Tuesday, January 19, 2010

ചാച്ചന്‍സ്ചാച്ചന്‍ ഒരു വ്യക്തി പോയിട്ട്, പ്രസ്ഥാനം പോലുമല്ലാ, ഇതിഹാസമാണ്. ഒരു മുട്ടന്‍ ഇതിഹാസം. ചാച്ചനെ ഈ ലോകത്ത് എന്തൊനോടെങ്കിലും ഉപമിക്കാമെങ്കില്‍ അതു ചാച്ചനോട് മാത്രം. സാങ്കേതിക വിദ്യഭ്യാസ കാലഘട്ടത്തില്‍ ആണ് ചാച്ചന്റെ സഹപാഠിയും തദ്വാരാ ശിഷ്യനും ആകാനുള്ള അസുലഭദുര്‍ലഭകോമളാവസരം ഈയുള്ളവന് സിദ്ധിച്ചത്. 41/2 അടി ഉയരം, അത്യാവശ്യം വണ്ണം, നന്നായി കറുത്തനിറം ഇതാണ് ചാച്ചന്‍. പക്ഷെ ആ കുറിയ ശരീരം വച്ച് അവന്‍ കാണിക്കുന്ന തോന്ന്യവാസഭ്യാസങ്ങള്‍ കണ്ടാല്‍ ആര്‍ക്കായാലും അവന്റെ ചിറീന്ന് കൈ എടുക്കാന്‍ തോന്നില്ല. അത്രയ്ക്കുണ്ട് ഗുണം.

ചാച്ചാ ഗഡ്യേയ്, ഈ ചടച്ച് ഉരുണ്ട ശരീരവും വെച്ച് എന്തിനാണ്‌റാ..ശവ്യേ ഇങ്ങനെ നീ നാവാടി നടക്കണത്?”

മ്മ്ടെ മഹാത്മാഗാന്ധിയെ കണ്ടിട്ടിണ്‌റാ നീയ്? ആള് വല്ല്യ അര്‍ണോള്‍ഡ് ശിവശങ്കരന്‍ ഒന്നും അല്ലായിരുന്നല്ലോ? എന്നിട്ടും നാവാടിയും,പട്ട്ണി കെടന്നും ബ്രിട്ടീഷുകാര്‍ക്ക് പ്രാന്താക്കി നെനക്കൊക്കെ സ്വാതന്ത്രം വേടിച്ച് തന്നില്ലേടാ?”

അതാണ് മക്കളേ[ചരിത്ര വിദ്യാര്‍ത്ഥികളേ] ചാച്ചന്‍. “അഛാച്ചാ“ എന്നാണ് അവനെ വിളിക്കേണ്ടത്. കാരണം സഹപാഠികളായ ഞങ്ങളേക്കാള്‍ 3,4 വയസ്സ് കൂടുതലുണ്ട് അവന്. പ്രീ-ഡിഗ്രി കഴിഞ്ഞ് 3,4 വര്‍ഷം വേറെന്തോ കുട്ടനെയ്ത്തോ,ഓലമെടയലോ,കയിലുകുത്തോ ഒക്കെ കഴിഞ്ഞാണ് ഗഡീടെ വരവ്.

ക്ലാസ്സില്‍ പുള്ളീ ശല്യക്കാരന്‍ ആണെന്ന് ടീച്ചേഴ്യ് പോയിട്ട് ശത്രുക്കള്‍ പോലും പറയില്ല. കാരണം ക്ലസ്സിലങ്ങനെ കയറാറില്ലാ. പരീക്ഷയാകുമ്പോഴേയ്ക്കും ഏതോ വ്യാജഡോക്ടറുടെ “മേടിക്കല്‍” സര്‍ട്ടിഫിക്കറ്റുമായി കാക്കത്തൊള്ളായിരം പല്ലുകാണിച്ച് ഫ്ലൂറസെന്റ് ചിരിചിരിച്ച് ചാച്ചന്‍ പ്രത്യക്ഷപ്പെടും. “ചങ്കൂറ്റം, നാവാടല്‍” ഇതില്‍ മൂപ്പരോട് മുട്ടണ്ടാ, ഒരു രക്ഷയുമില്ലാ, സെക്കന്റ് പ്രൈസ്സേ കിട്ടൂ, 3.5ത്തരം. വഴിയിലൂടെ മൂന്ന് പെണ്‍കുട്ടികള്‍ നടന്ന് പോകുമ്പോള്‍ ഇടത്തേവശത്തും, വലത്തേവശത്തും നില്‍ക്കുന്നവളുമാരോട് മാറിമാറി “ഐ ലവ് യൂ” പറയും, എന്നിട്ട് നടന്നു നീങ്ങും. എന്തോ മരന്നിട്ടെന്നെ പോലെ പിറകോട്ട് തിരിഞ്ഞോടി നടുവില്‍ നടക്കുന്ന കുട്ടിയോട്
നിന്നെ ചാച്ചന്‍ പെട്ടെന്ന് കണ്ടില്ലാട്ടാ ക്‌ടാവേ, നിന്നോടും ഐ ലവ് യൂ ട്ടാ” എന്ന് പറഞ്ഞ് കൂളായി നടന്ന് നീങ്ങുന്ന ചാച്ചനെ ഒരുവിഭാഗം പെണ്‍കുട്ടികളും ഇഷ്ടപെട്ടിരുന്നു.

