Sunday, June 24, 2012

നിശ്വാസം - ഒരു പ്രതികഥ

(മാതൃഭൂമി വാരികയിൽ സന്തോഷ് ‌എച്ചിക്കാനം എഴുതിയ 'ശ്വാസം' എന്ന കഥയുടെ *പ്രതികഥയാണിത്. ഒറ്റയിരിപ്പിൽ അതിക സമയം മെനക്കെടുത്താതെ പ്രതികരണം പോലെ എഴുതുന്നതുകൊണ്ട് ഇതിൽ ‌വലിയ സാഹിത്യ ഗുണമൊന്നും ‌പ്രതീക്ഷിക്കേണ്ടതില്ല.‌ എനിക്കിഷ്ടമുള്ള ഒരു പിടി നല്ല കഥകളുടെ എഴുത്തുകാരനാണ് സന്തോഷ്.  എന്നാൽ പ്രസ്തുത കഥയ്ക്കൊരു മറുപുറം തേടാനാണിവിടെ ശ്രമം.)

നിശ്വാസം - ഒരു പ്രതികഥ

വികാസ്,
ഞാനിപ്പോൾ സംസാരിക്കുന്നത് അപകടകരമായ രീതിയിൽ ആസ്ത്മയ്ക്ക് കീഴടങ്ങിയ എന്റെ ഭർത്താവിനോടല്ല. മറിച്ച് ട്രേഡ് യൂണിയൻ സെക്രട്ടറി സഖാവ് വികാസ് റോയിയോടാണ്. യൂണിയന്റെ വാർഷിക  സമ്മേളനത്തിൽ  റിപ്പോർട്ട് വായിച്ചവസാനിപ്പിച്ച ശേഷം  നിങ്ങൾ രാജി പ്രഖ്യാപിച്ചുവെന്നറിഞ്ഞപ്പോൾ , ചികിത്സയ്ക്കു സന്നദ്ധനായിക്കൊണ്ട് എന്നെക്കാണാൻ കൊൽക്കൊത്തയിൽ നിന്നു ഭുവനേശ്വറിലേയ്ക്കു വരുന്നു എന്നറിഞ്ഞപ്പോൾ, അതെല്ലാം നടക്കുമോയെന്ന ആശങ്കയിലും ഏറ്റവുമധികം സന്തോഷിച്ച വ്യക്തിയായിരുന്നു ഞാൻ.  എന്നാൽ തീവണ്ടി യാത്രയ്ക്കിടെ അവിചാരിതമായി ഒരു സംഘം തൊഴിലാളികളേയും അവരുടെ ലേബർ കോണ്ട്രാക്ടറേയും കണ്ടപ്പോൾ തീരുമാനം ‌മാറ്റിയെന്നും, പതിമുന്നുകൊല്ലം തുടർച്ചയായി വഹിച്ച സെക്രട്ടറി സ്ഥാനം നിങ്ങൾ വീണ്ടും ഏറ്റെടുക്കാൻ പോകുന്നുമെന്നുള്ള  വാർത്ത എന്നെ ഞെട്ടിച്ചില്ല.  എന്റെ അവസാനത്തെ അപേക്ഷയും കഴിഞ്ഞ കത്തിലൂടെ അറിയിച്ചു കഴിഞ്ഞതിനാൽ ഇതൊരിക്കലുമൊരു അപേക്ഷയോ, ക്ഷമാപണമോ അല്ല. കുമിള പോലുള്ള നിങ്ങളുടെ അഹന്തയേയും, വ്യാജബോധ്യങ്ങളേയും ചൂണ്ടിക്കാണിച്ചുകൊണ്ടുള്ള കുറിപ്പാണിത്. ഇരുപതു വർഷത്തോളമായി എന്റെ നാക്കിലിരുന്ന് പഴുക്കുന്ന ചോദ്യങ്ങളാണിത്. അല്ലാതെ പാതിയാത്രയിൽ ട്രെയിനിൽ നിന്നിറങ്ങി പഴയ സ്ഥാനമാനങ്ങളുടെ ലാവണത്തിലേക്കു മടങ്ങിച്ചെല്ലുന്നൊരു ഭീരുവിനെ , കപട ബുദ്ധനെ , അഭിനന്ദിച്ചുകൊണ്ട് റെയിൽവേ സ്റ്റേഷനിൽ ആയാളെ കാത്തു നിന്നു മടുത്ത ഭാര്യ അയക്കുന്ന അഭിനന്ദനക്കത്തല്ല.

ഒരു കണക്കിന്  നിങ്ങളെന്റെയടുത്തേയ്ക്ക് വരാതിരുന്നത് എത്ര നന്നായെന്നു തോന്നുന്നു. ഇവിടെ എന്റെ വീട്ടിൽ‌ വർഷങ്ങൾക്കു ശേഷം ഞാൻ സ്നേഹമറിയുന്നു. ദിവസം‌ മുഴുവനും മുഖത്തു തേച്ചു പിടിപ്പിച്ച കള്ളപ്പുഞ്ചിരിയുമായി എനിക്കാരേയും സ്വീകരിക്കേണ്ടതില്ല. കാലത്ത് അനിയനും അവന്റെ ഭാര്യയും ജോലിക്കു പോകും. അവരുടെ മകൾ ചിത്ര സ്കൂളിലേയ്ക്കും. അവർ പോയാൽ വീട്ടിൽ ഞാൻ തനിച്ചാണ്. പുസ്തകങ്ങൾ‌ വായിക്കാനും, ടെലിവിഷൻ കാണാനും, പാട്ടുകൾ കേൾക്കാനും,  യാത്രകൾ ചെയ്യാനുമൊക്കെ എനിക്കിപ്പോൾ ധാരാളം സമയമുണ്ട്. വാരാന്ത്യങ്ങൾ കൊച്ചുത്സവങ്ങളാണ്. മരുമകൻ ചന്ദ്ര  കോളേജു ഹോസ്റ്റലിൽ നിന്നെത്തിയാൽ പിന്നെയാകെ ബഹളമാണ്. ചിത്രയും ചന്ദ്രയും തമ്മിലുള്ള കൊച്ചുകൊച്ചു വഴക്കുകളിൽ പക്ഷം പിടിച്ചും , ന്യായം പറഞ്ഞുമെല്ലാം സമയം പോകുന്നതേ അറിയില്ല. തിരക്കുകൾക്കിടയിൽ നിങ്ങളവരെ‌ കണ്ടിട്ട് ഒരുപാട് കാലമായില്ലേ? പഴയ കുഞ്ഞുകുട്ടികളൊന്നുമല്ല. ചിത്ര പ്ലസ്ടൂവിന് പഠിക്കുന്നു.  ചന്ദ്രയിപ്പോൾ ഭുവനേശ്വർ ഐഐടിയിൽ കാലാവസ്ഥാശാസ്ത്ര ഗവേഷണ വിദ്യാർത്ഥിയാണ്.  ചുരുക്കിപ്പറഞ്ഞാൽ ഞാനിപ്പോൾ സന്തോഷമായി ജീവിക്കാൻ ‌തുടങ്ങിയിരിക്കുന്നു. കാരാട്ടിന്റേയും ബൃന്ദയുടേയും ബന്ധത്തെക്കുറിച്ച് വാനോളം പുകഴ്ത്തി സംസാരിക്കാറുള്ള നിങ്ങൾ സ്വന്തം ഭാര്യയെന്നൊരു പരിഗണ എനിക്കെപ്പോഴെങ്കിലും തന്നിട്ടുണ്ടോ? നിങ്ങൾക്കു വേണ്ടിയും, നിങ്ങളെ കാണാനെത്തുന്ന അണികളേയും അപരിചിതരേയും അതിഥികളേയും സ്വീകരിച്ചിരുത്തി വിളമ്പിയൂട്ടുന്ന, അടുക്കളയിൽ ‌വിയർത്തു ക്ഷീണിക്കുന്ന എന്നെ ഒരിക്കലെങ്കിലും സഹായിക്കാൻ നിങ്ങളൊരുമ്പെട്ടിട്ടുണ്ടോ? തിന്നും കുടിച്ചും പോയവരുടെ എച്ചിൽ ‌പാത്രങ്ങൾ കഴുകിയ ശേഷം നനഞ്ഞ കൈപ്പത്തി ഞാനെന്റെ കോട്ടൺ സാരിയുടെ മുന്താണിയിൽ അമർത്തിത്തുടയ്ക്കുമ്പോൾ പിറകിൽ‌ വന്ന് പഞ്ചാര വർത്തമാനം പറയുകയല്ലാതെ കഴുകിവച്ച പാത്രങ്ങളിലൊന്നെടുത്ത്‌‌  അടുക്കളയിലെ മരയലമാരയിൽ കൊണ്ടു പോയൊന്നു വയ്ക്കാനുള്ള മര്യാദയെങ്കിലും കൊടികെട്ടിയ തൊഴിലാളി നേതാവിൽ നിന്ന് നാളിതുവരെ ഉണ്ടായിട്ടുണ്ടോ?

