Thursday, February 4, 2010

ആന്ത്രക്കാടന്‍ പ്രാഞ്ചി

തൃശ്ശൂര്‍ ഭാഷയുടെ സൊന്ദര്യം,താളം ഒക്കെ പ്രശസ്തമാണല്ലോ! എന്നാലും മറ്റു രാജ്യക്കാര്‍ പറഞ്ഞപ്പോഴാണ് ഞാനും ആ കാ‍ര്യം ശ്രദ്ധിച്ചത്.
ണ്ട് ഗഡി, ത്ത്‌രി കൊഴപ്പം ണ്ട്”
എന്താണെന്നു ചോദിച്ചാല്‍ “ജൊസഫ്”,”ഫ്രാന്‍സിസ്” ഈ പേരുകളൊന്നും തൃശൂര്‍ക്കാര്‍ ശരിക്കു പറയില്ലാ, “ജോസ്പ്പ്, പ്രാഞ്ചി” എന്നേ പറയൂ. അതോണ്ട് തന്നെയാകണം ആന്ത്രാക്കാട് ഹൌസില്‍ ഫ്രാന്‍സിസ് മാപ്ലയെ എല്ലാരും 'ആന്ത്രക്കാടന്‍ പ്രാഞ്ചി 'എന്നു വിളിച്ച് ബഹുമാനിച്ച് പോന്നത്. ഇത്തിരി ശ്വാസമുട്ട് ഉള്ള പ്രാഞ്ച്യേട്ടനെ “ഗുരുത്വദോഷത്തിന്” പഠിച്ച് ഇനി പ്രൊജക്‍റ്റ് സബ്മിഷനും ,വൈവയും മാത്രം ബാക്കിയുള്ള ഞങ്ങള്‍ ആന്ത്രവായു പ്രാഞ്ചി എന്നും വിളിച്ചു. പ്രാഞ്ച്യേട്ടന്‍ കേട്ടാല്‍ ആ നിഷം തന്നെ “ഊര അടിച്ച് പൊട്ടിക്ക്യാ വേണ്ടത്, കന്നാല്യോള്” എന്ന് അക്നോളഡ്ജ്മെന്റ് വരും ; അല്ലാതെ BSNLല്‍ SMS അയച്ച് 3മണിക്കൂര്‍ കഴിഞ്ഞ് Delivery Report വരുന്നപോലെ അല്ലാ, ഉടനടി മറുപടി. ത്രിശ്ശൂരിനും,ഒല്ലൂരിനും ഇടയ്ക്കുള്ള “ചിയ്യാരം” എന്ന ഭൂഖണ്ഡം, അവിടെയാണ് പ്രാഞ്ച്യേട്ടന്റെ കേളീവിഹാരകേരകേതാരഭൂമി. ചിയ്യാരത്തെ ഒരേയോരു എക്സ്.മിലിട്ടറിയും, പെട്ടെന്ന് “ദാഹശമനി”ക്ക് വഴി അഞ്ചുംമുട്ടിയാല്‍ ക്വാട്ട തന്ന് സഹായിക്കുകയും ചെയ്യുന്ന പ്രാഞ്ച്യേട്ടന്റെ ശരീരത്തില്‍ മില്‍ട്ട്‌റി അവശിഷ്ടമായി ശേഷിച്ചത് ശോഷിച്ച ഒരു “സാല്‍‌വദോര്‍ ദാലി”കൊമ്പന്‍ മീശയും, ലഡാക്കില്‍ മഞ്ഞുമലകളില്‍ നിന്ന് വീണ് കിട്ടിയതാണെന്ന്(മൂപ്പര് ഗൊസിപ്പടിക്കുന്ന) ഒരു ത്ത്‌രികുഞ്ഞന്‍ മുടന്തും മാത്രമായിരുന്നു.

ആണായും,പെണ്ണായും ഉള്ള മകള്‍ റോസ്സക്കുട്ടിയാണ് ആന്ത്രക്കാടന്‍ പ്രാഞ്ചിയുടെ വീക്ക്നെസ്സ്. റോസ്സാക്കുട്ടിയ്ക്ക് എസ്ക്കോര്‍ട്ടായി പ്രാഞ്ച്യേട്ടന്‍ എപ്പോഴും കൂടെനടക്കുന്നത് പള്ളിപ്പെരുന്നാളിന് മിമിക്രി അവതരിപ്പിക്കാന്‍ പണ്ട് വന്നപ്പോള്‍ കണ്ടാണ് സിദ്ധിക്-ലാല്‍മ്മാര്‍ ഹിറ്റ്ലറെന്ന സിനീമപോലുമെടുത്തത്. അത്രയ്ക്ക് പ്രശസ്തമാണ് ആ എസ്ക്കോര്‍ട്ട്.
സ്ലിം ബ്യൂട്ടി ആവാന്‍ ഞാനല്ല, ന്റെ പൂച്ചപോലും വരില്ലാ, ഞാന്‍ തിന്നാനും കുടിക്കാനും ഉള്ള ആന്ത്രക്കാട് വീട്ടെലെ ക്‌ടാവാണ് “ എന്ന സ്ലോഗനും പേറി റോസ്സാക്കുട്ടി 70-80കളിലെ സിനിമാനടി ശ്രീവിദ്യയെപ്പോലെ “ഉഡു.....മൃഗ....ഗജ.....”ശൈലിയില്‍ ലലനാമണിയായി നടന്നു. അന്നാട്ടിലെ മീശകിളിര്‍ത്ത പയ്യന്മാര്‍ മുതല്‍ 7 വട്ടം മിഷ്യനാസ്പത്രിയില്‍ കൂദാശയും കഴിഞ്ഞ് മുകളിലേയ്ക്ക് വണ്ടികയറുമ്പോള്‍ “കണ്‍സഷന്‍ കാര്‍ഡില്ലാ” എന്നകാരണത്താല്‍ വണ്ടിയില്‍നിന്ന് റിട്ടേണ്‍സ് അടിച്ച അച്ചുമൂത്താന്‍ വരെ അവളെ മനസ്സില്‍ താലോലിച്ചു. ബാലകന്‍ ആയതിനാല്‍ ഈ പാവപ്പെട്ടവന് ആ യോഗം ഉണ്ടായില്ലാ. ആ പ്രായം വന്നപ്പോഴേയ്ക്കും റോസ്സാക്കുട്ടി പന്തിരുകുലം പെറ്റ് സിനിമാനടി ലളിതശ്രീ പോലെ ആയിക്കഴിഞ്ഞിരുന്നു. ഈ യോഗം ന്ന് പറഞ്ഞാ പൊതുയോഗം അല്ലാ, അല്ലാണ്ടെന്താ? സംഭവം നടക്കുന്നത് റോസ്സാക്കുട്ടി പന്തിരുകുലം പെറുന്നതിനും, പീച്ചി ഡാമിലെ സുപ്പര്‍വൈസര്‍ മിഖായേല്‍ സാറിനെ കല്ല്യാണം കഴിക്കുന്നതിനും മുന്‍പ്.