ചാച്ചന്റെ റാഗിംഗ് ആണ് രസം. ഫസ്റ്റ് ഇയറിലെ ഏതെങ്കിലും ഒരു പയ്യനെ വിളിക്കും. അവനോട് ശരിരഭാരം ചോദിക്കും. പയ്യന്‍സ് ഉത്തരം നല്‍കും. ഉദാ:60കി.ഗ്രാ. പിന്നെ ചാച്ചന്‍ കയ്യും,കാലും,തലയും,വയറും,നെഞ്ചും തിരിച്ച് ഭാരം ചോദിക്കും. പയ്യന്‍സ് ഒരു അപ്രോക്സിമേറ്റ് ആന്‍സര്‍ കൊടുക്കും. പക്ഷേ, എത്ര കൂട്ടിയാലും ആദ്യം പറഞ്ഞ വെയിറ്റ് വരില്ല.
ബാക്കി എവിടെറാ തൂക്കം?”
എന്ന ചാച്ചന്റെ ചൊദ്യത്തിന് മുന്നില്‍ ചൂളി നില്‍ക്കുന്ന പയ്യനെ(പയ്യന്റെ തോളിനു താഴെ ആയിരുക്കും ചാച്ചന്റെ തല. ഉയരത്തില്‍ അല്ലല്ലോ കാര്യം) ഞങ്ങള്‍ കൂവിക്കളിയാക്കി വിടും.

രാമന്‍-രാവണന്‍, ഭീമന്‍-കീചകന്‍, കൃഷ്ണന്‍-കംസന്‍ ഇങ്ങനെ ജോഡിപ്പൊരുത്തം വേണം എന്നാലല്ലേ രസള്ളോ ഗഡ്യോളെ? അങ്ങിനെ ചാച്ചനായി ബ്രഹ്മാവ് പടച്ചതമ്പുരാന്‍ പ്രത്യേകം പറഞ്ഞുണ്ടാ‍ക്കി രാകിമിനുക്കി അയച്ചതാണ് ജിദ്ദയെ. അവളുടെ അച്ചന്‍ മിഡില്‍-ഈസ്റ്റില്‍ “ജിദ്ദ” എന്ന സ്ഥലത്ത് ആണ് വര്‍ക്ക് ചെയ്തിരുന്നത്. അവിടെ വച്ചാണ് അവള്‍ ജനിച്ചത്. അതാണ് ഇമ്മാതിരി വെഷക്കൂട്ട് പേര്(ഭാഗ്യം “കോണത്ത് കുന്നില്‍“ ജനിക്കതിരുന്നത്). 10-)0 ക്ലാസ്സ് വരെ ചേട്ത്ത്യാര് അവിടെയായിരുന്നു. പിന്നെ എറണാംകുളത്ത്.
ബ്രാഞ്ച് മാറ്റം കിട്ടി അല്പം താമസ്സിച്ചാണ് ചേട്ത്ത്യാര് ഞങ്ങളുടെ ബാച്ചില്‍ വരുന്നത്. പുതുതായി വന്ന കൊച്ചല്ലേ, ചാച്ചന്‍ കയറി പരിചയപ്പെട്ടു.
ഞാന്‍ ചാച്ചന്‍, എല്ലാവരും എന്നെ ചച്ചാന്ന് വിളിക്കും”
ഞാന്‍ ജിദ്ദ”
പ്രീ-ഡിഗ്രി എവിടയിരുന്നു?”
ഞാന്‍ സെന്റ് ട്രീസസ്സില്‍ ആയിരുന്നു”
എവിടെ?”
കേട്ടിട്ടില്ലേ എറണാംകുളം സെന്റ് ട്രീസസ്സ്”
(പെണ്‍പിള്ളേരുടെ തുണിയില്ലാ പടം ഇന്റര്‍നെറ്റില്‍ വന്ന സെന്റ് തെരേസ്സാസ് കോളേജ് ആണെന്ന് 5,6 സെക്കന്റ് കഴിഞ്ഞാണ് ചാച്ചന് കത്തിയത്)
ചാച്ചന്‍ എവിടായിരുന്നു പി.ഡി.സി ?”
ഞാന്‍ സെന്റ് ട്രോമസ്സ്, തൃശ്‌ശൂര്‍”
എവിടെ?”
തെരേസ്സയെ ട്രീസ്സ ആക്കാമെങ്കില്‍ , തോമസ്സിനെ ട്രോമസ്സ് ആക്കാമെടീ”
അന്ന് കൊരുത്തതാണ് രണ്ടെണ്ണവും. പ്രഥമദൃഷ്ട്യാ അനുരാഗം എന്നൊക്കെ പറയില്ലേ, അതുപോലെ പ്രഥമദൃഷ്ട്യാ വൈരാഗ്യം. പിന്നീട് എവിടെ കണ്ടാലും കടിച്ചുകീറി ചോരത്തുപ്പും, അത്രയ്ക്കുണ്ട് സ്നേഹം. ഇവരെ തമ്മില്‍ തെറ്റിക്കുക, ഏഷണികൂട്ടുക തുടങ്ങിയ വേദനാജനകമായ ജോലികളൊക്കെ ഈ പാവപ്പെട്ടവന്‍ തന്നെയാണ് ചെയ്തിരുന്നത്, അതും ഒറ്റയ്‌ക്ക്. “അട്ടര്‍ ഫെമിനിസ്റ്റ് കൂശ്മാണ്ടവും”,ഒടുക്കത്തെ “ഇംഗ്ലീഷ് ജാഡ”ക്കാരിയും, അത്യാവശ്യം കാണാന്‍ കൊള്ളാവുന്നവളുമായ ജിദ്ദയെ കൈയ്യൊഴിയാനോ; മ്മ്ടെ ഗഡ്യായ ചാച്ചനെ വിട്ടുകളയാനോ ഞാന്‍ തയ്യറായില്ലാ. രണ്ടുവള്ളത്തില്‍ കാലിട്ട് കളി തുടര്‍ന്നു.