പ്രസംഗങ്ങൾ മുഴുമിക്കാൻ കഴിയാതെ വരുമ്പോഴും, മീറ്റിങ്ങുകൾക്കായി തുടർയാത്രകൾ നടത്തുമ്പോഴും, വസന്തകാലത്തെ അലർജികളെ അതിജീവിക്കാനുമെല്ലാം സ്ഥിരമായി ഇൻഹേലർ ഉപയോഗിക്കാറുള്ള നിങ്ങൾ മിക്കപ്പോഴും ശ്വാസതടസ്സത്താൽ പാതിയിൽ മുറിഞ്ഞില്ലാതായിപ്പോയ നമ്മുടെ രതിവേളകളിൽ ‌ഒരൊറ്റ തവണ പോലും അതുപയോഗിച്ചു കണ്ടിട്ടില്ല. കോർട്ടിസോൺ‌ വായു വലിച്ച് ഇനിയും എല്ലു ശോഷിക്കണ്ടായെന്നു കരുതി ഞാനതിന് നിങ്ങളെ നിർബന്ധിച്ചിട്ടുമില്ല. നിങ്ങൾക്കെല്ലാറ്റിനോടും ഭയമാണ്. ഭയന്നു ഭയന്നു ഭയന്ന് നിങ്ങളൊളിക്കുന്നതാകട്ടേ ഭയങ്കരമായ ഒരു ചില്ലു മാളികയിലും. നിങ്ങളുടെയച്ഛനെ രാഷ്ട്രീയ ഗുരുവായി കാണുന്ന സഖാവ് ശശിഭുഷനെപ്പോലും നിങ്ങൾക്കു ഭയമാണ്. സ്വന്തം അഹന്തയ്ക്കു നേരെ ആരെങ്കിലുമൊരു ചെറുകല്ലു വലിച്ചെറിയുന്നതു പോലും സഹിക്കാനാകാത്ത ഭയം. നിങ്ങളുടെ രോഗാവസ്ഥയിൽ മനംനൊന്തു മാത്രമല്ല ഞാൻ എല്ലാമുപേക്ഷിച്ച് ‌എന്റെ വീട്ടിലേയ്ക്കു തിരിച്ചത്. ശരിക്കും മടുത്തിട്ടാണ്. സൗത്തിന്ത്യയിലെ ഏതോ തടാകക്കരയിൽ നിങ്ങളുടെ യൂണിയന്റെ മുൻ‌ അഖിലേന്ത്യാ സെക്രട്ടറി വരദരാജനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ വാർത്തയറിഞ്ഞ ദിവസം നിങ്ങൾ ഉള്ളിന്റെയുള്ളിൽ ചിരിക്കുന്നത് എനിക്കറിയാമായിരുന്നു. പതിവില്ലാത്ത വിധം അന്നു നിങ്ങളെന്നെ ഇറുക്കി കെട്ടിപ്പിടിക്കുക കൂടി ചെയ്തു. വരദരാജൻ സ്വന്തം ശരീരത്തേയും, മനസിനേയും, വികാരങ്ങളേയും സത്യസന്ധമായി അംഗീകരിച്ചിരുന്നു. എന്നാൽ നിങ്ങളോ? തൊഴിലാളികളുടെ മിശിഹാ, പാവപ്പെട്ടവരുടെ മശായ്... പക്ഷേ വല്ലപ്പോഴുമൊക്കെ ഈ ഇറുകിയ കുപ്പായങ്ങൾ അഴിച്ചു വച്ച ശേഷം പച്ചയായ മനുഷ്യനാകുന്നത് നല്ല കാര്യമാണ്.  എന്റെ തിളങ്ങുന്ന കണ്ണുകളും, ഒതുങ്ങിയ അരക്കെട്ടും, രുചിയേറിയ പാചകവും തന്നെയാണ് നിങ്ങൾക്കെന്നെ ഇഷ്ടപ്പെടാൻ ‌കാരണമായതെന്ന് രഹസ്യ നിമിഷങ്ങളിലെങ്കിലും നിങ്ങൾ തുറന്നു പറഞ്ഞിട്ടുണ്ട്. പക്ഷേ യുവാവായ നിങ്ങളുടെ ശരീരത്തേയും മനസിനേയും തള്ളിപ്പറഞ്ഞുകൊണ്ട് മിശ്രവിവാഹത്തെ ഘോഷിച്ചാണ് നിങ്ങളെന്നെ വിവാഹം ചെയ്തത്. ഉള്ളിന്റെയുള്ളിൽ നിങ്ങളെന്നുമൊരു 'ഭദ്രലോക് കമ്യൂണിസ്റ്റാ'യിരുനെന്ന് എനിക്കറിയാം. രക്ഷകന്റെ രൂപത്തിൽ മാത്രമേ നിങ്ങൾക്ക് തൊഴിലാളികളേയോ, കീഴ്ജാതിക്കാരെയോ സമീപിച്ചിട്ടുള്ളൂ.

