Thursday, July 25, 2013

മുയലുറക്കം.

ഓടണമെന്നു തോന്നുമ്പോൾ  മാത്രം സർവ്വ ഊർജ്ജവും ചിലവാക്കി കഴിയാവുന്ന വേഗതയിലോടുകയും ക്ഷീണം തോന്നുമ്പോൾ വഴിയരികിലെ മരത്തണലിൽ കിടന്നുറങ്ങുകയും ചെയ്യുന്ന അരാജകനായ മുയലിന് എപ്പോഴും കൂടെയുണ്ടായിരുന്നത് ഉള്ളിന്റെയുള്ളിലെ "എനിക്കതിന് കഴിയും; ഞാനത് സാധിച്ചാലുമില്ലെങ്കിലും" എന്ന ആത്മവിശ്വാസമായിരുന്നു. തുടക്കം മുതലൊടുക്കം വരെ ഇഴഞ്ഞ ആമയ്ക്ക് ഈസോപ്പു കഥയിലെ ‌ഗുണപാഠ പരിണാമ ഗുപ്തിയൊഴിച്ചാൽ കേവലമായൊരു വിജയത്തിനപ്പുറം ഒന്നും സാധിക്കുകയും ചെയ്തില്ല. എന്നാൽ ആമ വിജയത്തെ സ്ഥായീഭവിപ്പിക്കാനുള്ള ഏകീകൃത ഘടനാ വിധികളുടെ കുത്സിതമായ ചെയ്തികളാൽ corporate ചെയ്തികളെന്ന് ചുരുക്കാം  ആമയ്ക്ക് വീണ്ടുമൊരു തവണ വിജയത്തിനായി ഇരട്ടപ്പതിപ്പുളുടെ, അല്ലെങ്കിൽ മറ്റു ജീവികളെ ഇതര ‌പുറംപണി കരാറു‌ വഴി ബന്ധിപ്പിച്ച് ‌‌നടത്തിയ വഞ്ചനാകരമായ ദൗത്യം നിർവ്വഹിക്കേണ്ടി വരുന്നു. ആ വിധം പരിഗണിച്ചാൽ, പലപ്പോഴും ആമയോട്ടത്തേക്കാൾ ഭേദമാണ് മുയലുറക്കം. ആകയാൽ മുയലേ, നീ ഇഷ്ടാനുസാരം ചന്ദ്രക്കളങ്കം പോലെ നിശ്ചലനായുറങ്ങുക, വേലിയേറ്റ തിരമാലയുടെ കുതിപ്പു പോലെ ഓടുക.

Monday, July 22, 2013

ചന്ദ്രലേഖ എന്ന ഓർമ്മയും അപകടങ്ങളും.

ചന്ദ്രലേഖ എന്ന സിനിമ ഇറങ്ങുമ്പോള്‍ പ്രീഡിഗ്രി ഫസ്റ്റ് ‌ഞാന്‍ ഇയറിനു പഠിക്കുകയാണ്. സിനിമയുടെ ഫൈനല്‍ എഡിറ്റിങ്ങ് സമയത്താണ് അവശ്യം വേണ്ട ചില ഷോട്ടുകള്‍ എടുക്കാന്‍ വിട്ടു പോയതായോ, അല്ലെങ്കില്‍ എടുത്തവയ്ക്കു തന്നെ സാങ്കേതിക മികവില്ലെന്നോ പ്രിയദര്‍ശന്‍ തിരിച്ചറിയുന്നത്. ആറാം തമ്പുരാന്റെ ഷൂട്ടിങ്ങ് ഷെഡ്യൂളിനിടെ അല്‍പം സമയമുണ്ടാക്കി സംവിധാന സഹായികളെ വച്ച് അതൊക്കെയെടുക്കാന്‍ നിര്‍ദ്ദേശം നല്‍കുന്നു. ചന്ദ്രയ്ക്ക്(സുകന്യ) അപകടം പറ്റിക്കിടക്കുന്നിടത്തൂടെ പോകുന്ന ഓട്ടോറിക്ഷാ യാത്രക്കാരായ അപ്പുക്കുട്ടനും(മോഹന്‍ലാല്‍) , നൂറും (ശ്രീനിവാസന്‍) ആള്‍ക്കൂട്ടത്താല്‍ തടയപ്പെടുന്നു. പരിക്കേറ്റ ചന്ദ്രയെ അവരുടെ വണ്ടിയില്‍ കയറ്റി ആ‌ശുപത്രിയിലെത്തിക്കുന്നു. കഥ നടക്കുന്നത് തെക്കേ ഇന്ത്യയിലല്ല; പക്ഷെ യുക്തിപരമായി ഒരു അബദ്ധമെന്ന മട്ടില്‍ ഓട്ടോറിക്ഷയുടെ ‌മുന്‍ വശത്തെ ചില്ലിലൂടെ ഷൊര്‍ണ്ണൂരിനടുത്തുള്ള പച്ചപ്പു വിരിച്ചപാടവും, ചെമ്മണ്‍ പാതയും തെങ്ങുമൊക്കെ കാണാം. 