ചെറുപുറത്തെ പുഷ്പന്‍“ കൌമാരമാണോ യവനമാണോ തന്റെ പ്രായം എന്ന് കണിയാന്‍ കൂടിയായ അച്ചുമൂത്താനെക്കൊണ്ട് കവടിവച്ച് സംശയം തീര്‍ത്തിരുന്ന കാലം. സൈക്കിള്‍ ചവിട്ട് പഠിപ്പിച്ച് തരാം, വര്‍ക്ക്യാപ്ലേടെ കടേന്ന് അല്ലിനാരങ്ങയും ഗ്യാസ്സ് മിഠായിയും വാങ്ങിത്തരാം എന്നീ പ്രലോഭനങ്ങള്‍ നിരന്തരം നല്‍ക്കാറുള്ളതോണ്ട് പുഷ്പേട്ടന്‍ എന്റെ ഗഡ്യായിരുന്നു.
(
പിന്നിടാണ്, ഇന്ത്യക്ക് ഐക്യരാഷ്ട്രസഭയില്‍ സ്ഥിരം കസേര ചോദിക്കുമ്പോള്‍
അയ്യോ അത് എവിടെപ്പോയി, , അങ്ങിനെ വരട്ടെ, അമെരിക്കന്‍ പ്രസിഡന്റിനെ മോളുടെ നൂല്‌കെട്ടിന്റെ സദ്യക്ക് വാടകയ്ക് കൊണ്ടോയിരിക്ക്യാണ്, അടുത്ത തവണയാട്ടേ“
എന്ന പോലെ റിപ്പീറ്റന്‍ ഒഴിവുകഴിവന്‍ ആണ് പുഷ്പേട്ടന്റെ വാഗ്‌ദാനങ്ങള്‍ എന്ന് ഞാനറിഞ്ഞത്. തന്ന്യന്നേ ആ കോങ്കണ്ണി ശൈലജേനെയല്ലേ കെട്ടീത്. അങ്ങിനെ തന്നെ വരണം. ബാലശാപം കാലുപിടിച്ചാല്‍ തീരില്ലാ) . പുഷ്പന്‍ എന്ന പേരിനെ അന്വര്‍ത്ഥമാക്കും വിധത്തിലുള്ള പുഷ്പന്റെ പ്രവൃത്തികള്‍(തൃശ്ശൂര്‍ക്കാര്‍ക്ക് “പെരമാറ്റം”) ചെറുപുറത്തെ വീടിനെ സാമാന്യം ജനത്തിരക്കുള്ളതാക്കിത്തീര്‍ത്തു. അമ്പാടിയിലെ യശോദയുടെ സെയിം കണ്ടീഷന്‍ ആയി പുഷ്പന്റമ്മ യശോദയ്ക്കും. കാലത്തേണീറ്റ് മുറ്റമടിച്ച് , ത്ത്‌രി ഉമിക്കരി വായിലിട്ട് സ്വന്തം കോമളദന്ത സംരക്ഷണം തുടങ്ങുമ്പോഴേയ്ക്കും പുത്രന്റെ പല്ലടിച്ച് കൊഴിക്കാന്‍ ഏതെങ്കിലും പെണ്‍കൊച്ചിന്റെ തന്തയോ,ആങ്ങളമാരോ മുറ്റത്തെത്തിയിരിക്കും. അത്രയ്ക്ക് ബിസ്സി. പിന്നെ വീട്ടിനുള്ളിലേയ്ക്കോടി കട്ടിലില്‍ തലയെവിടെ കാലെവിടെ എന്ന് തിരിച്ചറിയാതെ ശക്തന്‍ തമ്പുരാന്‍ മാ‍ര്‍ക്കറ്റിലെ പാവയ്ക്കാചാക്കുപോലെ മൂടിപ്പുതച്ച് കിടക്കുന്ന പുത്രനെ യശോദാമ്മ അടുക്കളവാതില്‍ വഴി ഓടിയ്ക്കും, അതിനു ശേഷമേ ആര്യപുത്രനെ വിളിക്കൂ.
 

എന്നെ കാണാനാവില്ലാ, നെന്റെ കന്നാലിചെക്കന്റെ പെരമാറ്റതൂഷ്യം വെള്മ്പാന്‍ വന്നേക്കണ് രാവ്‌ലന്നെ ഓരോ ശവ്യോള്. നിയെന്തിനാപ്പോ ന്നെ വിളിച്ചത് , അവനെ എറക്കിവിട്”
എന്ന് പതിവു ഗദ്‌ഗതം പറയുമെങ്കിലും. ഊരകത്തമ്മയ്ക്ക് നേര്‍ച്ച് നേര്‍ന്നുണ്ടായ ചെക്കന്റെ അണപ്പല്ല് സ്വന്തം കയ്യോണ്ട് നെലത്തൂന്ന് പെറുക്കിയെടൂക്കാന്‍ ഇഷ്ടല്ല എന്ന ഒറ്റക്കാരണത്താല്‍, രാജപ്പേട്ടന്‍ തന്നെ മുറ്റത്തിറങ്ങി മകനുള്ള തെറിവിളി സഹര്‍ഷം ഏറ്റുവാങ്ങും. യശോദേച്ചീടെ പതിവ്രതഗുണവും, കെട്ടുതാലീടെ സൊഭാഗ്യവും കാരണം ആരും മൂപ്പരെ തല്ലിക്കൊന്നില്ല.