തന്റെ കളിപ്പാട്ടം ആരെങ്കിലും കട്ടെടുത്താലോയെന്ന ആശങ്കയാൽ കിടക്കയിൽ തനിക്കും അമ്മയ്ക്കും ഇടയിൽ അതിനെ തിരുകിക്കയറ്റി ഉറങ്ങാൻ കിടക്കുന്ന കുട്ടിയുടെ ബാലിശമായ ഭയമാണ് യൂണിയൻ സെക്രട്ടറി സ്ഥാനം മുറുക്കെപ്പിടിച്ചിരിക്കുന്ന നിങ്ങളുടെ ആകുലത കാണുമ്പോൾ എനിക്കു തോന്നുന്നത്. പുതിയ ആരെങ്കിലും ഈ സ്ഥാനം ഏറ്റെടുത്താൽ പിന്നെ തന്നെ ആരെങ്കിലും ഇതുപോലെ ബഹുമാനിക്കുമോ എന്ന ഭയം നിങ്ങൾക്കുണ്ട്. നൃപൻ ദായുടെ ഏകാന്തത നിങ്ങളുടെ ഉറക്കത്തിൽ പല തവണ ദുസ്വപ്നങ്ങളായി എത്തിയിട്ടുണ്ടെന്ന് എനിക്കറിയാം. നിങ്ങളെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. പാർട്ടിയെപ്പറ്റി പഠിച്ചോ, ആദർശങ്ങൾ പുസ്തകങ്ങളിൽ നിന്നു വായിച്ചോ അല്ല നിങ്ങൾ കമ്യൂണിസ്റ്റായത്. നിങ്ങൾക്കത് മതം പോലെയായിരുന്നു. റാണിഗഞ്ചിലെ പേപ്പർ മിൽ സമരത്തിൽ പങ്കെടുക്കാൻ നിങ്ങളുടെ അച്ഛൻ നാബേന്ദു റോയ് നാലു മാസം മാത്രം പ്രായമുള്ള നിങ്ങളേയും കൊണ്ടു പോയതു മുതൽ നിങ്ങൾ കമ്യൂണിസ്റ്റാണ്. ആ രാർഹി ബ്രാഹ്മണൻ സമരമുഖത്തേയ്ക്കാണ് കൊണ്ടു പോയതെങ്കിലും നിങ്ങൾക്കത് ഉപനയനമോ, അന്നപ്രാശമോ പോലെ മതപരമായ ഒരു ചടങ്ങായിരുന്നു. അങ്ങനെ നാലാംമാസത്തിൽ പേരിടീലിനു മുന്നെ തന്നെ നിങ്ങൾ കമ്യൂണിസ്റ്റായി. നമ്മുടെ കിടപ്പുമുറിയിലെ പുസ്തക ഷെൽഫിന്റെ അടുത്തായി തൂങ്ങിക്കിടക്കുന്ന ചിത്രത്തിൽ നോക്കി ഇക്കാര്യം ഇടയ്ക്കിടെ പറഞ്ഞുകൊണ്ട് നിങ്ങൾ ഉന്മാദം കൊള്ളുന്ന നേരത്ത് ഉള്ളിൽ പൊട്ടുന്ന ചിരിയടക്കാൻ ഞാൻ എത്രമാത്രം പാടുപെട്ടിട്ടുണ്ടെന്നോ?   രാജാ റാം മോഹൻ റോയിലേയ്ക്ക് വേരുകളുള്ള കുടുംബത്തിന്റെ കുലീന ബ്രാഹ്മണത്വം ഇപ്പോഴും ഉള്ളാലെ പേറുന്ന എന്റെ ഭദ്രലോക് സഖാവേ, സംഘടനയെന്നാൽ കത്തിയമരുന്നൊരു കപ്പലും, നിങ്ങൾ അതിന്റെ തീയലകൾക്കിടയിൽ അച്ഛന്റെ നിർദ്ദേശം കാത്തിരിക്കുന്ന കസാബിയാൻകായുമാണെന്ന ഈ മുടിഞ്ഞ അഹന്തയുണ്ടല്ലോ അതിനിട്ട് ആദ്യം നന്നായൊരു ആട്ടും തട്ടും കൊടുക്കാൻ നോക്ക്.

