം എന്നിവയുള്ളതിനാല്‍ സിനിമ കാണുമ്പോള്‍ മുന്‍‌കൂട്ടി 'കഥയറിയാതെ ആട്ടം കാണണ'മെന്നുള്ളവര്‍ ഈ പോസ്റ്റ് വായന ഒഴിവാക്കുക. 


ബ്രിട്ടീഷ് എഴുത്തുകാരിയായ ക്രെസീഡാ കോവെലിന്റെ നോവലിനെ ആധാരമാക്കി ഡ്രീം‌വ‌ര്‍‌ക്ക്സ് നി‌ര്‍‌മ്മിച്ചിരിക്കുന്ന ആനിമേഷന്‍ ത്രീഡി മൂവിയാണ്‌ How to Train Your Dragon. എട്ടാം നൂറ്റാണ്ടുമുതല്‍ പതിനെട്ടാം നൂറ്റാണ്ട് വരെ യുറോപ്പില്‍ പ്രബലരായിരുന്ന വൈക്കിം‌ഗ്സ് വം‌ശവും , വ്യാളികളും തമ്മിലുള്ള പോരാട്ടമാണ്‌ മൂവിയുടെ ഇതിവൃത്തം.  വൈക്കിം‌ഗ് പ്രവിശ്യാത്തലവന്റെ മകനായ ഹിക്കപ്പ് സ്വതവേ ബുദ്ധിയില്ലാത്തവനും, അലസനും, ഭീരുവുമായാണ്‌ അറിയപ്പെടുന്നത്. അന്തര്‍‌മുഖനായ ‍ഹിക്കപ്പിനെ എങ്ങനെയെങ്കിലും ഒരു യഥാര്‍ത്ഥ വൈക്കിംഗ് പോരാളിയായി മാറ്റുക എന്നതാണ്‌ പ്രവിശ്യാത്തലവന്റെ ആഗ്രഹം. അതിനായി അയാള്‍ ഹിക്കപിന്റെ ഉത്തരവാദിത്വം പ്രധാന പരിശീലകനെയേല്‍‌പ്പിക്കുന്നു. ഒരു നാള്‍‍ രാത്രിയില്‍ വൈക്കിംഗ്സും, വ്യാളികളും തമ്മിലുള്ള പോരാട്ടത്തില്‍ അതുവരെ ആര്‍‌ക്കും കീഴ്പ്പെടുത്താന്‍ കഴിയാത്ത നൈറ്റ്സ് ഫ്യൂരി എന്നയിനം ഡ്രാഗണെ ഹിക്കപ് തന്റെ ഉപകരണം വെച്ച് കുരുക്കെറിയുന്നു. ഹിക്കപ്പിന്റെ കുരുക്കിലകപ്പെട്ട് വാല്‍‌ച്ചിറകിന്റെ പാതി നഷ്ടപ്പെട്ട നൈറ്റ്സ് ഫ്യൂരി വൈക്കിംഗ് പ്രവിശ്യക്കടുത്തുള്ള ഒരു താഴ്വാരത്തില്‍ വീഴുന്നു. പറക്കാന്‍ കഴിയാതെ വികലാംഗനായി മാറിയ -ടൂത്ത്‌ലെസ് എന്ന് വിളിക്കുന്ന- നൈറ്റ്സ് ഫ്യൂരിയും, ഹിക്കപ്പും തമ്മിലുള്ള ബന്ധത്തിലൂടെയാണ്‌ തുടര്‍ന്ന് കഥ മുന്നോട്ടു പോകുന്നത്.