ഒരോ നാ‍ട്ടിലും ഒരു “മെസ്സഞ്ചര്‍” ഉണ്ടാകുമല്ലോ? പച്ചകറി മേറ്യേടത്തിയാണ് സ്ഥലം പ്രസാര്‍ഭാരതി കോര്‍പ്പറേഷന്‍. “ആലാഹയുടെ പെണ്മക്കള്‍” എന്ന നോവലില്‍ മ്മ്ടെ സാറാ ജോസ്പ്പ് പറഞ്ഞിരിക്കണ കോക്കാഞ്ചിറതൊട്ട്,ചിയ്യാരം വഴി അഞ്ചേരി വരെ വാര്‍ത്തകളെത്തിച്ചിരുന്നത് പച്ചകറി മേറ്യേടത്തിയാണ് . തൃശ്ശുര്‍ മാര്‍ക്കറ്റിലെ തെരവ് കഴിഞ്ഞുള്ള രണ്ടാംതരം പച്ചക്കറിയാണെങ്കിലും ഹോട്ട്ന്യൂസ്സിനായി ചേട്ത്ത്യാര്മാര്‍ക്കും,ചേച്ചിമാര്‍ക്കും മേറ്യേടത്തിയുടെ പച്ചകറി വങ്ങേണ്ടത് അത്യാവശ്യമായിവന്നു. അന്നത്തെ ചീഞ്ഞ തക്കാളിക്കും, ഒണക്കപ്പയറിനുമൊപ്പം പച്ചകറി മേറ്യേടത്തി വെളമ്പീ

മ്മ്ടെ ആന്ത്രക്കാടന്‍ പ്രാഞ്ചീടെ ക്‌ടാവും, ചെറുപുറത്തെ ആ തല്ല്യൊള്ളിചെക്കനും പ്രേമാത്രേ!!!”
ബെസ്റ്റ് കണ്ണാ ബെസ്റ്റ് “ എന്ന് വാര്‍ത്തകേട്ടിരിക്കുന്നവര്‍ക്ക് കമന്റെഴുതാന്‍ അവസരം കൊടുക്കാതെ മേറ്യേടത്തി പച്ചാക്കറിവട്ടിയെടുത്ത് തലയില്‍ കയറ്റി നടന്നു.
യശോദചേച്ചീടെ അന്നത്തെ കണി പ്രാഞ്ച്യേട്ടനാണെന്ന് പറയേണ്ടതില്ലല്ലോ. മീശപിരിച്ച്,ശ്വാസം മുട്ടിക്കിതച്ച് പ്രാഞ്ച്യേട്ടന്‍ അലറിവിളിച്ചു.
ഡീ യശോദേ നെന്റെ ചെക്കനെവിടാണ്‌ഡീ? അല്ലെങ്കില്‍ വേണ്ടാ നെന്റെ നായരെവിടാണ്‌ഡീ?ടാ , എറങ്ങിവാടാ”

രാജപ്പേട്ടന്‍ പതിവുശൈലിയില്‍ കോട്ടുവായിട്ട്,മൂരിനിവര്‍ന്ന് വരുന്നു. പ്രാഞ്ച്യേട്ടനെ കണ്ട രാജപ്പേട്ടന്‍ തളര്‍ന്നു. രണ്ടാളും വെല്ല്യകൂട്ടാണ്. 45-50 വര്‍ഷത്തെ പാമ്പന്‍ പാലം പോലത്തെ ബന്ധാണ് പുഷ്പ്പന്‍ അക്ഷരത്തെറ്റുമാത്രമുള്ള ഒരു “ലവ്‌ലെറ്റര്‍” വഴി തര്‍ത്ത് അവലോസുപൊടി പരുവത്തിലാക്കീത്. സംഗതി രണ്ടാളും ഗഡ്യോളായതോണ്ട് പ്രാഞ്ച്യേട്ടന് അതികങ്ങ്‌ട്ട് നാവാടി തെറിപറയാനും കഴിഞ്ഞില്ലാ. പോരാത്തതിന് രാജപ്പേട്ടന്‍ പുത്രചരിത്രത്തിന്റെ കണ്ണുനനയിപ്പുന്ന എപ്പിഡോസുക്കള്‍ മടിക്കുത്തഴിച്ച് കുടഞ്ഞിട്ടു