ഓരോ തവണയും യൂണിയൻ സെക്രട്ടറി സ്ഥാനം രാജിവയ്ക്കുമെന്ന് നിങ്ങൾ സഖാവ് ശശിഭൂഷണോട് പറയുമ്പോൾ അയാളും അണികളും ചേർന്ന് "അയ്യോ ബികോഷ് പോകല്ലേ, അയ്യോ ബികോഷ് ദാ പോകല്ലേ" എന്നു കേണപേക്ഷിക്കുന്നതും, "എന്നാൽ നിങ്ങൾക്കായി ഈ ഭാരിച്ച ഉത്തരവാദിത്വം ഞാൻ തന്നെ എറ്റെടുക്കാ"മെന്നു പറഞ്ഞു പുഞ്ചിരിച്ച് നിങ്ങളതിനു സമ്മതിക്കുന്നതും പോലും ഇപ്പോൾ ഒരാചാരമായി മാറിയിരിക്കുന്നു. നിങ്ങളുടെ സ്ഥാനത്തേയ്യ്ക്കു വരാൻ സാധ്യതയുണ്ടായിരുന്ന പലരേയും നിങ്ങൾ കടയ്ക്കു വെട്ടി വീഴ്ത്തിയിട്ടുണ്ട്. കടും നിറത്തിലുള്ള കുർത്തകൾ മാത്രം ധരിച്ചുകൊണ്ട് നമ്മുടെ വീട്ടിൽ വരാറുള്ള ആ പൂച്ചക്കണ്ണൻ യുവാവില്ലേ? എന്താണ് അയാളുടെ പേര്? പ്രണബ് എന്നോ മറ്റോ അല്ലേ? സംഘടനാതത്വങ്ങളുടെ വ്യതിചലനമെന്ന ഇല്ലാക്കാരണം ആരോപിച്ചുകൊണ്ട് ആദ്യം നിങ്ങളയാളെ ട്രേഡ് യൂണിയനിൽ നിന്നും, ശേഷം നേതാക്കൾക്കു തുടർച്ചയായി തൊടുന്യായങ്ങൾ നിറച്ച കത്തുകളെഴുതി പാർട്ടിയിൽ നിന്നും പുറത്താക്കിയതിന്റെ പിന്നാമ്പുറ കഥകൾ ആളുകൾ മുറുമുറുക്കുന്നത് കേട്ടിട്ടുണ്ടോ? വ്യാജസ്തുതി വൃന്ദങ്ങൾക്കു നടുവിൽ പെട്ടിരിക്കുന്ന നിങ്ങളതറിയുന്നില്ലെന്നു മാത്രം. ഇത്തവണ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ച ശേഷം നിങ്ങൾ പ്രഖ്യാപിച്ച രാജിയും ഓലപ്പാമ്പായിരുന്നുവെന്ന് ഞാനൊഴികെ എല്ലാവർക്കും അറിയാമായിരുന്നു. എനിക്കു പോലും അത് പൂർണ്ണ വിശ്വാസമായില്ല. എന്നാൽ ആസ്തമയാൽ കിതച്ചു വലിക്കുന്ന ഓരോ ശ്വാസത്തിനും അധികാരത്തിന്റെ മണം ഉണ്ടായിരിക്കണമെന്ന വിധം സ്ഥാനമാനങ്ങൾക്കടിമയായ നിങ്ങൾ അതെല്ലാം വിട്ടെറിഞ്ഞ് എന്റെ മാത്രം വികാസ് ആയി അരികിൽ തിരിച്ചെത്തുമെന്ന് സ്വയം വിശ്വസിപ്പിക്കാൻ ശ്രമിച്ച ഞാനാണ് വിഢി. പതിവു പോലെ യൂണിയന്റെ ഉത്തരവാദിത്വപ്പെട്ടവരോ അല്ലെങ്കിൽ ശശിഭൂഷനോ പിൻവിളി നടത്തുമെന്ന് കരുതിയെങ്കിലും അതു നടക്കാതെ വന്നതിന്റെ ഗർവ്വഭംഗത്തിലും നിരാശയിലുമാണ് നിങ്ങൾ തീവണ്ടി യാത്രക്കിടയിൽ ശശിഭൂഷനെ വിളിച്ച് താൻ വീണ്ടും സെക്രട്ടറി സ്ഥാനം ഏറ്റെടുക്കാമെന്നു തീർച്ച പറഞ്ഞത്. ഇല്ല വികാസ്... ട്രേഡ് യൂണിയൻ സെക്രട്ടറിയുടെ കളിപ്പാട്ടക്കസേര കൈവിട്ടാൽ പിന്നെ എന്റെ കുട്ടിയ്ക്ക് ഉറങ്ങാൻ കഴിയില്ല. ഇൻഹേലറുകളുടെ സഹായമുണ്ടെങ്കിൽ പോലും അവനവനഹന്തയുടെ ഇളം ചൂടുള്ള കാറ്റടിക്കാതെ നിങ്ങൾക്കു ശ്വസിക്കാൻ കഴിയില്ല. മറ്റുള്ളവരുടെ മശായിയും മിശിഹായുമല്ലാതെ മനുഷ്യനായി ജീവിക്കാനോ മരിക്കാനോ നിങ്ങൾക്കു കഴിയില്ല. എല്ലാറ്റിനും ഒറ്റമൂലി പരിഹാരം നിർദ്ദേശിക്കുന്ന, ഇപ്പോൾ ഉള്ളതെല്ലാം എക്കാലവും കൈപ്പിടിയിൽ ഒതുങ്ങണമെന്ന് ആഗ്രഹമുള്ളൊരു കടൽക്കിഴവനാണ് നിങ്ങളെന്നു പറഞ്ഞാൽ മുഷിയരുത്. ഇരുപതു വർഷമായി നിങ്ങളെ സഹിക്കുന്ന എനിക്കിതു പറയാൻ അർഹതയുണ്ടെന്നെങ്കിലും മനസിലാക്കണം. നിങ്ങളൊരു കാലഹരണപ്പെട്ടവനാണെന്നു തിരിച്ചറിയാൻ വലുതായി ചിന്തിക്കുകയൊന്നും വേണ്ട. പതിമൂന്നു വർഷം ട്രേഡ് യൂണിയൻ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടും വാർഷിക സമ്മേളനത്തിൽ രാജി പ്രഖ്യാപിച്ച നിങ്ങളെ റെയിൽവേ സ്റ്റേഷനിലേയ്ക്കു യാത്രയാക്കാൻ എത്തിയത് എത്ര പേരായിരുന്നു? ആകെയൊരു സുധാംശു മാത്രം. അതും സെക്രട്ടറി സ്ഥാനത്തിരുന്നുകൊണ്ട് നിങ്ങൾ അയാൾക്കു പലപ്പോഴായി ചെയ്തു കൊടുത്ത സഹായത്തിന്റെ നന്ദികൊണ്ടു മാത്രം. വാസ്തവത്തിൽ അങ്ങനെയൊരു ഒറ്റയാൾ അകമ്പടിയായിരുന്നോ നിങ്ങൾ പ്രതീക്ഷിച്ചിരുന്നത്? നിങ്ങൾ നിരാശനായിരുന്നുവെന്ന് എനിക്കു തീർച്ചയുണ്ട്. ആ യാത്രയയപ്പ് നിങ്ങളെ സംബന്ധിച്ചിടത്തോളം സ്വന്തം ശവഘോഷ യാത്രയുടെ മുന്നൊരുക്കമായിരുന്നു. കൊടികളും, മാലകളും, പൂക്കളും, മുദ്രാവാക്യങ്ങളും, കെട്ടിപ്പിടുത്തങ്ങളും, കരച്ചിലുകളുമൊക്കെയായി ഒരു വൻ യാത്രയയപ്പാണ് നിങ്ങൾ പ്രതീക്ഷിച്ചത്. എന്നാൽ സുധാംശുവിന്റെ ഒറ്റയാൾ അകമ്പടി നിങ്ങളെയാകെ തകർത്തു കളഞ്ഞിരിക്കണം. കനു ദായെപ്പോലെ ആത്മഹത്യയെപ്പറ്റിപ്പോലും ഒരുവേള നിങ്ങൾ ചിന്തിച്ചിട്ടുണ്ടാകും. ഭയത്താൽ നിങ്ങൾ ഉടുത്തിരുന്ന വസ്ത്രത്തിൽ മൂത്രമൊഴിച്ചുവോയെന്നു പോലും എനിക്കു സംശയമുണ്ട്.

വയസ്സ് അറുപതേ ആയുള്ളൂവെങ്കിലും നിങ്ങൾ അറനൂറിന്റെ പഴക്കമുള്ളൊരു കിഴവനാണ് വികാസ്. നവീകരണത്തിനു വിധേയമാകാത്ത നിങ്ങളുടെ വിശ്വാസങ്ങൾ ആളുകളുടെ മേൽ അടിച്ചേൽപ്പിച്ചാൽ അവരെന്തു ചെയ്യും? ഫാക്ടറി തൊഴിലാളികൾ അവരുടെ അവധി ദിവസങ്ങളിൽ വല്ലപ്പോഴുമൊരു ആഡംബര ഹോട്ടലിൽ പോകുന്നതോ, അവർ കാലത്തിനനുസരിച്ച് മാറുന്നതോ, ആണും പെണ്ണും സൗഹൃദത്തോടെ ഇടപെടുന്നതോ, ശരീരത്തിന്റേയും മനസിന്റേയും ആവശ്യങ്ങളിലേയ്ക്ക് അവർ ബന്ധങ്ങളെ വളർത്തുന്നതോ ഒന്നും തന്നെ നിങ്ങൾക്കു ദഹിക്കുന്നില്ല. അവർ പുതിയ തലമുറയാണ് വികാസ്. നമ്മൾക്കു കുഞ്ഞുങ്ങളില്ലാത്തത് എത്ര നന്നായെന്ന് എനിക്കിപ്പോൾ തോന്നുന്നു. തനിയൊരു മുരടൻ തന്തക്കിഴവനായി നിങ്ങൾ അവരോടു പെരുമാറുന്നത് എനിക്കാലോചിക്കാൻ പോലും കഴിയുന്നില്ല. പ്രസംഗത്തിടെ 'ലണ്ടനിലെ തൊഴിലാളി വർഗത്തിന്റെ സ്ഥിതി' എന്ന ഏംഗൽസിന്റെ പുസ്തകത്തെക്കുറിച്ചു പറയുമ്പോൾ പ്രസംഗവേദിയുടെ ചുവട്ടിലിരുന്ന് ചിലർ മൊബൈലിലെ വീഡിയോ ദൃശ്യങ്ങൾ കാണുകയായിരുന്നു എന്നൊരിക്കൽ വളരെ വേദനയോടെ എന്നോട് പറഞ്ഞതോർമ്മയുണ്ടോ? നിങ്ങൾക്കു വിഷമമാകുമെന്നു കരുതി അന്നൊഴിവാക്കിയ മറുപടി ഞാനിപ്പോൾ പറയുന്നു. ഗ്ലോബലൈസേഷനും നിയോലിബറലിസവുമെല്ലാം പ്രത്യക്ഷമായും പരോക്ഷമായും കടന്നാക്രമിക്കുന്ന കമ്പോള പരിതസ്ഥിതിയിൽ, സാമ്പത്തിക പ്രതിസന്ധിയാൽ യൂറോപ്പാകെ ഗതിമുട്ടിൽ നിൽക്കുന്ന സമയത്ത് ആരെങ്കിലും നൂറ്റെഴുപത് വർഷം പഴക്കമുള്ളൊരു പുസ്തകം കാണാപ്പാഠം പഠിച്ച്  വചനങ്ങളുരുവിട്ടാൽ അതു കേട്ടിരിക്കുന്ന ചെറുപ്പക്കാർ വിരസതയൊഴിവാക്കാൻ മൊബൈലിൽ അശ്ലീല വീഡിയോകൾ കണ്ടെങ്കിൽ പോലും അവരെ കുറ്റം പറയാനാകില്ല. യൂറോപ്പിലെ സാമ്പത്തിക പ്രതിസന്ധിയും, ലണ്ടനിലെ തൊഴിൽ നഷ്ടവും, യൂറോ-ഡോളർ-രൂപ വിലയിലെ ആപേക്ഷിക വ്യതിയാനങ്ങളേയും പറ്റിയൊക്കെ ഒന്നു പഠിച്ചു സംസാരിച്ചു നോക്ക്. ആസ്ത്മാ വലിവുള്ള നിങ്ങളുടെ പ്രസംഗം അവർ കോളർ ട്യൂണായി ഇട്ടുകളയും. അതിന്റെ പേരിൽ നിങ്ങൾക്ക് വീണ്ടും അഹങ്കരിക്കുകയും ചെയ്യാം.