ഈയിടെ ഇറങ്ങിയ അവതാര്‍‌ എന്ന 3D മൂവിയുമായി താരതമ്യം ചെയ്യാവുന്ന സിനിമയാണ് ട്രെയിനിംഗ് ഡ്രാഗണ്‍.  അവതാര്‍  പന്‍ഡോരാ വം‌ശജരും, മനുഷ്യരും തമ്മിലുള്ള പോരാട്ട-സൈഹൃദ കഥയെങ്കില്‍ ട്രെയിനിംഗ് ഡ്രാഗണില്‍ അത് വ്യാളികളും, വൈക്കിംഗ്സും തമ്മിലാണെന്ന് മാത്രം.  പക്ഷേ, അവതാര്‍ പൊളിറ്റിക്കലി കറക്റ്റ് ആണെങ്കില്‍ ഇത് പൊളിറ്റിക്കലി ഇന്‍കറക്റ്റ് ആണെന്ന് സമ്മതിക്കേണ്ടി വരും.  ഡ്രാഗണുകളുടെ അടിസ്ഥാന ഭയ-മിത്ത് സങ്കല്പ്പങ്ങ്ളെ തകര്‍ത്താണ് കപടസ്നേഹത്താല്‍ (അടിമയാക്കാൻ‌) വൈക്കിംഗ്സ് ഡ്രാഗണുകളെ മെരുക്കുന്നത്. ഡ്രാഗണുകളെ കീഴ്പ്പെടുത്തി യുദ്ധസജ്ജമാക്കല്‍, വംശീയ പോരാട്ടം , അധിനി‌‌വേശം , വികലാംഗത്വം , നായകന്റെ ഭൂതദയ, എന്നിങ്ങനെ അവതാറിനും, ട്രെയിനിംഗ് ഡ്രാഗണും പൊതുഘടകങ്ങള്‍ ഏറെയാണ്‌.

അവതാറിൽ അരയ്ക്കു താഴെ തള‌ർന്ന വികലാം‌ഗനായ നായകന് അവയവാനുസാരിയായി പൂർണ്ണരൂപിയാകാനുള്ള ഒരു മാർ‌ഗമായിരുന്നു വെർ‌ച്വൽ ബോഡി(അവതാർ) എന്ന മാധ്യമം. പന്‍‌ഡോരാവാസിയായ ജീവിയിലൂടെ ആണ് അത് സാധ്യമാകുന്നത്. വികലാം‌ഗനായ നായകനും, വ്യത്യസ്ത വം‌ശ ജീവിയുടെ പ്രതീതിശരീരവും ചേർന്ന് ഒരു പൂർണ്ണതാ സമവാക്യ പൂർത്തീകരണം. എന്നാല്‍ ട്രെയിനിംഗ് ഡ്രാഗണിൽ ഹിക്കപ്പ് വികലാംഗനല്ല, മറിച്ച് നൈറ്റ് ഫ്യൂരി ചിറകുമുറിഞ്ഞ് വികലാംഗനാണ്‌.  നൈറ്റ് ഫ്യൂരിയെ സഹായിക്കാന്‍ ഹിക്കപ്പ്  കൃത്രിമച്ചിറക് ഘടിപ്പിക്കുന്നുണ്ടെങ്കിലും അതിനെ സ്വതന്ത്രമാക്കാതെ , അതിൽ യന്ത്രക്കൊളുത്തു വലിച്ച്  നിയന്ത്രിക്കു’കയാണ് നായകൻ. അവതാറിലാകട്ടെ പരസ്പരം സം‌വേദനാവയവങ്ങള്‍ ചേര്‍ത്തു വെച്ച്  തീര്‍ത്തും മാനസികവും, ജൈവപരവുമായ  സ്വാഭാവിക പ്രക്രിയയിലൂടെയാണ്‌ ഇതു സാദ്ധ്യമാകുന്നതെന്നു കാണാം. മൃഗത്തെ കൗശലവും, ആയുധവും ഉപയോഗിച്ച് കീഴ്പ്പെടുത്തി പരിശീലിപ്പിക്കല്‍ എന്ന രീതിശാസ്ത്രം അവതാറില്‍ അന്യമാണ്‌. എന്നാല്‍ ട്രൈനിംഗ് ഡ്രാഗണില്‍ മൂവിയുടെ പേരു തന്നെ അത്തരം യന്ത്ര-മാനസിക നിയന്ത്രണമാണ്‌ സൂചിപ്പിക്കുന്നത്. കഥാന്ത്യത്തില്‍ ഹിക്കപ്പും വികലാംഗനായി മാറുന്നുവെന്നത് മാത്രം കാവ്യനീതിയുടെ നീക്കിയിരിപ്പായി നിരീക്ഷിക്കാം.