പറഞ്ഞു വന്നതതല്ല... ‌മോഹന്‍ലാലും, ശ്രീനിവാസനും കയറിയ (കാലി ഓട്ടോ വച്ചാണ് ഷൊര്‍ണ്ണൂരില്‍ ചിത്രീകരണം) ഓട്ടോറിക്ഷ തടയുന്ന ആള്‍ക്കൂട്ടത്തില്‍ രണ്ട് പ്രീഡിക്കാരുണ്ടായിരുന്നു. അതിലൊരുവന്റെ അമ്മാവന്റെ സുഹൃത്തിന് സിനിമയിലേയ്ക്ക് എക്സ്ട്രാ ആര്‍ട്ടിസ്റ്റുകളെ ഏര്‍പ്പാടാക്കുന്ന തൊഴിലായിരുന്നു. പെട്ടെന്ന് ആളെ വേണമെന്നു പറഞ്ഞപ്പോള്‍ ലാലിനെ അടുത്തു കാണാമെന്നൊരു കൗതുകത്തില്‍ ഒരു ജീപ്പില്‍ കയറി പോയതാണ് രണ്ടു പേരും. സിനിമയില്‍, ആ രംഗത്ത് മുഖമൊന്നും വ്യക്തമായി കാണില്ലെങ്കിലും ഇരുവര്‍ക്കും, അവരവരെ തിരിച്ചറിയാമായിരുന്നു. ആദ്യമായി അഭിനയിച്ച സിനിമയെന്നു പറഞ്ഞ് പരസ്പരം കളിയാക്കുമായിരുന്നു. പറഞ്ഞു വരുന്നത് ജീവിതത്തിന്റെ തിരക്കഥയിലെ മറ്റൊരപകടത്തിന്റെ കാര്യമാണ്. രണ്ടു പ്രീഡിഗ്രിക്കാരില്‍ ഒരുവന് മിനിഞ്ഞാന്ന് കനത്ത മഴയത്ത് ബൈക്കപകടത്തില്‍ ഗുരുതരമായ പരിക്കേറ്റിരിക്കുന്നുവെന്ന് അറിയിച്ചുകൊണ്ട് അവന്റെ ഭാര്യയുടെ വക SMS. ജീവന് അപകടമില്ലെങ്കിലും സാരമായ പരിക്കുണ്ട്. ആശുപത്രിയിലെത്തിക്കാന്‍ സമയമെടുത്തതുകൊണ്ട് രക്തം കുറേ നഷ്ടമായത്രേ. ഈയടുത്ത് മറ്റൊരു സുഹൃത്തിന്റെ മരുമകനും ബൈക്കപകടത്തില്‍ കാലിന് ഗുരുതരമായ പരിക്കേറ്റ് വഴിയരികില്‍ കിടന്നപ്പോള്‍ അവശ്യ സമയത്ത് ‌സഹായം ലഭിച്ചില്ലെന്ന് അറിയാന്‍ കഴിഞ്ഞു. മിനിഞ്ഞാന്നത്തെ വാര്‍ത്ത കേട്ട പാടെ ആദ്യമോര്‍ത്തത് ‌ഷൂട്ടിംഗ് രംഗത്ത് ഓട്ടോറിക്ഷ തടഞ്ഞ രണ്ട് പ്രീഡിഗ്രിക്കാരെയാണ്. യാഥാര്‍ത്ഥ്യങ്ങള്‍ പലപ്പോഴും തിരശ്ശീലാക്കാഴ്ചകളല്ല തന്നേ :((
 

(c)2009 Devadas V.M [ vm.devadas@gmail.com ]