ന്റെ പ്രാഞ്ച്യേ ക്‍ടാങ്ങള് ണ്ട്‌ടാവേണ്ട്‌രികാണ് നല്ലത്. ചെക്കന്‍ കാരണം കുടിക്കണവെള്ളത്തിന് തൊയ്‌രല്ല്യാ. എത്രാച്ചിട്ടാ തല്ല്‌ണത്? നിനക്കറിയോ ഇവിടെ ആരും പപ്പടം കൂട്ടി ചോറുണ്ണാറില്ലാ. ചെട്ട്യാര് വാസ്സുന്റെ പെണ്ണിനോട് അരക്കേട്ടിനെത്രാ വില എന്ന് ചോദിച്ചൂന്നും പറഞ്ഞ് വഴക്കായി. അരക്കെട്ട് പപ്പടത്തിന്റെ വെല്യാണ് ചോദിച്ചതെന്നിവന്‍, അല്ലാ തന്റെ അരക്കെട്ട് ചൂണ്ടിയാണ് ചോദിച്ചതെന്ന് വാസ്സൂന്റെ പെണ്ണ്. ആ വഴിക്ക് കടക്കാന്‍ പറ്റാണ്ടാക്കീ. നിവൃത്തില്ല്യാണ്ട് ഞാന്‍ അവനെ മ്മ്ടെ സിനിമാനടന്‍ ടി.ജി.രവീടെ ഓട്ടുകമ്പനിയില്‍ അയച്ചു. അവിട്ത്തെ ഏതോ പെണ്ണിന്റെ എവിടെയോ തോണ്ടി ന്നും പറഞ്ഞ് അയാളും കൈ ഒഴിഞ്ഞു. നീയൊന്ന് ആലോയ്ച്ചേ ന്റെ പ്രാഞ്ച്യെ, പൊണ്ണത്തടിച്ചികളായ ആ സിമേന്യേം ശ്രീവിദ്യേനേം ഒക്കെ ഒറ്റയ്ക്ക് 5,6 തവണ ബലാത്സംഗം ചെയ്യുകയും; ജയനേയും,സുകുമാരനേയും വരെ പേടിയില്ലാത്ത ആ ടി.ജി.രവി വിചാരിച്ചിട്ട് നന്നാക്കാന്‍ പറ്റാത്ത ചെക്കനോട് നീയോ,ഞാനോ കൂട്ട്യാ കൂടോ? അല്ലാ നീയ്യന്നെ പറ പ്രാഞ്ച്യേ?”.വാദി പ്രതിയായി മാറിയ പ്രാഞ്ചി ചോദിച്ചു
അല്ലാ രാജ്പ്പാ, ഇവനെ വല്ല പട്ടാളത്തിലും ചേര്‍ക്കായ്‌ര്‍ന്നില്ലേ?”
അതിന് അവന്‍ 10ക്ലാസ്സ് പാസ്സാവണ്ടേ, പിന്നെ മെയ്യനങ്ങി പണിയെടുക്കാനുള്ള ആരോഗ്യോം ഇല്ല. പിന്നെന്തു ചെയ്യാന്‍?”
ഇതിനൊന്നും അല്ലടാ, ആ ശവിയെക്കൊണ്ട് പാക്കിസ്താന്‍കാരുടെ ഒരു ഉണ്ട വേസ്‌റ്റ് ആകാല്ലോ എന്ന് വിചാരിച്ചിട്ടാ. അവനെ ഞാന്‍ പിന്നെ കണ്ടോളാം“ എന്നും പറഞ്ഞ് പാവം പ്രഞ്ച്യേട്ടന്‍ മുടന്തി നടന്നു.പ്രാഞ്ച്യേട്ടന്റെ കൊമ്പന്‍ മീശയും,  

പട്ടാളകഥകളുമൊന്നും പുഷ്പ്പനു മുന്നില്‍ വിലങ്ങുതടിയായില്ലാ. “റോസ്സ്ക്കുട്ടിയെ ലൈനടിക്കും, 3.5 തരം” എന്ന് ചെറുപുറം പുഷ്പ്പനും, “അവനെ കൊന്നിട്ട് ഞാന്‍ വിയ്യൂര്‍ക്ക്(അവിടെ ജയിലുണ്ട്) പോകും 3.51 തരം” എന്ന് ആന്ത്രക്കാടന്‍ പ്രാഞ്ചിയും വെല്ലുവിളിച്ച് നടക്കുന്നു. ആയിടയ്ക്കാണ് പിണ്ടിപ്പെരുന്നാള്‍ വരുന്നത്. അതെന്താണെന്നൊന്നും എന്നോട് ചോദിക്കരുത്. എല്ലാ നസ്രാണികളും വീടിനു മുന്നില്‍ വാഴപ്പിണ്ടി നാട്ടും; അതില്‍ ഇര്‍ക്കിലില്‍ വര്‍ണ്ണക്കടല്ലാസ് കൊടികള്‍ കുത്തി വെയ്ക്കും, ചുറ്റിലും മെഴുകുതിരി കത്തിയ്ക്കും; പിണ്ടിവെട്ടാനും, കൊടിവയ്ക്കാനും സഹായിച്ചാല്‍ കള്ളപ്പവും, പോര്‍ക്ക് ഉലത്തിയതും കിട്ടും; കുര്യച്ചിറപ്പള്ളിയില്‍ അന്ന് സ്പെഷ്യല്‍ കുര്‍ബ്ബാനയ്ക്ക് ശേഷം നാടകം ഉണ്ടാകും. ഇത്രയുമേ അന്നും, ഇന്നും എനിക്കറിയൂ.കെട്ടിയോളെയും,റോസ്സാക്കുട്ടിയേയും കെട്ടിയൊരുക്കി പ്രാഞ്ച്യേട്ടന്‍ പാട്ടുകുര്‍ബ്ബാനയ്ക്കും, അതിനു ശേഷമുള്ള നാടകത്തിനുമായി കുരിയച്ചിറപ്പള്ളിയിലേയ്ക്ക് പുറപ്പെടാന്‍ തുടങ്ങുന്നു.ആ നേരത്താണ് പീടികക്കാരന്‍ വര്‍ക്ക്യാപ്ല ഓടിക്കിതച്ച് വര്‍ക്കീസ് ഹോമിലെത്തുന്നത്.

ടാ..പ്രാഞ്ച്യേ, അന്നമ്മേടെ ചെറിയ ക്‌ടാവിന് മഞ്ഞപ്പിത്താനെന്നും പറഞ്ഞ് ജില്ലാസ്പ്പത്രീലാ, നെന്റേല് നീക്കിയിരിപ്പ് വല്ലോണ്ടാ? ഞാന്‍ പേട്ടെന്നന്നെ തിരിച്ച് തരാം.“
പള്ളിയില്‍ പൊകാനുള്ള തിരക്കില്‍, ഉച്ചയ്ക്ക് വയറ്റില്‍ കയറ്റിയ പന്നിയുടെ മുക്ക്രയില്‍ പ്രാഞ്ചി പറഞ്ഞു
ന്റേല് നെറ്റിമ്മേ‍ കുരിശ് പോറാന്‍ ഒരണയില്ലാ, അപ്ലാണ് കടം. ഒന്നും ഇര്പ്പില്ലെന്റെ വര്‍ക്ക്യേ”