വംശീയ പോരാട്ടങ്ങളുടെ കഥയാണ്‌ അവതാറും, ട്രെയിനിംഗ് ഡ്രാഗണും പറയുന്നത്. എന്നാല്‍ ചെയ്തികളിലും, ഇടപെടലുകളിലും ഉള്ള വ്യത്യാസങ്ങളാണ്‌ അവയെ രണ്ടാക്കി നിര്‍‌‍ത്തുന്നത്. തങ്ങളുടെ പിതൃക്കളുടെ ആത്മാവ് കുടികൊള്ളുന്നു എന്ന് പന്‍ഡോരക്കാര്‍ വിശ്വസിക്കുന്ന മരത്തിനു നേരെയാണ്‌ അവതാറില്‍ ആക്രമണം നടക്കുന്നത്. പണ്ഡോര വംശക്കാരുടെ മിത്തിനു മേലെയാണ്‌ അവിടെ ടാങ്കുകളും, ബോംബുകളും ഇടപെടുന്നത്. ടെയിനിംഗ് ഡ്രാഗണിലാകട്ടെ അത് വ്യാളികളുടെ ദ്വീപും, അവയുടെ ആവാസവ്യവസ്ഥയായ കൂറ്റന്‍ ഗര്‍ത്തവുമാണ്‌. ആ കൂറ്റന്‍ ഗര്‍ത്തത്തിനകത്ത് ഒരു രാക്ഷസന്‍ വ്യാളി പതിയിരുപ്പുണ്ട്. തങ്ങള്‍ വേട്ടയാടുന്ന മൃഗങ്ങളില്‍ ഒരു പങ്ക് രാക്ഷസവ്യാളിക്ക് ബലിഭക്ഷണമായി നല്‍‌കേണ്ടതുണ്ട്. അല്ലെങ്കില്‍ വ്യാളിയാല്‍ ആക്രമണമുണ്ടാകുമത്രേ. അരാലും പ്രവേശിക്കപ്പെടാതെ തങ്ങളുടെ ദ്വീപും, ഗര്‍ത്തവും കാക്കുന്ന രാക്ഷസവ്യാളിയോട് ഭയഭക്തിബഹുമാനങ്ങളോടെയാണ്‌ മറ്റു വ്യാളികള്‍ പെരുമാറുന്നത്. നൈറ്റ്സ് ഫ്യൂരിയില്‍ നിന്നും, ഹിക്കപ്പ് വഴി അറിഞ്ഞ വിവരങ്ങള്‍ വെച്ച് ആ ദ്വീപും, ഗര്‍ത്തവും ആക്രമിക്കാന്‍ തയ്യാറാവുകയാണ്‌ വൈക്കിംഗ്സ് വംശക്കാര്‍.

അവതാറില്‍ വം‌ശീയാക്രമണം നടന്നെങ്കിലും, കഥാന്ത്യത്തില്‍ തങ്ങളുടെ ഗ്രഹവും , പ്രവിശ്യകളും പന്‍ഡോരക്കാര്‍‌ക്ക് തിരികെ ലഭിക്കുന്നു. നായകനാകട്ടെ വികലാംഗത്വം വെടിഞ്ഞ് തന്റെ പ്രതീതിശരീരത്തെ സ്വീകരിച്ച് അവരിലൊരാളാകുന്നു. എന്നാല്‍ ട്രൈനിംഗ് ഡ്രാഗണില്‍ സംഭവിക്കുന്നത് മറിച്ചാണ്‌. നൈറ്റ്സ് ഫ്യൂരി ഉള്‍‌പ്പെടുന്ന ചില വ്യാളികളുടെ സഹായത്താല്‍ രാക്ഷസവ്യാളിയെ കൊന്നെങ്കിലും വ്യാളികള്‍ സ്വതന്ത്രരാകുന്നില്ല, ആ ദ്വീപ് അവര്‍ക്ക് സ്വൈര്യവിഹാരത്തിന്‌ മടക്കിക്കിട്ടുന്നില്ല. പകരം വ്യാളികള്‍ മുഴുവന്‍ വൈക്കിംഗ്സിന്റെ പറക്കല്‍ ഉപകരണങ്ങളായി മാറുന്നതാണ്‌ കാണാന്‍ കഴിയുന്നത്. രാക്ഷസവ്യാളിയ്ക്കിനി ബലിഭക്ഷണം നല്‍‌കേണ്ടാത്തതിനാല്‍ , വ്യാളികള്‍ തങ്ങളെ ഉപദ്രവിക്കാനുള്ള സാദ്ധ്യത കുറവായതിനാല്‍ സൗഹാര്‍ദ്ധപരമായ ഉടമ്പടിയിലൂടെ ദ്വീപ് മടക്കിക്കൊടുക്കുന്നതിന്‌ പകരം ‘നിങ്ങളുടെ  ശക്തനായ ശത്രുവിനെ കൊന്നതിനാൽ നിങ്ങള്‍ ഞങ്ങൾക്ക് അടിമ’ അമേരിക്കൻ‌‍-സദ്ദാം-ഇറാക്ക് കപടായുക്തി സമവാക്യമാണ്‌ വൈക്കിംഗ്സ് പിന്തുടരുന്നത്.