ഞങ്ങളുടെ കമ്പൂട്ടര്‍ സയന്‍സ് ബ്രാഞ്ച് അസോസ്സിയേഷന്റെ വാര്‍ഷികം. പച്ചവെള്ളം കണക്കേ ഇംഗ്ലീഷ് പുലമ്പുന്ന ജിദ്ദയാണ് ഇംഗ്ലീഷ് കോം‌പയിറിംഗ്. മലയാളത്തില്‍ ചില്ലറ എഴുത്തും,മാഗസിനിലെ ഇടപെടലുകളും നിമിത്തം ഈയുള്ളവന് മലയാളം കോം‌പയിറിംഗും കിട്ടി. പരിപാടിയ്ക്കു 2 ദിവസ്സം മുമ്പ് ടോണ്‍സിലൈറ്റിസ്സ് പിടിപെട്ട് എനിക്ക് സംസാരിക്കാന്‍ പോയിട്ട്, നാഴി കഞ്ഞിവെള്ളം തൊണ്ടയിലൂടെ ഇറക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലായി. അടുത്ത ഊഴം ചാച്ചന്. മറ്റേതലയ്ക്കന്‍ ജിദ്ദയാണ് എന്നറിയാവുന്ന ചാച്ചന്‍ തന്റെ “അരിയേഴ്‌സ്”പേപ്പറിന്റെ പരീക്ഷയ്ക്ക് പഠിക്കുന്നതിലും കോണ്‍സന്‍‌ട്രേഷന്‍ നല്‍ക്കി, രാത്രി കട്ടനടിച്ച്, കാല്‍ വെള്ളത്തില്‍ മുക്കിവച്ച് ഞാന്‍ എഴുതിക്കൊടുത്ത വായില്‍കൊള്ളാത്ത ഡയലോഗ്‌സ് കാണാതെ പടിച്ച് തുടങ്ങുന്നു. പരിപാടി ദിവസ്സം. ജിദ്ദ കോം‌പയിറിംഗ് ആരംഭിച്ചു. 53/4 അടി ജിദ്ദയും 41/2 അടി ചാച്ചനും വേദിയില്‍ നില്‍ക്കുന്നത് കണ്ട്

ബെസ്റ്റ് ഗോം‌പിനേഷന്‍ ഫോര്‍ ഗോം‌പിയറിംഗ് ഗഡികളേ, നല്ല ഗാഴ്ച്ച, ഇതിന് ഗപ്പൊന്നും ഏര്‍പ്പാടാക്കീട്ടില്ലേഡേയ് ഗന്നാലിഗളേയ്?”