അത് കള്ളമാണെന്ന് വര്‍ക്ക്യാപ്പ്ലയ്ക് അറിയാം. പെരുന്നാളിന് 4,5 കുപ്പി മിലിട്ടറി പുള്ളി വിറ്റ് കാശാക്കാറുള്ളതാണ്. തര്‍ക്കിക്കാതെ വര്‍ക്ക്യാപ്ല ഇറങ്ങി നടന്നു. കെട്ടിയോളെയും റോസ്സാക്കുട്ടിയേയും എഴുന്നെള്ളിച്ച് പ്രാഞ്ചി കുര്യച്ചിറപള്ളി‍ലിയില്‍ എത്തുന്നു. 10 പൈസേടെ കളറ്മിഠായിയും തിന്ന് ഞാനും , ഗഡി പുഷ്പ്പേട്ടനും പള്ളിമതിലില്‍ ഞങ്ങളുടെ മഹനീയ സാന്നിദ്ധ്യം ഉറപ്പുവരുത്തുകയും, തുടങ്ങാന്‍ പോകുന്ന “ലുങ്കിനോസ്” എന്ന നാടകത്തിനായി അക്ഷമരായി കാത്തിരിക്കുകയും ചെയ്യുന്നു. ഇതിനിടയില്‍ റൊസാക്കുട്ടീടെ കണ്ണുകള്‍ പുഷ്പ്പന്റേതുമായി ഇടയുകയും , ആ കണ്ണുകള്‍ വാലില്‍കല്ല് കെട്ടിത്തൂക്കിയിട്ട തുമ്പിയുടെ ചിറക് പോലെ സെക്കന്റ്റില്‍ ഒരു 10,12 തവണ “ഷീലാമ്മവിറ“ വിറക്കുകയും ചെയ്ത്. അതു കണ്ട് കോള്‍മയിരുകൊണ്ട് പുഷ്പ്പനും “കാട്ട് കോഴിക്കെന്ത് പാട്ട് കുര്‍ബ്ബാനാ”, “പട്ടിയ്ക്ക് മീശവന്നിട്ട് അമ്പട്ടനെന്ത് കാര്യം” എന്നീ പഴഞ്ചൊല്ലുകള്‍ വെറുതെ ഓര്‍ത്ത് ഞാനും.

കുര്‍ബ്ബാന കഴിഞ്ഞു. ഒരു കവുങ്ങിന്‍ തടികൊണ്ട് മറതിരിച്ച് ആണ്‍-പെണ്‍ കാണികളെ വേര്‍ത്തിരിച്ച അവസ്ഥ കണ്ട് ലോകത്തിലെ സകലമാന കവുങ്ങുകളും വെട്ടികളയാന്‍ തോന്നിക്കാണണം പുഷ്പന്. അതായിരിക്കണം വായിലിട്ടിരിക്കണ കല്ലന്‍പൊട്ടുകടല എന്നേക്കാല്‍ വേഗത്തില്‍ ചവച്ചരയ്ക്കാന്‍ പുഷ്പ്പന്‍ ഗഡിയ്ക്ക് പറ്റണത്. കവുങ്ങും ചാരി ഞാന്‍ ലുങ്കിനോസും, പുഷ്പന്‍ റോസ്സക്കുട്ടിയും കാണാനിരുന്നു.

അടുത്തെ ബെല്ലോടു കൂടി...”
ഉടന്‍ തന്നെ...”
കാണികള്‍ ദയവായി...”
എന്നീ പതിവ് നാടക മുന്നറിയിപ്പുകള്‍ മുഴങ്ങികൊണ്ടിരുന്നു. അതിനന്ത്യം കുറിച്ച് കൊണ്ട് നാടകം തുടങ്ങി. പളപളാതിളങ്ങുന്ന ഡ്രസ്സുകളും, മങ്ങിയ രംഗപടങ്ങളും, ആകെ ചായം വാരിപ്പൂശി നാശകോശമായ മുഖകമലാദികളുമായി ഒരു ബൈബിള്‍ നാടകം[അല്ലേ?]. എല്ലാവരുടേയും കണ്ണുകള്‍ നാടകത്തില്‍. അപവാദമായി ഒരു 3ജോഡി കണ്ണുകള്‍.
പുഷന്റേത് റോസാക്കുട്ടിയില്‍,
റൊസക്കുട്ടിയുടെത് പുഷ്പ്പനില്‍
പുറകില്‍ ഇവരെ നിരീക്ഷിച്ചുകൊണ്ട് സാക്ഷാല്‍ പ്രാഞ്ചി.

കര്‍ണ്ണകഠോര ഡയലോഗുകള്‍ വേദിയില്‍ പൊടിപൊടിക്കവേ, പുഷ്പ്പന്റെ സ്പോണ്‍സേര്‍ഡ് പ്രോഗ്രാമായി റോസ്സാക്കുട്ടിമേല്‍ ഒരു കൈക്രിയ. കണ്ടു നിന്ന പ്രാഞ്ച്യേട്ടന്‍ തന്റെ മുടന്ത് മറന്ന് “ജെസ്സി ഓവന്‍സ്/ബെന്‍‌ജോണ്‍സന്‍“ സ്റ്റൈലില്‍ ഓടി ഒരു വരവ്, അപകടം മണത്ത പുഷ്പ്പന്‍ ക്ലച്ച് പോലും അമര്‍ത്താതെ ഗിയറുമാറി ഒരു 80-100ല്‍ ഒരു പിടുത്തം. പള്ളിയും, നാടകവേദിയും ചുറ്റിയുള്ള ഇവരുടെ ഓട്ടം വിജയകരമായി 2 റൌണ്ട് പിന്നിട്ടതോടെ “ലുങ്കിനോസ്സ്” വെടിഞ്ഞ് കാണികളുടെ ശ്രദ്ധ ഇവരിലേയ്കായി. ആര്‍ക്കാനും വേണ്ടി സ്റ്റേജില്‍ നിന്ന് ഡയലോഗ് കീച്ചുന്ന പാവം നടീനടന്മാര്‍.