ട്രെയിനിൽ വച്ച് ബംഗാളികളായ തൊഴിലാളികളെ കേരളത്തിലെ ഒരു കൺസ്ട്രക്ഷൻ കമ്പനിയിലേക്കു കൊണ്ടു പോകുന്ന കാഴ്ചയുടെ ദുരവസ്ഥയും, പിന്നെ ഹിന്ദി സിനിമകളിലെ മദ്രാസി വില്ലന്റെ രൂപഗുണങ്ങളുള്ള ലേബർ കോണ്ട്രാക്ടറെ പരിചയപ്പെട്ടതുമാണല്ലോ എന്നെക്കാണാനുള്ള യാത്ര പാതിയിൽ മുടക്കി വീണ്ടും യൂണിയൻ സെക്രട്ടറി സ്ഥാനം ഏറ്റെടുക്കാൻ പ്രേരിപ്പിച്ചതെന്നു നിങ്ങൾ പറഞ്ഞു നടക്കുന്നത്. അത് പച്ചക്കള്ളമാണെന്ന് ‌എനിക്കറിയാം വികാസ്. നിങ്ങൾ വസ്തുതകൾ ഗ്രഹിക്കുന്നൊരു തൊഴിലാളി നേതാവല്ലേ? ട്രെയിനിൽ വച്ച് തൊഴിലാളികളെ തെറിവിളിക്കുകയും, തല്ലാനായി കൈയ്യോങ്ങുകയും ചെയ്യുന്നൊരു ലേബർ കോണ്ട്രാക്ടർ കമ്യൂണിസ്റ്റാണെന്നു പറഞ്ഞ് സ്വയം പരിചയപ്പെടുത്തുമ്പോൾ അതൊരു അടവോ, നുണയോ ആണെന്ന് തിരിച്ചറിയാനുള്ള ബുദ്ധി പോലും നിങ്ങൾക്കു നഷ്ടമായെന്നോ? അയാൾ അങ്ങനെ പരിചയപ്പെടുത്തിയാൽ തന്നെയും, തൊഴിലാളികളോട് ഇത്തരത്തിൽ പെറുമാറുന്നയാൾക്കൊരു കമ്യൂണിസ്റ്റുകാരനാകാൻ പറ്റില്ലെന്നു പറയാൻ നിങ്ങൾക്കു കഴിഞ്ഞോ? തൊഴിലാളികളെ ഈ വിധം തെറിവിളിച്ചും, തല്ലിയുമല്ല പണിയിടങ്ങളിലേക്കു കൊണ്ടു പോകേണ്ടതെന്ന് മറുത്തു പറയാൻ നിങ്ങളുടെ നാവു പൊന്തിയോ? നിങ്ങളതു ചെയ്തില്ലല്ലൊ, അല്ലേ? കൂടുതൽ ശക്തിയും അധികാരവും ഉള്ളവരെ കണ്ടാൽ പഞ്ചപുച്ഛമടക്കി ശ്വാസം വിഴുങ്ങി നിൽക്കുന്ന നിങ്ങൾ ആ പതിവു തെറ്റിച്ചിരിക്കില്ല. സഖാവ് ശശിഭൂഷന്റെയൊക്കെ മുന്നിൽ നിൽക്കുമ്പോൾ പ്രകടിപ്പിക്കുന്ന വിധേയത്വ ഭാവമായിരിക്കും ആ മദ്രാസി ലേബർ കോണ്ട്രാക്ടറുടെ മുന്നിലും നിങ്ങൾ ചേഷ്ട വച്ചിട്ടുണ്ടാകുക.