എന്ന തടിയന്‍ ഗില്‍ബര്‍ട്ടിന്റെ (പുള്ളി “ഗ”കാരത്തില്‍ ഡോക്ടറേറ്റ് ആണ്, മുട്ടണ്ടാ) കമന്റ് സദസ്സില്‍ ചിരിപടര്‍ത്തി. ജിദ്ദയുടെ കോം‌പയിറിംഗ് കഴിയുന്നു. ...നെക്സ്റ്റ് ...ചാച്ചന്‍... ഡയലോഗ് തെറ്റാതിരിക്കാന്‍ കറന്റ് ബുക്ക്സ് ഗണപതിയ്ക്ക് (വടക്കുന്നാഥക്ഷേത്രത്തിലെ ഗണപതി, കറന്റ് ബുക്ക്സ്സിന്റെ തിശ്ശൂര്‍ ശാഖയ്ക്ക് മുന്നിലാണ്) തേങ്ങയടിച്ച് വന്ന ചാച്ചന്‍ മുരടനക്കി. മൈക്കിന്റെ നീളം താഴ്ത്തി അഡ്‌ജസ്റ്റ് ചെയ്യാനായി ചാച്ചന്റെ ശ്രമം. എന്നാല്‍ ജിദ്ദ വാശിയിലാണ്. മൈക്കിന്റെ നീളം കുറയ്ക്കാന്‍ തിരിക്കുന്ന ആ സാദനത്തില്‍ അവള്‍ മുറുക്കിപ്പിടിച്ചിരിക്കുകയാണ്. ചാച്ചന്‍ “മിഴുങ്ങസ്സ്യാ” നില്‍ക്കുന്നു. ജിദ്ദ ഇമ്മാതിരി കൊലച്ചതി ചെയ്യുമെന്ന് ആരും കരുതിയില്ലാ. ഇവര്‍ തമ്മിലുള്ള ഉടക്ക് ശരിക്കറിയാവുന്ന ചിലര്‍ക്ക് മാത്രമേ വേദിയിലെ ഈ ഉഡായ്‌പ്പ് വേല മനസ്സിലായുള്ളു. ബാക്കിയുള്ളവര്‍ക്ക് എല്ലാം പ്രശാന്തസുന്ദരം. ഉപ്പൂറ്റിപൊക്കി , പെരുവിരലിലൂന്നി ടൈറ്റാനിക്കിലെ നായിക നില്‍ക്കുന്നപോലെ ഒരു തളത്തില്‍ ദിനേശന്‍ ശൈലിയില്‍ ഉയര്‍ന്ന് പൊങ്ങി ചാച്ചന്‍ കോം‌പയിറിംഗ് തുടങ്ങി. ആ നില്‍പ്പിന്റെ ആയാസം തുറിച്ച് വന്ന കണ്ണുകളിലും, ഇടറിയ ശബ്‌ദത്തിലും നിഴലിച്ച് കണാമായിരുന്നു. (തോട്ടിവച്ച് കുത്തുമ്പോള്‍ ആനകള്‍ക്ക് തലയെടുപ്പ് എങ്ങനെയാണ് കൂടുന്നതെന്ന് തദവസ്സരത്തില്‍ എനിക്ക് മനസ്സിലായി. വെറും “നിവൃത്തികേട്”, അല്ലാണ്ടെന്താ?)