ഓട്ടത്തിന്റെ ആറാം റൌണ്ടില്‍ അലുവാക്കച്ചവക്കാരന്റെ തട്ടില്‍ ചാരി വച്ചിരുന്ന ഒരു വടിക്കഷ്ണം തരപ്പെടുത്തുന്നതില്‍ പ്രാഞ്ചി വിജയിച്ചു. ആ സ്ഥാവരജംഗമാദികള്‍ കണ്ടതോടെ പുഷ്പ്പന്‍ രാത്രി ലോറിയോടിക്കുന്ന തമിഴ് ഡ്രൈവര്‍മ്മാരെപ്പോലെ ആക്സിലേറ്ററില്‍ ഒരു ഇഷ്‌ടികകയറ്റിവെച്ചായി ഓട്ടം. ഓരോ റൌണ്ട് ഓടുമ്പോഴും ശ്വാസം മുട്ടികിതച്ചോണ്ട് ഓരോ പുണ്യാളന്മാരെ മാറിമാറി പ്രാഞ്ചി വിളിച്ചു. എന്നാല്‍ മുപ്പത് മുക്കോടി ദൈവങ്ങള്‍ സ്വന്തമായുള്ള സനാതന ഹിന്ദുവായപുഷപ്പനുമുന്നില്‍ പ്രാഞ്ചി തോറ്റു. കയ്യിലെ വടി നിലത്ത് കുത്തി കുനിഞ്ഞ് നിന്ന് കിതച്ചു.
എന്തിനാണ്‌ഡോ ഓടണത്, എന്തിന ആ ചെക്കനെ തല്ലാന്‍ ചെല്ലണത്?”
നീയാരാ ചോയ്ക്കാന്‍”
ഞാന്‍ ഇവിടുത്തെ സൌണ്ട് സിസ്റ്റത്തിന്റെ ആളാ ദേവസ്സി”
ഫാ.. മാന്യരേ എന്ന് വിളിച്ചാല്‍ @!#$%$ (മാന്യരേ എന്നതിനോട് വളരെ സാദൃശ്യമുള്ള ഒരു പച്ചമലയാളത്തെറി) എന്ന് കേള്‍‍ക്കുന്ന ഒരു മൈക്കും കോളാമ്പീം ആയി നടക്കുന്ന നീയാന്‍ഡാ ശവീ പ്രാഞ്ചീനെ ഒപദേശിക്കണത്. നെന്റെ മോളെ ഒരുത്തന്‍ ഞോണ്ട്യാ നീ വെന്തിങ്ങാ ജപിച്ചിരിക്ക്യോടാ കന്നാലീ”
ഇതോടെ ഒന്നുമറിയാതെ ഓട്ടപ്പന്തയം കണ്ടിരുന്ന കാണികള്‍ക്ക് സംഗതി പീഡനമാണെന്ന് മനസ്സിലായി. മിന്നായം പോലെ ഓടിമറഞ്ഞ പുഷ്പന്‍ അതാ 5,6 പേരുടെ അകമ്പടിയോടെ തിരിച്ചോടി വരുന്നു. കണ്ടു നിന്ന പ്രാഞ്ചിക്കും ഒന്നു ഡൌട്ടടിച്ചു.
കുരുത്തം കെട്ടവന്‍ ഇനി എന്നെ തല്ലാന്‍ ആളെക്കൂട്ടി വരണതാണാ?”

എന്നാല്‍ തന്നെയും പിന്നിട്ട് അവര്‍ ഓടിമറഞ്ഞതോടെ ആ പേടിമാറി. പ്രാഞ്ച്യേട്ടന്റെ അടിപേടിച്ച് പുഷ്പ്പന്‍ ഓടിക്കയറിയത് താല്‍ക്കാലികമായി “നടികളുടെ ഗ്രീന്‍ റൂം” ആക്കിയ പള്ളിയുടെ ചായ്പ്പ് പുരയിലായിരുന്നു. അവിടെ മിനിമംഗ്യാരണ്ടി വസ്ത്രങ്ങളുമായി നില്‍ക്കുന്ന നടിയെ പുഷ്പ്പന്‍ കണ്ടെന്നോ, അവള്‍ കാറിവിളിച്ചെന്നോ ഒക്കെ കിംവദന്തികള്‍ കേട്ടു. ആ വകുപ്പിലാണ് ഈ ഓട്ടം തരായത്. എന്നാല്‍ അവര്‍ക്കൊക്കെ പുഷ്പ്പന്റെ കാല്‍‌വെള്ള മാത്രമേ കാണാനാകൂ എന്നും, പുഷ്പ്പന്‍ ഇത് ഇന്നും,ഇന്നലെയും തുടങ്ങിയതല്ലാ എന്നും എനിക്കറിയാമായിരുന്നു.അങ്ങിനെ വെറും 22 വയസ്സില്‍ ഒരു പിണ്ടിപ്പെരുന്നാള് കുളംതോണ്ടാന്‍ കഴിഞ്ഞ ചാരിതാര്‍ത്ഥ്യത്തില്‍ പുഷ്പ്പന്‍ ഓടിക്കൊണ്ടേയിരുന്നു.