അല്ല വികാസ്, ഒന്നു ചോദിച്ചോട്ടേ? ബംഗാളിൽ നിന്ന് കേരളത്തിലേയ്ക്ക് തൊഴിലെടുക്കാൻ പോകുന്നവരെപ്പറ്റി പെട്ടെന്നൊരു ദിവസമൊരു ട്രെയിൻ യാത്രയിൽ വച്ചു മാത്രമാണോ നിങ്ങൾ അറിയുന്നത്? യുപി, ബീഹാർ, ഒറീസ്സ, ബംഗാൾ, അസം എന്നിവിടങ്ങളിൽ നിന്ന് വർഷങ്ങളായി അന്യ സംസ്ഥാനങ്ങളിലേയ്ക്ക് തൊഴിൽ‌ തേടി പോകുന്നവരുടെ അവസ്ഥ മനസിലാക്കാൻ ഇത്രയും വർഷത്തെ യൂണിയൻ പ്രവർത്തനം കൊണ്ട് കഴിഞ്ഞില്ലെന്നോ? എണ്ണിപ്പതിമൂന്നു കൊല്ലം ട്രേഡ് യൂണിയൻ സെക്രട്ടറിയായ നിങ്ങൾ എപ്പോഴെങ്കിലും ഇതിനെക്കുറിച്ച് നേതൃത്വത്തെ അറിയിച്ചിട്ടുണ്ടോ? ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ശ്രമം നടത്തിയിട്ടുണ്ടോ? എന്താണ് ഇതിന്റെ പിന്നാമ്പുറ സാഹചര്യങ്ങളെന്ന് പഠിക്കാൻ ശ്രമിച്ചിട്ടുണ്ടോ? അത്തരം ചോദ്യങ്ങളിൽ നിന്നെല്ലാം ഒഴിഞ്ഞുമാറി പത്തുമുപ്പതു കൊല്ലം തന്റെ നാടു ഭരിച്ച പാർട്ടിയെപ്പഴിച്ച് ഒരു ഒട്ടകപ്പക്ഷിയുടെ തലപൂഴ്ത്തൽ നാട്യം നടത്തുന്ന സമർത്ഥനായൊരു ഒഴിവുകഴിവുകാരനാണ് നിങ്ങൾ. ഇതെക്കുറിച്ച് ഞാൻ ചന്ദ്രയുമായി സംസാരിച്ചു. അവൻ നിങ്ങളെ രൂക്ഷമായ ഭാഷയിൽ വിമർശിക്കുകയാണ് ചെയ്തത്. കൂട്ടുകാരികളുടെ തുറന്ന മാറിടം പകർത്താൻ വേണ്ടി മാത്രമല്ല കുട്ടികൾ ഇക്കാലത്ത് മൊബൈൽ ഫോൺ ഉപയോഗിക്കുന്നതെന്ന് അവനാണ് എനിക്കു മനസിലാക്കിത്തന്നത്. എനിക്കാവശ്യമായ വിവരങ്ങൾ അവൻ മൊബൈലിൽ പരതി തിരഞ്ഞു തന്നു. മാധ്യമങ്ങളുടെ പക്ഷപാതപരമാർന്ന വാർത്താശൈലിയേയും വലതുപക്ഷ പൊതുബോധം ‌പ്രചരിപ്പിക്കുന്ന വ്യാജനിർമ്മിതികളേയും തിരിച്ചറിഞ്ഞ്, താനാണ് ‌ട്രേഡ് യൂണിയന്റെ ഉത്തരം താങ്ങിപ്പല്ലിയെന്ന അഹന്തയൊഴിവാക്കി കാര്യങ്ങളെ വസ്തുതാപരമായി സമീപിച്ചാൽ ബംഗാളിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരുകള്‍ മറ്റേത് സംസ്ഥാനത്തെ വലതുപക്ഷ സര്‍ക്കാരുകളേക്കാളും മെച്ചമാണെന്നു മനസിലാക്കാമെന്നാണ്‌ അവൻ പറയുന്നത്.  പശ്ചിമ ബംഗാളിലെ മനുഷ്യവിഭവശേഷി വികസനത്തെക്കുറിച്ച് 2004-ൽ ഐക്യരാഷ്ട്രസഭ തയ്യാറാക്കിയ റിപ്പോർട്ടിലെ പ്രസ്ക്തമായ ചില ഭാഗങ്ങൾ‌ ചന്ദ്ര എനിക്കു വായിച്ചു തന്നു.  അതു കൂടാതെ ‌പശ്ചിമ ബംഗാളിന്റെ അവസ്ഥയും, താരതമ്യങ്ങളും അടങ്ങിയ ചിലതും അവനെനിക്കു വേണ്ടി വിശദീകരിച്ചു.  മൊബൈൽ ഫോണിൽ  വിരലുകൊണ്ടു തിരഞ്ഞു താളുകൾ മറിക്കുന്നതിനിടെ അവൻ പറഞ്ഞ കാര്യങ്ങൾ അനിയത്തി ചിത്ര ‌ധൃതിയിലൊരു കടലാസ്സിൽ കുറിച്ചിട്ടു. അതു പ്രകാരമുള്ള വിവരങ്ങളാണ് താഴെ കൊടുക്കുന്നത്. ബ്രിട്ടീഷ് ‌ഭരണകാലത്തും അതിനു ശേഷവുമായുള്ള രാജ്യവിഭജനങ്ങൾ, അതിന്റെ ഫലമായുണ്ടായ അഭയാർത്ഥി പ്രവാഹങ്ങൾ, അതിർത്തിയിലെ യുദ്ധങ്ങൾ, തീവ്രവാദ സംഘടനകൾ, പ്രതികൂലമായ കാലാവസ്ഥകളിലെ വരൾച്ചയും വെള്ളപ്പൊക്കവും, പലകാലങ്ങളിലായി മഹാമാരിയുടേയും ക്ഷാമത്തിന്റേയും വിളയാട്ടം എന്നിവയുടെ അവശേഷിപ്പുള്ളതാണ് വംഗഭൂമിയെന്ന യാഥാർത്ഥ്യവും ചരിത്രവും കാണാതെ പോകരുത്.  ദേശീയ  ശരാശരിയുടെ മുന്നുമടങ്ങോളം വരുന്ന ജനസാന്ദ്രതയാണ് ബംഗാളിലുള്ളത്. അതുകൂടാതെ അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് കുടിയേറിയ ആളുകള്‍ക്ക് പുറമെ, പാക്കിസ്ഥാൻ-ബംഗ്ലാദേശ് യുദ്ധത്തെ തുടര്‍ന്ന് അതിര്‍ത്തി കടന്ന് വന്ന അഭയാര്‍ത്ഥികൾ എന്നിവയും ഈ പ്രശ്നത്തെ രൂക്ഷമാക്കി.  എന്നിട്ടും വികസനത്തിന്റെ അളവുകോലുകളായി നിങ്ങളൊക്കെ പറയുന്ന ജിഡിപി, എസ്‌ഡിപി തുടങ്ങിയവയിൽ രാജ്യശരാശരിയുമായും, ഇതര സംസ്ഥാനങ്ങളുമായും താരതമ്യം ചെയ്യുമ്പോൾ അത്ര മോശമല്ല താനും. ഒരു കാലത്ത് ക്ഷാമ സംസ്ഥാനമായിരുന്നവസ്ഥയിൽ നിന്ന് മിച്ചഭക്ഷണ സംസ്ഥാനമായി മാറാൻ‌ കഴിഞ്ഞിട്ടുണ്ട്. ശിശുമരണം, സ്ത്രീ-ഗാർഹിക പീഡനം, പ്രാഥമിക വിദ്യാഭ്യാസംസാക്ഷരത, റോഡു വികസം, ധാന്യോൽപ്പാദനം തുടങ്ങി ഒരുപാടു നിരക്കകുളിൽ രാജ്യശരാശരിയുമായി താരതമ്യം ചെയ്യുമ്പോൾ മികച്ചു നിൽക്കുന്നതാണ് വസ്തുതകൾ തെളിയിക്കുന്നത്.  ബംഗാൾ മധുരമനോജ്ഞ സംസ്ഥാനമൊന്നുമല്ല. നിലവിൽ ഇന്ത്യയിലെ ദരിദ്രമായ എട്ടു സംസ്ഥാനങ്ങളിൽ ബംഗാളും ഉൾപ്പെടുന്നുണ്ട്. എന്നാൽ അക്കൂട്ടത്തിൽ പോലും താരതമ്യേന മികച്ച നിലയാണുള്ളത്. ഇന്ത്യയെന്ന രാജ്യം ആഗോളവൽക്കരണത്തേയും ഉദാരനയങ്ങളേയും പുണർന്നുകൊണ്ട് തുറന്ന കമ്പോളത്തെ സ്വാഗതം ചെയ്തപ്പോൾ മുഖ്യമായും കാർഷികവൃത്തിയെ ആശ്രയിച്ച ഈ സംസ്ഥാനത്തിന് പതറാതെ നിവൃത്തിയില്ലായിരുന്നു. ഗ്രാമീണ തൊഴിലുകളുടെ ലഭ്യത കുറഞ്ഞു. കൃഷിയിടങ്ങളും, തോട്ടങ്ങളും ഉപേക്ഷിച്ച് മറ്റു തൊഴിലുകളിൽ ഏർപ്പെടാൻ അവർ നിർബന്ധിതരായി. അന്യസംസ്ഥാനങ്ങളിലേക്കു പോലും തൊഴിലന്വേഷിച്ചു പോകാൻ പ്രേരിതരായി. അക്കൂട്ടത്തിൽ ചിലരെയാണ് നിങ്ങൾ ട്രെയിൻ യാത്രയിൽ‌ വച്ചു കണ്ടത്. കാർഷിക മേഖല തകർന്നതോടെ പരിഹാരമാർഗമായി വ്യവസായവൽക്കരണത്തെ സ്വീകരിക്കാൻ ‌ഗവൺമെന്റ് ശ്രമങ്ങളാരംഭിച്ചു.  എന്നാൽ അതിനെ തുടർന്നുണ്ടായ അസ്വാരസ്യങ്ങൾ സിങ്കൂരിലേയും, നന്ദിഗ്രാമിലേയും ‌പ്രശ്നങ്ങൾക്കു കാരണമായി.