ചെഞ്ചുണ്ടിലിരു ക്രൂരമന്ദഹാസവുമായി നില്‍ക്കുന്ന ജിദ്ദയുണ്ടോ അറിയുന്നു മൂര്‍ഖന്‍പാമ്പിന്റെ മൂത്തളിയന്റെ അമ്മായീടെ ചെറിയച്ചനാം ചാച്ചനെയാണ് നോവിച്ച് വിട്ടിരിക്കുന്നതെന്ന്.
വേദിയിലെ വിശിഷ്ടവ്യക്തികളേ, പ്രിയ സുഹൃത്തുക്കളേ,
ജിദ്ദയുടെ ഇംഗ്ലീഷ് കോം‌പയിറിംഗ് കേട്ട് ഇരിക്കുന്ന നിങ്ങള്‍ ഏവര്‍ക്കും എന്റെ നമസ്ക്കാരം”
ഞാന്‍ എഴുതിക്കൊടുത്തതല്ലാ ഗഡീടെ വായില്‍നിന്ന് വരുന്നത് എന്നറിഞ്ഞതോടെ എന്റെ സകല ഗ്യാസും പോയി.
പണ്ട് ബ്രിട്ടിഷുകാര്‍ ഇന്ത്യ ഭരിച്ചിരുന്ന കാലത്ത് എന്റെ വീടിന്റെ പടിക്കലൂടെയും അവര്‍ വഴിനടക്കാറുണ്ടായിരുന്നു. എന്നാല്‍ എന്റെ അമ്മയുടേയും, അമ്മൂമയുടെയും ഒക്കെ സ്വഭാവം നല്ലതായിരുന്നതുകൊണ്ട് ഞാന്‍ ഇപ്പോഴും മലയാളം ആണ് പറയുന്നത്. ആയതിനാല്‍ മലയാളത്തില്‍ തുടരുന്നു...”
എന്നും പറഞ്ഞ് കര്‍ണ്ണാടക സംഗീതത്തിലെ 5, 51/2 കട്ടയ്ക്ക് പിടിച്ച് തന്റെ ഗോം‌പിയറിംഗ് ചാച്ചന്‍ കലക്കി. ദോഷം പറയരുതല്ലോ, ഗണപതിയ്ക്കടിച്ച തേങ്ങ വേസ്റ്റ് ആയില്ലാ. വേദിയില്‍ ജിദ്ദയുടെ കണ്ണീര്‍ വീണു. കൊടുത്താല്‍ സ്വന്തം നാടായ കൊല്ലത്ത് മാത്രം അല്ലാ തൃശുരും കിട്ടിമെന്ന് അവള്‍ മനസ്സിലാക്കി. തുടര്‍ന്ന് ഗദ്ഗതകണ്ഠയായാണ് പുള്ളിക്കാരി സംസാരിച്ചത്.

ആ സംഭവത്തോടെ വെറും “ശത്രുക്കള്‍“ആയിരുന്ന ചാച്ചനും,ജിദ്ദയും “പരമ്പരാഗത വൈരികള്‍” ആയിമാറി എന്നത് വെറും യാദൃശ്ചികം മാത്രം. സബ്‌മിറ്റ് ചെയ്ത അസ്സെന്‍‌മെന്റ് കെട്ടുകളില്‍ നിന്ന് ചാച്ചന്റേത് അടിച്ചുമാറ്റികീറിക്കളഞ്ഞ് ജിദ്ദയും; ക്ലാസ്സ് ടെസ്റ്റില്‍ ജിദ്ദയുടെ പേരും,നമ്പറും വെച്ച് ആന്‍സര്‍പേപ്പറില്‍ സാറിന് പ്രേമലേഖനം എഴുതി ചാച്ചനും പരിപാടികള്‍ ഗംഭീരമാക്കി. “കുട്ടിത്തേവാങ്ക്”,”ചുടലഭദ്രകാളി” എന്ന് അവര്‍ പരസ്പരം സംബോധനചെയ്ത്പോന്നു. കോളേജിനടുത്തുള്ള അവളുടെ അമ്മായീടെ വീട്ടില്‍ ആണ് ജിദ്ദ താമസ്സിച്ചിരുന്നത്. അതിനാല്‍ ലോക്കല്‍ഗ്രൊണ്ട് സപ്പോര്‍ട്ട് അവള്‍ക്കാണെന്നും അതിനാല്‍ അടി വന്നാല്‍ 2x200, 4x400, 8x800 നിലകളില്‍ റിലേ ഓടാന്‍ ഞങ്ങള്‍ കാണില്ലെന്നും നീ തന്നെ 1x100 ഓടേണ്ടി വരുമെന്നും പറഞ്ഞു ഞാന്‍ ചാച്ചനെ ഒരുവിധത്തില്‍ ഒതുക്കി.

ഈച്ച ഡാവ് ആണ് അവള്, ഞാന്‍ ഒക്കെ വിട്ട്‌റാ ഗഡ്യേ”

അങ്ങിനെ ചാച്ചന്‍ മെല്ലെ അവളെ ഡൈവോഴ്സ് ചെയ്തു. എങ്കിലും ജിദ്ദ ഇടയ്ക്കെല്ലാം ചാച്ചനെ കുത്തിനോവിച്ചുകൊണ്ടീരുന്നു. പ്രായത്തിന്റെ പക്വതയില്‍ ചാച്ചന്‍ എല്ലാം വിട്ടുകളഞ്ഞു. ചില നേരത്തെ അവളുടെ സ്വഭാവം കണ്ടാല്‍
പൂ മാനിനി മാര്‍കളായാല്‍ അടക്കം വേണം..” എന്ന പാട്ട് അവള്‍ ജീവിതത്തില്‍ ഒരിക്കല്‍ പോലും കേട്ടിട്ടില്ലേ എന്നു സ്വാഭവികമായും തോന്നിപ്പോവും.