നാടകം മുറിഞ്ഞു. എല്ലാവരും പിരിഞ്ഞ് പോകാന്‍ തേവക്കാട്ടിലച്ഛന്‍ വിളിച്ച് പറഞ്ഞു. ആളുകള്‍ ഒഴിഞ്ഞ് തുടങ്ങി. വീട്ടിലേയ്ക്ക് ഞാന്‍ നടക്കുന്ന വഴിയില്‍ തിരുത്തൂര് അമ്പലത്തിന്റെ അവിടെ എത്തിയപ്പോള്‍ പൊന്തക്കാട്ടില്‍ നിന്ന് ഒരു “ശൂ‍..ശു..” വിളി. പാമ്പാണോ എന്ന് തിരിഞ്ഞ് നോക്കിയപ്പോ മുന്നില്‍ തളര്‍ന്നവശനായി പുഷ്പ്പകുമാരന്‍.
ഡാ. ആ വെഷപ്രാഞ്ചിയെ ഞാന്‍ കൊല്ലും. $!്‌%^$%## കാരണം ചിയ്യാരം,കുര്യച്ചിറ,അഞ്ചേരിയില്‍ ഇന്ന് ഞാന്‍ ഓടാത്ത വഴികളില്ലാ. ഡാ ഇങ്ങനെ ഒരു ഓട്ടം ഞാന്‍ ജീവിതത്തില്‍ ഓടീട്ടില്ലാ. അവര്‍ നാടക്കാരല്ലേ, നാട്ടുകാര്‍ ഓടിച്ചിട്ടു നല്ല പതം വന്ന കൂട്ടരാ. മുട്ടിപ്പിടിച്ച് ഓടിവന്നു. ചള്ളവഴികള്‍ അറിയണതോണ്ട് മാത്രാണ് എറച്ചീമ്മെ മണ്ണ് പറ്റാണ്‌ടെ ഇവിടെ വരെ എത്തീത്. “ അത് നേരാണെന്ന് എനിക്ക് മനസ്സിലാ‍യി. കാരണം സെക്കന്റ് ഷോ കഴിഞ്ഞ് രാഗത്തീന്ന് മടങ്ങുമ്പോള്‍, ഡബിള്‍വെച്ചതിന് പോലിസ്സ് കൈ കാണിച്ചപ്പോള്‍ അവരെ വെട്ടിക്കാനായി എഴുന്നേറ്റ് നിന്ന് ഒറ്റമൂച്ചിന് തൃശ്ശൂര്‍ മുതല്‍ ചിയ്യാരം വരെ സൈക്കിള്‍ ചവിട്ടിയ അന്നുപോലും പുള്ളി ഇത്രയും കിതച്ചിരുന്നില്ല, പാവം. തിന്ന കടലയ്ക്കും, കളറ് മിഠായിക്കും നന്ദിയില്ലാത്തവന്‍ അല്ലാ ഈ പാവപ്പെട്ടവന്‍ എന്ന് പുഷപ്പന് മുന്നില്‍ തെളിയിക്കാനുള്ള ഒരവസരാണ് ഇപ്പോള്‍ കൈ വന്നിരിക്കുന്നത്.
പുഷ്പ്പേട്ട്ന്‍ ഒന്നും ചെയ്യെണ്‌ട്രാ, പ്രാഞ്ച്യേട്ടനുള്ള പണി ഞാന്‍ കൊടുത്തോളാം”
ന്തൂട്ട് പണി, എങ്ങനേ?”
വൈറ്റ് ഏന്‍ഡ് സീ”
എന്നും പറഞ്ഞ് ഞാന്‍ ഷാജീടെ പടത്തില്‍ സുരേഷ്‌ഗോപി പുറകില്‍ നിന്നു ഫ്രന്റിലോട്ട് തിരിയുന്ന പോലെ ഞാന്‍ ഒരു 3 വട്ടം തിരിഞ്ഞു.

സമയം പുലര്‍ച്ചെ ഒരു 2,2:30 ആയിക്കാണണം. ഞാന്‍ ആന്ത്രക്കാട്ടെത്തി. പുറപ്പെടുമ്പോള്‍ സുരേഷ് ഗോപി ആയിരുന്നെങ്കില്‍ വീട്ടു മുറ്റത്ത് എത്തിയപ്പോള്‍ പരിണാമത്തിന്റെ ഫലമായി ഇന്ദ്രന്‍സ് വരെ ആയിക്കഴിഞ്ഞിരുന്നു. മുറ്റത്ത് നാട്ടിയിരുന്ന വാഴപ്പിണ്ടി കഷട്ടെപ്പെട്ട് കുഴിയില്‍ നിന്ന് പൊക്കി.(പണ്ടാരമടങ്ങാന്‍ താല്‍ക്കാലിക സെറ്റപ്പൊന്നുമല്ല, മുളച്ചുവരാന്‍ എന്ന പോലെ നല്ല ആഴത്തില്‍ ആണ് കിഴവന്‍ കുഴിച്ചിട്ടിരിക്കുന്നത്). അതും പറിച്ചെടുത്ത് രാമായണത്തില്‍ മ്മ്ടെ “ധാര സിംഗ്” രാവണന്റെ കദളിത്തോട്ടത്തില്‍ കടന്നാക്രമണം നടത്തി കയ്യിലൊരു വാഴയും പറിച്ചെടുത്ത് നടക്കുന്ന സീനിന്‍, ക്യാമറ ഹനുമാന്റെ പേശീനിബിഡമായ കൈയിലേക്ക് സൂം ചെയ്യുമ്പോള്‍ ബൈസെപ്സില്‍ വസ്സൂരിക്ക് ഇഞ്ചക്ഷന്‍ അടിച്ചപാടുകണ്ട്, “ഏതു മഹര്‍ഷിയാണാവോ ഹനുമാന് വസൂരിക്ക് മരുന്ന് കുത്തി വച്ചത്?” എന്ന് അത്ഭുതത്തോടെ നോക്കിനിന്ന ഞാന്‍, ആ ധാരസിംഗിനെ മനസ്സിലോര്‍ത്ത് ആന്ത്രക്കാട് വീടിന്റെ ഉമ്മറവാതില്‍ ലക്ഷ്യമാക്കി നടന്നു. വാഴപ്പിണ്ടി ആ വാതിലില്‍ ചാരിവെച്ചു. (നിക്കെന്തിനാ ആരാന്റെ മുതല്‍, ന്റെ പൂച്ചയ്ക്ക് പോലും വേണ്ടാ). എന്നിട്ട് വരവറിയിക്കാനായി വാതിലില്‍ തട്ടി. കാര്യം നടന്ന സ്ഥിതിയ്ക്ക് പിന്നീട് അവിടെ നില്‍ക്കുന്നതോണ്ട് ഒരു കാര്യവുമില്ലാ എന്ന ഒറ്റക്കാരണത്താല്‍ ഓടി വേഗം മുറ്റത്തൂന്ന് പുറത്ത് കടന്നു.മണിച്ചിത്രത്താഴില്‍ ശോഭന തെക്കിനിയുടെ വാതില്‍ തുറക്കുമ്പോള്‍ ഉണ്ടാകുന്ന ഒരു ശബ്‌ദവും,“...ന്റീ..ശ്ശോ..യേ...“എന്നൊരു എക്കോയുള്ള നിലവിളിയും ഞാന്‍ കേട്ടു. നമ്മളെന്തിനാ ആവശ്യമില്ലാത്ത കാര്യത്തില്‍ തലയിടുന്നത് എന്ന് ചിന്തിച്ച് വെറുതേ നടന്ന് വിട്ടില്‍ ചെന്നു.