നന്ദിഗ്രാം കലാപത്തിൽ അനാഥനായ പയ്യനെ ട്രെയിനിൽ വച്ചുകണ്ട കാര്യം ‌നിങ്ങൾ പറഞ്ഞിരുന്നല്ലോ. ശരിയാണ്; സിങ്കൂരിലും, നന്ദിഗ്രാമിലും സംഭവിക്കാൻ പാടില്ലാത്തതു തന്നെ സംഭവിച്ചു. എന്നാൽ എല്ലാക്കാര്യങ്ങൾക്കും ഒരു മറുവശമുണ്ടെന്നാണ് ചന്ദ്ര പറയുന്നത്. അവിടെ ഗവണ്മെന്റിനെ മാത്രം ‌പഴിചാരിയിട്ടു കാര്യമില്ല. നന്ദിഗ്രാമിൽ സ്വതന്ത്ര സാമ്പത്തിക മേഖലയാരംഭിച്ച് വ്യവസായമാരംഭിക്കാൻ ഒരു ഇന്തോനേഷ്യൻ ‌ഗ്രുപ്പ് മുന്നോട്ടു വരുന്നു. എട്ടോളം സംസ്ഥാനങ്ങളെ ഇതിനായി അവർ സമീപിച്ചെങ്കിലും കേന്ദ്ര രാസവള വകുപ്പിന്റെ അനുമതി ലഭിച്ചത് പശ്ചിമബംഗാളിനാണ്. സംരംഭത്തിനായി സ്ഥലം ഏറ്റെടുക്കൽ തുടങ്ങിയതോടെ മാവോയിസ്റ്റുകൾ‍,  ജമാഅത്തെ ഉലമ ഹിന്ദ് , തൃണമൂല്‍ കോണ്‍ഗ്രസ് തുടങ്ങിയവർ‌എതിർപ്പുമായെത്തി. അതിനെ തുടർന്ന് നടപടികൾ താൽക്കാലികമായി നിർത്തിവച്ചു. എന്നാൽ കാര്യങ്ങൾ അവിടം‌ കൊണ്ടും നിന്നില്ല. എതിർപ്പു പ്രകടിപ്പിച്ച കക്ഷികൾ പദ്ധതി പ്രദേശം ‌പിടിച്ചെടുത്തു. വ്യവസായത്തെ അനുകൂലിച്ച കുടുംബങ്ങളെ അവിടെ നിന്നും ഓടിച്ചു വിട്ടു. പദ്ധതി പ്രദേശത്തേയ്ക്കുള്ള ഗതാഗത മാർഗങ്ങളായ പാലങ്ങളും, റോഡുകളും തകർത്തു. സുരക്ഷാ സേനയ്ക്കു പോലും ‌പ്രവേശിക്കാനാകാത്ത വിധത്തിൽ അവിടം ഒറ്റപ്പെട്ടു. പ്രശ്നപരിഹാരത്തിനായെത്തിയ പോലീസിനെ തോക്കും, ബോംബുമായാണ് പ്രദേശം ‌പിടിച്ചെടുത്ത ജനങ്ങൾ നേരിട്ടത്. അതിനെ തുടർന്ന് അരുതാത്തതു സംഭവിച്ചു. വെടിവയ്പ്പുണ്ടായി, പല ജീവനുകൾ നഷ്ടപ്പെട്ടു. എന്നാൽ ആളും, ആയുധവും കൊടുത്ത് ജനങ്ങളെ സംഘടിപ്പിച്ചതിനു പുറകിൽ ഇടത്തരം ജന്മികളുടെ പങ്ക് തള്ളിക്കളയാനാകില്ല. മതിയായ രേഖകളില്ലാതെ ഭൂമി കൈവശം വച്ചിരുന്ന പല ഇടത്തട്ടുകാരും ഭൂമി നഷ്ടപ്പെടാതിരിക്കാൻ ‌കലാപത്തിന്റെ എരിതീയിൽ എണ്ണയൊഴിച്ചു. അവർക്കു മറ പിടിക്കാൻ രാഷ്ട്രീയ സംഘടനകൾ കൂടി എത്തിയപ്പോൾ കാര്യങ്ങളാകെ കൈവിട്ടു പോയി. ചൂടുവെള്ളത്തിൽ ‌വീണ പൂച്ചയുടെ‌ അവസ്ഥയായി ഗവൺമെന്റിന്. വ്യവസായ നയങ്ങളെ തള്ളിപ്പറയേണ്ടുന്ന ഗതികേടു വരെ വന്നു. ഇതിന്റെ ഫലമോ? അന്യ സംസ്ഥാനത്തേക്കുള്ള തീവണ്ടികളിൽ നാടുവിട്ട് തൊഴിലെടുക്കാൻ ‌പോകുന്നവരുടെ എണ്ണം പിന്നെയും കൂടി. വികാസ് എന്നു പേരുണ്ടെങ്കിലും ഉള്ളാലെ വികസനത്തോട് പുറംതിരിഞ്ഞു നിന്ന, സാങ്കേതിക മുന്നേറ്റങ്ങളെ എതിര്‍ത്ത് ജനങ്ങളെക്കൊണ്ടു കൊല്ലങ്ങളായി സമരം ചെയ്യിച്ച  അമ്മാവനെപ്പോലുള്ള ശുദ്ധതാവാദക്കാരാണ് ഇതിനെല്ലാം പരോക്ഷ കാരണക്കാരെന്നാണ് ചന്ദ്ര ‌പറയുന്നത്. ട്രേഡ് യൂണിയൻ പ്രവർത്തനത്തിരക്കുകൾക്കിടയിൽ കിട്ടുന്ന ചില വിശ്രമ നിമിഷങ്ങളിലെങ്കിലും അവൻ പറയുന്ന കാര്യങ്ങളിൽ വസ്തുതയുണ്ടോയെന്ന് പരിശോധിക്കുന്നത്, തിരുത്തുന്നത് ‌നന്നായിരിക്കും. ആശയപരമായി പൊരുത്തപ്പെടാതെ 60 കൊല്ലം രാഷ്ട്രീയത്തെ മതപരതയായിക്കണ്ട്, സ്വയം പരിശോധിക്കാതെയും പരിഹരിക്കാതെയും 13 കൊല്ലം തുടർച്ചയായി യൂണിയൻ സെക്രട്ടറി സ്ഥാനത്ത് അള്ളിപ്പിടിച്ചു കിടക്കുന്ന ഒരാളെ തിരുത്താൻ ഈ വിവരങ്ങൾക്കു കഴിയുമെന്നുള്ള ‌പൂർണ്ണ വിശ്വാസമൊന്നും  എനിക്കില്ല. അത്തരക്കാരുടെ ചില ധാരണകൾ മാറ്റാൻ പ്രയാസമാണ്. ഈയിടെ മഹാശ്വേതാ ദീദി പച്ചക്കള്ളങ്ങളും പൊതുബോധങ്ങളും നിറഞ്ഞൊരു കത്തയച്ചതും ,  അതിനു കൃത്യമായി മറുപടി ലഭിച്ചപ്പോൾ വീണിടത്തു കിടന്നുരുണ്ടു ചെന്ന് വിഷയവുമായി ബന്ധമില്ലാത്തൊരു സമരത്തിലേയ്ക്ക് കാര്യങ്ങളെ ബന്ധിപ്പിച്ചതുമെല്ലാം നിങ്ങൾക്കറിവുള്ള കാര്യങ്ങളാണല്ലോ. അത്തരമൊരു മലക്കം മറിച്ചിൽ  ഞാനും പ്രതീക്ഷിക്കുന്നുണ്ട്. എത്രയൊക്കെയായാലും നിങ്ങളുടെ രാപ്പനിയറിയാവുന്ന പാവം അരുണയല്ലേ ഞാൻ.