കാലം അങ്ങിനെ കടന്നു പോയി. ഫൈനല്‍ ഇയര്‍ “ആര്‍ട്സ് ഡേ”.
പ്രച്ഛന്നവേഷം ചാച്ചന്റെ സ്ഥിരം നമ്പറാണ്. അതില്‍ പുള്ളി കിടുവാണ്, മുട്ടണ്ടാ. എന്തെങ്കിലും തറവേല കാണിച്ച് ഞങ്ങളുടേയും,ടീച്ചേര്‍സിന്റേയും എന്തിന് ജഡ്ജസ്സിന്റെ വരെ ഹൃദയം കുത്തിക്കവര്‍ന്നെടുക്കും. 1,2,3 സ്ഥാനങ്ങള്‍ ലഭിച്ചില്ലെങ്കിലും അവന്റെ പ്രകടത്തില്‍ എല്ലാവരും ചിരിച്ച്കണ്ണുനനയ്ക്കും. കര്‍ട്ടന്‍ പൊങ്ങുന്നതിന്‌ മുന്‍പായി ചച്ചന്റെ ശബ്ദം മൈക്കിലൂടെ മുഴങ്ങി.

പോളിയോ എന്ന മഹാരോഗം ഇപ്പോഴും നമ്മുടെ സമൂഹത്തെ കാര്‍ന്നു തിന്നുന്നു. നമ്മുടെ കുഞ്ഞുങ്ങളുടെ ഭാവി സുരക്ഷിതമാക്കാന്‍ പള്‍സ്സ്പോളിയോ സംരംഭങ്ങളില്‍ സഹകരിക്കുക. പ്രതിരോധമരുന്ന് നല്‍കാതെ, കേവലം അനാസ്ഥയിലൂടെ, വൃഥാവിലാകുന്ന ജീവിതങ്ങള്‍”

ഒരു പോളിയോ രോഗിയായി കൈയ്യും,കാലും മടക്കിക്കൊണ്ട് “കുഞ്ഞിക്കൂനന്‍” സ്റ്റൈലില്‍ ഞൊണ്ടിവരുന്ന ചാച്ചനെ എല്ലാവരും മനസ്സിലങ്ങിനെ “വിഷ്വലൈസ്” ചെയ്ത് നില്‍ക്കുമ്പോള്‍ അനൌണ്‍സ്‌മെന്റ് തുടരുന്നു.

അതേ പോളിയോ, പോളിയോ ബാധിച്ച പോളേട്ടന്റെ അളിയന്‍... കാണുകാ...പോളിയോ ബാധിച്ച പോളേട്ടന്റെ അളിയന്‍...”

കര്‍ട്ടന്‍ ഉയരുന്നു. സ്റ്റേജില്‍ കറുത്തകണ്ണട,ജീന്‍സ്സ്,ബെല്‍റ്റ്,ടി-ഷര്‍ട്ട്,തൊപ്പി,ഷൂ ഒക്കെ ധരിച്ച് എല്ലാവരേയും കൈയ്യുയര്‍ത്തി വിഷ് ചെയ്ത് അങ്ങോട്ടുമിങ്ങോട്ടും കൂളായി നടക്കുന്ന ചാച്ചന്‍.
(പോളിയോ ബാധിച്ചത് പോളേട്ടനല്ലേ,അളിയനായ എനിക്കെന്തൂട്ടാണ്‌റാ..ശവ്യോളേ ?എന്ന മട്ടില്‍)
എല്ലാവരും ചിരിച്ച് ശ്വാസം കിട്ടാതെ വിശാലന്‍ പറഞ്ഞപോലെ “അമറ്ന്ന്” അങ്ങിനെ നില്‍ക്കുന്ന നേരത്താണ് ഒരുമൂലയില്‍ നിന്നും കൂവല്‍ ഉയര്‍ന്നത്. ജിദ്ദയും,സംഘവും. കാണികള്‍ ചാച്ചന്‍സ് മാജിക്കില്‍ രസിച്ചങ്ങിനെ നില്‍ക്കുമ്പോള്‍ അവളും കൂട്ടരും നിര്‍ത്താതെ കൂവുന്നു. കാലേകൂട്ടി കല്‍പ്പിച്ചുറപ്പിച്ച പരിപാടിയാകണം. കൂവല്‍ മാത്രം അല്ലാ, കാലിലെ ചെരുപ്പൂരി എറിയുന്ന ആക്ഷനും കാണിക്കുന്നുണ്ട്. ചാച്ചനാകെ വല്ലാതായിപ്പോയി. കര്‍ട്ടന്‍ ഇടാന്‍ ആക്ഷന്‍ കാണിച്ച് അവന്‍ സ്റ്റേജില്‍ നിന്നിറങ്ങി. ഞാന്‍ വേഗം സ്റ്റേജിനു പുറകിലേയ്ക്ക് വച്ചു പിടിച്ചു. ചവിട്ടുപടികളില്‍ “ഇരുതലയ്ക്കും കൈ”കൊടുത്തിരിക്കുന്നൂ ചാച്ചന്‍.