വൈക്കിംഗ്സിന്‌ ചൂണ്ടയിട്ട് മീനെപ്പിടിക്കാം; ആടിനേയും കോഴിയേയും ഒക്കെ തിന്നാം എന്നാല്‍ വ്യാളികള്‍ക്ക് വൈക്കിംഗ്സിനെ തിന്നുകയോ, ബലിഭക്ഷണം നല്‍കുകയോ ചെയ്യാമെന്ന പ്രതിനിയമം തെറ്റിച്ച് റേഷനായി നല്‍കപ്പെടുന്ന മല്‍സ്യങ്ങളില്‍ തീരുന്നതാണ്‌ വ്യാളികളുടെ ഇര-തിരഞ്ഞെടുപ്പ്. മറ്റു വൈക്കിംസുകള്‍ ആയുധമുപയോഗിച്ച് പ്രത്യക്ഷത്തിലാണ്‌ വ്യാളികളെ നേരിടുന്നതെങ്കില്‍ ഹിക്കപ്പ് അയെ കീഴടക്കുന്നത് സൗഹൃദത്തിലാക്കുന്നത് അനുനയത്തിന്റെ മാര്‍‌ഗം സ്വീകരിച്ചാണ്‌. നൈറ്റ്സ് ഫ്യൂരിയിലൂടെ വ്യാളികളുടെ ബലഹീനതകള്‍ കണ്ടെത്തുന്ന ഹിക്കപ്പ് കടല്‍‌‍‌പ്പാമ്പ്, തെന്നിമാറുന്ന വെളിച്ചം, ചിലയിനം പുല്ലുകള്‍, ഇക്കിളിച്ചൊറിച്ചില്‍ എന്നിങ്ങനെയുള്ള മാര്‍‌ഗമാണ്‌ സ്വീകരിക്കുന്നത്.   കഥാന്ത്യത്തില്‍ വ്യാളികളും, വൈക്കിംസും തമ്മില്‍ സൗഹൃദമാണെന്നൊക്കെ മറുവാദം ഉന്നയിക്കാമെങ്കിലും ഇന്ധനത്തിന്‌ പകരം കൃത്യമായ അളവില്‍ മീന്‍ തീറ്റിച്ച്, പരിശീലിപ്പിച്ച് പറക്കല്‍ ഉപകരണങ്ങളായി മാറ്റപ്പെടുകയാണ്‌ വ്യാളികള്‍ എന്നതാണ്‌ യാഥാര്‍‌‌ത്ഥ്യം. രാക്ഷസവ്യാളിയുമായുള്ള പോരാട്ടത്തില്‍ ഒരു കാല്‍‌നഷ്ടപ്പെട്ട് ഹിക്കപ്പ് വികലാംഗനാകുന്നു. ഹിക്കപ്പിനെ മുറിക്കാല്‍ വികലാംഗത്വത്തിന്‌ വ്യാളികള്‍ നല്‍‌കേണ്ടി വരുന്ന വിലയാകട്ടെ തങ്ങളുടെ വം‌ശീയ അടിമത്തമാണ്‌.


*സിനിമ കണ്ട് ഇവിടെ ഗൂഗിള്‍ ബസ്സിലൊരു കുറിപ്പിട്ടതാണ്‌. അത് അല്പ്പം നീണ്ടു. എന്നാല്‍ പിന്നെ ഇവിടെയ്ക്ക് പകര്‍ന്ന് വെയ്‌ക്കാമെന്ന് കരുതി

 

(c)2009 Devadas V.M [ vm.devadas@gmail.com ]