ട്രെയിനിൽ വച്ചു കണ്ട തൊഴിലാളികളുടെ കൂട്ടത്തിൽ നന്ദിഗ്രാമുകാരനായൊരു അനാഥപ്പയ്യനുണ്ടായിരുന്നു എന്നു പറഞ്ഞിരുന്നല്ലോ. ഊരും, പേരും, വീടും, കൂലിയുമെല്ലാം ചോദിച്ചറിഞ്ഞ നിങ്ങൾ അവനെത്ര വയസ്സായെന്ന് ചോദിച്ചില്ലെന്നറിഞ്ഞപ്പോൾ എനിക്കുണ്ടായ ദേഷ്യം എത്രയെന്ന് നിങ്ങൾക്കറിയാമോ? കെട്ടിടം പണിയെടുക്കാനുള്ള പ്രായമൊക്കെ അവനായോ? അതൂഹിക്കാൻ കുറ്റബോധം നിറഞ്ഞ കണ്ണുകൾ നിങ്ങൾക്കു തടസ്സമായോ? ബാലവേല കുറ്റകരമാണെന്നറിയാവുന്ന എന്റെ യൂണിയൻ സെക്രട്ടറീ, റെയിൽവേ പോലീസിന്റെ സഹായത്താൽ അവനെയെങ്കിലും നിങ്ങൾ അക്കൂട്ടത്തിൽ നിന്നു മോചിപ്പിച്ചിരുന്നെങ്കിൽ മനസിനുള്ളിലെങ്കിലും ഞാൻ നിങ്ങളെ അഭിനന്ദിച്ചേനേ. എന്നാൽ അവനു വേണ്ടി നീട്ടിയത് ഉത്തരവാദിത്വപ്പിഴയുടെ കുറ്റബോധം ചുവയ്ക്കുന്ന ഒരു നേരത്തെ ആഹാരം. നിങ്ങൾക്കില്ലെങ്കിലും, അവനെനെങ്കിലും ആത്മാഭിമാനമുള്ളതു കൊണ്ടായിരിക്കണം ആ ഭിക്ഷ അവൻ നിരസിച്ചത്. വീർത്തു പൊട്ടാറായ നിങ്ങളുടെ അഹന്തയുടെ കാറ്റു കുത്തിക്കളഞ്ഞ ആ മിടുക്കനെ എനിക്കൊന്നു കെട്ടിപ്പിടിച്ചുമ്മ വയ്ക്കണമെന്നുണ്ട്. അവനെപ്പോലും രക്ഷിക്കാൻ ശ്രമിക്കാത്ത നിങ്ങൾ പിന്നെ ചെയ്തതെന്താണ്? നേതാവ് ശശിഭൂഷനെ ഫോണിൽ വിളിച്ച ശേഷം വീണ്ടും യൂണിയൻ സെക്രട്ടറി സ്ഥാനം ഏറ്റെടുക്കാമെന്നു പറഞ്ഞ് സ്വയം ത്യാഗിയായി. എന്റെ മശായ്... എന്റെ മിശിഹാ... ഒരിക്കലുമൊരു നല്ല മനുഷ്യനാകാൻ കഴിയില്ലെന്ന്, ഒരു നല്ല തൊഴിലാളി നേതാവാകാൻ കഴിയില്ലെന്ന് നിങ്ങൾ ഒരിക്കൽ കൂടി തെളിയിച്ചു.  ആസ്ത്മയാൽ കിതച്ചു വലയുന്ന നിങ്ങൾക്കു കിടന്നുറങ്ങാൻ ആ പയ്യൻ ഊതി വീർപ്പിച്ചു തന്ന തലയിണയില്ലേ? വാസ്തവത്തിൽ അതാണു നിങ്ങൾ. അതു മാത്രമാണ് നിങ്ങൾ.

ഞാൻ ‌നിർത്തുകയാണ്. ഇതു വായിക്കുമ്പോൾ‌ നിങ്ങളുടെ മുഖം ചുവക്കുന്നതും , അവനവനഹന്തയുടെ കുമിള പൊട്ടുന്നതും, ശ്വാസമെടുക്കാൻ ആയാസപ്പെടുന്നതുമെല്ലാം ഞാൻ മനക്കണ്ണിൽ കാണുന്നുണ്ട്. പലകാലമായി പറയണമെന്നു കരുതിയതെല്ലാം നിങ്ങളെ അറിയിച്ചതിന്റെ ആശ്വാസമാണ് എനിക്കിപ്പോൾ തോന്നുന്നത്. കെട്ടുപാടുകളെയെല്ലാം അയച്ചു കളഞ്ഞ് ഞാനൊന്നാഞ്ഞു നിശ്വസിക്കട്ടേ...

സസ്നേഹം,
അരുണ.



* What is anti-story? 
A work of fiction in which the author breaks in some way the conventional rules of short story telling, usually with some feature (for example, a lack of plot or characters, unusual punctuation, odd subject or presentation, etc.) which strongly challenges the reader’s expectations. It is narrative of short-story length that makes no effort to follow a plot and ignores structural conventions, character motivations, and the like. It also arises in response to negative or cynical stories where again the intent is to undermine the original story.
 

(c)2009 Devadas V.M [ vm.devadas@gmail.com ]