ചാച്ചാ...പോട്ട്‌റാ ഗഡീ. വിട്ടുകളാ. നിന്റെ ഐറ്റം കലക്കീ മച്ചൂ, ആള്‍ക്കാര് ചിരിച്ചിട്ട് ഗുച്ചാന്‍(ഓട്ടോറിക്ഷ) വിളിച്ചോടിപ്പോയി. മ്മ്ടെ എച്..ടീം, പ്രിന്‍സീം വരെ ചിരിച്ചുതകര്‍ത്തു“

അവന്‍ ഒന്നും മിണ്ടാതെ അവിടെയിരുന്നു. ബാക്കി പരിപാടികള്‍ കാണുന്നതിനായി ഞാന്‍ വീണ്ടും സ്റ്റേജിന് മുന്നിലെത്തി. പ്രച്ഛന്നവേഷമത്സരം കഴിഞ്ഞു. പെട്ടെന്ന്

ഒരു പ്രത്യേക അറിയിപ്പ്”

ശബ്ദം ചച്ചന്റേതാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. വലിയ ഗുണ്ടുകള്‍ നിലത്തുനിന്ന് പൊങ്ങുമ്പോള്‍ അടിമരുന്നിനു തീപിടിച്ച് ഒരു ശബ്ദം ഉണ്ടാകും. അതാണിതെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. നിമിഷങ്ങള്‍ക്കകം പൊട്ടാന്‍ പോകുന്ന ആ ആന ഗുണ്ടിനായി ഞാന്‍ കാതോര്‍ത്തിരുന്നു.

ഒരു പ്രത്യേക അറിയിപ്പ്. ജിദ്ദ ഈ പരിസരത്ത് എവിടെയെങ്കിലും ഉണ്ടെങ്കില്‍ എത്രയും പെട്ടെന്ന് വീട്ടില്‍ എത്തി ചേരണമെന്ന് ജിദ്ദയുടെ അമ്മായി ആവശ്യപ്പെട്ടിരിക്കുന്നു. അമ്മായി അത്യാവശ്യമായി വീട് പൂട്ടി പുറത്ത് പോയിരിക്കുന്നു. ജിദ്ദയ്ക്ക് അല്‍പ്പം നിര്‍ദ്ദേശങ്ങള്‍ തന്നേല്‍പ്പിച്ചിട്ടുണ്ട്. ഉണക്ക മാന്തള്‍ (മത്സ്യം) കഞ്ഞിവെള്ളത്തില്‍ ഇട്ടുവെച്ചിട്ടുണ്ട്, അതിന്റ തൊലികളഞ്ഞ് വെയ്ക്കണം. പിന്നെ വയറിളക്കം പിടിപെട്ട നിങ്ങളുടെ ജിമ്മിക്കുട്ടന്‍ കൂടാകെ വൃത്തികേടാക്കിവച്ചിട്ടുണ്ട്, അതു മുഴുവനും വാരിക്കോരിക്കളയണം. മുറ്റത്ത് നെല്ല് ഉണക്കാനിട്ടിരിക്കുന്നത് കാക്കയും,കോഴിയും വന്ന്കൊത്താതിരിക്കാന്‍ ജിദ്ദയുടെ കറുത്ത ബ്രാ ആണ് വടിയില്‍കുത്തിവച്ചിരിക്കുന്നത്. വെയില്‍മാറിയാല്‍ നെല്ലും,ബ്രായും എടുത്ത് അകത്ത് വെയ്ക്കണം. അറിയിപ്പു തിര്‍ന്നു. ഈ സ്റ്റേജില്‍ അടുത്ത ഐറ്റം മോണോആക്‌റ്റ്.“

തലകുനിച്ച് കല്ല്യാണപ്പന്തലില്‍ നവവധു എന്നമട്ടില്‍ പെണ്‍പിള്ളേരുടെ മൂത്രപ്പുരയിലേയ്ക്ക് വലിയുന്ന ജിദ്ദ ഇന്നും ചിരിയുണര്‍ത്തുന്ന ഓര്‍മ്മയാണ്. “ലജ്ജ” എന്ന ഒരു വികാരം അവള്‍ക്കുണ്ടെന്ന് അന്നാണ് ഞങ്ങള്‍ക്ക് മനസ്സിലായത്.