* * * * * * * * * * * * * * * * * *

കാലത്തെ പ്രാഥമികാവശ്യങ്ങള്‍ക്കുള്ള ഉദ്ദീപകനായ “കാജാബീഡി” തീര്‍ന്നതിനാ‍ല്‍ വര്‍ക്ക്യാപ്ലേടെ കടയിലെത്തിയ പ്രാഞ്ച്യേട്ടനോട് വര്‍ക്കി ചോദിച്ചു
ന്താ ണ്‌ടാ പ്രാഞ്ച്യേ തലേമ്മെരു വെച്ച്കെട്ട്? മുറിഞ്ഞാ?”
ഏതോ ശവ്യോള് പിണ്ടി എടുത്ത് വാതില്‍‌മ്മെ ചാരി വെച്ചു. ഞാന്‍ തൊറന്നതും ന്റെ നെഞ്ചത്തോട്ട് കെട്ടിമലച്ച് വീണു. പിണ്ടീമ്മെ കൊടികുത്തിവച്ച ഈര്‍ക്കില് നെറ്റീമ്മെ കുത്തിക്കീറി. ച്ച്‌രി കാപ്പിപ്പൊടി വച്ച് കെട്ടീതാ”
കാജാബീഡി കൊടുത്ത് കാശുവാങ്ങി വര്‍ക്ക്യാപ്ല പറഞ്ഞു
നെനക്ക് അത് വേണടാ...ന്ന്‌ലെ ഞാന്‍ ഇത്തിരി കാശ് ചോദിച്ചപ്പോ നെറ്റീമ്മെ കുരിശ് പോറാന്‍ കാശില്ലാ ന്നല്ലേ നീ പറഞ്ഞത്. പ്പൊ ശരിക്കും പോറീല്ലെ. കര്‍ത്താവാണ്‌ടാ പിണ്ടി വാതില്‍‌മ്മെ ചാരിവെച്ചത്”

അങ്ങിനെ ഞാനും കര്‍ത്താവായി മാറി. വെറുതെയല്ലാ, സാഹചര്യങ്ങളാണ് ഒരോരുത്തരെ മഹാന്മാരാക്കുന്നത്, പിന്നെ ഇത്തിരി കഠിനാദ്ധ്വാനവും. വീട്ടില്‍ കണ്ണാടിയ്ക്കു മുന്നില്‍ ഒരു കൈ നെഞ്ചത്തും മറ്റേ കൈറ്റിലെ രണ്ട് വിരല്‍ മടക്കി കര്‍ത്താവിന്റെ പാസ്സ്പോര്‍ട്ട് സൈസ് ഫൊട്ടോ പൊലെ ഞാനൊന്ന് പോസ് ചെയ്തു
(രണ്ട് പെഗ്ഗ് മതി, കൂടുതലടിച്ചാല്‍ നെഞ്ച് നീറും” എന്നാണ് ആ ഫൊട്ടോയിലൂടെ കര്‍ത്താവ് ഉദ്ദേശിച്ചിരിക്കുന്നതെന്ന് പിന്നീടാണ് അറിഞ്ഞത്.)

ഗുണപാഠം:-
പരിശ്രമിച്ചാല്‍ കര്‍ത്താവ് വരെ ആകാം, പക്ഷെ പരിശ്രമിക്കണം

* പഴയ എഴുത്തുകള്‍ 

8 comments:

റിസ് കുവൈത്ത് said...

അടിപൊളി, ആസ്വദിച്ച്, വിസ്തിരിച്ച് വായിച്ചു!

Mridul Narayanan said...

kollaaam :-)

റ്റോംസ് കോനുമഠം said...

ദേവാ,
നര്‍മ്മം അടിപൊളി
http://tomskonumadam.blogspot.com/

എറക്കാടൻ / Erakkadan said...

അതെ പരിശ്രമിക്കണം

ഒമ്പതാം കുഴിക്ക് ശത്രു said...
This comment has been removed by the author.
krish | കൃഷ് said...

ഹഹ ഈ പ്രാഞ്ചിക്കഥ നേരത്തെ വായിച്ചതാ..ഗഡീ. എന്നാലും ഒരിക്കല്‍ കൂടി വായിച്ചപ്പോള്‍ രസം ഒട്ടും കുറഞ്ഞില്ല.
പുഷ്പന്റെ അസിസ്റ്റന്റ് ആയതോണ്ട് ആ സ്പെഷ്യല്‍ “ഗുണ’മെല്ലാം ഗുരു ആശീര്‍വദിച്ചുനല്‍കിയിട്ടുണ്ടാവുമല്ലോ..ല്ലേ

(കഴിഞ്ഞമാസം കുര്യച്ചിറ വഴി പോകുമ്പോള്‍ നസ്രാണിമാരുടെ വീട്ടിനുമുന്നിലെല്ലാം പിണ്ടിയില്‍ ഈര്‍ക്കിലികുത്തിയിരിക്കുന്നത് കണ്ടിരുന്നു.)

കിഷോര്‍ലാല്‍ പറക്കാട്ട് said...

karthavinu sthuthi..

ഉപാസന || Upasana said...

ithokke vaayichchathaaNallO
:-))

 

(c)2009 Devadas V.M [ vm.devadas@gmail.com ]