* പഴയ എഴുത്തുകള്‍

20 comments:

mujeeb kaindar said...

അസ്സലായിനു,
ജിദ്ദയെ ജിദ്ദയിലേക്ക് കയറ്റിഅയക്കാൻ പിറന്ന ആണായ ചാച്ചനു എല്ലാവിധ അഭിനന്ദനവും....
.
നർമ്മം പകർന്ന ദേവദാസിനു പൂച്ചെണ്ടുകൾ....

jyo said...

വളരെ നന്നായി.

രഞ്ജിത് വിശ്വം I ranji said...

കൊള്ളാം ഗഡ്യേ.. ജോറായി :)

jayanEvoor said...

തകർപ്പൻ!

ചാച്ചനും കൊള്ളാം, എഴുത്തും കൊള്ളാം!

മാണിക്യം said...

“നിന്നെ ചാച്ചന്‍ പെട്ടെന്ന് കണ്ടില്ലാട്ടാ ക്‌ടാവേ, നിന്നോടും ഐ ലവ് യൂ ട്ടാ”

ഇതേ ഇപ്പോള്‍ എനിക്കും പറയാനുള്ളു ..
ഇതുവരെ ഇവിടെ വന്നു വായിച്ചിട്ടില്ല
ഇനി ഇവിടം വിട്ട് പോകുന്ന പ്രശ്നവും ഇല്ലാ
"ഐ ലവ് യൂ ട്ടാ"

ഏ.ആര്‍. നജീം said...

ഹ ഹാ... ചാച്ചനാണ് താരം..!

നല്ല ഒഴുക്കുള്ള ശൈലിട്ടോ.. അഭിനന്ദനങ്ങള്‍

..:: അച്ചായന്‍ ::.. said...

മാഷെ കിടു എന്ന് പറഞ്ഞാ പോര സൂപ്പര്‍ കിടു ഹിഹിഹി ... ചാച്ചന്‍ ശരിക്കും തകര്‍ത്തു കളഞ്ഞു ... ഇനിയും പോരട്ടെ ഇങ്ങനെ ഉള്ള കിടു സംഗതികള്‍

ആഗ്നേയ said...

രസായിട്ടുണ്ട്..:-)(ഇങ്ങനേം എഴുതും ല്ലേ?)

Captain Haddock said...

എന്മ്മൊ...സൂപ്പർ......തകർപ്പൻ!

ഹാഫ് കള്ളന്‍||Halfkallan said...

ഹ ഹ ഹ .. ഇശ്ടായീഈ

അഭി said...

ഹ ഹ ഹ .ചാച്ചന്‍ കലക്കിട്ടോ

കുട്ടന്‍മേനൊന്‍ said...

പഴയതൊന്നും മറന്നിട്ടില്ല..അല്ല്യോ ?

prasanth said...

One Word... Great!!

ബിനോയ്//HariNav said...

ഹ ഹ നല്ലോണം ചിരിച്ചൂട്ടാ :)

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:ആന്റ് ദ വണ്‍ ആന്റ് ഓണ്‍ലി .... ഈസ് ബാക്ക്.

KURIAN KC said...

“ചാച്ചാ...പോട്ട്‌റാ ഗഡീ. വിട്ടുകളാ. നിന്റെ ഐറ്റം കലക്കീ മച്ചൂ, ആള്‍ക്കാര് ചിരിച്ചിട്ട് ഗുച്ചാന്‍(ഓട്ടോറിക്ഷ) വിളിച്ചോടിപ്പോയി. മ്മ്ടെ എച്.ഓ.ടീം, പ്രിന്‍സീം വരെ ചിരിച്ചുതകര്‍ത്തു“

വേദ വ്യാസന്‍ said...

ഹ ഹ ചാച്ചന്‍ തകര്‍ത്തു :)

:: VM :: said...

ഡാങ്ക്സ് :) നിന്നോടു ഞാന്‍ പണ്ടേ പറഞ്ഞതാ ഇതൊക്കെ പുനപ്രസിദ്ധീകരിക്കാന്‍

വിവി- വി വെല്‍ക്കം ബാക്ക്;) ഇനി ജോസ് ചെറിയാ വന്നാല്‍ അവന്റെ കാലു തല്ലി ഒടിക്കാം ഇമ്മക്ക്..

kaithamullu : കൈതമുള്ള് said...

വീയെമ്മിന് പിന്നില്‍ നില്‍ക്കുന്നു.
(അതോണ്ട് കാണാനും കേള്‍ക്കാനും പറ്റില്യാന്ന് ...ന്താ?)

Bins Mathew said...

super anna super..... ur gr8888

 

(c)2009 Devadas V.M [ vm.devadas@gmail.com ]